PoliticalViews

മാർക്സിസം: ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെ വെല്ലുവിളികള്‍

പുനർവായനകളിലെ മാർക്സിസം / ടി ടി ശ്രീകുമാർ

നവസാങ്കേതിക വിദ്യ, വിശേഷിച്ചും മാധ്യമ – വാര്‍ത്താ വിനിമയ  രംഗത്തെ സാങ്കേതിക വിദ്യ- ലോകകമ്പോളത്തിലെ അനിഷേധ്യ സാന്നിധ്യമായിരിക്കുന്ന സമകാല സാഹചര്യം സവിശേഷ ശ്രദ്ധയോടെ പഠിക്കേണ്ടതുണ്ട്. നവസാങ്കേതിക വിദ്യ അതിനു പിന്നിലെ മൂലധനത്തിന്‍റെ താല്‍പര്യങ്ങളെ പാടേ മറച്ചു വച്ചുകൊണ്ട് ലോകത്തിലെ പാര്‍ശ്വവല്കൃതരും തൊഴിലാളികളും അതില്‍ നിന്ന് നേടുന്ന നേട്ടങ്ങളെക്കുറിച്ചുള്ള ഒരു സവിശേഷ അധീശ വ്യവഹാരം സൃഷ്ടിക്കുവാനും, അതില്‍ അത്തരം സാങ്കേതികവിദ്യ എങ്ങനെയാണ് മിച്ച മൂല്യചൂഷണത്തില്‍ അധിഷ്ഠിതമായിരിക്കുന്നത് എന്നും ആ സാങ്കേതികവിദ്യകള്‍ എങ്ങനെയാണ് ആഗോള മൂലധനത്തെ സഹായിക്കുന്നത് എന്നുമുള്ള ചര്‍ച്ചകളെ തമസ്കരിക്കാന്‍ ശ്രമിക്കുവാനുമായിരുന്നു ബൂര്‍ഷ്വാ ധനശാസ്ത്രവും അതിന്‍റെ ചുവടു പിടിച്ചു നീങ്ങുന്ന മറ്റു സാമൂഹികശാസ്ത്രങ്ങളും തുടക്കം മുതല്‍ ശ്രമിച്ചുപോന്നത്.

വലിയ വിജയമാണ് ആദ്യകാലത്ത് ആ സമീപനത്തിനുണ്ടായിരുന്നത്. ഞാന്‍ നവസാങ്കേതികവിദ്യയെക്കുറിച്ചുള്ള എന്‍റെ പഠനങ്ങള്‍ ആരംഭിച്ചപ്പോള്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ മുഴങ്ങിനിന്നിരുന്നത് നവസാങ്കേതികവിദ്യയുടെ രാഷ്ട്രീയം വിസ്മരിക്കുന്ന, അല്ലെങ്കില്‍ അതിനെ പാടെ ഒഴിവാക്കുന്ന ഈ അധീശ വ്യവഹാരമായിരുന്നു. അതേക്കുറിച്ചുള്ള എന്‍റെ ആദ്യകാല പഠനങ്ങളില്‍ ഈ വ്യവഹാരത്തോടുള്ള വിമര്‍ശനാത്മകമായ ഒരു സമീപനം വികസിപ്പിച്ചെടുക്കാനാണ് ഞാന്‍ ശ്രമിച്ചത് (ICTs and Development in India: The Perspectives on the Rural Network Society, London: Anthem Press, 2011).

ആശ്രിതത്വ സിദ്ധാന്തം (dependency theory)

ലോകപ്രശസ്ത നരവംശ ശാസ്ത്രജ്ഞനായ വില്യം മാസറെല  The Digital Divide and the Charisma of New Media in India എന്ന തന്‍റെ പഠനം തുടങ്ങുന്നത് തന്നെ എന്‍റെ അഭിപ്രായങ്ങള്‍ കൂടി ഉദ്ധരിച്ചു കൊണ്ടായിരുന്നു. ഗായത്രി സ്പിവാക്, ഈവ്ജേനി മൊറസോവ് തുടങ്ങി പല പ്രഗല്‍ഭരും എന്‍റെ പഠനങ്ങളില്‍ ചിലത്  ഔദാര്യപൂര്‍വ്വം പരാമര്‍ശിച്ചിട്ടുണ്ട്. ചില പ്രധാന അക്കാദമിക്ക് പ്രസിദ്ധീകരണങ്ങളില്‍ ആ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുകയുമുണ്ടായി. ഈ പുസ്തകത്തിലെ മറ്റൊരു അദ്ധ്യായത്തില്‍ ഞാന്‍ ചര്‍ച്ച ചെയ്യുന്ന ഗുന്തര്‍ ഫ്രാങ്കിന്റെയും സമീര്‍ അമീന്റെയും ഒക്കെ ‘ആശ്രിതത്വ സിദ്ധാന്തം’ (dependency theory) മാര്‍ക്സിസ്റ്റ്‌ പരിപ്രേക്ഷ്യത്തില്‍ സാങ്കേതികവിദ്യയുടെ രംഗത്തെ ആഗോള അസമത്വങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പര്യാപ്തമായിരുന്നെങ്കിലും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ചില സവിശേഷതകള്‍ കൂടുതല്‍ സുവ്യക്തമായ മാര്‍ക്സിസ്റ്റ്‌ ചട്ടക്കൂട് ആവശ്യപ്പെടുന്നതായിരുന്നു.

സമീർ അമീർ / ഈജിപ്ഷ്യൻ എകണോമിസ്റ്റ്

അക്കാലത്തു ഞാന്‍ വായിച്ച പഠനങ്ങളില്‍  ഒന്നാണു ഡയർ വിത്ഫോർഡിന്‍റെ സൈബര്‍ മാര്‍ക്സ് (Cyber Marx) എന്ന പുസ്തകം. 1999ൽ പ്രസിദ്ധീകരിച്ചതാണെങ്കിലും ഡയർ വിത്ഫോർഡിന്‍റെ പുസ്തകത്തിലെ ആശയങ്ങള്‍ക്ക്  സമകാല ആഗോള സമ്പദ് വ്യവസ്ഥയെക്കുറിച്ച് നല്‍കാനുള്ള ഉള്‍ക്കാഴ്ചകള്‍ ഇപ്പോഴും പ്രധാനമാണ്.

ഇതിലെ ആശയങ്ങള്‍ കൂടി വികസിപ്പിച്ചാണ് അദ്ദേഹത്തിന്‍റെ പുതിയ പുസ്തകങ്ങളില്‍ ഒന്നായ സൈബര്‍ പ്രോലിറ്റെറിയറ്റ് (Cyber-Proletariat: Global Labour in the Digital Vortex) എഴുതിയിരിക്കുന്നത്.  ഈ അടുത്ത കാലത്തായി ക്രിസ്റ്റ്യന്‍ ഫ്യൂക്സ് (Christian Fuchs) മാര്‍ക്സിയന്‍ രാഷ്ട്രീയ സമ്പദ് ശാസ്ത്ര വിമര്‍ശനത്തെ, വിശേഷിച്ച് മൂലധനത്തിലെ സൈന്ധാന്തിക സങ്കല്പ്പനങ്ങളെ ഉപയോഗിച്ച് സമകാല മുതലാളിത്തത്തെയും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലെ അദ്ധ്വാനത്തെയും  അപഗ്രഥിക്കാന്‍ ശ്രമിച്ചിട്ടുള്ളത് ശ്രദ്ധേയമായ സംഭാവനയായാണ് എനിക്ക് തോന്നിയിട്ടുള്ളത്.

അദ്ദേഹത്തിന്‍റെ Reading Marx in the Information Age: A Media and Communication Studies Perspective on Capital Volume 1, Digital Labour and Karl Marx, Marx in the Age of Digital Capitalism, Reconsidering value and labour in the digital age തുടങ്ങിയ പുസ്തകങ്ങളും സാമൂഹിക മാധ്യമങ്ങള്‍, ഇന്റര്‍നെറ്റ് തുടങ്ങിയ മേഖലകളെക്കുറിച്ച് നടത്തിയിട്ടുള്ള മറ്റു പഠനങ്ങളും ഈ വഴിക്കുള്ള പ്രസ്താവ്യമായ പരിശ്രമങ്ങള്‍ ആണ്. തൊണ്ണൂറുകളില്‍ തന്നെ മാനുവല്‍ കാസ്തെല്‍സിന്‍റെ (Manuel Castells) നെറ്റ് വര്‍ക്ക് സമൂഹത്തെക്കുറിച്ചുള്ള ബൃഹത്തായ മൂന്നു ഭാഗങ്ങളുള്ള പഠനം വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു (The Information Age: Economy, Society and Culture Vol. I-The Rise of the Network Society. Oxford: Blackwell). എന്റെ സിവില്‍ സമൂഹവും ഇടതുപക്ഷവും എന്ന പുസ്തകത്തില്‍ (2007) മാനുവല്‍ കാസ്തെല്‍സിന്‍റെ നിരീക്ഷണങ്ങള്‍ വിമര്‍ശനാത്മകമായി ചര്‍ച്ച ചെയ്യുന്നുണ്ട്.

എന്നാല്‍ പിന്നീട് ഈ ധാര വളരെ സജീവമായി തുടര്‍ന്നു എന്ന് പറയുവാന്‍ കഴിയില്ല. ഈ വിഷയത്തെ നേരിട്ട് സ്പര്ശിക്കുന്നതല്ലെങ്കിലും പുതിയ മുതലാളിത്തത്തെ അടുത്തറിയാന്‍ ശ്രമിക്കുന്ന ‘മൂലധനം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍’ (Capital in the twenty first century) എന്ന തോമസ്‌ പിക്കറ്റിയുടെ പുസ്തകത്തെക്കുറിച്ചും ഞാന്‍ മുന്‍പ് മാതൃഭൂമിയിലെ പലായനങ്ങള്‍ എന്ന പംക്തിയില്‍ എഴുതിയിട്ടുണ്ട് (മൂലധനത്തിന്‍റെ ചോരയും അഴുക്കും മാതൃഭുമി ആഴ്ചപ്പതിപ്പ്, ഓഗസ്റ്റ് 17-23,2014).

വിവരസാങ്കേതികവിദ്യയുടെ സാമൂഹിക-സാംസ്കാരിക വശം

നേരത്തെ സൂചിപ്പിച്ച Cyber-Marx എന്ന പുസ്തകത്തില്‍ വിവരസാങ്കേതികവിദ്യയുടെ സാമൂഹിക-സാംസ്കാരിക വശങ്ങളെക്കുറിച്ചുള്ള നിരവധി ചര്‍ച്ചകള്‍ തുടക്കത്തിൽ തന്നെ വിത്ഫോർഡ് മുന്നോട്ടുവയ്ക്കുന്നുണ്ട്. മൂലധനം അടക്കമുള്ള മാര്‍ക്സിന്‍റെ സമ്പദ് ശാസ്ത്ര കൃതികള്‍ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ആ ചര്‍ച്ച വികസിപ്പിക്കുന്നത്. പ്രത്യയശാസ്ത്രപരമായ കടുത്ത വിയോജിപ്പുകള്‍ക്ക് കാരണമായ പോസ്റ്റ് ഇൻഡസ്റ്റ്രിയലിസം അടക്കമുള്ള സമകാല സംവാദങ്ങള്‍ അദ്ദേഹം ക്രോഡീകരിക്കുന്നു. ആന്റോണിയോ നെഗ്രിയുടെ നിലപാടുകളോടുള്ള സഹഭാവമാണ് പക്ഷെ ഈ പുസ്തകത്തിന്‍റെ ദാര്‍ശനികമായ ഉള്ളടക്കത്തെ ശ്രദ്ധേയമാക്കുന്നത്.

ഈ പുസ്തകത്തിലെ പല ഭാഗങ്ങളിലും നെഗ്രിയുടെ കൃതികളിലേക്കും അതുപോലെ മറ്റു യൂറോപ്യന്‍ ചിന്തകരായ  പോളോ വിർനോ, മാരിയോ ലാസറെറ്റൊ തുടങ്ങിയവരുടെ ആശയങ്ങളിലേക്കും അര്‍ത്ഥപൂര്‍ണമായ ആശയസംവാദത്തിന്‍റെ വഴി തുറക്കുന്നുണ്ട്.  ഓട്ടൊണമസ് മാർക്സിസം എന്ന് ധൈഷണികവൃത്തങ്ങളില്‍ അറിയപ്പെടുന്ന സമീപനത്തിന്‍റെ ഒരു നല്ല ഉദാഹരണമാണ് ഈ കൃതി എന്ന് പറയാം.  അന്റോണിയോ നേഗ്രി (Antonio Negri) എഴുതിയ Marx Beyond Marx: Lessons on the Grundrisse (New York: Autonomedia, 1991), എന്ന പുസ്തകവും, മൈക്കില്‍ ഹാര്‍ഡ്ട്ട്, അന്റോണിയോ നെഗ്രി (Michael Hardt and Antonio Negri) എന്നിവര്‍ ചേര്‍ന്ന് എഴുതിയ Labour of Dionysus: A Critique of the State-Form (Minneapolis: University of Minnesota Press,1994),Multitude: War and Democracy in the Age of Empire (New York: Penguin Press, 2004), Empire (Harvard University Press, 2000), എന്നീ പുസ്തകങ്ങളും നെഗ്രിയുടെ ഈ ചര്‍ച്ചയുടെ സന്ദര്‍ഭത്തില്‍ പ്രസക്തമായവയാണ്.

ഓട്ടോണോമസ് മാര്‍ക്സിസം

തൊഴിലാളിവര്‍ഗ്ഗം മുതലാളിത്തത്തില്‍ ഒരു വിപ്ലവവര്‍ഗ്ഗം തന്നെയാണ് എന്നതിലാണ് ഓട്ടോണോമസ് മാര്‍ക്സിസം ഊന്നല്‍ നല്‍കുന്നത്. തൊഴിലില്ലാത്തവരെയം വിദ്യാര്‍ത്ഥികളെയുമൊക്കെ പക്ഷെ ഈ വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തിയാണ് അവര്‍ വിശകലനങ്ങള്‍ നടത്തുന്നത്. ഡിജിറ്റല്‍ മുതലാളിത്തത്തിന്റെ കാലത്ത് വര്‍ഗ്ഗസമരത്തെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ്‌ സമീപനങ്ങള്‍ക്ക് സംഭവിച്ചിട്ടുള്ള സൈദ്ധാന്തികമായ അങ്കലാപ്പുകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കൂടിയാണ് ഓട്ടോണോമസ് മാര്‍ക്സിസം ശ്രമിക്കുന്നത്. ആ അര്‍ത്ഥത്തില്‍ മാര്‍ക്സിസ്റ്റ്‌ വിപ്ലവ രാഷ്ട്രീയത്തിന്റെ ഒരു പുനര്‍വായനയാണ് അവര്‍ മുന്നോട്ടു വക്കുന്നത് എന്ന് പറയാം. 

‘പൊതു ബൌദ്ധികത’ (ജെനറൽ ഇന്റലക്റ്റ്) എന്നൊരു മാര്‍ക്സിസ്റ്റ്‌ പരികല്‍പ്പന ഉണ്ട്. മാര്‍ക്സിന്‍റെ ഗ്രൂന്ദ്രിസ്സെ എന്ന കൃതിയിലാണ് ഈ പരികല്‍പ്പന കടന്നുവരുന്നത്‌. സ്ഥിരമൂലധനത്തിന്‍റെ വികാസം കാണിക്കുന്നത് സാമൂഹികജ്ഞാനം എത്രമാത്രം ഒരു പ്രത്യക്ഷ ഉല്‍പ്പാദനശക്തിയായി മാറിയിട്ടുണ്ട് എന്നും അതിന്‍റെ അടിസ്ഥാനത്തില്‍ സാമൂഹിക ജീവിതത്തിന്‍റെ മാനദണ്ഡങ്ങള്‍ എത്രമാത്രം പൊതു ബൌദ്ധികതയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരപ്പെടുകയും പരിവര്‍ത്തനം ചെയ്യപ്പെടുകയും ഉണ്ടായിട്ടുണ്ട് എന്നുമാണ് എന്ന് ഗ്രൂന്ദ്രിസ്സെയില്‍ മാര്‍ക്സ് ചൂണ്ടിക്കാട്ടുന്നുണ്ട്. അതായത്, പൊതു ബൌദ്ധികത എന്നത് വികസിത മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം വളര്‍ച്ചയുടെ വളര പ്രധാനപ്പെട്ട ഒരു അടയാളമാണ് എന്നര്‍ത്ഥം. താന്‍ സൃഷ്ടിക്കുന്ന പുതിയ പരികല്‍പ്പനകളുടെ ധാരാളിത്തത്തില്‍ അവയില്‍ പലതിനെയും ആധികാരികമായി വിശദീകരിക്കാന്‍ അദ്ദേഹത്തിനു കഴിയാതെ പോയിട്ടുണ്ട്. അത്തരത്തില്‍ ഒന്നാണ് ഒരിക്കല്‍ മാത്രം (എന്റെ അറിവില്‍) മാര്‍ക്സ് പരാമര്‍ശിച്ചു പോകുന്ന പൊതു ബൌദ്ധികത എന്ന പരികല്‍പ്പന.

സാമൂഹിക മൂലധനം (Social capital)

പക്ഷെ എനിക്ക് തോന്നുന്നത് മാര്‍ക്സിന്‍റെ സാങ്കേതികവിദ്യയെക്കുറിച്ചുള്ള വിശദീകരണത്തില്‍ ഇതിനു വലിയ പ്രാധാന്യമാണുള്ളത് എന്നാണ്. ഗ്രൂന്ദ്രിസ്സെ യിലെ മാർക്സിന്‍റെ വിശകലനങ്ങളുടെ ചുവടുപിടിച്ചാണ് വിവരസാങ്കേതികവിദ്യയെ ഓട്ടോണമസ് മാർക്സിസം മനസ്സിലാക്കുന്നത്. മൂലധനത്തിന്‍റെ വികാസത്തിലെ ഒരു സവിശേഷ സന്ദർഭമായിട്ടാണ് മാർക്സ് പൊതു ബൌദ്ധികതയെക്കുറിച്ച് പറയുന്നത്. വളര്‍ച്ചയുടെ ഒരു ഘട്ടത്തിൽ തൊഴിലാളികളുടെ സാമൂഹിക ബന്ധങ്ങളിലും ധൈഷണികശക്തിയിലും കൂടി മുതലാളിത്തം ഉത്പാദനോപാധികൾ കണ്ടെത്തുന്നു. ‘സാമൂഹിക മൂലധനം’ (Social capital) എന്ന് ഇതിനു പേര് നല്‍കിയിട്ടുണ്ട്.

ഇതേ കുറിച്ച് ലോകബാങ്ക് മുതല്‍ ഫോര്‍ഡ് ഫൌണ്ടേഷന്‍ പണം നല്‍കി സഹായിക്കുന്ന നാട്ടിന്‍ പുറത്തെ സന്നദ്ധ സംഘടന വരെ  ഊറ്റംകൊള്ളുന്നു. ഒറ്റവാചകത്തില്‍ ഇങ്ങനെ പറഞ്ഞു പോകാവുന്ന പരികല്‍പ്പനയല്ല ഇത് എന്നു എനിക്കറിയാം. എന്‍റെ പഠന – ഗവേഷണ മേഖലയിലെ അതിപ്രധാനമായ ഒരു അധീശ സങ്കല്‍പ്പമാണ് ഇത്. എങ്കിലും ഇവിടെ അതിനെക്കുറിച്ച് ഞാന്‍ കൂടുതല്‍ വിചിന്തനത്തിന് മുതിരുന്നില്ല. അത് മുഖ്യവിഷയത്തില്‍ നിന്ന് വളരെ ദൂരേക്ക്‌ കൊണ്ടുപോകും എന്നതിനാല്‍ കൂടിയാണ് അതിനു തുനിയാത്തത്‌. എങ്കിലും ആ പരികല്പനയുടെ പ്രതിലോമവശം സൂചിപ്പിക്കാതെ കടന്നുപോകാന്‍ കഴിയില്ല എന്നതും പ്രധാനമാണല്ലോ.

ഇത്തരത്തില്‍ മൂലധനം തൊഴിലാളികളുടെ ജീവിതത്തിന്‍റെ സൂക്ഷ്മചര്യകളില്‍ പോലും കയറിപ്പറ്റുന്ന കാലത്ത്, തൊഴിലാളിവര്‍ഗ്ഗം ആഗോള വ്യാപകമായി വിഘടനത്തിന്‍റെയും വര്‍ഗ്ഗ അനൈക്യത്തിന്‍റെയും ചരിത്രത്തിലേക്ക് നടന്നുകയറുന്ന സന്ദര്‍ഭത്തില്‍ വര്‍ഗ്ഗ പുനര്‍സംഘാടനവും (recomposition) നടക്കുന്നുണ്ടെന്നുള്ള ശുഭാപ്തിവിശ്വാസമാണ് വിത്ഫോര്‍ഡ് ഒട്ടോണോമസ് മാര്‍ക്സിസ്റ്റുകളോടൊപ്പം പങ്കുവക്കുന്നത്. മൂലധനം ലാഭനിരക്ക് കുറയുന്നത് മറികടക്കാന്‍  ആഗോള വിജ്ഞാന-സമ്പദ് വ്യവസ്ഥയെ കൂടുതല്‍ കൂടുതല്‍ ആശ്രയിക്കുകയാണ്. ഇത് ഒരു വശത്ത് പുതിയതരം തൊഴിലുകളും തൊഴിലില്ലായ്മകളും സൃഷ്ടിക്കുന്നു. പുതിയ തരം മിച്ചാദ്ധ്വാനം സൃഷ്ടിക്കുന്നു.

ഒപ്പം തൊഴിലാളികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സാങ്കേതികവിദ്യകളെയും ഇത് ആശ്രയിക്കുന്നുണ്ട്. ഇവിടെ മൂലധനം അഭിമുഖീകരിക്കുന്നത്  പുതിയ വൈരുദ്ധ്യങ്ങളെയാണ്. അതില്‍ പ്രധാനമാണ്, മൂലധനത്തിന് തൊഴിലാളികൾക്കു മേലെയുള്ള പരമ്പരാഗത നിയന്ത്രണങ്ങളെ പുതിയ സാങ്കേതിക വിദ്യകള്‍ ദുര്‍ബ്ബലപ്പെടുത്തുന്നു എന്നത്. അതായത്  മൂലധനത്തിന്‍റെ വളര്‍ച്ചക്കൊപ്പം, അതിന്‍റെ മുഖ്യശത്രു എന്ന് മാര്‍ക്സ് പറഞ്ഞ തൊഴിലാളിവര്‍ഗ്ഗം ചരിത്രപരമായ പുതിയൊരു വര്‍ഗ്ഗാനുഭവത്തിലേക്ക്  കടക്കുന്നു എന്നര്‍ത്ഥം. വ്യാവസായികയുഗത്തിലെ ‘തൊഴിലാളികൾ’ എന്ന സങ്കൽപ്പത്തിൽ ഒതുങ്ങാത്ത ഒരു വർഗ്ഗപരിണാമം ഇതിലൂടെ നടക്കുന്നുണ്ട്.  

മാർക്സിസത്തിന്റെ പരിമിതിയോ ?

ഇത് മാര്‍ക്സിസത്തിന്‍റെ എന്തോ പരാജയമാണ് എന്ന അര്‍ത്ഥത്തില്‍ അല്ലാതെ മനസ്സിലാക്കപ്പെടെണ്ടതുണ്ട് എന്ന് തന്നെയാണ് എന്‍റെ വിശ്വാസം. പുതിയ മുതലാളിത്തം തൊഴിലാളികളുടെ വര്‍ഗ്ഗപരമായ അസ്തിത്വം ഇല്ലായ്മ ചെയ്യുകയല്ല, മറിച്ച്, തൊഴിലാളിവര്‍ഗ്ഗം എന്ന പഴയ പരികല്‍പ്പനയ്ക്ക് ഉള്‍ക്കൊള്ളാന്‍ ആവാത്തതും എന്നാല്‍ വര്‍ഗ്ഗം എന്ന മാര്‍ക്സിസ്റ്റ്‌ സങ്കല്‍പ്പത്തെ പൂര്‍ണ്ണമായും നിരാകരിക്കാത്തതുമായ ഒരു പുതിയ രൂപം കൈക്കൊള്ളുകയാണ് ചെയ്യുന്നത്.

തീര്‍ച്ചയായും ഇതൊരു തര്‍ക്കവിഷയമാണ്. എന്നെ സംബന്ധിച്ചിടത്തോളം, ആഗോള വിനിമയ മുതലാളിത്തം (communication capitalism) വര്‍ഗ്ഗ പുനര്‍ സംഘാടനത്തിന് വഴിതെളിക്കുന്നു എന്ന് പറയുന്നത് അതിരു കവിഞ്ഞ ശുഭാപ്തി വിശ്വാസമോ, വിനിമയ മുതലാളിത്തത്തിന്‍റെ ആഗോള തൊഴില്‍ വിഭജന രീതികള്‍ സൃഷ്ടിച്ച ആഴമേറിയ വംശീയ-ദേശീയ ധ്രുവീകരണങ്ങളെ  കണ്ടില്ലെന്നു നടിക്കലോ ആണ്. ആഗോളവൽക്കരണം എന്ന ഭീകരതയുടെ നിയോ-ലിബറൽ ഘടനകൾക്കപ്പുറം മൂലധനാധിഷ്ടിത സാമൂഹികബന്ധങ്ങളും കൂട്ടങ്ങളും ഉണ്ടാകുന്നതിലേക്ക് വിവരസാങ്കേതികത സഹായിക്കുന്നു എന്നത് ശരിയാണ്.

ഇതിന്‍റെ കൂടി ഫലമാണ് നമുക്ക് ഇന്ന് ആഗോളവൽക്കരണ വിരുദ്ധ പ്രസ്ഥാനങ്ങളിലും സമരങ്ങളിലും ഈ സമരങ്ങളിൽ പുതു രാഷ്ട്രീയ ചലനങ്ങൾ സൃഷ്ടിക്കുന്ന വെബ്സൈറ്റുകളുടെ പ്രവർത്തനങ്ങളിലും അവയിൽ ആത്യന്തികമായും അടങ്ങിയിട്ടുള്ള ആഗോളവല്‍ക്കരണ വിരുദ്ധ പ്രവണതകളിലും ഒക്കെ കാണുവാന്‍ കഴിയുന്നത്‌ എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവേണ്ട കാര്യമില്ല. എന്നാല്‍ അത് മാത്രമല്ല പ്രശ്നം. മൂലധനത്തെ നേരിടാനുള്ള, മൂലധനത്തെ അതിന്‍റെ ഏറ്റവും സുപ്രധാനം എന്ന് മാര്‍ക്സ് കരുതിയ രണ്ടു കാര്യങ്ങളില്‍- അദ്ധ്വാനത്തിന്‍റെ അന്യവല്‍ക്കരണവും, സ്വകാര്യ സ്വത്തിന്‍റെ അപ്രമാദിത്വവും ചോദ്യം ചെയ്യാന്‍ കഴിവുള്ള തൊഴിലാളി വര്‍ഗം ഉയര്‍ന്നുവരുന്നുണ്ടോ എന്നതാണ്.

ഇത് മാര്‍ക്സിസത്തിന്‍റെ തെറ്റോ ശരിയോ അല്ല, മാര്‍ക്സിസം ഉപയോഗിച്ചുള്ള മുതലാളിത്ത സമീക്ഷയുടെയും അതിലെ ജ്ഞാന-ഭവശാസ്ത്ര സമീപനങ്ങളുടെയും പ്രശ്നമാണ്. ഇവിടെ ഓട്ടോണോമസ് മാര്‍ക്സിസത്തിന്‍റെ ഉത്തരങ്ങളോട് ചേര്‍ന്ന് നില്‍ക്കാന്‍ സാധിക്കുന്നില്ല. ഇതാണ് ജനാവലിയെ  (Multitude) ഒരേസമയം ഒരു മൂലധന വിരുദ്ധശക്തിയും അതേസമയംതന്നെ പുതിയ വിവരസാങ്കേതിക മൂലധനത്തിന്‍റെ  ആന്തരികശക്തിയുടെ പ്രത്യക്ഷ പ്രതീകവും ആക്കുന്നത്. മാര്‍ക്സിന്‍റെ തൊഴിലാളവര്‍ഗ്ഗം ചരിത്രത്തിന്‍റെ ഏജന്‍സിയാണ്. മുതലാളിത്തത്തെ തകര്‍ക്കുകയും സ്വകാര്യസ്വത്തിനെയും അന്യവല്‍ക്കരണത്തെയും മറികടക്കുകയും ചെയ്യുന്ന ഏജന്‍സിയാണ് തൊഴിലാളിവർഗ്ഗം.

ജനാവലി പക്ഷെ നിസ്സഹായതകളുടെ രോഷപ്രകടനം ആണ്. ഈ രോഷപ്രകടനം അപ്രധാനമാണ് എന്നല്ല. അത് മൂലധനത്തെ വെല്ലുവിളിക്കുന്നത് അതിന്‍റെ അടിസ്ഥാന സാമ്പത്തിക രൂപത്തെ തകര്‍ക്കാന്‍ കെല്‍പ്പുള്ള പഴയ തൊഴിലാളിവര്‍ഗ്ഗ സംഘടനകളെപ്പോലെ ഒരു മൂര്‍ത്ത രാഷ്ട്രീയശക്തിയായതുകൊണ്ടല്ല എന്നതാണ് ഓര്‍മ്മിക്കേണ്ടത്. ഇതിന്റെ മറുവശവും നോക്കേണ്ടതുണ്ട്.

പുതിയ ലോകവ്യവസ്ഥയില്‍ ജനാവലിയുടെ രാഷ്ട്രീയത്തെ വിപ്ലവാത്മകമായി കാണുന്ന മൈക്കില്‍ ഹാര്‍ഡ്ട്ട്, ആന്റോണിയോ നെഗ്രി എന്നിവരുടെ നേരത്തേ സൂചിപ്പിച്ച പഠനങ്ങള്‍ പരിശോധിക്കുന്ന സ്ലാവോക് സിസ്സെക് (Slavoj Žižek, The Ongoing “Soft Revolution” Critical Inquiry, 2004) ചില ശക്തമായ വിമര്ശനങ്ങള്‍ മുന്നോട്ടുവക്കുന്നുണ്ട്. ഹാര്‍ഡ്ട്ടും നെഗ്രിയും ജനാവലിയെന്നോ ആള്‍ക്കൂട്ടമെന്നോ പറയാവുന്ന സങ്കല്പം കടംകൊള്ളുന്നത്‌ സ്പിനോസയില്‍ (Benedict De Spinoza, 1632-1677) നിന്നാണ്. എന്നാല്‍ സ്പിനോസയുടെ മൌലികമായ സംഭാവനയില്‍ ആള്‍ക്കൂട്ടങ്ങള്‍ സുനിശ്ചിതമായും വിപ്ലവകരമായ ലക്ഷ്യങ്ങള്‍ ഉള്ളവയാവും എന്ന സൂചനയേയില്ല. മറിച്ചു, അദ്ദേഹത്തിന് രാഷ്ട്രീയമായി സഹഭാവം ഉണ്ടായിരുന്നവരും ലിബറല്‍ രാഷ്ട്രീയത്തോട് ആഭിമുഖ്യമുണ്ടായിരുന്നവരുമായ ജോഹന്‍ ഡി വിറ്റ്, കോര്നെലിസ് ഡി വിറ്റ് എന്നീ സഹോദരന്മാര്‍  ഹോളണ്ടില്‍ ആള്‍ക്കൂട്ടക്കൊലപതകത്തിനു ഇരയായതിന്റെ രാഷ്ട്രീയസന്ദര്‍ഭം നന്നായി അറിയാമായിരുന്നു.

ഉയര്‍ന്നുവരുന്ന ഒരു ഫാഷിസ്റ്റ്‌ രാഷ്ട്രീയം ആള്‍ക്കൂട്ടത്തെ എങ്ങനെ തങ്ങളുടെ അജണ്ടകള്‍ക്കായി അങ്ങേയറ്റത്തെ സാമര്‍ത്ഥ്യത്തോടെ ഉപയോഗിക്കും എന്നതിന്റെ ലോകചരിത്രത്തിലെ ഒരു വലിയ പാഠമായിരുന്നു ഡി വിറ്റ് സഹോദരന്മാരുടെ ആള്‍ക്കൂട്ടക്കൊലപതകം. അവരെ അടിച്ചുകൊല്ലുക മാത്രമല്ല, അവരുടെ കരള്‍ പറിച്ചെടുത്തു തിന്നുക കൂടി ചെയ്തു അക്രമികള്‍ എന്നാണു പറയപ്പെടുന്നത്‌. ആ കൊലപാതകങ്ങളുടെ പേരില്‍ കാര്യമായി ആരും ശിക്ഷിക്കപ്പെടുക കൂടി ചെയ്തില്ല എന്നതും ശ്രദ്ധേയമാണ്. ഹാര്‍ഡ്ട്ടും നെഗ്രിയും ചെയ്യുന്നതുപോലെ ആള്‍ക്കൂട്ടരാഷ്ട്രീയത്തിന്റെ  കേവലവും ഏകപക്ഷീയവുമായ ഉദാത്തീകരണത്തിന് സ്പിനോസയെ കൂട്ടുപിടിക്കുന്നതില്‍ കാര്യമില്ല എന്ന് സിസേക് പറയുന്നുണ്ട്. സ്പിനോസയെ ഉപരിപ്ലവമായി മനസ്സിലാക്കുന്നവരുടെ പൊള്ളയായ വിപ്ലവവാചാടോപം മാത്രമാണത് എന്ന് സിസെക് സൂചിപ്പിക്കുന്നു.

വന്യവും, അയുക്തികമായ ഹിംസയില്‍ ഊന്നുന്നതും സ്വയംകൃതവും, സ്വയം പരിപോഷിപ്പിക്കുന്നതുമായ ഒരു പ്രതിലോമശക്തിയാണ്  അടിസ്ഥാനപരമായി ആള്‍ക്കൂട്ടങ്ങള്‍. ജനാധിപത്യത്തിന്റെ അന്ത:സത്തക്ക് വിരുദ്ധമായ മൈക്രോഫാഷിസ്റ്റ്‌ ജനസമുച്ചയങ്ങളായാണ് ആള്‍ക്കൂട്ടങ്ങള്‍ പലപ്പോഴും രൂപംകൊള്ളുന്നത്‌. സാമൂഹികമായ ഐക്യദാര്‍ഡ്യങ്ങള്‍ രൂപപ്പെടാന്‍ സഹായിക്കുന്ന അതെ ഘടനകളെയാണ് ആള്‍ക്കൂട്ടങ്ങള്‍ ലിംഗ-മത-വംശീയ അപരത്വങ്ങളെ വേട്ടയാടാന്‍ ഉപയോഗിക്കുന്നത്.

മൂലധനവും വിവരസാങ്കേതികതയും

എന്നാല്‍ മൂലധനം പോലെ ഒരു കൃതിയും മാര്‍ക്സിസവും പ്രസക്തമാവുന്നത് അതിന്‍റെ വിശകലന പരിപ്രേക്ഷ്യത്തിനു തീര്‍ത്തും പുറത്തല്ല വിവരസാങ്കേതിക മുതലാളിത്തത്തിന്‍റെ ചരിത്രരൂപം എന്നതിനാലാണ്. വിവരസാങ്കേതികതയുടെ കാലംപരക്കെ കരുതപ്പെടുന്നതുപോലെ മൂലധനവും തൊഴിലും തമ്മിലുള്ള ചരിത്രപരമായ വിടവുകളെ നികത്തുന്നില്ല. മറിച്ച് ഇവ തമ്മിലുള്ള വൈരുധ്യം മൂര്‍ച്ഛിക്കുന്നതിന്‍റെ കൂടുതല്‍ സങ്കീർണ്ണമായ ഒരു വേദിയാവുകയാണ് വിവരസാങ്കേതികതാസമൂഹം (ഇൻഫർമേഷൻ സൊസൈറ്റി). എന്നാല്‍ കമ്പ്യൂട്ടറിലൂടെ, വിവരസാങ്കേതികതയിലൂടെ, ജെനെറ്റിക് എഞ്ചിനീയറിങ്ങിലൂടെ ഒക്കെ ഒരേസമയം ഉപഭോഗവൽകൃതവും മൂലധനാധിഷ്ഠിതവുമായ നവസാങ്കേതികവിദ്യകൾ ഉണ്ടാവുകയും അവ തന്നെ സ്വകാര്യസ്വത്തിന്‍റെ നിര്‍മ്മാര്‍ജ്ജനത്തിലേക്കും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒരു പുതിയ കമ്മ്യൂണിസത്തിലേക്കും വഴിതെളിക്കാവുന്ന ഒരു ഭാവി വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന അവസ്ഥയാണ് സംജാതമാകുന്നത് എന്ന് വിശ്വസിക്കാന്‍ കഴിയില്ല.

യന്ത്രവല്‍ക്കരണം, നവസാങ്കേതികത അടക്കം,  മാര്‍ക്സിന്റെ വിശകലനത്തിലെ സുപ്രധാന പരികല്‍പ്പനകളായ കേവല മിച്ചമൂല്യം (absolute surplus value) , ആപേക്ഷിക മിച്ചമൂല്യം (relative surplus value)  എന്നിവയെ കൂടുതല്‍ പ്രസ്കതമാക്കുകയാണ് ചെയ്യുന്നത്. ഇത് അടിസ്ഥാനപരമായി ചോദ്യം ചെയ്യപ്പെടാതെ തുടരുന്നു. അധ്വാനത്തിന്റെ മൂല്യസിദ്ധാന്തം പ്രസക്തമാണ് എന്നത് മറ്റു വിമര്‍ശനാത്മകമായ അന്വേഷണങ്ങളെ തടയുന്ന ഒന്നല്ല. ഇല്ലിച് റൂബിന്റെ (Isaak Illich Rubun- 1886-1937)  Essays on Marx’s Theory of Value ഇത് ചര്‍ച്ച ചെയ്യുന്ന ആധികാരിക പുസ്തകമാണ്. അമൂര്‍ത്ത അധ്വാനം (abstract labour), സാമൂഹിക അധ്വാനം (social labour) സാമൂഹികമായി ആവശ്യമുള്ള അധ്വാനം (socially necessary labour) അധ്വാന മൂല്യ സിദ്ധാന്തത്തിന്റെ ചരിത്രപരമായ അടിസ്ഥാനം ഇവയെല്ലാം വിശദമായി റൂബിന്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

സാങ്കേതികതയും വിവരസാങ്കേതിക വിജ്ഞാനവും കൂടെ തുറന്നു വിടുന്ന സ്ഫോടകാത്മകമായ സാംസ്കാരിക സാഹചര്യത്തെയും അതിന്‍റെ പരിണിതികളെയും ദാർശനികവും, സൈദ്ധാന്തികവും, സൌന്ദര്യാത്മകവും, രാഷ്ട്രീയവുമൊക്കെയായി വിമർശനവിധേയമാക്കുന്ന ഉത്തരാധുനിക  സിദ്ധാന്തങ്ങള്‍ പൊതുവേ മുന്നോട്ടുവയ്ക്കുന്നത് മാറിയ സാഹചര്യങ്ങളെ വ്യാഖ്യാനിക്കുന്നതിൽ മാർക്സിസം പരാജയപ്പെടുന്നു എന്ന വിമർശനമാണ് എന്ന് നമുക്കറിയാം. ഇതിൽ ഏറ്റവും പ്രധാനം ധിഷണായന്ത്രങ്ങളുടെ (Intelligent machines)  കാലത്ത്,  മാർക്സിസം, വിവരത്തിന്‍റെ (ഡാറ്റ) യഥാർത്ഥവും പ്രതീകാത്മകവും ആയ പ്രാധാന്യത്തെ പാടെ വിസ്മരിച്ചുകളഞ്ഞു എന്നുള്ളതാണ്.

ബൃഹത് ഡാറ്റ (Big data analytics) എന്ന സങ്കല്പ്പനം തന്നെ നോക്കുക. ആര്‍ക്കാണ് ഇതിനു മുകളില്‍‍, ഈ സാമൂഹികസ്വത്തിനു മുകളില്‍ സമ്പൂര്‍ണ്ണമായ ആധിപത്യമുള്ളത്? മാർക്സിസ്റ്റ് രാഷ്ട്രീയവും അതിന്‍റെ സൈദ്ധാന്തിക വിമർശനങ്ങളും ഉന്നംവച്ചിരുന്നത് എല്ലായ്പ്പോഴും സാങ്കേതിക വിനിമയോപാധികളുടെ സ്വാതന്ത്ര്യത്തിനെ തടയുകയും അവയ്ക്ക് നിരന്തരം കൂച്ചുവിലങ്ങിടുകയും ചെയ്യുന്ന സ്വേച്ഛാധിപത്യപരമായ ഭരണകൂടത്തോടായിരുന്നു.

എന്നാലിന്ന് വിവര സാങ്കേതിക മുതലാളിത്തം അതിനെതിരെ പ്രഹരശേഷിയോടെ ഉയരാന്‍ സാദ്ധ്യതയുള്ള ഏജന്‍സികളെ ഫലപ്രദമായി, അപരിമേയമായ ശക്തികളോടെ സ്വന്തം നിയന്ത്രണത്തില്‍ നിര്‍ത്തുകയാണ്. ഡാറ്റയുടെ മുകളിലുള്ള ആധിപത്യത്തില്‍ കൂടിയല്ലാതെയുള്ള ഒരു വിപ്ലവം ഇന്ന് അസാധ്യമായിരിക്കുന്നു എന്ന് പറയുമ്പോള്‍ അതിനര്‍ത്ഥം, സമൂലമായ ഒരു വിപ്ലവത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുന്ന, അതിന്‍റെ ചരിത്രപരമായ സംഭവ്യതകളെക്കുറിച്ച് സൈദ്ധാന്തികവല്ക്കരിക്കാന്‍ കഴിയുന്ന ലോകസാഹചര്യമല്ല നിലവിലുള്ളത് എന്ന് കൂടിയാണ്.

മൂലധനം എഴുതുന്ന മാര്‍ക്സിനു ഒരേസമയം താന്‍ വിശകലനം ചെയ്യുന്ന സാമ്പത്തിക സംവിധാനത്തെ ആഴത്തില്‍ അറിയുക മാത്രമല്ല, അതിനെ തകര്‍ക്കാന്‍ കഴിയുന്നതെങ്ങനെ എന്നതിനെക്കുറിച്ചുള്ള ഒരു പരിപ്രേക്ഷ്യവും കൂടി വികസിപ്പിക്കുവാന്‍ കഴിഞ്ഞു എന്നത് പുതിയ സാഹചര്യത്തില്‍ അനുകരിക്കാന്‍ കഴിയുന്ന കാര്യമായി തോന്നുന്നില്ല. ഇത് പ്രവചനമല്ല. പരിമിതവും സന്ദര്‍ഭബന്ധിതവുമായ ഒരു നിരീക്ഷണം മാത്രമാണ്. ചരിത്രപരമായ ഭൌതികവാദം ഒരു ശാസ്ത്രമാണ് എന്നൊക്കെ പറയുന്നത് എന്താണ് ശാസ്ത്രം എന്നതിനെക്കുറിച്ച് തന്നെ വലിയ ചര്‍ച്ചകള്‍ നടക്കുന്ന ഇക്കാലത്ത് തീര്‍ത്തും അസംബന്ധമായിരിക്കും എന്നാണ് തോന്നിയിട്ടുള്ളത്.

എന്നാല്‍ തൊഴിലാളിവര്‍ഗ്ഗം എന്ന പരികല്പ്പനയും അതിന്റെ രാഷ്ട്രീയ ബാധ്യതയായ കമ്യൂണിസവും ഇതോടെ ചരിത്രത്തില്‍ പൂര്‍ണ്ണമായും അപ്രസക്തമാവുന്നു എന്ന് വിചാരിക്കുന്നതിനും അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല. മാറുന്ന ഭൌതിക സാഹചര്യത്തില്‍ ഇതുമായ ബന്ധപ്പെട്ട അന്വേഷണങ്ങള്‍ മാര്‍ക്സിയന്‍ പരിപ്രേക്ഷ്യത്തില്‍ നിന്ന് പരിശോധിക്കുക എന്നതും പ്രധാനമാണ്. ഇതിനെ മാനങ്ങള്‍ കൂടുതല്‍ മനസ്സിലാക്കുന്നതിനു സൈബര്‍ പ്രോലിറ്റെറിയറ്റ്‌ (Cyber-proletariat) എന്ന സങ്കല്പ്പനത്തെ കൂടുതല്‍ ആഴത്തില്‍ പരിശോധിക്കേണ്ടതുണ്ട്.

പുനർവായനകളിലെ മാർക്സിസം എന്ന പുസ്തകം വാങ്ങുന്നതിന് ഇവിടെ click ചെയ്യുക

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
pm rasheed
3 years ago

go…

Back to top button
1
0
Would love your thoughts, please comment.x
()
x