
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യമുഖവുമായ പ്രണബ് മുഖര്‍ജി ഇനി ദീപ്തമായ ഓര്‍മ്മ. അഞ്ച് പതിറ്റാണ്ടിലധികം രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുകയും ഇന്ത്യയുടെ ഏറ്റവും മഹോന്നത പദവിയില്‍ എത്തുകയും ചെയ്ത പ്രണബ് മുഖര്‍ജി(85)യുടെ അന്ത്യം മകന്‍ അഭിജിത് മുഖര്‍ജിയാണ് സ്ഥിരീകരിച്ചത്.
കൊവിഡ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റ് 10 നാണ് ദല്‍ഹി കന്റോണ്‍മെന്റിലെ ആശുപത്രിയില്‍ പ്രണബ് മുഖര്‍ജിയെ പ്രവേശിപ്പിച്ചത്.
ഇന്ത്യയുടെ 13ാമത് രാഷ്ട്രപതിയായിരുന്നു അദ്ദേഹം. 2012 മുതല്‍ ’17 വരെയായിരുന്നു രാഷ്ട്രപതിയായി അദ്ദേഹം സ്ഥാനം വഹിച്ചിരുന്നത്. 2019 ല്‍ രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം പ്രണബ് മുഖര്‍ജിക്ക് ലഭിച്ചിരുന്നു.
വിവിധ കോണ്‍ഗ്രസ് മന്ത്രിസഭകളിലായി ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ ചുമതലകള്‍ പ്രണബ് മുഖര്‍ജി വഹിച്ചിരുന്നു.
1935 ഡിസംബര്‍ 11-ന് പശ്ചിമബംഗാളിലെ ബീര്‍ഭും ജില്ലയില്‍ കമഡ കിങ്കര്‍ മുഖര്‍ജിയുടെയും രാജലക്ഷ്മിയുടെയും മകനായിട്ടായിരുന്നു പ്രണബ് മുഖര്‍ജിയുടെ ജനനം.