പ്രവാസികൾക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയതിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷണൽ കമ്മിറ്റി പ്രതിഷേധിച്ചു
റിയാദ്: നാട്ടിലേക്ക് പോകുന്ന പ്രവാസികൾ നാല്പത്തിയെട്ട് മണിക്കൂറുകൾക്ക് മുമ്പ് കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന സർട്ടിഫിക്കറ്റ് കയ്യിൽ വെക്കണമെന്ന സംസ്ഥാന സർക്കാരിന്റെ പുതിയ നിബന്ധന അത്യന്തം പ്രതിഷേധാർഹമാണെന്ന് സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷണൽ കമ്മിറ്റി പ്രസിഡന്റ് സലാഹ് കാരാടൻ ജനറൽ സെക്രട്ടറി യൂസുഫ് കൊട്ഞ്ഞി തുടങ്ങിയവർ പ്രസ്താവിച്ചു.
മിക്കവാറും ഗൾഫ് രാജ്യങ്ങളിൽ ലക്ഷണങ്ങളില്ലാത്തവരെ പരിശോധിക്കുന്നില്ല. സ്വകാര്യ ലാബുകളിൽ പരിശോധന നടത്താൻ സൗകര്യമുള്ള രാജ്യങ്ങളിൽ ഭാരിച്ച ചെലവാണ് അതിന് വേണ്ടി വരുന്നത്. മാത്രമല്ല, പുതിയ നിബന്ധന അനുസരിച്ച് എന്തെങ്കിലും കാരണവശാൽ യാത്ര മുടങ്ങുന്ന പക്ഷം വീണ്ടും യാത്ര ചെയ്യാൻ പരിശോധന ആവർത്തിക്കേണ്ട സ്ഥിതി യാണ്. ബഹുഭൂരിപക്ഷം പ്രവാസികളുടെയും നാട്ടിലേക്കുള്ള യാത്ര മുടക്കാൻ പുതിയ നിബന്ധനകൾ കാരണമാകും, സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷണൽ കമ്മിറ്റിചൂണ്ടിക്കാട്ടി.
പ്രവാസികളിൽ കുറേപ്പേർക്ക് കോവിഡ് രോഗം ബാധിച്ചിട്ടുണ്ട്. അവരിൽ ചിലർക്ക് നാട്ടിലെത്തിയ ശേഷം രോഗം സ്ഥിരീകരിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇത് കാരണം പ്രവാസികളോട് അവരുടെ സ്വന്തം നാട്ടിലേക്ക് തിരിച്ചു വരരുതെന്ന് പറയുന്നത് വഞ്ചനയാണ്, സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷണൽ കമ്മിറ്റി ചൂണ്ടിക്കാട്ടി.
തൊഴിൽ നഷ്ടവും അസുഖങ്ങളും മറ്റു പ്രതികൂല സാഹചര്യങ്ങളും കാരണമാണ് കുറച്ചു പ്രവാസികൾ തിരിച്ചു പോവാൻ ആഗ്രഹിക്കുന്നത്. ബഹുഭൂരിപക്ഷം പേരും ഗൾഫ് നാടുകളിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നവരാണ്. അടിയന്തിര സാഹചര്യങ്ങളിൽ തിരിച്ചു പോവേണ്ട പ്രവാസികളോട് പോലും ഇപ്പോൾ ഇങ്ങോട്ട് വരരുത് എന്നാണ് സർക്കാർ പറയുന്നത്.
നാട്ടിലേക്ക് പോകുന്ന പ്രവാസികൾ നാല്പത്തിയെട്ട് മണിക്കൂറുകൾക്ക് മുമ്പ് കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധന വിവിധ പ്രവാസി സംഘടനകളെ കഴിഞ്ഞ ദിവസമാണ് കേരള സർക്കാർ കത്തിലൂടെ അറിയിച്ചത്. ചാർട്ടേർഡ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് പുതിയ നിബന്ധന ബാധകമാവുകയെന്ന് സർക്കാരിന്റെ അറിയിപ്പിൽ പറയുന്നു. പുതിയ നിബന്ധന നടപ്പിലാവുകയാണെങ്കിൽ ആയിരക്കണക്കിന് പ്രവാസികളുടെ നാട്ടിലേക്കുള്ള തിരിച്ചു പോക്ക് അനന്തമായി നീളും.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS