ഗൾഫിൽ കോവിഡ് മരണവും രോഗികളുടെ എണ്ണവും കൂടുന്നു
കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 189 ആയി.

ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് ഇന്ന് ഏഴ് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 189 ആയി.
കണ്ണൂര്‍ എടക്കാട് ഏഴര സ്വദേശി തയ്യില്‍ മുസ്തഫ റിയാദിലാണ് മരിച്ചത്. 52 വയസ്സ് പ്രായമായിരുന്നു. ദിവസങ്ങളായി കോവിഡ് ലക്ഷണങ്ങളോടെ ചികില്‍സയിലായിരുന്നു. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് റിയാദിലെ കിങ് ഫഹദ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞു വരികയായിരുന്നു. ഇരുപത് വര്‍ഷമായി റിയാദിലെ ക്ലീനിംഗ് കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യയും നാലു മക്കളുമടങ്ങുന്ന കുടുംബം നാട്ടിലുണ്ട്. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 51 ആയി.
ബഹ്റൈനില്‍ പത്തനംതിട്ട നെല്ലിക്കാല സ്വദേശി നൈനാന്‍ സി മാമ്മന്‍, റിയാദില്‍ കൊയിലാണ്ടി അരിക്കുളം പാറകുളങ്ങര സ്വദേശി നിജില്‍ അബ്ദുല്ല (33) അജ്മാനില്‍ മാവേലിക്കര മാങ്കാംകുഴി സ്വദേശി ദേവരാജന്‍(63) കുവൈത്തില്‍ തിരുവനന്തപുരം ആനയാറ സ്വദേശി ശ്രീകുമാരന്‍ നായര്‍ (61) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഒമാനില്‍ പനിബാധിച്ചു മരിച്ച കണ്ണൂര്‍ പുളിങ്ങോം വയക്കര സ്വദേശി ശുഹൈബ്(24), കുഴഞ്ഞുവീണ് മരിച്ച തൃശൂര്‍ പഴയന്നൂര്‍ തെക്കേക്കളം വീട്ടില്‍ മുഹമ്മദ് ഹനീഫ (53) എന്നിവരുടെ മരണം കോവിഡ്മൂലമാണെന്ന് സ്ഥിരീകരിച്ചു.
ഒമാനില്‍ രണ്ട് ദിവസത്തിനിടെ മരണപ്പെട്ട മലയാളികള്‍ക്ക് നേരത്തേ കോവിഡ് പരിശോധന നടത്തിയിരുന്നില്ല. മരണ ശേഷം സാംപിള്‍ പരിശോധിച്ചതോടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
അല്‍ ഗുബ്രയിലെ എന്‍എംസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ശുഹൈബ് മരണപ്പെടുന്നത്. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സന്ദര്‍ശന വിസയിലാണ് ശുഹൈബ് ഒമാനിലെത്തിയത്. കഴിഞ്ഞ ദിവസം ഗാലയില്‍ താമസസ്ഥലത്തു കുഴഞ്ഞു വീണാണ് ഹനീഫ മരിച്ചത്. പനി ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് കുഴഞ്ഞുവീണത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.
തിരുവനന്തപുരം കടകംപള്ളി ആനയറ സ്വദേശി ശ്രീകുമാര്‍ നായര്‍ (61) കുവൈത്തിലെ അദാന്‍ ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ സ്റ്റോര്‍ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഗീത. മക്കള്‍: മാളു, മീനു.
അജ്മാനില്‍ മരിച്ച ദേവരാജന്‍(63) കോവിഡ് ബാധിച്ച് കഴിഞ്ഞ മൂന്നു ദിവസമായി ചികില്‍സയിലായിരുന്നു
ഇളവുകൾ സമ്പർക്കം മുഖേനയുള്ള രോഗവ്യാപനത്തിന് ആക്കം കൂട്ടിയിട്ടില്ലെന്നാണ് വിവിധ ആരോഗ്യ മന്ത്രാലയങ്ങൾ വ്യക്തമാക്കുന്നത്. മുൻകരുതൽ നടപടികൾ ഉത്തരവാദിത്ത ബോധത്തോടെ നടപ്പാക്കി രോഗവ്യാപന സാഹചര്യം തടയണമെന്നും വിവിധ രാജ്യങ്ങൾ വ്യക്തമാക്കി.