
ഒന്ന് തൊടാൻ, ഒന്ന് തലോടാൻ…
എമ്മാർ കിനാലൂർ
കോവിഡ് കാലം നമ്മെ ബോധ്യപ്പെടുത്തിയ അനേകം പാഠങ്ങളിലൊന്ന്, ‘തൊടലിന്റെ’ പ്രസക്തിയും പ്രാധാന്യവുമാണ്. മനുഷ്യന്റെ ഉദാത്ത വികാരങ്ങൾ ഏറ്റവും ഫലപ്രദമായി വിനിമയം ചെയ്യാൻ സാധിക്കുന്നത് സ്പർശത്തിലൂടെ മാത്രമാണ്. സ്നേഹം, കാരുണ്യം, അനുകമ്പ, വാൽസല്യം, ആദരവ്, ആരാധന തുടങ്ങി, ഹൃദയത്തെ തരളിതമാക്കുന്ന വൈകാരിക ഭാവങ്ങൾ മറ്റൊരാളിലേക്ക് പകരാൻ വാക്കുകളേക്കാൾ ശക്തി സ്പർശത്തിനാണ്. വികാരങ്ങളുടെ വേലിയേറ്റങ്ങളിൽ വാക്കുകൾ നിലച്ച് പോകുകയോ തോറ്റുപോകുകയോ ചെയ്തെന്ന് വരാം. അപ്പോൾ വിനിമയത്തിന്റെ ഭാഷ സ്പർശം മാത്രമാണ്. അത്തരം ഘട്ടങ്ങളിൽ തൊട്ടും തലോടിയും ചുംബിച്ചും ആശ്ലേഷിച്ചും നമ്മൾ വികാരങ്ങൾ പങ്ക് വെക്കുന്നു.
ഗാന്ധിയെ തൊട്ടു!
ഏറ്റവും ആരാധന തോന്നുന്ന ഒരു മനുഷ്യനെ ഒന്ന് തൊടാൻ നാം ആഗ്രഹിച്ച് പോകും. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ അമ്മ’ എന്ന കഥയിൽ അദ്ദേഹം ഗാന്ധിജിയെ തൊടാൻ ആശിച്ച സംഭവം വിവരിക്കുന്നുണ്ട്.
” വൈക്കം ബോട്ട് ജെട്ടിയിലും കായലോരത്തും വലിയ തിരക്ക്. എങ്ങും ബഹളം. മറ്റു വിദ്യാർഥികളൊന്നിച്ച് ഞാനും തിക്കിത്തിരക്കി ജനക്കൂട്ടത്തിന്റെ മുന്നിലെത്തി. ബോട്ടിൽ ഗാന്ധിജിയെ ദൂരെ വച്ചേ കണ്ടു.
ആ അർധനഗ്നനായ ഫക്കീർ രണ്ടു പല്ലുപോയ മോണ കാണിച്ചു ചിരിച്ചു തൊഴുകയ്യോടെ കരയ്ക്കിറങ്ങി. വല്ലാത്ത ആരവം. തുറന്ന കാറിൽ അദ്ദേഹം മെല്ലെ കയറിയിരുന്നു. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനിടയിലൂടെ കാർ സത്യഗ്രഹാശ്രമത്തിലേക്കു പതുക്കെ നീങ്ങി. വിദ്യാർഥികളിൽ പലരും കാറിന്റെ സൈഡിൽ തൂങ്ങി നിന്നു. അക്കൂട്ടത്തിൽ ഞാനും.
ആ ബഹളത്തിനിടയ്ക്ക് എനിക്കൊരാഗ്രഹം. ലോകവന്ദ്യനായ ആ മഹാത്മാവിനെ ഒന്നു തൊടണം. ഒന്നു തൊട്ടില്ലെങ്കിൽ ഞാൻ മരിച്ചു പോകുമെന്നെനിക്കു തോന്നി. ലക്ഷോപലക്ഷം ജനങ്ങളുടെ നടുക്ക്… ആരെങ്കിലും കണ്ടാലോ..? എനിക്കു ഭയവും പരിഭ്രമവും ഉണ്ടായി. എല്ലാം മറന്നു ഞാൻ ഗാന്ധിജിയുടെ വലതു തോളിൽ പതുക്കെ ഒന്നു തൊട്ടു. ഗാന്ധിജി എന്നെ നോക്കി മന്ദഹസിച്ചു. അന്നു സന്ധ്യയ്ക്കു വീട്ടിൽച്ചെന്ന് അമ്മയോട് അഭിമാനത്തോടെ ഞാൻ പറഞ്ഞു. ‘ഉമ്മാ, ഞാൻ ഗാന്ധിയെ തൊട്ടു’.
നോക്കൂ, ഇവിടെ ബഷീർ പറയുന്നത് ഒന്ന് തൊട്ടില്ലെങ്കിൽ ഞാൻ മരിച്ച് പോകും എന്നാണ്!. ആദരവിന്റെയും ആരാധനയുടെയും മൂർദ്ധന്യത്തിൽ തൊടുന്നതിന് പകരമായി മറ്റൊന്നില്ലെന്ന് കൂടിയാണ് ബഷീർ പറഞ്ഞ് വെക്കുന്നത്.
അഭിവാദ്യവും പ്രണയവും
പ്രണയം വാക്കുകൾ കൊണ്ട് സഫലീകരിക്കാനാകുമോ?. ഇല്ല. അതുകൊണ്ടാണ് പ്രണയലീലകൾ സ്പർശ രസങ്ങളിൽ ചെന്ന് ചേരുന്നത്.
കൈതപ്രത്തിന്റെ ഒരു ഗാനം തൊടാനുള്ള പ്രണയിനികളുടെ അഭിലാഷത്തെ അതി മനോഹരമായി ആവിഷ്കരിക്കുന്നുണ്ട്:
” ഒന്നു തൊടാനുള്ളില്‍ തീരാമോഹം….
തെല്ലുറങ്ങിയുണരുമ്പൊഴൊക്കെയും
നിന്‍ തലോടലറിയുന്നു ഞാന്‍
തെന്നല്‍വന്നു കവിളില്‍ തൊടുമ്പൊഴാ
ചുംബനങ്ങളറിയുന്നു ഞാന്‍…”
രണ്ട് വ്യക്തികൾ കാണുമ്പോഴുള്ള അഭിവാദ്യങ്ങൾ ശ്രദ്ധിക്കൂ. കൈ പിടിച്ച് കുലുക്കിയോ, കെട്ടിപ്പിടിച്ചോ, പരസ്പരം
ചുംബിച്ചോ ആണ് വിവിധ സംസ്കാരങ്ങളിൽ അഭിവാദ്യ മര്യാദകൾ. മനുഷ്യ ബന്ധങ്ങളിൽ തൊടലിന്റെ സാധ്യതകളെയും പ്രസക്തിയെയും കുറിച്ച് ഒട്ടേറെ പഠനങ്ങളുണ്ട്. സ്പർശനം അനുഭവിക്കുമ്പോൾ ഒരാളിൽ
ഓക്സിടോസിൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുന്നു. അത് സന്തോഷവും അനുഭൂതിയും ഉണർത്തുന്നു. കരയുന്ന കുട്ടി, അമ്മ ഒന്ന് തൊടുകയോ തലോടുകയോ ചെയ്യുമ്പോൾ കരച്ചിൽ നിർത്തുന്നു. ഭയം, ഉൽക്കണ്ഠ, മാനസിക സമ്മർദ്ദം, വേദന തുടങ്ങിയവ അനുഭവപ്പെടുന്ന ഘട്ടങ്ങളിൽ പ്രിയപ്പെട്ടവരുടെ തൊടലും തലോടലും ശാരീരിക സ്പർശവും മാത്രമാണ് അയവ് വരുത്തുക എന്ന് മനശാസ്ത്രം പറയുന്നു.
തൊട്ടുകൂടായ്മ
വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങൾ പോലെ സാമൂഹിക ബന്ധങ്ങളെയും ഉറപ്പിച്ച് നിർത്തുന്നതിൽ തൊടലിനുള്ള പങ്ക് വലുതാണ്. വംശശുദ്ധിയും ജാതി കോയ്മയും വർണാധിപത്യവും ഉച്ച നീച സാമൂഹ്യ വ്യവസ്ഥയും സ്ഥാപിക്കുന്നത് ‘തൊട്ടുകൂടായ്മ’ യെ രാഷ്ട്രീയമായി ഉപയോഗിച്ചാണ്. തൊടാതെയും തീണ്ടാതെയും ഒരു ജനതയെ അധസ്ഥിതിയിൽ തളയ്ക്കാമെന്നതിന്റെ മികച്ച ഉദാഹരണം ഇന്ത്യയിലെ ജാതി വ്യവസ്ഥ തന്നെയാണ്.
കോവിഡ് വൈറസ് ശാരീരികാരോഗ്യത്തെക്കാൾ മാരകമായി തകർക്കുന്നത് മാനസികവും സമൂഹികവുമായ ആരോഗ്യമാണെന്ന വശം അതി പ്രധാനമാണ്. അഭിവാദ്യങ്ങളിലും വികാര പ്രകടനങ്ങളിലും തൊടൽ പൂർണമായും നിഷേധിക്കപ്പെട്ടിരിക്കുന്നു. കോവിഡ് പ്രതിരോധത്തിന്റെ താക്കോൽ വാക്യം തന്നെ ‘ശാരീരിക അകലം’ പാലിക്കുക, ‘സാമൂഹിക അകലം’ പാലിക്കുക എന്നതാണ്. തൊട്ടുകൂടായ്മ എന്ന സാമൂഹിക രാഷ്ട്രീയ വ്യവസ്ഥയെ
ആരോഗ്യശാസ്ത്രപരമായ അനിവര്യതയാക്കി മാറ്റി എന്നതാണ് കോവിഡ് വൈറസിന്റെ സാമൂഹിക ശാസ്ത്രപരമയ അപകടം. മനുഷ്യർ തമ്മിലുള്ള ഹസ്തദാനവും ആശ്ലേഷ്വും പന്തിഭോജനവും കൂടിയിരിപ്പുമടക്കമുള്ള സ്പർശ സാധ്യതകൾ നിരാകരിക്കപ്പെടുന്ന ഒരു സന്ദർഭത്തിൽ തൊടലിന്റെ മനശാസ്ത്രപരവും സാമൂഹിക ശാസ്ത്രപരവും രാഷ്ട്രീയപരവുമായ പ്രസക്തിയാണ് നാം തിരിച്ചറിയുന്നത്.
കോവിഡ് അനന്തരം
മാസങ്ങളായി പരസ്പര ബന്ധമില്ലാതെ കഴിയുന്ന കോവിഡ് ബാധിത രാജ്യങ്ങളിലെ
മനുഷ്യർ, ഈ വൈറസുകളെ
അതിജീവിക്കുന്ന ഘട്ടത്തിൽ ഏറ്റവും ആദ്യമായി ആഗ്രഹിക്കുക എന്തായിരിക്കും?. ഒരു സംശയവും വേണ്ട; ഗ്ലൗസ് വലിച്ചെറിഞ്ഞ് ഒന്ന് തൊടാനായിരിക്കും. ഭയമില്ലാതെ കെട്ടിപ്പിടിക്കാനും മാസ്ക് മാറ്റി ഒന്ന് ചുംബിക്കാനുമായിരിക്കും. തൊട്ടില്ലെങ്കിൽ ഞാൻ മരിച്ച് പോകുമെന്ന് ബഷീർ പറഞ്ഞതിന്റെയും ഒരു ചുംബനം ലോകത്തെ മാറ്റി മറിക്കുമെന്ന ആപ്തവാക്യത്തിന്റെയും പൊരുൾ ഇപ്പോഴാണ് ലോകം ശരിക്കും തിരിച്ചറിയുന്നത്! •