മാലദ്വീപില്‍ നിന്ന് പ്രവാസികളുമായി ജലാശ്വ തീരമണിഞ്ഞു
കൊച്ചി: ലോക്ഡൗണിൽ കുടുങ്ങിയ ഇന്ത്യാക്കാരുമായി മാലദ്വീപിൽ നിന്ന് നാവികസേനയുടെ കപ്പൽ കൊച്ചിയുടെ തീരത്ത്. വെള്ളിയാഴ്ച രാത്രി 9 മണിക്ക് മാലദ്വീപിൽ നിന്നും പുറപ്പെട്ട കപ്പൽ ഞായറാഴ്ച രാവിലെ 9.30 ന് ആണ് കൊച്ചിയിൽ എത്തിയത്. കപ്പലിൽ 698 യാത്രക്കാരാണുള്ളത്. ഇതിൽ 595 പുരുഷൻമാരും 103 സ്ത്രീകളുമാണ്. 19 പേർ ഗർഭിണികളാണ്. തുറമുഖത്തെ സമുദ്രിക ക്രൂയിസ് ടെര്‍മിനലിലാണ് കപ്പല്‍ എത്തിചേർന്നത്.
പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവികസേന അയച്ച രണ്ടു കപ്പലുകളില്‍ ആദ്യത്തേതാണിത്. നാവികസേനയുടെ മറ്റൊരു കപ്പലായ ഐ.എന്‍.എസ്. മഗറും അടുത്തദിവസം ദ്വീപിലെത്തും. നാവികസേനയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷന് ‘സമുദ്രസേതു’വിന്റെ ഭാഗമായാണ് കപ്പല്‍ അയച്ചത്. ആദ്യ ക്രമീകരണങ്ങള്‍ പ്രകാരം 732 പേരെയാണ് യാത്രയ്ക്ക് തിരഞ്ഞെടുത്തത്. ഇതില്‍ ചിലരെ പരിശോധനകള്‍ക്കൊടുവില്‍ ഒഴിവാക്കി
രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ ആദ്യം തന്നെ കപ്പല്‍ശാലയില്‍ ഒരുക്കിയ ക്വാറന്റൈന് കേന്ദ്രത്തിലേക്കു മാറ്റും. മറ്റു യാത്രക്കാരെ ജില്ല തിരിച്ച് 50 ബാച്ചുകളായി ഇറക്കും. ഇവർക്കു മാനദണ്ഡങ്ങള്‍ പാലിച്ചു വീടുകളിലേക്കു പോകാം. പുറത്തിറങ്ങുന്ന യാത്രക്കാര്‍ക്കു പോര്‍ട്ടിന്റെ ആരോഗ്യവിഭാഗം സ്വയംപ്രഖ്യാപന ഫോം നല്‍കും.
രോഗവിവരങ്ങള്‍ സ്വയം സാക്ഷ്യപ്പെടുത്തുന്നതിനുള്ള ഫോം ആണിത്. ബിഎസ്എന്‍എല്‍ സിമ്മും നല്‍കും. ടെര്‍മിനലില്‍ ഇറങ്ങുന്ന എല്ലാവരും ആരോഗ്യസേതു ആപ്പ് മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നു കേന്ദ്ര നിര്‍ദേശമുണ്ട്. ക്ലിയറന്‍സ് നടപടികള്‍ക്കുശേഷം ഇമിഗ്രേഷന്‍, കസ്റ്റംസ് ചെക്കിംഗുകള്‍, ബാഗേജ് സ്കാനിംഗ് തുടങ്ങിയവ ഉണ്ടാകും. കപ്പലില്‍ നിന്നു യാത്രക്കാരെ പുറത്തേക്ക് ഇറക്കുന്നതും പ്രാഥമിക പരിശോധന നല്‍കുന്നതും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലായിരിക്കും.
പുറത്തിറങ്ങുന്ന യാത്രക്കാര്‍ക്കായി കെഎസ്ആര്‍ടിസി ബസുകൾ ഒരുക്കിയിട്ടുണ്ട്. 30 പേര്‍ക്കു മാത്രമാണ് ഒരു ബസില്‍ പ്രവേശനം. ഓര്‍ഗനൈസേഷനുകളും വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. മാനദണ്ഡങ്ങള്‍ പാലിച്ചു സ്വന്തം വാഹനങ്ങളിലും യാത്രക്കാര്‍ക്കു വീടുകളിലേക്കു പോകാം.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS