India

ലഖിംപൂർഖേരി: സുപ്രീംകോടതി ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി; ഒരാഴ്ചയ്ക്കുള്ളിൽ കീഴടങ്ങാൻ നിർദ്ദേശം

ന്യൂഡൽഹി: യുപി ലഖിംപൂർ ഖേരിയിൽ കർഷകരെ കാറിടിപ്പിച്ച് കൂട്ടക്കൊല ചെയ്ത കേസിൽ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ബിജെപി നേതാവ് ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി.

ആശിഷ് മിശ്ര ഒരാഴ്ചയ്ക്കുള്ളിൽ കീഴടങ്ങണം എന്നും സുപ്രീംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ആശിഷ് മിശ്രയ്ക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളാണ് കോടതിയെ സമീപിച്ചത്. അനാവശ്യമായ തിടുക്കവും പരിഗണനകളും നല്‍കിയാണ് ആശിഷ് മിശ്രയ്ക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

അപ്രസക്തമായ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലും പ്രധാനപ്പെട്ട കാര്യങ്ങൾ അവ​ഗണിച്ചുമാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. പരാതിക്കാരുടെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

പരാതിക്കാര്‍ക്ക് പ്രതിയുടെ ജാമ്യം എതിര്‍ക്കാനും തങ്ങളുടെ വാദം ഉന്നയിക്കാനും നിയമപരമായ അവകാശം ഉണ്ടെന്നും അത് നിഷേധിക്കപ്പെട്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഫെബ്രുവരി 10നാണ് അലഹബാദ് ഹൈക്കോടതി ബിജെപി നേതാവായ ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചിരുന്നത്. യുപി തെരഞ്ഞെടുപ്പ് പ്രചരണം നടക്കുന്നതിനിടെയായിരുന്നു ഇത്. ഇതിനു പിന്നാലെ പിതാവും കേന്ദ്രമന്ത്രിയുമായ അജയ് മിശ്ര യുപിയിൽ വമ്പൻ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുകയും ചെയ്തിരുന്നു.

നേരത്തെ, മാര്‍ച്ച് 30ന് ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കാത്ത യുപി ഭരണകൂടത്തിന്റെ നടപടിയെ സൂപ്രീംകോടതി ചോദ്യം ചെയ്തിരുന്നു. ലഖീംപൂര്‍ ഖേരി കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഭാഗത്തു നിന്ന് ഇത്തരമൊരു നീക്കമുണ്ടായത്.

കേസിൽ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒമ്പതിനാണ് ആശിഷ് മിശ്ര അറസ്റ്റിലാവുന്നത്. പിന്നീട് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 10ന് ആശിഷിന് ജാമ്യം അനുവദിച്ചത്. ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ഇതിനിടെ, ലഖിംപൂര്‍ഖേരി കർഷക കൂട്ടക്കൊലയിൽ യുപി സർക്കാരിനെതിരെ സുപ്രീംകോടതി നിയമിച്ച ഉന്നതതല സമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മുഖ്യപ്രതി ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം രണ്ടു തവണ യുപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി സമിതി അറിയിച്ചു. ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല കേസില്‍ സുപ്രീംകോടതി നിയമിച്ച കമ്മിറ്റിയാണ് യുപി സർക്കാരിനെതിരെ റിപ്പോര്‍ട്ട് നൽകിയത്.

ഒക്ടോബർ മൂന്നിന്, കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റി നാലു കര്‍ഷരുള്‍പ്പടെ എട്ടു പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാൻ യുപി പൊലീസ് തയാറായത്. അഭിഭാഷകരായ ശിവകുമാര്‍ ത്രിപാഠി, സിസെ പാണ്ഡെ എന്നിവരുടെ കത്തിനെ അടിസ്ഥാനമാക്കിയാണ് ലഖീംപൂര്‍ ഖേരി കേസില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്.

ഹരജിക്കാർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ദുശ്യന്ത് ദവേയും പ്രശാന്ത് ഭൂഷണും ഹാജരായി.

1 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x