Opinion

വെടിയേറ്റ വന്‍മരം, ഗാന്ധിയെ കൊന്നതെന്തിന് ?; രവിചന്ദ്രന്റെ ഗാന്ധിയുടെ കുളിമുറിയിലേക്കുള്ള എത്തിനോട്ടം

മൂന്നാം ഭാഗം / ഡയാൻ മൊഹ്സിൻ

‘വെടിയേറ്റ വന്‍മരം, എം. കെ. ഗാന്ധിയെ കൊന്നതെന്തിന് ?’ എന്ന തലകെട്ടിൽ രവിചന്ദ്രൻ നടത്തിയ പ്രഭാഷണം എന്ത്‌ കൊണ്ടാണ് ഗാന്ധിയെ ഗോഡ്‌സെ കൊന്നത് എന്നതിനുത്തരം സംഘപരിവാർ വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഇത്ര ലളിതമായി/ആഴത്തിൽ വിശദീകരിക്കാൻ മറ്റാർക്കുമാവില്ല.

സംഘപരിവാറിന്റെയും ഗോഡ്സെയുടെയും കൊല്ലാനുള്ള ബോധ്യങ്ങളെ ചരിത്രത്തിന്റെ പടവുകളിലൂടെ താഴേക്കിറങ്ങി പരിശോധിക്കുക എന്നതിനപ്പുറം എന്ത്കൊണ്ട് കൊന്നു എന്ന ഗോഡ്‌സെയുടെ കാരണങ്ങളിലെ ‘ശരികളിലേക്ക്’ ഇറങ്ങി നിൽക്കുക എന്നത് ഒരു അനീതിയാണ്.

150 കാരണങ്ങളാണ് ഗോഡ്‌സെ ഗാന്ധിയെ കൊല്ലാൻ കണ്ടെത്തിയത്. അതിലെ 12 കാര്യങ്ങൾ രവിചന്ദ്രൻ വിശദീകരിക്കുന്നുണ്ട്, അതിലൊരെണ്ണം ഒഴിച്ച് മറ്റ് എല്ലാ കാരണങ്ങളും വിശദീകരിക്കുമ്പോൾ രവി, രവിയുടെ അഭിപ്രായം കൂടി പറയുന്നുണ്ട്, രവി ഗോഡ്‌സെയോട് യോജിക്കുന്നുണ്ട് എല്ലാ കാര്യത്തിലും. ഗോഡ്‌സെ കരുതും പോലെ ഗാന്ധി ഒരു മുസ്ലിം വാദി മാത്രമായിരുന്നു എന്ന് രവിചന്ദ്രൻ പറയാതെ പലവട്ടം പറയുന്നുണ്ട്.

മലബാർ കലാപത്തെ അനുകൂലിച്ച ഗാന്ധിയെ രവിചന്ദ്രൻ പരിഹസിക്കുന്നുണ്ട്. മലബാർ കലാപത്തെ പറ്റിയുള്ള ഗാന്ധിയുടെ നിരീക്ഷണങ്ങളിൽ മുസ്ലിം പക്ഷം മാത്രമേ ഒള്ളൂ എന്ന ഗോഡ്‌സെയുടെ വാദത്തെ ശരിവക്കുകയാണ് രവിചന്ദ്രൻ. വിഭജനകാലത്ത് കൊൽക്കത്തയിൽ ഗാന്ധി ഉണ്ടായിരുന്നത് കൊണ്ട് പഞ്ചാബ് പോലെ കത്തിതീർന്നില്ല എന്ന് പറഞ്ഞത് മൗണ്ട് ബാറ്റനാണ്. ആ ഗാന്ധിയെ മുസ്ലിങ്ങളുടെ ഇടയിൽ നിന്ന് രക്ഷിച്ചത് ഞങ്ങളാണ് എന്ന നുണക്കഥ ആർഎസ്എസ് പതിറ്റാണ്ടുകളായി പറയുന്നുണ്ട്. ആ ഒരു പ്രചാരണം യാതൊരു പ്രയാസവുമില്ലാതെ അത് പോലെ ഏറ്റെടുക്കുന്നുണ്ട് രവിചന്ദ്രൻ.

ഒന്നാം ഭാഗം: സി. രവിചന്ദ്രൻ; സംഘപരിവാറിന്റെ നാസ്തിക മിശിഹാ.

ഗാന്ധി കൊല്ലപ്പെട്ടിരുന്നില്ലെങ്കിൽ ഇന്ത്യക്ക് (ഹിന്ദുസ്ഥാന്) ഭാരമാവുമായിരുന്നു എന്ന ഗോഡ്‌സെയുടെ വിലയിരുത്തൽ അതേപോലെ ഏറ്റെടുക്കുന്നുണ്ട് രവിചന്ദ്രൻ. രാജ്യത്തിന് ഒരു ഉപയോഗവുമില്ലാത്ത ആളായിരുന്നു ഗാന്ധി എന്നാണ് രവിചന്ദ്രൻ പറയാൻ ശ്രമിക്കുന്നത്. ഹിന്ദുത്വത്തോട് വലിയ കലഹമില്ലാത്ത പട്ടേലിനെ മാറ്റി നെഹ്‌റുവിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കണം എന്ന് പറഞ്ഞ ആളാണ് ഗാന്ധി എന്നോർക്കണം. കോൺഗ്രസിന്റെ ഭൂരിഭാഗം കമ്മിറ്റികളും പട്ടേലിനൊപ്പമായിരുന്നു. ഗോഡ്‌സെ ഗാന്ധിയെ കൊല്ലാൻ എണ്ണിയ ഒരു കാരണം ഇതായിരുന്നു.

ഗാന്ധിയും പാകിസ്ഥാനും

അങ്ങനെയുള്ള ഗാന്ധി ജീവിച്ചിരുന്നെങ്കിൽ ഇന്ത്യ എന്ന രാജ്യത്തിന് ബാധ്യതയാകുമായിരുന്നു എന്ന്‌ രവിചന്ദ്രൻ കരുതുന്നു. യുദ്ധം നടക്കുമ്പോഴാണ് ഗാന്ധി ഇന്ത്യയോട് 55 കോടി പാകിസ്ഥാന് കൊടുക്കാൻ ആവിശ്യപ്പെടുന്നത് എന്ന്‌ പരിഹസിക്കുന്നുണ്ട് രവിചന്ദ്രൻ. അതും ഗോഡ്‌സെയുടെ കയ്യിൽ നിന്ന് കടമെടുത്ത വാദമാണ്. അവസാനം കൊല്ലേണ്ടിരുന്നില്ല എന്ന ഒരൊറ്റ കാര്യത്തിൽ ആണ് ഗോഡ്‌സെയോടുള്ള രവിചന്ദ്രന്റെ വിയോജിപ്പ് (കുറച്ചു കൂടി ജീവിച്ചിരുന്നെങ്കിൽ കുറച്ചു കൂടി ഗാന്ധി വിരുദ്ധത പറയാമായിരുന്നു എന്നായിരിക്കും!!).

അത്യന്തം വർഗീയ വത്കരിക്കപ്പെട്ട ഈ പുതിയ കാലത്താണ് രവിചന്ദ്രന്റെ ഗാന്ധിയുടെ കുളിമുറിയിലേക്കുള്ള നോട്ടം. സംഘികൾ പോലും പരോക്ഷമായി പറയുന്ന കാര്യങ്ങൾ ആണ് സ്വതന്ത്രചിന്തകർ എന്ന ലേബലിൽ അടിച്ചുവിടുന്നത്. ഇതൊക്കെ ആർക്കാണ് മരുന്ന് ഇട്ടുകൊടുക്കുന്നത് എന്ന് മനസ്സില്ലാക്കാൻ കൂടുതൽ ആലൊചനകൾ ഒന്നും വേണ്ടല്ലോ!

ഇങ്ങനെ ആരെങ്കിലും അദ്ദേഹത്തെ വിമർശിച്ചാൽ രവിചന്ദ്രന്റെ ഫാൻസ് അവതരിപ്പിക്കുന്ന കൌണ്ടർ ആണ് അതിലെറെ ശ്രദ്ധിക്കേണ്ടത്, രവിചന്ദ്രൻ സംഘികളെയും വിമർശിച്ചിട്ടുള്ളതാണല്ലോ, ബീഫും ബിലീഫും അടക്കമുള്ള പുസ്തകമൊക്കെ ഇറക്കിയതാണല്ലോ എന്നൊക്കെ.

എന്നാൽ കാര്യപ്രസക്തമായ ഒരു നിലപാട് ഹിന്ദുത്വ പൊളിറ്റിക്സിനെതിരെ രവിചന്ദ്രൻ എടുത്തിട്ടില്ല എന്നത് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാവും. സംഘപരിവാറിന് അവരുടെ അജണ്ടകൾ നടപ്പിലാക്കാൻ ബജ്‍റംഗ്ദൾ പോലെയുള്ള നശീകരണ സംഘങ്ങള്‍ മാത്രമല്ല വേണ്ടത്. ഇത്തരം സൈദ്ധാതിക തലത്തിലുള്ള ‘സംഘികളെയും’ വേണ്ടതാണ്.

എല്ലാ സംഘികളും തീവ്രസ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നവരാവണമെന്നില്ല !

സംഘപരിവാർ സ്വാധീന വലയത്തിന്‍റെ തൊട്ട് തലോടി നിൽക്കുന്ന വിഭാഗം ജനങ്ങളെ മെല്ലെ ഒപ്പം നിർത്തുക എന്ന ജോലിയാണ് രവിചന്ദ്രനെ പോലെയുള്ള ആളുകൾ ചെയ്യുന്ന ധർമ്മം. ഇത്തരം ആളുകൾ സംഘപരിവാറിന്റെ തീവ്രസ്വഭാവങ്ങൾ പ്രകടിപ്പിക്കണം എന്നില്ല, പക്ഷെ അവർ പല രീതിയിൽ ഉള്ള വലതുപക്ഷ/സംഘപരിവാർ സാമ്പത്തിക-സാമൂഹിക ആശയങ്ങൾ പേറുന്നവരാണ്. അവർക്ക് വേണ്ടത് ശക്തനായ ഒരു ഭരണാധികാരി, വലത് സാമ്പത്തിക നയങ്ങൾ, സംവരണ വിരുദ്ധത, വികസനം, ഇടത്, മുസ്ലിം വിരോധം മുതലായവയാണ്. അത്തരം ആളുകളിൽ തീവ്ര ഹിന്ദുത്വ ആശയങ്ങൾ ഉണ്ടാക്കിയേക്കാവുന്ന മടുപ്പിനെ ഹിന്ദുത്വത്തിനെതിരായി തിരിയാതെ ന്യൂട്രലൈസ് ചെയ്യുക എന്നതാണ് രവിചന്ദ്രന്‍റെ പ്രസംഗങ്ങൾ നിർവഹിക്കുന്ന ദൗത്യം.

രണ്ടാം ഭാഗം: സി. രവിചന്ദ്രൻ; മാനവികത നഷ്ടപ്പെട്ട നാസ്തികരുടെ മുഖം.

സംഘപരിവാർ എന്നത് ഒരു സംഘടനയിൽ ഒതുങ്ങി നിൽക്കുന്നതല്ല, പകരം അത് ഒരു മനോഭാവത്തെ പ്രധിനിധീകരിക്കുന്നതാണ്. ഗോഡ്സെയെ സ്തുതിക്കേണ്ടത് സംഘപരിവാറിനെ സംബന്ധിച്ച് അതിന്‍റെ കോർ വോട്ട് ബ്ലോക്കിനെ തൃപ്തിപ്പെടുത്തുന്നതിന്‍റെ ഭാഗമാണ്.

അതേസമയം തന്നെ അത്തരം പ്രസ്ഥാവനകൾ അവരുടെ പെരിഫെറൽ വോട്ട് ബേസിൽ (തൊട്ടും തലോടിയും നിൽക്കുന്ന ‘നിഷ്പക്ഷ’ വോട്ട് ബാങ്ക്) ഉണ്ടാക്കിയേക്കാവുന്ന, മടുപ്പിനെ ന്യൂട്രലൈസ് ചെയ്യാൻ തങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് തോന്നുന്ന, തങ്ങളെ തന്നെ വിമർശിച്ചിട്ടുള്ള ഒരു നിഷ്പക്ഷനെ കൊണ്ട് ഗാന്ധിയുടെ പോരായ്മകൾ വിളിച്ച് പറയിക്കണം. ഗോഡ്സേ ഗാന്ധിയെ കൊന്നത് മോശമാണ് പക്ഷെ അതിന് അയാൾക്ക് അയാളുടെ ന്യായമുണ്ടായിരുന്നു എന്ന് പറയിപ്പിക്കണം.

യാതൊരുവിധ വ്യക്തിവിരോധവുമല്ല, രാജ്യത്തെ മാത്രം മുൻനിർത്തി രാഷ്ട്രീയമായ കാരണം കൊണ്ട് മാത്രമാണ് അയാൾ ഗാന്ധിയെ കൊന്നതെന്ന് വിളിച്ച് പറയണം. അത് കേൾക്കുന്നവനെ കൊണ്ട് ഗോഡ്സെ സ്വന്തം ജീവിതം പോലും വേണ്ടെന്ന് വച്ച് താൻ വിശ്വസിക്കുന്ന രാഷ്ട്ര താൽപര്യത്തിന് വേണ്ടി ഗാന്ധിയെ കൊന്നതാണെന്ന് ചിന്തിപ്പിക്കണം. അയാളുടെ മാർഗ്ഗം തെറ്റായിരിക്കാം പക്ഷെ അയാളുടെ രാജ്യസ്നേഹവും ആത്മാർത്ഥതയും ചോദ്യം ചെയ്യേണ്ടതില്ലെന്ന് ചിന്തിപ്പിക്കണം.

അങ്ങനെയാണ് പൊതുമണ്ഡലത്തിൽ മെല്ലെ സംഘപരിവാർ അജണ്ടകൾ പ്രചരിപ്പിച്ച് സംഘപരിവാർ രാഷ്ട്രീയത്തോട് പ്രത്യേക താല്പര്യമില്ലത്തവരിലും ഈ പ്രത്യാശാസ്ത്രത്തിന്റെ വിത്തുകൾ പാകുന്നത്. വലതു നയങ്ങളിൽ ഉറപ്പിച്ചു നിർത്തി സംഘപരിവാർ രാഷ്ട്രീയത്തിന് വളരാനുള്ള മണ്ണും വളവും നൽകുക എന്ന പണിയാണ് രവിചന്ദ്രനെ പോലെയുള്ളവർ ചെയ്യുന്നത്.

വർഗീയത പറയാനും അക്രമണങ്ങളും കലാപങ്ങളും നടത്താനും സംഘപരിവാറിന് വേറെ ആൾക്കാർ ഉണ്ട്. പക്ഷെ ത്വാതികമായി ആളുകൾക്കിടയിൽ ഇറങ്ങി ചെല്ലാനുള്ള വഴി ഉത്തരവാദിത്തോടെ നിർവഹിക്കുകയാണ് രവിചന്ദ്രനെന്ന നാസ്തിക ദൈവവും അനുയായികളും.

Tags
Show More

7 Comments

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

Back to top button
Close