ഡൽഹി കലാപം; ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി
പൗരത്വ സമരത്തിൽ പങ്കെടുത്തതിന് ഡൽഹി കലാപക്കേസിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലടച്ച ജെഎൻയു മുൻ വിദ്യാർഥി ഉമർ ഖാലിദിന് ജാമ്യമില്ല. ഡൽഹി കർകർദൂമ ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഡൽഹി കലാപത്തിൽ പങ്കാരോപിച്ച് 2020 സെപ്തംബർ 13നാണ് ഉമർ ഖാലിദിനെ ഡൽഹി പൊലീസ് സ്പെഷൽ സെൽ അറസ്റ്റ് ചെയ്തത്.
ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപം ഉമർ ഖാലിദും ഡാനിഷ് എന്ന വ്യക്തിയും വിവിധ സംഘടനകളുമായി ചേർന്ന് സൃഷ്ടിച്ചതാണെന്നാണ് എഫ്ഐആറിലെ വാദം. അന്നത്തെ അമേരിക്കൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സന്ദർശന വേളയിൽ ഉമർ ഖാലിദ് നടത്തിയ പ്രസംഗമാണ് ഇതിന് തെളിവായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നത്.
എന്നാൽ ഉമർ ഖാലിദിന്‍റെ പ്രസംഗം ഗാന്ധിയെ കുറിച്ചും മതസൗഹാർദത്തെ കുറിച്ചും ഭരണഘടനയെ കുറിച്ചുമുള്ളതാണെന്ന് ഖാലിദിന്‍റെ അഭിഭാഷകൻ വാദിച്ചു. മൂന്ന് തവണ വിധി പറയുന്നത് മാറ്റിയതിന് ശേഷമാണ് അഡീഷണൽ സെഷൻസ് ജഡ്ജ് അമിതാഭ് റാവത്ത് ജാമ്യാപേക്ഷയിൽ വിധി പ്രസ്താവം നടത്തിയത്.
സമാന കേസിൽ കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ ഇശ്രത്ത് ജഹാന് വിചാരണ കോടതി ഈ മാസം 14ന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ മറ്റ് രണ്ട് പ്രതികളായ ഗുൽഷിഫ ഫാത്തിമ, തസ്‌ലീം അഹ്മമദ് എന്നിവരുടെ ജാമ്യാപേക്ഷ 16ന് തള്ളിയിരുന്നു.
കോടതിയിൽ നടന്ന വാദത്തിനിടെ, തനിക്കെതിരായ കേസ് തെളിയിക്കാൻ പ്രോസിക്യൂഷന്റെ പക്കൽ തെളിവുകൾ ഇല്ലെന്ന് പ്രതികൾ കോടതിയെ അറിയിച്ചിരുന്നു. കേസിൽ ഡൽഹി പോലീസ് സമർപ്പിച്ച കുറ്റപത്രം മുഴുവൻ കെട്ടിച്ചമച്ചതാണെന്ന് അഭിഭാഷകൻ വാദിച്ചു. ഇതിന് തെളിവായി അദ്ദേഹം കോടതിയിൽ രണ്ട് ടി.വി ചാനലുകൾ നടത്തിയ വീഡിയോ ക്ലിപ്പുകളും സമർപ്പിച്ചിരുന്നു. കുറ്റപത്രത്തിലെ മൊഴികൾ പോലീസിന്റെ ഭാവനാ സൃഷ്ടികളാണെന്നും രാത്രി 9 മണിക്കുള്ള വാർത്താ ചാനലുകളുടെ സ്ക്രിപ്റ്റ് പോലെയാണെന്നും കോടതിയിൽ ഉമർ ഖാലിദ് വാദിച്ചിരുന്നു.
ഡൽഹി കലാപക്കേസിൽ പങ്കാരോപിച്ച് നിരവധി പൗരത്വ സമര വിദ്യാർഥികളെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ സംഘ്പരിവാർ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഡൽഹി കലാപത്തിൽ അതിന് വഴിതുറന്ന വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപിൽ മിശ്രയടക്കമുള്ള തീവ്ര ഹിന്ദുത്വ നേതാക്കളുടെ പേരുകൾ എഫ്ഐആറിൽ ഉൾപ്പെടുത്താൻ ഡൽഹി പൊലീസ് തയാറായില്ല.
വടക്കു കിഴക്കൻ ഡൽഹിയിൽ കലാപത്തിന് തുടക്കമിട്ടത് ബിജെപി നേതാവും മുൻ എംഎൽഎയുമായ കപിൽ മിശ്രയുടെ തീവ്ര വർഗീയവിദ്വേഷ പ്രസംഗമാണെന്ന് ഡൽഹി ന്യൂനപക്ഷ കമീഷന്റെ വസ്‌തുതാന്വേഷണ സമിതി റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ കൈകാര്യം ചെയ്യാനാണ് ഫെബ്രുവരി 23ന് മൗജ്‌പുരിലെ പ്രസംഗത്തില് കപിൽ മിശ്ര പറഞ്ഞത്.
പിന്നാലെ 100 മുതൽ 1000 ആളുകൾ വരുന്ന സംഘ്പരിവാർ അക്രമിസംഘങ്ങൾ മാരകായുധങ്ങളുമായി രംഗത്തിറങ്ങി. ‘ജയ് ശ്രീറാം’, ‘ഹർ ഹർ മോഡി’, ‘മുസ്ലിങ്ങളെ വകവരുത്തുക’ ആക്രോശങ്ങൾ മുഴക്കി അക്രമം അഴിച്ചുവിട്ടു. ഏകപക്ഷീയമായാണ് ഡൽഹി പൊലീസ് അന്വേഷണം നടത്തിയതെന്നും സുപ്രീംകോടതി അഭിഭാഷകൻ അധ്യക്ഷനായ സമിതി ചൂണ്ടിക്കാട്ടിയിരുന്നു.
വിവാദ പ്രസംഗം നടത്തുമ്പോൾ കപിൽ മിശ്രയ്‌ക്കു പിന്നിൽ ഡിസിപി വേദ്‌പ്രകാശ് സൂര്യയുമുണ്ടായിരുന്നു. ചില സ്ഥലങ്ങളിൽ പൊലീസുകാർ അക്രമങ്ങളിൽ പങ്കാളികളായെന്നും റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS