സാബുമഹാരാജാവിൻ്റെ നാട്ടുരാജ്യമായ കിഴക്കമ്പലത്തിൽ നാടുവാഴും മന്നൻ്റെ ഒരു കമ്പനി പ്രവർത്തിക്കുന്നു. പ്രസ്തുത കമ്പനിയുടെ അടിസ്ഥാന വിവരങ്ങൾ വിവരാവകാശ നിയമത്തെ അധികരിച്ച് ഒരു പൗരൻ ചോദിക്കുന്നു.
കമ്പനിയുടെ ഒരു രഹസ്യവുമല്ല, അടിസ്ഥാന വിവരങ്ങൾ. എല്ലാ ചോദ്യങ്ങൾക്കും ലഭിച്ച ഉത്തരം ഒന്നാണ്: ” വിവരങ്ങൾ ലഭ്യമല്ല “. (ചോദ്യങ്ങളും ഉത്തരങ്ങളും ഇവിടെ ചേർത്ത ചിത്രങ്ങളിൽ കാണാം).
ഭരണഘടനാ പ്രകാരമോ ലോകസഭയുടെയോ നിയമസഭകളുടെയോ നിയമം വഴിയോ സർക്കാർ വിജ്ഞാപനം വഴിയോ നിലവിൽ വന്നതോ, രൂപീകരിക്കപ്പെട്ടതോ ആയ എല്ലാ അധികാരികളും, സ്ഥാപനങ്ങളും സർക്കാരിൽ നിന്നും ഏതെങ്കിലും തരത്തിൽ സഹായധനം ലഭിക്കുന്ന സർക്കാർ ഇതര സംഘടനകളും, വിവരാവകാശനിയമത്തിൻ്റെ പരിധിയിൽ വരുന്നതാണ്.
സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ സഹായധനം നൽകുന്ന സ്ഥാപനങ്ങൾ എന്നിവയുടെ അധീനതയിലുള്ള ഒരു ജോലിയോ, പ്രമാണമോ രേഖയോ പരിശോധിക്കുന്നതിനുള്ള അവകാശം, രേഖയുടെയോ പ്രമാണത്തിന്റെയോ കുറിപ്പുകളോ സംക്ഷിപ്തമോ എടുക്കൽ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഏതു പദാർത്ഥത്തിന്റെയും സാക്ഷ്യപ്പെടുത്തിയ സാമ്പിളുകൾ എടുക്കൽ, കമ്പ്യൂട്ടറിലോ അതുപോലുള്ള മറ്റു ഇലക്ട്രോണിക് സംവിധാനങ്ങളിലോ ശേഖരിച്ചു വെച്ചിട്ടുള്ള വിവരങ്ങൾ, പ്രിന്റൌട്ടുകൾ, ഫ്ലോപ്പികൾ, ഡിസ്കുകൾ, ടേപ്പുകൾ, വീഡിയോ കാസറ്റുകൾ മുതലായ രൂപത്തിൽ പകർപ്പായി ലഭിക്കാനും ഏതൊരു പൌരനും അവകാശമുണ്ട്.
വിവരാവകാശ നിയമം ഇന്ത്യൻ ജനാധിപത്യത്തിൻ്റെയും പൗരാവകാശത്തിൻ്റെയും കരുത്തുറ്റ തൂണുകളിലൊന്നാണ്. കിഴക്കമ്പലത്ത് പക്ഷേ ഇതൊന്നും ബാധകമല്ല. കിഴക്കമ്പലം ഇന്ത്യയിലല്ലല്ലോ.
പക്ഷേ കിഴക്കമ്പലത്തെ രാജാധികാര പ്രജകൾക്കും സാബു മഹാരാജാവിൻ്റെ വാഴ്ത്തുകാർക്കും ഇതൊന്നും വിഷയമല്ല. വിവരം കിട്ടിയിട്ടെന്താണ്, അരിയും പാലും വില കുറച്ചു കിട്ടുന്നില്ലേ എന്നാണ് ചോദ്യം.
ഇവരുടെ പ്രപിതാമഹൻമാരാണ് പണ്ട് ബ്രിട്ടീഷുകാരിവിടുന്നു പോയാൽ നമുക്ക് നാഥനില്ലാതാവും എന്ന് വിഷമിച്ചത്.
ജനാധിപത്യം, സ്വാതന്ത്ര്യം തുടങ്ങിയ ആധുനിക മൂല്യങ്ങളില്ലാത്ത എല്ലാ അരിയിലും പാലിലും കലർത്തപ്പെട്ട വിഷം അവർ തിരിച്ചറിയുകയേയില്ല.
എന്തുകൊണ്ട് ഇത്രയെളുപ്പം മനുഷ്യർ ജനാധിപത്യവിരുദ്ധരാകുന്നു? ഉത്തരം ലളിതമാണ് – പലപ്പോഴും പലരും തെറ്റിദ്ധരിക്കുന്നത് പോലെ ജനാധിപത്യം ഒരു സഹജവാസനയോ നൈസർഗികമായ മനുഷ്യചോദനയോ അല്ല.
ആധുനിക ജനാധിപത്യം ആധുനികതയോടൊപ്പം പിറവി എടുക്കുകയും വളരുകയും ചെയ്ത ഒരു രാഷ്ട്രീയ സംവർഗമാണ്. ജനങ്ങൾ സ്വാഭാവികമായി ജനാധിപത്യത്തെ ആശ്ലേഷിക്കുന്നു എന്ന കാല്പനികവിചാരം രാഷ്ട്രീയമായി അർത്ഥശൂന്യമാണ്.
മനുഷ്യവർഗ്ഗം അനേകകാലം കൊണ്ട് ആർജ്ജിച്ചെടുത്ത നീതിയുടെ വിതരണത്തെ കുറിച്ചുള്ള സങ്കൽപ്പത്തിൻ്റെ രൂപശില്പമാണ് ജനാധിപത്യം.
കേവലമായ മാനുഷിക മൂല്യങ്ങളിൽ നിന്ന് മാത്രമല്ല ജനാധിപത്യം അതിൻ്റെ വളർച്ചയ്ക്ക് ആവശ്യമായ കാര്യങ്ങൾ നേടിയെടുത്തത്. പലതവണ പിഴച്ച് , പിഴവുകളിൽ നിന്ന് പാഠങ്ങൾ പഠിച്ചു മുന്നേറിയ ജനാധിപത്യത്തിൻറെ ചരിത്രം മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ അദ്ധ്യായമാണ്.
ഒരു സമൂഹത്തിലെ മനുഷ്യർ ചേർന്ന് അവരെ ഭരിക്കാനുള്ള ഭരണാധികാരികളെ കണ്ടെത്തുകയും ആ പ്രക്രിയയിൽ പങ്കുചേരാൻ മുഴുവൻ മനുഷ്യർക്കും അവകാശം ഉണ്ടായിരിക്കുകയും ചെയ്യുന്ന ആധുനിക ജനാധിപത്യത്തിൻ്റെ പ്രത്യക്ഷ രൂപം തന്നെ പ്രായോഗികവൽക്കരിച്ചിട്ട് ഒരുപാട് കാലം ഒന്നും ആയില്ല.
രണ്ടോ മൂന്നോ നൂറ്റാണ്ടുകൾക്കപ്പുറം ജനാധിപത്യത്തിൻ്റെ പുതിയ വിവക്ഷകളോട് ചേർന്നു നിൽക്കുന്ന ചരിത്ര സന്ദർഭങ്ങൾ കണ്ടെത്താൻ പ്രയാസമാണ്.
എന്നാൽ രാജവാഴ്ചക്ക് സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ട്. ഒരു വ്യക്തിയിലേക്ക് അധികാരം കേന്ദ്രീകരിക്കുകയും ഒരു വ്യക്തിയുടെ മൂല്യബോധം സമൂഹത്തിൻറെ മൂല്യബോധം ആയി തർജ്ജമ ചെയ്യപ്പെടുകയും ചെയ്യുന്ന രാജാധികാരത്തിൻ്റെ ഏറെക്കുറെയുള്ള അസ്തമയത്തിന് ശേഷം ജനിച്ച ശിശു മാത്രമാണ് ചരിത്രത്തിൽ ആധുനിക ജനാധിപത്യം.
അതിനാൽ തന്നെ മിക്കവാറും ഏത് ആധുനിക ജനാധിപത്യത്തിലെ ആൾക്കൂട്ടത്തിലും പഴയ രാജാധികാരത്തെ വിത്തുകൾ നമുക്ക് സൂക്ഷിച്ചു നോക്കിയാൽ കാണാം.
ഒരു നല്ല ഭരണാധികാരി ഉണ്ടെങ്കിൽ മതി എല്ലാം ശരിയാവും എന്ന ധാരണയ്ക്ക് പിന്നിൽ തന്നെ രാജാവിനോടുള്ള ദാസ്യത്തിന്റെ പുതിയ വായനയുണ്ട്. ഈ ധാരണ ഇന്നും കൊണ്ടുനടക്കുന്ന അനേകം പേരുണ്ട്.
അവരിലൂടെയാണ് കിഴക്കമ്പലം നാട്ടുരാജ്യവും സാബുമഹാരാജാവും ഇന്ത്യയിലെ ഏറ്റവും പ്രധാനമായ ജനാധിപത്യനിയമത്തെ കീറി വലിച്ചെറിഞ്ഞും ഭരിക്കാം എന്ന ധാർഷ്ട്യത്തിലെത്തുന്നത്.
കിഴക്കമ്പലത്തു നിന്ന് കൊച്ചിയിലേക്കുള്ള രാജപാത അവിടെ നിന്ന് നാഗ്പൂരിലെത്തും എന്ന് ഇത്തവണത്തെ ദേശാഭിമാനിയിലെ ലേഖനത്തിൽ ഞാനെഴുതിയിരുന്നു.
ആ പാതയിലേക്കുള്ള അതിവേഗയാത്ര തുടങ്ങിക്കഴിഞ്ഞു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS