
മേരേ പ്യാരേ ദേശ് വാസിയോം
ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു
അടുത്തത് എന്താണ് നിരോധിച്ചിരിക്കുന്നത്
പ്രതീക്ഷിച്ചതിനേക്കാൾ വലുത്
വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പോലും ഉള്ള സ്വാതന്ത്ര്യം!
ഒന്ന് ആലോചിച്ചപ്പോൾ സന്തോഷമായി,സ്കൂളിൽ പോവണ്ടല്ലോ
അപ്പോൾ കൂട്ടുകാർ? ഫുട്ബോൾ? പരിഹാരമുണ്ട്.
വാട്സ്ആപ്പ്, ഫേസ്ബുക്ക്, പബ്ജി
തീറ്റ, ഉറക്കം, ചാറ്റിങ്
ഒരു ദിവസം പാട്ട കൊട്ടുന്ന ശബ്ദം കേട്ടും
മറ്റൊരു ദിവസം പടക്കം പൊട്ടുന്ന ശബ്ദം കേട്ടും
ഉറക്കം നഷ്ടപ്പെട്ട ഒഴികെ ബാക്കി ദിവസങ്ങളിൽ ഒന്നും പ്രശ്നം ഉണ്ടായിരുന്നില്ല
ഇന്നലെയും ഇന്നും നാളെയും മാത്രമറിയാം
ദിവസങ്ങൾ കഴിഞ്ഞു പോയി, മടുത്തു ഈ മുറിയിൽ ഇരുന്ന്.
എത്രനാൾ ഇതുതന്നെ ചെയ്തുകൊണ്ടിരിക്കും
മുറിയിൽ നിന്ന് പുറത്തിറങ്ങി
എന്നും ഭക്ഷണം തരുന്നത് കൊണ്ടും
ഇട്ട തുണികൾ എടുത്തു കൊണ്ടു പോകുന്നത് കൊണ്ടും
അമ്മയെ മാത്രം അറിയാം
ഒരു തോർത്ത് തലയിൽ കെട്ടി തൂമ്പയും കയ്യില്പിടിച്ച്
പറമ്പിൽ നിൽക്കുന്നത് അച്ഛൻ ആണെന്ന് തോന്നുന്നു
ഫാദേഴ്സ് ഡേയുടെ അന്ന് സ്റ്റാറ്റസ് ഇട്ട ഫോട്ടോയിൽ കണ്ട അതേ മുഖം
അച്ഛൻ എന്നാണ് കൃഷി തുടങ്ങിയത്?
ഒരു കഷണം കേക്ക് കൊണ്ടുവരുന്ന ഈ ചെറിയ കുട്ടി ആരാണ്?
അനിയത്തി ആണ് എന്ന് അമ്മ പരിചയപ്പെടുത്തി
അവൾ അടുക്കളയിൽ കയറി തുടങ്ങിയോ?
വീടിനു മുൻപിലെ കൂട്ടിൽ കിടക്കുന്ന കിളി കളിയാക്കുന്ന പോലെ തോന്നി
കിളി മാത്രമല്ല, തുടലിൽ കിടക്കുന്ന പട്ടി പോലും.
മുറ്റത്തേക്കിറങ്ങി; വീശുന്ന കാറ്റിന് നല്ലൊരു മണം
പണ്ടത്തെ പുകമണമല്ല
വലതു വശത്തു കൂടെ ഒഴുകുന്ന പുഴയിലെ വെള്ളം
മലിനം ആണെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് കണ്ടിരുന്നു
ഇത്രയും തെളിഞ്ഞ വെള്ളത്തെ ആണോ മലിനമെന്ന് വിളിച്ചത്!
മുൻപിലെ റോഡിലൂടെ ഒരു വണ്ടി പോലും പോകുന്നില്ല
എല്ലാം നിശ്ചലം
ഒന്ന് പോയി നോക്കിയാലോ!
ഇതെന്താണ് എന്ന് ഒന്നു കാണാൻ
പിറ്റേ ദിവസം പോകാൻ തീരുമാനിച്ചു
വേണ്ടിവന്നില്ല, അപ്പോഴേക്കും എല്ലാവർക്കും സ്വാതന്ത്ര്യം കിട്ടിയിരുന്നു
എങ്ങോട്ടു വേണമെങ്കിലും പോകാം
രോഗികൾ പതിനായിരം കടന്നിരിക്കുന്നു
അയിന്?
ഷോപ്പിംഗ് നടത്തണം ഞങ്ങൾ ഓടിനടന്നു
ആരും തടഞ്ഞില്ല.