Law

വിവാഹം പ്രായം 21; നിയമവും പ്രത്യാഘാതങ്ങളും

അഡ്വ. നദീം കൊട്ടാലത്ത്

വിവാഹം പ്രായം 21 ആക്കുന്നതിനെ കുറിച്ച്. നിയമ പുസ്തകങ്ങളിൽ നാം കാണുന്ന നിയമവും അത് പ്രയോഗിക്കപ്പെടുന്ന രീതിയും തമ്മിൽ വലിയ വ്യത്യാസമുണ്ട്.

നിയമം പാസാക്കുമ്പോൾ പാർലിമെന്റ് ഉദ്ദേശിച്ച പോലെയാവില്ല പലപ്പോഴും നിയമം പ്രയോഗിക്കപ്പെടുക. ശൈശവ വിവാഹ നിരോധന നിയമവും അങ്ങനെ തന്നെയാണ് നടപ്പിലാക്കപെട്ടത് എന്നാണ് പഠനം സൂചിപ്പിക്കുന്നത്.

ദൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന Partners for Law in Development എന്ന NGO ശൈശവ വിവാഹ നിരോധന നിയമത്തിന്റെ പ്രയോഗത്തെ കുറിച്ച് പഠനം നടത്തുകയുണ്ടായി.

2008 മുതൽ 2017 വരെയുള്ള കാലത്തെ വിവിധ കോടതികളിലുള്ള 83 കേസുകൾ പരിശോധിച്ചപ്പോൾ അവർക്ക് മനസിലായത് 65% കേസുകളിലും ശൈശവ വിവാഹ നിരോധന നിയമം രക്ഷിതാക്കളുടെ താത്പര്യത്തിന് വിരുദ്ധമായി വിവാഹിതരായവർക്ക് എതിരെയാണ് പ്രായോഗികപ്പെട്ടത് എന്നാണ്.

ബാക്കി വരുന്ന 35% കേസുകളുടെ പകുതിയും പ്രയോഗികപ്പെട്ടത് ദാമ്പത്യ ബന്ധം പിന്നീട് തകർന്നാൽ ആ ബന്ധം വേർപെടുത്തുന്നതിന് വേണ്ടിയാണ്. 14% കേസുകൾ മാത്രമേ രക്ഷിതാക്കളെ ശിക്ഷിക്കാൻ വേണ്ടി രജിസ്റ്റർ ചെയ്തിട്ടുള്ളൂ.

അതായത് ബഹുഭൂരിപക്ഷം കേസിലും ഈ നിയമം പ്രയോഗിക്കപ്പെട്ടത് 18 വയസിന് താഴെയുള്ള കുട്ടികളെ വിവാഹം കഴിപ്പിച്ച രക്ഷിതാക്കളെ ശിക്ഷിക്കാൻ വേണ്ടിയല്ല, മറിച്ചു രക്ഷിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചവരെ ശിക്ഷിക്കാൻ വേണ്ടിയാണെന്നാണ്.

ഈ ഡാറ്റ മനസിൽ വെച്ചു കൊണ്ട് വേണം വിവാഹപ്രായം 21 ആയി ഉയർത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ.

വിവാഹ പ്രായം 21 ആയി ഉയർത്തുന്നതോടെ രക്ഷിതാക്കളുടെ താൽപര്യത്തിന് വിരുദ്ധമായി പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്ന 18-20 വയസിൽ പെട്ടവരും പങ്കാളികളും ക്രിമിനൽ കേസ് പ്രതികളാക്കപ്പെടും.

21 വയസ് ആകുന്നത് വരെ അവർക്ക് സ്വന്തം വിവാഹത്തെ കുറിച്ച് പറയാൻ യാതൊരു അവകാശവും ഇല്ലാതായി മാറും. ഈ സ്ഥിതി വ്യക്തി സ്വാതന്ത്രത്തിൽ ഊന്നിയുള്ള ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതാണോ എന്ന് നാം ആലോചിക്കണം.

21 വയസ് ആവുന്നതിന് മുൻപ് വിവാഹിതരാവുന്നവർ എല്ലാം അവരുടെ താൽപ്പര്യത്തിന് വിരുദ്ധമായി, രക്ഷിതാക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് വിവാഹിതരാവുന്നത് എന്ന അനുമാനത്തിൽ എത്തുന്നത് ശരിയല്ല.

18-20 വയസിലുള്ള പെണ്കുട്ടികൾ സ്വന്തം ഇഷ്ട പ്രകാരം രക്ഷിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കുന്നത് നാം കാണുന്നുണ്ട്. സ്വന്തം ഇഷ്ട പ്രകാരം വിവാഹിതരാവാനുള്ള 18-20 വയസിലുള്ള സ്ത്രീകളുടെ അവകാശമാണ് ഈ ഭേദഗതി കവർന്നെടുക്കുക.

രക്ഷിതാക്കളുടെ സമ്മതമില്ലാതെ വിവാഹിതരാവുന്ന സ്ത്രീകൾക്ക് എതിരെയാകും ഈ നിയമം ബഹുഭൂരിപക്ഷം കേസിലും പ്രയോഗികപ്പെടുക. നാം കരുതുന്ന പോലെ രക്ഷിതാക്കൾക്ക് എതിരെയാവില്ല.

അതേ സമയം, പുരുഷന്മാരുടെ വിവാഹപ്രായം 21 ആയും സ്ത്രീകളുടെത് 18 ആയും നിജപ്പെടുത്തുന്നത് ശരിയല്ല. ഭാര്യക്ക് ഭർത്താവിനേക്കാൾ വയസ് കുറവായിരിക്കണം എന്ന സ്റ്റീരിയോടൈപ്പിനെയാണ് നിലവിലുള്ള നിയമം പിന്തുണക്കുന്നത്.

അത് മാറ്റി 18 വയസായ ആണിനും പെണ്ണിനും ക്രിമിനൽ കേസിൽ പ്രതിയാവാതെ വിവാഹം കഴിക്കാൻ പറ്റണം. പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിന് വിവാഹത്തെക്കാൾ പ്രാധാന്യം നൽകണമെന്ന് തന്നെയാണ് എന്റെയും നിലപാട്. പെണ്ണായാലും ആണായാലും തനിക്ക് ഒരു വിവാഹം വേണമെന്ന് തോന്നുമ്പോൾ മാത്രം വിവാഹം കഴിക്കട്ടെ.

പക്ഷേ ആ ഒറ്റ പോയിന്റിൽ നിന്ന് കൊണ്ട് ഒരു ക്രിമിനൽ നിയമം ഭേദഗതി ചെയ്താൽ നാം ഉദേശിക്കാത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകും. നാം കരുതുന്നതിലും സങ്കീർണമായാണ് നിയമം പ്രയോഗിക്കപെടുന്ന രീതി. മനുഷ്യരെ പിടിച്ചു ജയിലിൽ ഇടുന്ന നിയമം നിർമിക്കുമ്പോൾ 100 വട്ടം ആലോചിക്കണം.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x