Environment

സെപ്റ്റംബർ 18; ലോക മുള ദിനം

“ഇല്ലിമുളം കാടുകളിൽ” എന്ന ഗാനം കേൾക്കുകയും ആസ്വദിക്കുകയും ചെയ്യാത്ത മലയാളികൾ ഉണ്ടാവില്ല. ഭൂമിയിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന സസ്യങ്ങളാണ് മുളകൾ. പുൽവർഗ്ഗത്തിൽ പെട്ട ഏറ്റവും വലിയ ചെടിയും മുളയാണ്. ആയിരത്തോളം വ്യത്യസ്ത ഇനം മുളകൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇന്ത്യയിൽ തദ്ദേശീയമായി ഏകദേശം 125 ഇനം മുളകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. വളപ്രയോഗം ഇല്ലാതെ തന്നെയുള്ള മുളയുടെ ദ്രുതഗതിയിലേ വളർച്ചയും, വ്യത്യസ്ത സാഹചര്യങ്ങളിൽ ആരോഗ്യത്തോടെ വളരാനുള്ള കഴിവും മുളയെ മറ്റ് സസ്യങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്ന സവിശേഷതകളാണ്. വളരെ ഉയർന്ന അളവിൽ ഹരിതഗൃഹ വാതകങ്ങളെ ആഗിരണം ചെയ്യാനുള്ള കഴിവ് മുളയുടെ വലിയ പ്രത്യേകതയാണ്. മണ്ണിൽ ആഴ്ന്നിറങ്ങുന്ന നാരു പോലെയുള്ള വേരുകൾ മണ്ണിനെ കൂടുതൽ ബലപ്പെടുത്തുന്നു.

ഒട്ടുമിക്ക മുള വർഗ്ഗങ്ങളും ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് പൂവിടുക എന്നത് വളരെ കൗതുകം ഉണർത്തുന്ന ഒരു വസ്തുതയാണ്. ഏകദേശം 40 മുതൽ 50 വർഷങ്ങൾക്കിടയിൽ ആണ് മുളകൾ പുഷ്പിക്കുന്നത്. മുളയരി ഭക്ഷിക്കുന്നതിനായി എലികൾ കൂട്ടത്തോടെ എത്തുകയും അതേ തുടർന്ന് അവർ മറ്റ് ഭക്ഷ്യവിളകൾ നശിപ്പിക്കുകയും ചെയ്യുന്നതിനാൽ ചിലയിടങ്ങളിൽ മുള പൂക്കുന്നത് അശുഭ ലക്ഷണമായി കണക്കാക്കപ്പെടുന്നു.

മുളകൾ ഉൽഭവിച്ചത് ഏകദേശം 30 മുതൽ 40 ദശലക്ഷക്കണക്കിനു വർഷങ്ങൾക്ക് മുൻപാണെന്ന് കരുതപ്പെടുന്നു. മുളയുടെ ജന്മദേശം ഏതാണ് എന്നതിൽ വ്യക്തമായി ഒരു ധാരണ ഇനിയുമായിട്ടില്ല. എങ്കിൽ കൂടി ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ മുളയുടെ ഉപയോഗത്തെ പറ്റി ഏറ്റവും പുരാതനമായ രേഖകൾ ലഭ്യമായിട്ടുള്ളത് ചൈനയിൽ നിന്നായതുകൊണ്ട് ചൈനയിലാണ് മുളയുടെ ഉത്ഭവമെന്ന് ഒരു വിഭാഗം ശാസ്ത്രകാരന്മാരും ചരിത്രകാരന്മാരും വിശ്വസിച്ചുപോരുന്നു.

Advertisement

ബാംബു എന്ന വാക്കിന്റെ ഉത്ഭവത്തെപ്പറ്റിയും വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. ഡച്ച് ഭാഷയിൽ നിന്നോ പോർച്ചുഗീസ് ഭാഷയിൽ നിന്നോ ആകാം ഈ വാക്ക് ഉൽഭവിച്ചത് എന്ന് കരുതപ്പെടുന്നു. പുരാതന ദ്രാവിഡ ഭാഷയിൽ നിന്നും കടംകൊണ്ട MAMBU, BAMBOES എന്നീ വാക്കുകളുടെ സമ്മിശ്ര രൂപമാണ് എന്നും പറയപ്പെടുന്നു.

1991 തായ്‌ലാൻഡിൽ നടന്ന ബാംബൂ വർക്ക്ഷോപ്പിലാണ് അന്താരാഷ്ട്രതലത്തിലുള്ള മുളയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പരിശീലനങ്ങളും നടത്തിവരുന്ന വ്യക്‌തികളുടെ സംഘടന എന്ന നിലയിൽ ഇന്റർനാഷണൽ ബാംബു അസോസിയേഷൻ (IBA) രൂപം കൊണ്ടത്. 1998-ഓടു കൂടി ഇന്റർനാഷണൽ ബാംബൂ കോൺഗ്രസ്, ഇന്റർനാഷണൽ ബാംബു വർക്ക്ഷോപ്പ് എന്നിവ നടത്താൻ ഉത്തരവാദിത്തപ്പെട്ട സംഘടനയായി ഐബിഎ മാറി. പിന്നീട് ഇന്റർനാഷണൽ ബാംബു കോൺഗ്രസ്, ഇന്റർ നാഷണൽ ബാബു വർക്ക്ഷോപ്പ് എന്നീ രണ്ട് കൂട്ടായ്മകളെ ഒന്നിച്ചുചേർത്ത് വേൾഡ് ബാംബു കോൺഗ്രസ് ആരംഭിച്ചു.

2005-ൽ ഒരു നികുതി രഹിത വ്യാപാര ശൃംഖലയായി വേൾഡ് ബാംബൂ ഓർഗനൈസേഷൻ പരിണമിച്ചു. 2009 സെപ്റ്റംബർ 18ന് ബാങ്കോക്കിൽ നടന്ന പതിനെട്ടാമത് വേൾഡ് ബാംബൂ കോൺഗ്രസിലാണ് ഈ ദിനം ലോക മുള ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

മുളയിൽ നിന്നു നിർമിക്കുന്ന മൂല്യവർധിത ഉൽപ്പന്നങ്ങളും കരകൗശലവസ്തുക്കളും വികസ്വര രാജ്യങ്ങളിലെ സാധാരണക്കാരുടെ ഒരു പ്രധാന വരുമാന സ്രോതസ്സാണ്. കെട്ടിട നിർമ്മാണ മേഖലയിൽ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു സസ്യമാണ് മുള. പല കെട്ടിട നിർമാണ സാമഗ്രികളെക്കാളും കുറഞ്ഞ വിലയും ഈടും ഇതിനെ കൂടുതൽ ജനപ്രിയമാക്കുന്നു.

അവലംബം: ഗ്രെയ്സ് ഫൌണ്ടേഷൻ

Show More
0 0 vote
Article Rating
Subscribe
Notify of
0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x