Political

അംബേദ്കർ മുതൽ ചന്ദ്രശേഖർ ആസാദ് വരെ; ഞങ്ങളുടെ പ്രതിരോധത്തിന്റെ ഭാഷ നിങ്ങൾക്ക് ഒരിക്കലും മനസ്സിലാവില്ല

പ്രതികരണം/ ദിനു വെയിൽ

“എന്റെ അനിയനെ അവർ ബ്ലേഡുകൊണ്ട് കീറി മുറിച്ചു. അവന് പതിനേഴ് വയസ്സേ ഉള്ളൂ. ഞങ്ങളുടെ അനിയൻ എന്ത് തെറ്റാണ് ചെയ്തത്? പരീക്ഷയെഴുതാൻ സന്തോഷത്തോടെ സ്കൂളിലേയ്ക്ക് പോയ അവൻ ചോരയൊലിച്ചാണ് വീട്ടിലേയ്ക്ക് കയറിവരുന്നത്”.

മീശ വെച്ചു എന്ന ഒറ്റ കുറ്റത്തിന് 2017 ഒക്റ്റോബറിൽ ഗാന്ധിനഗറിൽ തലയിൽ ബ്ലേഡുകൾ കൊണ്ട് സവർണ്ണർ വെട്ടിയ ദലിതനായ ആൺകുട്ടിയുടെ പെങ്ങൾ കാജളിന്റെ വാക്കുകളാണിത്.

അതേ വർഷം സെപ്റ്റംബർ 29 നാണ് ഒരു പ്രൈവറ്റ് ടെലിക്കോം കമ്പനിയിൽ ജോലി ചെയ്യുന്ന കുനാൽ മഹേരിയ എന്ന യുവാവ് കട്ടി മീശ വെച്ചതിന് ആക്രമിക്കപ്പെട്ടത്.

തൊടുത്ത വർഷം ആഗസ്റ്റ് മാസം അഹമ്മദാബാദിലെ ദോൽക താലൂക്കിലെ കവിതയെന്ന ഗ്രാമത്തിലെ രജ്പുത് സമുദായംഗങ്ങൾ ആ ഗ്രാമത്തിലെ മീശ വെച്ച സകല ദലിത് ചെറുപ്പക്കാരേയും തിരഞ്ഞുപിടിച്ച് ആക്രമിച്ചു.

അതിനു തൊട്ടു മുൻപാണ് ജൂലൈ 31 ന് രാത്രി പ്രവീൺ, വിനു എന്നീ രണ്ട് ദലിത് ചെറുപ്പക്കാരെ വാളുകൾ കൊണ്ടും മുറിവേൽപ്പിച്ചും ലാത്തികൾ കൊണ്ട് ക്രൂരമായടിച്ചും അവരുടെ മീശ വെച്ച കുറ്റത്തിന്, തലയുയർത്തി നടന്ന കുറ്റത്തിന്, മനുസ്മ്യതി അനുശാസിക്കുന്ന ശിക്ഷ നടപ്പിലാക്കിയത്.

20 വയസ്സുകാരനായ സജ്ഞയ് പർമാർ എന്ന അഹമ്മദാബാദിലെ മെഹ്സാനയിൽ ജീവിച്ച ദലിത് ചെറുപ്പക്കാരൻ ദർബാർ എന്ന സവർണ്ണ സമുദായക്കാരുടെ ആക്രമണം സഹിക്കാനാവാതെ നിലത്ത് മുട്ടു കുത്തി മാപ്പപേക്ഷിച്ചത് ഇനി ഞാൻ മീശ പിരിക്കില്ലെന്നായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ സവർണ്ണർ ആഘോഷിച്ച കരച്ചിലായിരുന്നു അത്.

2020 ജൂലൈയിൽ ആന്ധ്രാപ്രദേശിലെ ഗോദാവരിയിലെ സീതാനഗരം പോലീസ് സ്‌റ്റേഷനിൽ വരപ്രസാദ് എന്ന ദലിതനെ ലോക്കപ്പിൽ വെച്ച് ലാത്തി കൊണ്ട് അടിച്ചൊതുക്കി അവന്റെ മുടിയും താടിയും വടിപ്പിച്ചത് പോലീസ് ഉദ്യോഗസ്ഥരായിരുന്നു.

മൂന്ന് മാസത്തിന് മുൻപാണ് രാജസ്ഥാനിലെ ബിക്കാനെർ എന്ന ഗ്രാമത്തിൽ മെഗ്വാൽ സമുദായത്തിൽപ്പെട്ട ദലിത് യുവാവ് മീശ പിരിച്ചതിന്റെ പേരിൽ കൊല ചെയ്യപ്പെട്ടത്.” എന്റെ കുഞ്ഞ് മീശ പിരിച്ചതിനാണ് അവരവന്റെ തലയിൽ വെടിവെച്ചു കൊന്നു കളഞ്ഞത്”- പെലറാം മെഗ്വാൾ എന്ന അച്ഛന്റെ വാക്കുകളാണ്.

മീശ വെച്ചതിനും മുടി വളർത്തിയതിനും തലയുയർത്തി നടന്നത്തിനും നല്ല വസ്ത്രം ധരിച്ചതിനും എന്റെ സഹോദരങ്ങൾ കൊല്ലപ്പെടുന്ന ഒരു രാജ്യമാണ് എന്റെ മാത്ര്യരാജ്യം.

ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന് നാഴികയ്ക്ക് നാൽപത് വട്ടം എഴുതുന്ന ദീപക്ക് ശങ്കരനാരായണൻമാർക്ക് ഈ രാജ്യത്ത് എന്തിനാലാണ് ഞങ്ങൾ കൊലപ്പെടുന്നതെന്നറിയില്ല, പ്രിവിലേജുകളുടെ പുറത്ത് അഭിരമിക്കുമ്പോൾ ഞങ്ങൾ ജീവിയ്ക്കുന്ന ജീവിതമോ അനുദിനം അനുഭവിക്കുന്ന പിടച്ചിലുകളോ കണ്ടാലും കാണണമെന്നില്ല.

അതുകൊണ്ട് തന്നെ ഞങ്ങളുടെ പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും ഭാഷ നിങ്ങൾക്ക് ഒരിക്കലും മനസ്സിലാകുവാനും പോകുന്നില്ല.

നിങ്ങളുടെ പങ്കാളി തുറന്നെഴുതിയ നിങ്ങളിലെ മിസ്റ്റർ ഷമ്മിയുടെ ടോക്സിക്ക് മാസ്കുലിനിറ്റിയുടെ, ആണധികാര ഹുങ്കിന്റെ ഭാഷയല്ല ആസാദിന്റെ ശരീരത്തിന്റെ ഭാഷ,അത് നിവർന്നു നിൽപ്പിന്റെ ഭാഷയാണ്. നിങ്ങളിങ്ങനെ സകല പുച്ഛത്തോടെയും എഴുതുമ്പോൾ തകർന്നു പോകുന്ന ഒന്നാണ് ദലിത് മുന്നേറ്റങ്ങൾ എന്ന് കരുതുന്ന നിങ്ങളെയോർത്ത് വലിയ തമാശ തോന്നുന്നു.

ഗാന്ധി ദലിതരെ കണ്ട് വസ്ത്രമുപേക്ഷിച്ചപ്പോഴും അംബേദ്ക്കർ ദലിതർക്കിടയിൽ നിന്ന് കോട്ടിട്ടപ്പോഴും ഈ കുരകൾ ഞങ്ങൾ കേട്ടു ശീലിച്ചതാണ്. സവർണ്ണ കുരകൾ കേട്ടു പഴകിയതാണെന്നേ. അതുകൊണ്ട് ഞങ്ങൾ ബാബാ സാഹേബ് അംബേദ്‌ക്കറിന്റെ ഷോയങ്ങ് തുടരുമെന്നേ.

ഹിന്ദുത്വ ഫാസിസത്തിനെതിരെയുള്ള സമരങ്ങളിൽ എല്ലാ മനുഷ്യരും കൈ ചേർത്ത് പിടിച്ച് യാത്ര ചെയ്യേണ്ട കാലത്തിലും ഇത്തരം അൽപ പുച്ഛിസ്റ്റുകളോട് മറുപടിയെഴുതേണ്ടതിൽ മാത്രം ലജ്ജിക്കുന്നു.

1 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x