അല്ലാമ മുഹമ്മദ് ഇഖ്ബാൽ: സ്വന്തം കാലഘട്ടത്തോട് നിരന്തരം കലഹിച്ച മഹാപ്രതിഭ
ഞാനൊരിക്കലും സ്വയം ഒരു കവിയായി കണക്കാക്കിയിട്ടില്ല. എനിക്ക് കാവ്യാത്മകതയിൽ ഒട്ടും താൽപ്പര്യവുമില്ല. പക്ഷേ, ഒരു പ്രത്യേക ലക്ഷ്യത്തിന്റെ ആവിഷ്കാരത്തിനായി, ഈ രാജ്യത്തിന്റെ അവസ്ഥയും ആചാരങ്ങളുമൊക്കെ കണക്കിലെടുത്ത് കൊണ്ട് തന്നെ, ഞാൻ കവിതയെ ഒരു മാധ്യമമായി തിരഞ്ഞെടുത്തതാണ്”. ഇങ്ങനെ പറഞ്ഞുകൊണ്ടാണ് അല്ലാമ മുഹമ്മദ് ഇഖ്ബാലിന്റെ പ്രസിദ്ധമായ കവിത സമാഹാരം ‘കുല്ലിയ്യാത്തെ ഇഖ്ബാൽ’ അനാവരണം ചെയ്യുന്നത്.
“ദേശങ്ങൾ പിറവിയെടുക്കുന്നത് കവികളുടെ അന്തരങ്ങളിലും, അവ അഭിവൃദ്ധി നേടുകയും നശിക്കുകയും ചെയ്യുന്നത് രാഷ്ട്രീയക്കാരുടെ കൈകളിലുമാണ്” എന്ന് ഇഖ്ബാൽ ഒരിക്കൽ പറഞ്ഞത് ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.
1877ൽ നവംബർ 9 ന് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രൊവിൻസിലുള്ള സിയാൽക്കോട്ട് എന്ന സ്ഥലത്ത് ഭൂജാതനായ ഇഖ്ബാലിന്റെ ജന്മദിനമാണ് ലോകമെമ്പാടും ഉർദുഭാഷ ദിനമായി ആചരിക്കുന്നത്.എക്കാലത്തെയും മികച്ച കവികളിലും, തത്ത്വചിന്തകരിലും, മനുഷ്യരാശിയുടെ ദാർശനികരിലും നിസ്സംശയം ഉൾപ്പെടുത്താൻ സാധിക്കുന്ന പ്രതിഭയാണ് ഇക്ബാൽ. രാഷ്ട്രീയത്തിലും ഇസ്ലാമിക ലോകത്തെ ധൈഷണികവും സാംസ്കാരികവുമായ പുനർനിർമ്മാണത്തിലും അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതായിരുന്നു. സാഹിത്യത്തിലേക്കും ചിന്തയിലേക്കും അദ്ദേഹം നൽകിയ സംഭാവനകൾ എന്നെന്നും നിലനിൽക്കും.
ഒരു തത്ത്വചിന്തകനെന്ന നിലയിൽ ഇക്ബാലിന്റെ ഔന്നത്യം കാര്യമായി അദ്ദേഹത്തിന്റെ കവിതകളെ ആശ്രയിച്ചിരിക്കുന്നുവെങ്കിൽകൂടി അദ്ദേഹത്തിന്റെ ഗദ്യ രചനകളാൽ ഇത് തികച്ചും പരിപോഷിപ്പിക്കപ്പെട്ടിട്ടുണ്ട്, പ്രത്യേകിച്ചും അദ്ദേഹത്തിന്റെ The reconstruction of Religious thought in Islam എന്ന കൃതി. ഇഖ്ബാലിനെ ‘വായിക്കുക’ എന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളിലൂടെയുള്ള പരിണാമവും അദ്ദേഹത്തിന്റെ ചിന്തകളിലെ സാജാത്യവൈജാത്യങ്ങളും മനസ്സിലാക്കിക്കൊണ്ട് മാത്രമേ സാധ്യമാവൂ.
ഇഖ്ബാൽ എന്ന രാഷ്ട്രീയചിന്തകന്റെ പരിണാമം ഇസ്ലാമിക രാഷ്ട്രീയചിന്തയെ പുനരുദ്ധരിപ്പിച്ച വ്യക്തി എന്ന നിലക്ക് അല്ലാമ ഇഖ്ബാലിന്റെ രാഷ്ട്രീയചിന്തകൾ വിവിധ കാലഘട്ടങ്ങളിൽ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. തന്റെ ജീവിതത്തിൽ മൂന്നു തലങ്ങളിലൂടെ അവ കടന്നുപോകുന്നതായി നമുക്കു ദർശിക്കാം. ഈ കാലഘട്ടങ്ങളെ വേർതിരിച്ചു മനസ്സിലാക്കാതെ ഇഖ്ബാൽ എന്ന രാഷ്ട്രീയചിന്തകനെ വായിക്കുക സാധ്യമല്ല!
ഒന്നാം ഘട്ടം
1905 മുൻപുള്ള കാലഘട്ടമാണ് ആദ്യത്തേത്. മുസ്ലീങ്ങളുടെ അധപതനത്തിന് കാരണങ്ങളും, ഇന്ത്യൻ ദേശീയതയും, ദേശീയ ഐക്യവും ഒക്കെയായിരുന്നു തന്റെ പ്രധാന ശ്രദ്ധ കേന്ദ്രങ്ങൾ. ഈ കാലയളവിൽ തന്നെയാണ് ഇതര-വിശ്വാസങ്ങൾ തമ്മിലുള്ള കലഹങ്ങൾക്ക് പരിഹാരങ്ങളുന്നയിച്ചുകൊണ്ട് അദ്ദേഹം അനേകം കവിതകൾ രചിക്കുന്നതും. പ്രസിദ്ധമായ ‘സാരേ ജഹാൻ സേ അച്ഛാ’ എന്ന ദേശഭക്തി ഗാനവും തന്റെ പേനത്തുമ്പിൽ നിന്നും പിറവിയെടുത്തത് ഇതേ കാലയളവിൽ തന്നെയാണ് എന്നത് പ്രസക്തമാണ്. മുസ്ലിം-ഹിന്ദു സമുദായങ്ങളെ ഒരുമിപ്പിച്ച് നിർത്താനുള്ള പല ശ്രമങ്ങളും തന്റെതായ രീതിയിൽ കാവ്യാത്മകതയോടെ അവതരിപ്പിക്കുന്ന അനേകം വരികൾ ഇഖ്ബാലിന്റെ പ്രാഥമിക രചനകളിൽ വായനക്കാർക്ക് കാണാൻ സാധിക്കും.
രണ്ടാം ഘട്ടം
1905 മുതൽ 1908 വരെയുള്ള തന്റെ യൂറോപ്യൻ പഠന കാലയളവ് ഇഖ്ബാലിലെ രാഷ്ട്രീയചിന്ത കൂടുതൽ ഉണർവ്വുള്ളതാക്കി. പാശ്ചാത്യലോകത്തെയും, പൗരസ്ത്യ ലോകത്തെയും ഒരുപോലെ നിരന്തരമായ വിലയിരുത്തലുകൾക്കും താരതമ്യങ്ങൾക്കും വിധേയമാക്കിക്കൊണ്ടാണ് അല്ലാമായുടെ പല വീക്ഷണങ്ങളും രൂപപ്പെട്ടുവന്നത്. പാശ്ചാത്യരെ പൂർണ്ണമായും തള്ളുകയല്ല ഇഖ്ബാൽ ചെയ്തത് മറിച്ച് അതിലെ നന്മയെ സ്വീകരിക്കുകയും, തിന്മയെ നിരസിക്കുകയും ചെയ്തു. യൂറോപ്പിന്റെ അറിവു നേടാനുള്ള പരിശ്രമങ്ങളും കണ്ടുപിടുത്തങ്ങളും നൂതനരീതികളെയും പ്രശംസിച്ച ഇഖ്ബാൽ, അതേ നാണയത്തിന്റെ മറുപുറം എന്ന നിലക്ക് ഭൗതികവാദത്തെയും മുതലാളിത്ത സംസ്കാരത്തെയും തന്റെ അവസാനം വരെ നഖശിഖാന്തം എതിർത്തു.ഇതേ കാലഘട്ടത്തിൽ തന്നെയാണ് അദ്ദേഹം തത്വചിന്താപരമായും ശാസ്ത്രീയപരമായും കൂടുതൽ ചിന്തിക്കാൻ തുടങ്ങിയത് എന്ന് മനസ്സിലാക്കാം. ഒരു മനുഷ്യന്റെ ജീവിതത്തിൽ ആത്മീയതയ്ക്കും വിശ്വാസത്തിനും സുപ്രധാന പങ്കുവഹിക്കാനുണ്ടെന്ന് അദ്ദേഹം ആണയിട്ടുറപ്പിച്ചു. ആത്മീയതയിൽ നിന്നും അകന്നുപോകുന്ന മുസ്ലിം സമുദായത്തിന്റെ പര്യവസാനത്തെയോർത്ത് ആവലാതികൾ പ്രകടിപ്പിക്കുന്നുണ്ട് ഇഖ്ബാൽ. പാശ്ചാത്യ ലോകത്തിന്റെ വ്യവസ്ഥിതികളുടെ പിന്നാലെ പായുന്ന മുസ്ലിം സമുദായത്തിന്റെ ദൗർബല്യത്തിന്റെ അതിരുകൾ കണ്ടു മനസ്സുമടുത്ത ഇഖ്ബാൽ മുന്നോട്ട് വെക്കുന്നത് സാർവ്വലൗകികമായ ഒരു മുസ്ലിം സമുദായം എന്ന ആശയമാണ്, അതിന്റെ കൂടെത്തന്നെ, മുൻകാലത്ത് ഇഖ്ബാൽ തന്നെ മഹത്വവത്കരിച്ചിരുന്ന ‘രാഷ്ട്രം’ എന്ന സങ്കൽപ്പത്തെ പൂർണ്ണമായും നിരാകരിക്കുകയും ചെയ്തു. ഇഖ്ബാലിന്റെ വരികൾ ഇവിടെ പ്രസക്തമാണ്.
Muslim ne bhi tameer kia apna haram aur
Tehzeeb ke aazar ne tarashwaya sanam aur
Un taaza khudaon mein bada sab se watan hai
Jo pairahan us ka hai wo mazhab ka kafan hai“മുസ്ലിമും പടുത്തുയർത്തിയല്ലോ ഹറമുകളേറെ, നാഗരികതയുടെ ശിൽപികളുണ്ടാക്കിയല്ലോ ശില്പങ്ങളുമേറെ,
ഈ പുത്തൻദൈവങ്ങളിലേറ്റവും വലുത് രാഷ്ട്രമാണല്ലോ, അതിന്റെ മേൽവസ്ത്രം
തന്നെ വിശ്വാസത്തിന്റെ കഫൻ പുടവയാണല്ലോ”
ഇന്ത്യയിലെ മുസ്ലിംകളെക്കുറിച്ച് മാത്രമല്ല ഇഖ്ബാലിന്റെ ആവലാതികൾ. സയണിസ്റ്റ് അധിനിവേശം അദ്ദേഹത്തെ വളരെയേറെ മാനസിക പ്രതിസന്ധിയിലാക്കിയ കാര്യങ്ങളിലൊന്നാണ്. സയണിസം ഒരു മതപരമായ ആശയപ്രസ്ഥാനമല്ല എന്നും അതിൻറെ തെളിവ് മതമുള്ള ജൂതന്മാർ തന്നെ അതിനെ എതിർക്കുന്നു എന്നുള്ളതാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇഖ്ബാലിനെ പോലുള്ള സാമുദായികചിന്തകരെയും അവരുടെ മൂർച്ചയുള്ള ചിന്തകളുമാണ് ഇപ്പോഴും ഇത്തരം കിരാതൻമാരായ അധികാരദാഹികൾ ഭയക്കുന്നത്.
മൂന്നാം ഘട്ടം
യൂറോപ്പിലെ വിദ്യാഭ്യാസ ജീവിതത്തിന് വിരാമം കുറിച്ച് 1908ന് ശേഷം ഇന്ത്യയിലേക്ക് മടങ്ങി വന്ന ഇഖ്ബാലിന്റെ ശ്രദ്ധ കൂടുതലായും മുസ്ലിംകളിൽ ആയിരുന്നു. സ്വന്തം സമുദായത്തോട് മുമ്പത്തേക്കാൾ വളരെയധികം അടുപ്പത്തിൽ നിൽക്കുന്ന ഒരു ഇഖ്ബാലിനെ നമുക്ക് കാണാൻ സാധിക്കുന്നു. ദൈവത്തോടുള്ള സമർപ്പണം, ഇസ്ലാമിൻറെ കേന്ദ്രബിന്ദു, ദൈവത്തിന്റെ ഏകത്വം ഇവ്വിഷയകമായ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടാണ് ഇഖ്ബാൽ തന്റെ സമുദായത്തെ വിലയിരുത്തുന്നത്. ഇവിടെ തന്നെയാണ് ഇഖ്ബാലിന്റെ സുപ്രസിദ്ധമായ ‘ഖുദി’ (self-hood) എന്ന ആശയത്തിന്റെ പ്രസക്തിയും. സ്വന്തത്തെ കണ്ടെത്തുന്നതിലൂടെ മാത്രമേ ഒരാളുടെ വ്യക്തിപരവും സാമൂഹികവുമായ ഉന്നമനം സാധ്യമാകൂ എന്ന് ഇഖ്ബാൽ തന്റെ കവിതകളിലൂടെ പലതവണ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഒരാളുടെ പാരമ്യത്തിലേക്ക് എത്താൻ സഹായിക്കുന്ന ഒരേയൊരു ഉറവിടം എന്നത് അയാളുടെ അഹം (self) ആണെന്നും, ആ അഹത്തിന്റെ പ്രകൃതത്തെയും അതിലടങ്ങിയ വിശാലമായ പ്രാപ്തിയെയും മനസ്സിലാക്കുക എന്ന ദൗത്യമാണ് മനുഷ്യനെ സംബന്ധിച്ച് പ്രധാനമെന്നും അല്ലാമ ഇഖ്ബാൽ വരച്ചുകാണിക്കുന്നു. അഹത്തിന്റെ കടലാഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്നുണ്ട് ഇഖ്ബാൽ. സാധാരണക്കാരന് മനസിലാക്കാൻ ബുദ്ധിമുട്ടുള്ള അറ്റങ്ങളിലേക്ക് നിർഭയത്തോടെ ആമജ്ജനം ചെയ്ത ഇഖ്ബാലിന് അതേ കാരണത്താൽ തന്നെ മതപണ്ഡിതരിൽ നിന്നുപോലും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാൽ അല്ലാമ ഇഖ്ബാൽ പറന്നിരുന്ന ആകാശത്തിന്റെ വിശാലത മനസ്സിലാക്കാൻ കഴിയാത്തവരായിരുന്നു അദ്ദേഹത്തിന്റെ വിമർശകരിൽ അധികവും. വിമർശകർ തന്നെ പിന്നീട് അല്ലാമയെ വാഴ്ത്തുകയും ചെയ്തു എന്നത് എടുത്തുപറയേണ്ട കാര്യം തന്നെയാണല്ലോ!
ധാരാളം പഠനങ്ങൾക്ക് പിൽകാലത്ത് വിധേയമായ ഒരു ആശയം കൂടിയാണ് ‘ഖുദി’. എന്താണ് ഖുദി എന്ന സംശയത്തിന് അദ്ദേഹം ബാലെ ജിബ്രീലിലെ ഈരടികളിലൂടെ മാലോകരോട് വിവരിക്കുന്നു,
Ragon mein woh lahoo baaqi nahin hai
Woh dil woh aarzu baaqi nahin hai
Namaz o roza o qurbani o hajj
Yeh sab baaqi hain, tu baaqi nahin hai“സിരകളിൽ തിളക്കുന്ന നിണമെവിടെ!
ഹൃദയവും പ്രതീക്ഷകളുമെവിടെ!
നിസ്കാരവും നോമ്പും ഹജ്ജും ഖുർബാനിയുമുണ്ടിവിടെ
എന്നാൽ നീ ഇവിടെ? “
സ്വന്തത്തെ വിലയിരുത്തുന്നതിലൂടെ തന്നിലടങ്ങിയ കഴിവുകളെയും പോരായ്മകളും തിരിച്ചറിയുകയും, അഹങ്കാരത്തെ വെടിഞ്ഞ് ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും പുൽകുക എന്ന മഹത്തായ ആശയമാണ് ഇഖ്ബാൽ മുസ്ലിം സമുദായത്തിലേക്ക് ഒരു പിടിവള്ളിയായി ഇട്ടുകൊടുക്കുന്നത്. ഇഖ്ബാലിന്റെ ചിന്താധാരകൾ മാറിമറിഞ്ഞിരുന്നു എന്നതിൽ സംശയമില്ല.
അദ്ദേഹം എത്തിച്ചേർന്ന പല നിഗമനങ്ങളും അദ്ദേഹത്തിന് തന്നെ പിൽക്കാലത്ത് മാറ്റേണ്ടി വന്നിട്ടുണ്ട്. ഏതൊരു രാഷ്ട്രീയചിന്തകന്റെ ജീവിതത്തിലും വന്നുപോയേക്കാവുന്ന വിവിധ ഘട്ടങ്ങളിലുള്ള പരിണാമങ്ങളാണ് ഇഖ്ബാലിന്റെ ജീവിതത്തിലും കാണുന്നത്. തുടക്കത്തിൽ രാഷ്ട്ര സങ്കല്പം പൂർണമായും നിരാകരിച്ച ഇഖ്ബാൽ തന്നെ പിന്നീട് ഒരു ദേശത്തിന് വേണ്ടി വാദിച്ചു.
ഇന്ത്യയിലെ, വിശിഷ്യാ വടക്കുപടിഞ്ഞാറൻ മുസ്ലിം സമുദായം അവർ വീണുകിടക്കുന്ന അഗാധഗർത്തങ്ങളിൽ നിന്നും കരകയറുന്നത് ചിന്തിക്കാവുന്നതിലും വിദൂരത്താണ് എന്ന് മനസ്സിലാക്കിയ ഇഖ്ബാലിനെ പിന്നീട് നമുക്ക് കാണാൻ കഴിഞ്ഞത് 1930ലെ അലഹബാദ് അഡ്രസിലൂടെ ‘ഇന്ത്യക്കകത്ത് ഒരു മുസ്ലിം-ഇന്ത്യ’ ആവശ്യപ്പെട്ടുകൊണ്ടാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ആ സമുദായത്തിന് സ്വയംഭരണാവകാശം നൽകണമെന്നും അദ്ദേഹം വിഭാവനം ചെയ്തു:”വിവിധ സംസ്കാരങ്ങളും ഭാഷകളും വർഗ്ഗങ്ങളുമുള്ള ഒരു രാജ്യമാണ് ഇന്ത്യ. വ്യക്തിപരമായി, പഞ്ചാബും, വടക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശങ്ങളും, സിന്ധും, ബലൂചിസ്താനും ഒരൊറ്റ രാഷ്ട്രമായി വരുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു… വടക്ക് പടിഞ്ഞാറിലെയെങ്കിലും മുസ്ലീങ്ങളുടെ അന്തിമവിധി ഏകീകരിച്ച ഒരു മുസ്ലിം രാഷ്ട്രമാണെന്ന് ഞാൻ കരുതുന്നു”. ഇന്ത്യയിലെ വിവിധ മതവിഭാഗങ്ങലെ കണക്കിലെടുക്കാതെ യൂറോപ്യൻ ജനാധിപത്യം ഇവിടെ നടപ്പിലാക്കുക എന്നത് അസാധ്യമാണെന്നും, അതുകൊണ്ടുതന്നെ ‘ഇന്ത്യക്കകത്ത് ഒരു മുസ്ലിം-ഇന്ത്യ’ എന്ന ആവശ്യം പൂർണമായും ന്യായമുള്ളതാണ് എന്നും അല്ലാമ ഇഖ്ബാൽ അവസാനഘട്ടങ്ങളിൽ വാദിച്ചു. ഓരോ സമുദായത്തിനും അതിന്റെതായ മാർഗത്തിലൂടെ സ്വതന്ത്രമായി വികസിക്കാൻ അവകാശമുണ്ട് എന്ന ആശയം സങ്കുചിതമായ വർഗ്ഗീയ വികാരത്തിൽ നിന്നുമുണ്ടായതാണ് എന്ന ബോധം വികലമാണെന്നും, വർഗീയതയും സാമുദായിക ബോധവും രണ്ടും രണ്ടാണ് എന്നും, ഒരു സമുദായം ഇതര സമുദായങ്ങളോട് വിദ്വേഷം കാണിക്കുമ്പോഴാണ് വർഗീയത ഉടലെടുക്കുന്നത് എന്നും ഇഖ്ബാൽ അനേകം അവസരങ്ങളിൽ പറയുന്നുണ്ട്.
വിശ്വാസമാണ് ജീവിതത്തിന്റെ അടിസ്ഥാനം ഇഖ്ബാൽ എന്ന ആദർശ-യാഥാർത്ഥ്യ വാദി മനസ്സിലാക്കുന്നത് മനുഷ്യത്വത്തിന്റെ പ്രഥമലക്ഷ്യങ്ങളെ (സമാധാനം, പ്രതാപം, സമത്വം, നീതി, സ്വാതന്ത്ര്യം, സാഹോദര്യം) ഇല്ലാതാക്കുന്നത് പാശ്ചാത്യ-പൗരസ്ത്യ നവസമൂഹങ്ങളാണ് എന്നതാണ്. സാഹോദര്യത്തിനും സമാധാനത്തിനും പകരമായി കലഹങ്ങളും അലങ്കോലങ്ങളുമാണ് അവിടെ കാണാൻ കഴിയുന്നത്. 1938ൽ ഓൾ ഇന്ത്യ റേഡിയോയിൽ ഇഖ്ബാൽ നൽകിയ ഒരു സന്ദേശത്തിലൂടെ മുഖ്യധാരയിലുള്ള ആധുനിക രാഷ്ട്രീയ രീതികളെ എതിർക്കുന്നതിന്റെ പ്രധാന കാരണം അവയുടെ കണ്ണടച്ച ആത്മീയത നിരസതയാണെന്ന് പറയുകയുണ്ടായി. ഭൗതികവാദത്തെ സ്വീകരിക്കുകയും, മുതലാളിത്ത സമ്പദ് വ്യവസ്ഥയിലേക്ക് ചാഞ്ഞു കിടക്കുകയും, അതിന് പുറമെ, പറയപ്പെടുന്ന ‘ജനാധിപത്യ’ സമൂഹത്തിന്റെ ഫലവത്തായ ഒരു ആവിഷ്കാരമോ ധാരണയോ പൂർത്തീകരിക്കാത്ത ഒരു രീതിയോടും ഒത്തുപോവാനാവില്ല എന്നദ്ദേഹം വ്യക്തമാക്കി.ഇന്ത്യൻ സമുദായങ്ങളെ, വിശിഷ്യാ മുസ്ലിങ്ങളെ, പാശ്ചാത്യത്തിന്റെ പറയപ്പെട്ട ആധുനിക-ശാസ്ത്രീയ രീതിയുടെ ധൈഷണിക അടിമത്തത്തിൽ നിന്നും മോചിപ്പിക്കുന്നതിൽ ഇഖ്ബാലിന്റെ ചിന്തകൾക്ക് അത്യധികം പങ്കുണ്ട്. ശാസ്ത്രീയ സംസ്കാരം ഒരു നല്ല രീതിയാവുന്നത് അതിലേക്ക് ‘വിവേകം’ വന്നുചേരുമ്പോഴാണെന്ന് ബെർട്രൻഡ് റസൽ പറഞ്ഞതിനോട് ഇഖ്ബാൽ യോജിക്കുന്നു.
ഇഖ്ബാലിനും റസലിനും വിവേകം എന്നത് ജീവിതത്തിന്റെ അറ്റങ്ങളെ യഥാർത്ഥ രീതിയിൽ മനസ്സിലാക്കുക എന്നതായിരുന്നു. ശാസ്ത്രത്തിന് അതിന് കഴിയില്ല എന്ന് ഇരുവരും ശരിവെക്കുന്നുമുണ്ട്. മുഖ്യധാര രാഷ്ട്രീയരീതികളുടെ പാളിച്ചകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇഖ്ബാൽ പറയുന്നു: “ആധുനിക യുഗം അതിന്റെ വിജ്ഞാന പുരോഗതിയിലും ശാസ്ത്രീയ നേട്ടങ്ങളിലും അഭിമാനിക്കുന്നു. അത് ന്യായമായ കാര്യം തന്നെ. സ്ഥലത്തെയും സമയത്തെയും ഭേദിച്ചുകൊണ്ട് പ്രകൃതിയുടെ നിഗൂഢതകൾ അനാവരണം ചെയ്യുന്നതിലും, അതിന്റെ ശക്തികളെ സ്വന്തം സേവനത്തിനായി ഉപയോഗപ്പെടുത്തുന്നതിലും മനുഷ്യൻ അത്ഭുതകരമായി വിജയം കൈവരിച്ചിരിക്കുന്നു. പുരോഗതികളനേകമുണ്ടെങ്കിലും, സാമ്രാജ്യത്വത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും കിരാതഹസ്തങ്ങൾ മറഞ്ഞു കിടക്കുന്നത് ജനാധിപത്യത്തിന്റെയും ദേശീയതയുടെയും കമ്മ്യൂണിസത്തിന്റെയും ഫാസിസത്തിന്റെയും മുഖംമൂടികളിളാണ്. അവിടെ സ്വാതന്ത്ര്യത്തിന്റെ ആത്മാവും, മനുഷ്യന്റെ അന്തസ്സും ചരിത്രത്തിലിതുവരെ സമാന്തരതയില്ലാത്ത വിധത്തിൽ ചവിട്ടിമെതിക്കപ്പെടുന്നു” (Thoughts and Reflections of Iqbal).
വിശ്വാസത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഇഖ്ബാൽ വിഭാവനം ചെയ്യുന്ന സൂഫിസത്തെ മനസ്സിലാക്കാതെ മുന്നോട്ട് പോവുക ബുദ്ധിമുട്ടാണ്. ഓരോ വിശ്വാസിക്കും സാമൂഹികവും സാമുദായികവുമായ വലിയ പങ്കുകൾ വഹിക്കാനുണ്ടെന്ന് ഊന്നിപ്പറയുന്നു ഇഖ്ബാൽ. ഖാൻകാഹുകളിൽ ചടഞ്ഞിരിക്കുന്ന ‘സൂഫി’കളോട് സമൂഹത്തിലേക്കിറങ്ങി പ്രവർത്തിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്യുന്നുണ്ട് ഈ വരികളിൽ,
Nikal kar khanqahon se adaa kar rasm-e-shabbiri
Ke faqr-e-khanqahi hai faqat andoh-o-dilgeeri“ഖാൻകാഹുകളിൽ നിന്നുമിറങ്ങി നീ
വിശ്വാസിയുടെ കടമകൾ ചെയ്യൂ,
ഖാൻകാഹുകളിലെ ദാരിദ്ര്യമെന്നത് വെറും
വ്യസനവും വ്യഥകളുമല്ലോ “
സൂഫിസത്തിന്റെ പരമ്പരാഗത കർമ്മാനുഷ്ഠാനാചാരങ്ങളോട് ഇഖ്ബാൽ യോജിച്ചിരുന്നില്ല എന്നും, സമുദായത്തിന്റെ വേരുകളിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ട് പ്രവർത്തിക്കുന്ന പ്രായോഗിക തലത്തിലുള്ള ഇസ്ലാമിക ജീവിതമായിരുന്നു ഇഖ്ബാൽ മുന്നോട്ട് വെച്ചത് എന്നും ഈ വരികളിൽ നിന്നും സുവ്യക്തമാണ്.
ഇഖ്ബാൽ എന്ന കവി കവിയാണോ, രാഷ്ട്രീയ ചിന്തകനാണോ, തത്വചിന്തകനാണോ എന്ന ചോദ്യത്തിന് ‘ഞാൻ ഒരു കവിയല്ല’ എന്നായിരുന്നു ഇഖ്ബാലിന്റെ മറുപടി. എങ്കിലും, അല്ലാമ മുഹമ്മദ് ഇഖ്ബാൽ എന്ന നാമം ഉർദു-പേർഷ്യൻ സാഹിത്യങ്ങളിൽ നിന്നും ഒരിക്കലും വിസ്മരിക്കപ്പെടാൻ സാധ്യമല്ലാത്ത വിധം തങ്കലിപികളാൽ കൊത്തിവെക്കപ്പെട്ട ഒന്നാണ്. കൂടാതെ, ഇന്ത്യൻ സാമൂഹികാന്തരീക്ഷത്തിൽ ഇസ്ലാമിക നവോദ്ധാനത്തിന് വേണ്ടി ഇഖ്ബാൽ കൊളുത്തിയ തിരികൾ ഇന്നും മറ്റുള്ളവരുടെ പഠനങ്ങളിലൂടെയും പ്രവർത്തികളിലൂടെയും ജ്വലിച്ചുകൊണ്ടിരിക്കുന്നു എന്ന വസ്തുത അദ്ദേഹത്തിന്റെ തത്വചിന്തകളുടെയും, പഠനങ്ങളുടെയും, എഴുത്തുകളുടെയുമെല്ലാം കാലികപ്രസക്തിയും, സാംഗത്യവും കൂടുതൽ ആണയിട്ടുറപ്പിക്കുന്നു. മതം, തത്വചിന്ത, രാഷ്ട്രീയം, തുടങ്ങിയ വിഷയങ്ങളിൽ നസ്മുകളും ഗസലുകളും രചിച്ചുകൊണ്ട് പേർഷ്യൻ, ഉർദു സാഹിത്യങ്ങളിൽ ഒരു പുത്തൻ വാതായനത്തിന് യവനിക നീക്കുകയായിരുന്നു അദ്ദേഹം.
ഇഖ്ബാലിന്റെ കാലം വരെ ഉർദു കവികൾ സ്പർശിക്കാൻ മുതിരാത്ത പല മേഖലകളിലും ഇഖ്ബാൽ തന്റെ വാചാലമായ ശൈലികൊണ്ടും സ്പഷ്ടമായ പദപ്രയോഗങ്ങൾ കൊണ്ടും വശ്യത തീർത്തു. ഒരു പോലെ തന്നെ പേർഷ്യൻ, ഉർദു ഭാഷകളിലുള്ള അദ്ദേഹത്തിന്റെ കവിത സമാഹാരങ്ങൾ ഇന്നും അനേകമനേകം ചുണ്ടുകളിൽ ചലിച്ചുകൊണ്ടേയിരിക്കുന്നു. അത്തരമൊരു സമാഹാരത്തിലെ കവിതകളാണ് ഏറെ പ്രശസ്തിയാർജ്ജിച്ച ഇഖ്ബാലിന്റെ ‘ഷിക്’വ’യും (പരാതി/ആവലാതി) പിന്നെ ‘ജവാബെ ഷിക്’വ’യും (പരാതിക്കുള്ള മറുപടി). ഇസ്ലാമിന്റെ പരിപാവനമായ പാരമ്പര്യത്തെക്കുറിച്ചും വിവിധ മേഖലകളിലെ പരിഷ്കരണകർത്തവ്യത്തെക്കുറിച്ചും, പിന്നെ ലോകത്താകമാനമുള്ള മുസ്ലിം സമൂഹത്തിന്റെ, വിശിഷ്യാ, ഇന്ത്യൻ മുസ്ലിംകളുടെ അവസ്ഥയെക്കുറിച്ചുള്ള ദൈവത്തോടുള്ള വിലാപമാണ് അല്ലാമ ഇഖ്ബാൽ അദ്ദേഹത്തിന്റെ ഷിക്’വ എന്ന കവിതയിലൂടെ ഉത്തമസാഹിത്യ ശൈലിയിൽ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്!
ബ്രിട്ടീഷുകാർ ഭരിച്ചുകൊണ്ടിരുന്ന ഇന്ത്യയിൽ ന്യൂനപക്ഷ വിഭാഗങ്ങൾ അടിച്ചമർത്തലുകൾക്ക് വിധേയമായിക്കൊണ്ടേയിരുന്നു. ആ കാലത്ത് മുസ്ലിങ്ങളുടെ മനസ്സിൽ സ്വാഭാവികമായും വന്നുപോകാവുന്ന സംശയങ്ങലും ആവലാതികളുമൊക്കെ തന്നെയാണ് ഷിക്’വയിലെ മർമ്മം. ദൈവം തന്റെ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലയോ എന്ന പരാതിയും, തന്നെ ആരാധിക്കുന്നവരെ കൈവിടുകയാണോ എന്ന ആവലാതിയുമൊക്കെയാണ് മനോഹരമായ കാവ്യഭംഗിയിൽ രചിക്കപ്പെട്ട ഷിക്’വയിലൂടെ ഇഖ്ബാൽ മുന്നോട്ട് വെക്കുന്നത്. കവിതയുടെ വരവിന് ശേഷം ഇസ്ലാമിക പണ്ഡിതലോകത്ത് കോളിളക്കങ്ങൾ സംഭവിക്കാൻ തുടങ്ങി. അല്ലാമാ ഇഖ്ബാലിന്റെ ഷിക്’വയിലുള്ള വരികൾ മതത്തിന് വിരുദ്ധമാണെന്നും, ദൈവത്തോട് നന്ദിയില്ലാത്ത ഒരാൾക്കെ ഇങ്ങനെയൊക്കെ എഴുതി വിടാൻ സാധിക്കൂ എന്നും, താനൊരു കാഫിർ ആണെന്നുമൊക്കെ ചില പണ്ഡിതർക്കിടയിൽ ചർച്ചകൾ നടന്നു. എന്നാൽ മറ്റൊരു കൂട്ടം ജനങ്ങൾ ആ വരികളെ നെഞ്ചോടുചേർത്തുപിടിച്ചു. അവരുടെ മനസ്സിലെ ആവലാതികൾ തന്നെയാണല്ലോ ഇഖ്ബാൽ ഈ കവിതയിൽ വരച്ചു വെച്ചിരിക്കുന്നത് എന്നവർക്ക് തോന്നി.
1911ൽ ലാഹോറിൽ വെച്ച് നടന്ന ‘അൻജുമനെ ഹിമായതെ ഇസ്ലാം’ സംഘടനയുടെ കീഴിൽ നടത്തിയ ഒരു റാലിയിലായിരുന്നു ഇഖ്ബാൽ ഈ കവിത ആദ്യമായി അവതരിപ്പിച്ചത്. കവിതയിലെ വിഷയത്തിന്റെ പ്രാധാന്യവും ഗൗരവവും കൃത്യമായി അറിയുന്നത് കൊണ്ട് തന്നെയാവണം, അദ്ദേഹം അന്നത് അവതരിപ്പിച്ചപ്പോൾ, കാണികളുടെ നിർബന്ധങ്ങൾക്ക് വഴങ്ങാതെ തന്റെ സ്ഥിരം അവതരണശൈലിയായ ‘തറന്നും’ (ഈണത്തിൽ ആലപിക്കുക) ശൈലി മാറ്റിക്കൊണ്ട്, പകരം കവിത വായിക്കുകയായിരുന്നു. ഒരേ സമയം ചില ആളുകളെ കണ്ണീരിലാഴ്ത്തുകയും, അതേ സമയം മറ്റു ചിലരെ ചൊടിപ്പിക്കുകയും ചെയ്തു ഇഖ്ബാലിന്റെ ‘പരാതി’കൾ!വളരെ സ്പഷ്ടമായ ശൈലിയിലാണ് ദൈവത്തോട് പരാതികൾ ഉന്നയിക്കുന്നത്,
“ഞങ്ങളുടെ വരവിന് മുൻപ് നിന്റെ ലോ
കത്തിന്റെ അവസ്ഥ എന്തായിരിന്നു,കല്ലിന് സാഷ്ടാംഗം ചെയ്യുന്നു ചിലർ,
വൃക്ഷങ്ങളെ ആരാധിക്കുന്നു മറ്റു ചിലർ!നിന്റെ നാമത്തെ ഉയർത്തിപിടിച്ചിട്ടും
നീ ഞങ്ങള കൈവെടിയുന്നോ ”
ഇഖ്ബാൽ ഇത് എഴുതിയത് തീർത്തും മുസ്ലിം സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ആണെങ്കിലും, അടിച്ചമർത്തപ്പെട്ട ഏതു സമൂഹങ്ങളിലെയും മതങ്ങളിലെയും വിശ്വാസികൾക്ക് തോന്നിപ്പോവുന്ന കാര്യങ്ങളാണിവ എന്നതിൽ സംശയമില്ല! അവിടെയാണ് ഇഖ്ബാലിന്റെ വരികളുടെ സാംഗത്യം കിടക്കുന്നത്!
ഉന്നതിയും സ്വതന്ത്ര്യവുമൊക്കെ നമുക്കു വെറും പാഴ്സ്വപ്നങ്ങൾ മാത്രമാണെന്ന നിരാശയും ദേഷ്യവും അരിച്ചു കയറുന്ന സമൂഹത്തിന്റെ മുൻപിലേക്ക് ദൈവത്തോട് നേരിട്ടുള്ള ഒരു പരാതിപറച്ചിലാണ് അദ്ദേഹം ഇട്ടുകൊടുക്കുന്നത്!
Tere Kaabe Ko Jabeenon Se Basaya Hum Ne
Tere Quran Ko Seenon Se Lagaya Hum Ne“നിന്റെ കഅബയെ നെറ്റിത്തടങ്ങളാൽ ഞങ്ങൾ നിറച്ചില്ലേ? നിന്റെ മഹത് സൂക്തങ്ങളെ ഞങ്ങൾ നെഞ്ചോടു ചേർത്തുപിടിച്ചില്ലേ?
Phir Bhi Hum Se Yeh Gila Hai Ke Wafadar Nahin Hum
Wafadar Nahin, Tu Bhi To Dildar Nahin!“എന്നിട്ടും നീ പറയുന്നത് ഞങ്ങൾ നന്ദിയില്ലാത്തവരാണെന്നോ!ഞങ്ങൾ നന്ദിയില്ലാത്തവരെങ്കിൽ, നീ അല്ലെ വാക്കുപാലിക്കാത്തവൻ!”
Tore makhluq khudawandon ke paikar kis ne
Kaat kar rakh diye kuffar ke lashkar kis ne“മനുഷ്യനിർമ്മിത ദൈവരൂപങ്ങളെ തവിടുപൊടിയാക്കിയതാരാണ്?
വിശ്വാസമില്ലാത്തവരുടെ സഖ്യത്തെ തകർത്തുതരിപ്പണമാക്കിയതുമാരാണ്! “
ഇത്തരം ആവലാതികൾ തുടക്കത്തിൽ ചിലർ പ്രശ്നവത്കരിച്ചിരുന്നുവെങ്കിലും, ഇതിന് മറുപടിയായി ഇഖ്ബാലിന്റെ ‘ജവാബെ ഷിക്’വ’ (പരാതികൾക്കുള്ള മറുപടി) എന്ന കവിത 1913ൽ മോച്ചി ഗേറ്റിൽ വെച്ച് നടത്തപ്പെട്ട ഒരു മുഷായറ (കാവ്യസദസ്സ്) യിൽ അദ്ദേഹം അവതരിപ്പിച്ചപ്പോഴാണ് കാര്യങ്ങൾ കലങ്ങി തെളിഞ്ഞത്. മുൻപ് ഷിക്’വയെ അത്യധികം വിമർശിച്ചവർക്ക് തന്നെ ജവാബെ ഷിക്’വ വായിച്ചപ്പോൾ മുൻ വാദങ്ങൾ പിൻവലിക്കേണ്ടി വന്നു! അങ്ങനെ ഒരിക്കൽ കാഫിർ എന്നു വിളിക്കപ്പെട്ട അതേ ഇഖ്ബാൽ തന്നെ പിന്നീട് ഇസ്ലാമിക ചിന്തകൻ, മുസ്ലിങ്ങളുടെ നേതാവ് എന്നൊക്കെ വിളിക്കപ്പെട്ടു തുടങ്ങി! ദൈവം ജനങ്ങൾക്ക് മറുപടി തരുന്ന രീതിയിലാണ് ജവാബെ ഷിക്’വയുടെ രചനാശൈലി. ഷിക്’വയിലെ ജനങ്ങളുടെ പരാതികൾക്ക്, ദൈവം ജവാബെ ഷിക്’വയിലൂടെ മറുപടി തരുന്നു! സമൂഹത്തിന്റെ അധഃപതനത്തിന് കാരണം ദൈവം വാക്ക് പാലിക്കാത്തതല്ല, മറിച്ച് ദൈവത്തോടുള്ള വാക്ക് ജനങ്ങൾ പാലിക്കാത്തതാണ് കാരണം എന്നായി മാറി!
ദൈവത്തിന്റെ മറുപടിയായി ഇഖ്ബാൽ എഴുതുന്നു,
“പൂർവ്വപിതാക്കന്മാരുടെ നന്മകൾ എടുത്തു പറഞ്ഞിട്ടല്ല
നീ എന്നോട് പരാതി പറയേണ്ടത്,
നിന്റെ പൂർവ്വികർ നല്ലവരൊക്കെ തന്നെയായിരുന്നു,എന്നാൽ നീ എന്താണ്,
നിന്റെ കൈയിലെന്ത് സൽപ്രവൃത്തിയാണുള്ളത്? ”
മിക്ക സമുദായങ്ങളിലുമുള്ള സുവർണ്ണചരിത്രത്തെക്കുറിച്ചുള്ള ‘വീമ്പുപറച്ചിലുകൾ’ നിർത്തിയിട്ട്, ആദ്യം സ്വന്തം കർമ്മങ്ങൾക്ക് ജീവൻ നൽകുക എന്ന പാഠം കൂടി അദ്ദേഹം ജനങ്ങളിലേക്ക് പകരുന്നു! ലൗകിക സുഖങ്ങളിൽ മതിമറന്നു രമിക്കുന്ന ജനതക്ക് വേണ്ടത് നല്ലകാലത്തെക്കുറിച്ചുള്ള പൊങ്ങച്ചം പറച്ചിലുകളല്ല, മറിച്ച്, ദൈവത്തോട് കൂടുതലടുത്ത് കൊണ്ട് അതിനുവേണ്ടി പ്രയത്നിക്കുകയുമാണ് ചെയ്യേണ്ടത് എന്ന ധാർമ്മിക സൂത്രവാക്യമാണ് യഥാർത്ഥത്തിൽ ‘ജവാബെ ഷിക്’വ’.ആരംഭത്തിൽ ശകാര ശൈലിയിലുള്ള കവിത അവസാനത്തിലേക്ക് വരുമ്പോൾ നിരാശയെ തുടച്ചുനീക്കി ഊർജ്ജവും പ്രോത്സാഹനവും നൽകുന്ന രീതിയാണ് കാണാൻ കഴിയുക.
മറുപടി കവിതയുടെ വരവോടെ ഇഖ്ബാൽ സ്വയം തന്റെ മുൻകവിതയെ തന്നെ എതിർക്കുകയായിരുന്നു! മാത്രമല്ല, ഇത്തരം ഒരു രചനാശൈലി ഉർദു സാഹിത്യത്തിൽ തന്നെ വിരളവുമായിരുന്നു. ഷിക്’വ പൂർത്തിയാകുന്നത് ജവാബെ ഷിക്’വയും അതിന്റെ കൂടെ വായിക്കുമ്പോഴാണ്, ഒന്നില്ലാതെ മറ്റൊന്നിന് ആത്മാവുണ്ടാവുകയില്ല! ഇഖ്ബാലിന്റെ അധ്യാപകനായിരുന്ന തോമസ് അർണോൾഡ് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത് എത്ര വാസ്തവമാണ്,
“ഇഖ്ബാൽ ഈ കാലത്തിന്റെ സന്തതിയാണ്,
അതേസമയം അദ്ദേഹം കാലം തെറ്റി ജനിച്ച ഒരു മഹാപ്രതിഭയുമാണ്.
സ്വന്തം കാലഘട്ടത്തോട് നിരന്തരം കലഹിക്കുന്ന ഒരു വ്യക്തികൂടിയാണ് ഇഖ്ബാൽ”.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS