Education

കോവിഡ് കാലത്തെ വിദ്യാര്‍ത്ഥി ജീവിതത്തിലെ ആശങ്കകൾ

വിദ്യഭ്യാസം/കെ മുഹമ്മദ് ജാസിം

കോവിഡ് മഹാമാരിയുടെ കാലത്തു ഏറ്റവും മാനസിക പ്രയാസം അനുഭവിക്കുന്ന വിഭാഗമാണ് വിദ്യാർത്ഥികൾ.

വര്‍ണ്ണശബളമായ ക്യാംപസുകളിലൂടെ ചിത്ര ശലഭങ്ങളെപ്പോലെ പാറി പറന്നു നടന്നിരുന്ന വിദ്യാർത്ഥികൾ 7 ഇഞ്ചിൽ താഴെ വലിപ്പമുള്ള സ്‌ക്രീനിന്റെ ചെറിയ ലോകത്തേക്ക് തളച്ചിടപ്പെട്ടു.

ഇന്ത്യയിലുടനീളം ആദ്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയം സ്കൂളുകളും കോളേജുകളും ഇല്ലായിരുന്നു. തുടക്കത്തിൽ ഒരു സ്വതന്ത്ര ജീവിതം വിദ്യാർത്ഥികൾക്ക് ഉണ്ടായിരുന്നു എന്നത് ശരി തന്നെ. ഗെയിമുകൾ കളിച്ച് ദിവസം മുഴുവൻ ആസ്വദിച്ചു, രാവിലെ മുതൽ രാത്രി വരെ സിനിമ കാണുന്നു.

പക്ഷേ പെട്ടെന്ന് ഒരു ദിവസം തങ്ങൾക്ക് കാണാൻ സിനിമയില്ലെന്ന് മനസ്സിലാകുന്നു. സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുന്നതിന് അൺലോക്ക് സാഹചര്യത്തിനായി കാത്തിരുന്നു.

അണ്‍ലോക്ക് യാഥാര്‍ത്ഥ്യമായിട്ടും ഏറെക്കാലം അതിനു സാഹചര്യം ഉണ്ടായില്ല.

പിന്നെ ഓൺലൈൻ ക്ലാസ്സുകളുടെ കാലമായി. ആദ്യം വളരെ ആസ്വാദ്യകരമായി തോന്നിയെങ്കിലും പിന്നീട് അത് പ്രയാസം ഉള്ളതായി മനസ്സിലായി.

ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ സ്വയം പഠിക്കുന്നതുപോലെ സാധാരണ കോളേജ്, സ്കൂൾ ക്ലാസുകൾ അഭ്യസിക്കുന്നത് ഏറെ വിഷമകരമാണെന്ന് മനസ്സിലായി. വിദ്യാലയത്തിലെ മുറ്റത്തുനിന്നും കിട്ടേണ്ട ജൈവികമായ വളർച്ച എച്ച് ഡി ടീവി, മൊബൈൽ സ്ക്രീനുകൾക്ക് മുൻപിൽ നിന്നും ലഭിക്കുകയില്ല എന്ന് ബോധ്യമായി.

വിദ്യാർത്ഥികളായിരിക്കെ ഈ കൊറോണ വൈറസ് സമയത്ത്, ഗുണങ്ങളും ദോഷങ്ങളുമുണ്ട്. കോവിഡ് സാഹചര്യങ്ങൾ കൊണ്ട് കാര്യമായ നേട്ടങ്ങൾ ഒന്നും തന്നെ ഇല്ല. രാജ്യത്ത് തൊഴിൽ, ജീവിതം, സാമ്പത്തിക അവസ്ഥ എന്നിവയിൽ വലിയ നഷ്ടം ഉണ്ടായി.

എന്നാൽ വിദ്യാർത്ഥികളെ കുറിച്ച് പറയുമ്പോൾ ചില ഗുണങ്ങളുണ്ട് എന്ന് പറയാം. സ്കൂള്‍, കോളേജ് അവധി ദിവസങ്ങൾ വിദ്യാർഥികൾക്ക് അവരുടെ ഗുണനിലവാരമുള്ള സമയത്തെ പഠനത്തിലും അവർക്ക് താല്പര്യമുള്ള മറ്റു പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാൻ കഴിയും. ലോക്ക്ഡൗണ്‍ കാലത്ത് ചെറിയ ജോലികൾ ചെയ്യുകയും ആവാം.

ബുദ്ധിപൂര്‍വ്വം സമയം ചെലവഴിക്കുകയും കരിയർ ആസൂത്രണം ചെയ്യുകയും കാഴ്ചപ്പാടുകൾ വിശദീകരിക്കുകയും ശരിയായ സവിശേഷ പാതയിലേക്ക് അവരെ ഭാഗമാക്കുകയും ചെയ്യാം.

കൂട്ടുകുടുംബങ്ങളില്‍ വിദ്യാർത്ഥികൾക്ക് അവരുടെ കുടുംബവുമായി പ്രത്യേകിച്ച് മുത്തശ്ശി, മുത്തച്ഛന്‍, അമ്മാവൻമാര്‍, അവരുടെ മക്കള്‍, മറ്റു ബന്ധുക്കൾ എന്നിവരോടൊപ്പം ചെലവഴിക്കാൻ ഒരുപാട് സമയം ലഭിച്ചു .

ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് ഒരു അനുഗ്രഹമായി. എല്ലാവരും വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നു, വീട്ടിൽ നിന്നിറങ്ങിയ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തേണ്ട ആവശ്യമില്ല. അവരെ ഫോണ്‍ വിളിച്ചു കുടുംബബന്ധങ്ങൾ വളർത്താൻ ഇപ്പോൾ മാത്രമേ സാധിക്കൂ. ട്രാഫിക് ബ്ലോക്കിൽ സമയം നഷ്ടപ്പെടുന്നത് ഇല്ലാതായി.

പ്രാർത്ഥന, ചെറിയ തോതിലുള്ള കായിക വിനോദം, സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുക എന്നിവക്ക് സമയം ലഭിക്കുന്നു.

ഓൺലൈൻ ക്ലാസുകൾക്ക് ഗുണനിലവാരമുള്ള അഞ്ച് മുതൽ ആറ് മണിക്കൂർ വരെ ദിവസവും ഉപയോഗിക്കാൻ കഴിയുന്നു. സ്വയം പഠനത്തിന് കൂടുതൽ സമയം നേടുന്നു. പഠനത്തിന് സമയം നഷ്ടപ്പെടാതെ തന്നെ മറ്റു വിനോദ മാർഗ്ഗങ്ങളിൽ ഏര്‍പ്പെടാന്‍ സമയം ലഭിക്കുന്നു എന്നത് ഗുണകരമാണ്.

ഓൺലൈൻ ക്ലാസുകളില്‍ സ്ഥിരമായി പങ്കെടുക്കുന്നത് വിദ്യാർഥികളുടെ കാഴ്ചയെ ബാധിക്കുകയും മറ്റ് ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഏകാഗ്രത കുറവാണ്. മാത്രമല്ല ചെറിയ കുട്ടികൾക്ക് സ്ക്രീനിനു മുന്നിൽ കൂടുതൽ നേരം ഇരിക്കാൻ ഉള്ള കഴിവില്ല.

ധാരാളം പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകളും കംപ്യൂട്ടറും മൊബൈൽ ഫോണുകളും ലഭ്യമല്ല. വിദ്യാർത്ഥികൾക്ക് ഔപചാരിക വിദ്യാഭ്യാസത്തിൽ നിന്നും വലിയ നഷ്ടം ഉണ്ടാകുന്നു. കൃത്യ സമയങ്ങളിൽ പരീക്ഷ ഇല്ലാത്തതും ഒരു ദോഷകരമായ ഘടകമാണ്.

വിദ്യാർഥികൾക്ക് ഇന്റേണല്‍ മാർക്ക് ആനുപാതികമല്ലാതെ നൽകുന്നത് അവരുടെ കരിയറിനെ തന്നെ ബാധിച്ചേക്കാം. സ്കൂളുകളും കോളേജുകളും വിദ്യാർത്ഥികൾക്ക് കാണാൻ സാധിക്കുന്നില്ല.

ലോക്ക്ഡൗണ്‍ സമയങ്ങളിൽ മാനസികാരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നു. നിരാശ, സമ്മർദം, വിഷാദം എന്നിവ ഉൾപ്പെടെ മാനസിക പ്രശ്നങ്ങൾ വിദ്യാർഥികളിൽ അധികമായി കാണപ്പെടുന്നു. പകർച്ചവ്യാധിയുടെ ആഴം എല്ലാ പ്രായത്തിലുമുള്ള വിദ്യാർഥികളുടെ ജീവിതത്തിൽ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാക്കി.

രാജ്യത്ത് ഉടനീളം രോഗം വ്യാപിക്കുന്നതും യാത്രാ നിയന്ത്രണങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ എന്നിവയും വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം, സാമൂഹിക ജീവിതം, മാനസികാരോഗ്യം എന്നിവയിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടത് മൂലം സാമ്പത്തിക, സാമൂഹിക മുൻ‌ഗണന കുറഞ്ഞ പശ്ചാത്തലത്തിലുള്ള വിദ്യാർത്ഥികൾക്ക് വലിയ പ്രതികൂല ഫലങ്ങൾ അനുഭവപ്പെട്ടു. കുടുംബ വരുമാനത്തിലെ കുറവ്, ഇന്റർനെറ്റ് കണക്റ്റിവിറ്റി (ഉയർന്ന ചെലവും പ്രതികൂല കാലാവസ്ഥ മൂലവും മറ്റും ഉണ്ടാകുന്ന ലഭ്യതക്കുറവും) എന്നിവ വിദ്യാർത്ഥികളുടെ അക്കാദമിക് ജീവിതത്തെ കുറഞ്ഞ തോതിലെങ്കിലും അലോസരപ്പെടുത്തി.

മാത്രമല്ല, ലോകമെമ്പാടുമുള്ള 1.5 ബില്ല്യൺ വിദ്യാർത്ഥികൾക്ക് ഇപ്പോൾ അടിസ്ഥാന വിദ്യാഭ്യാസം നഷ്ടപ്പെടുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് അവരുടെ ആരോഗ്യത്തെ ഗുരുതരമായ മാനസിക പ്രത്യാഘാതത്തിലേക്ക് നയിക്കുന്നു. മാത്രമല്ല, ദൈനംദിന പ്രവർത്തനത്തിലെ മാറ്റങ്ങൾ, ബാഹ്യലോക സമ്പര്‍ക്കത്തിന്റെ അഭാവം, അസ്വസ്ഥമായ ഉറക്ക രീതികൾ, സാമൂഹിക അകലം എന്നിവ വിദ്യാർത്ഥികളുടെ മാനസിക ക്ഷേമത്തെ ബാധിച്ചു.

ഉത്കണ്ഠാ രോഗങ്ങൾ, ഹൃദയസംബന്ധമായ അസുഖങ്ങൾ, സോഷ്യൽ ഫോബിയ എന്നിവ വിലയിരുത്തുന്നതിനുള്ള ഒരു ഡയഗ്നോസ്റ്റിക് ഉപകരണമായി 7 ഇനങ്ങളുള്ള Generalized Anxiety Disorder Scale (GAD-7) ഉപയോഗിക്കുന്നു. ഇത്തരം വിശകലനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഏറെ ക്ലേശം അനുഭവിക്കുന്നതായി തെളിയുന്നു.

ഗവൺമെൻറ് ഏതാനും ആഴ്ചകൾ, മാസങ്ങൾ മാത്രം നീണ്ടു നിൽക്കും എന്ന് വിചാരിച്ചിരുന്ന അടച്ചുപൂട്ടൽ പക്ഷേ ഒരു വർഷത്തിനപ്പുറം കടന്നുപോകുന്നു എന്നതും ഇനിയെന്നാണ് തിരിച്ച് പഴയ രീതിയിലുള്ള സംവിധാനത്തിലേക്ക് തിരികെ എത്തിക്കുക എന്നുള്ളതും കുട്ടികളിൽ ഒരു വല്ലാത്ത നിരാശാബോധം സൃഷ്ടിച്ചിട്ടുണ്ട്.

അഡ്മിഷൻ നേടിയെങ്കിലും സ്കൂളിൽ പോകാൻ കഴിയാത്ത രീതിയിലുള്ള ഹയർ സെക്കൻഡറി പ്ലസ് വൺ വിദ്യാർത്ഥികളുടെ മാനസിക പ്രശ്നങ്ങൾ പ്രത്യേകം തന്നെ പഠിക്കേണ്ടതുണ്ട്. ഇതുവരെ പഠനത്തിന് ഈ നീണ്ട കാലഘട്ടത്തിൽ ചെലവഴിക്കേണ്ടി വന്ന പണം, വിഷാദം, ഉത്കണ്ഠ എന്നിവയും വിദ്യാർഥികളുടെ പഠന നഷ്ടവും മാതാപിതാക്കൾക്ക് നേരിട്ടറിയാം.

ദേശീയ-അന്തർദേശീയ സമൂഹങ്ങളെ ഈ മഹാമാരി വളരെയധികം ബാധിച്ചു. ജീവിത ഉപജീവനമാർഗങ്ങൾ കവർന്നെടുക്കുന്നതോടൊപ്പം വിദ്യാർത്ഥികളുടെ അവസരങ്ങളും നിഷേധിക്കപ്പെട്ടു എന്ന് മനസ്സിലാക്കണം.

ഗവൺമെന്റിന്റെ നയപരമായ അഭിലാഷങ്ങളും ഓൺലൈൻ വിദ്യാഭ്യാസ രീതികളും താഴെത്തട്ടിലുള്ള നടപ്പാക്കലും തമ്മിൽ വലിയ അന്തരം ഉണ്ടെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. അത് പരിഹരിക്കാന്‍ സക്രിയമായ ഇടപെടലുകള്‍ സജീവമായി ഉണ്ടാകണം. ഈ മഹാമാരിയുടെ കാലത്തു നമ്മുടെ പ്രിയപ്പെട്ട വിദ്യാർത്ഥി സമൂഹത്തെ പിന്തുണക്കാൻ നാം സർവാത്മനാ തയ്യാറാകണം.

സമൂഹം, അധ്യാപകർ, രക്ഷിതാക്കൾ, ഭരണകൂടങ്ങള്‍, മറ്റു പിന്തുണ സംവിധാനങ്ങൾ ഒക്കെ വർധിത ശേഷിയോടെ ഒത്തൊരുമിച്ചു പ്രവർത്തിക്കണം . അംഗ പരിമിതരും മറ്റ് സവിശേഷ ശ്രദ്ധ വേണ്ടവരുമായ വിദ്യാർത്ഥികളുടെ കാര്യത്തിൽ ഒരു അലംഭാവം ഉണ്ടായിക്കൂടാ.

വിദ്യാഭ്യാസ കാലഘട്ടത്തിലെ അതിർത്തികളിൽ നിൽക്കുന്ന എസ് എസ് എൽ സി, ഹയർ സെക്കണ്ടറി, ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങളും സാഹചര്യങ്ങളും ഉറപ്പു വരുത്തണം.

ഈ കെട്ട കാലത്തിലും വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ലഘൂകരിച്ചു കൂടെ നടത്താൻ നാം ശ്രദ്ധിക്കണം. അവരിൽ ഉണ്ടാകുന്ന പ്രയാസങ്ങൾ ലഘൂകരിക്കാനും അവ മറികടക്കുന്നതിൽ അവരെ പ്രചോദിപ്പിക്കാനും സമൂഹം തയ്യാറാകണം.

കുടുംബങ്ങളിൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‍നങ്ങളും മറ്റ് അത്യാഹിതങ്ങളും അവരുടെ മനസ്സിനെയും ശരീരത്തെയും ഭാവി ജീവിതത്തെയും തടസ്സപ്പെടുത്താതെ നോക്കണം.

ആത്മഹത്യയിൽ അഭയം നേടിയ കുട്ടികൾ നമുക്ക് ചുറ്റും ഉണ്ട് എന്ന വസ്തുത നാം വിസ്മരിക്കരുത് . അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവരോടൊപ്പം നിന്ന് മുന്നോട്ട് നയിക്കണം. അവർ ഒരു പ്രത്യേക കാലയളവിൽ നേടേണ്ട അറിവുകളും കഴിവുകളും ആർജ്ജിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം.

വിദ്യാലയങ്ങളിലും കോളേജുകളിലും സർവ്വ സുരക്ഷയോടും കൂടി പരിമിതമായ നിലയിലെങ്കിലും എത്തിക്കാൻ ശ്രമം വേണം. വാക്സിനേഷൻ പ്രക്രിയയിൽ വിദ്യാർത്ഥികൾക്ക് മുൻഗണന നൽകി പൂർണ്ണ തോതിൽ അവർക്ക് ലഭ്യമാക്കണം.

ഈ കാലയളവിൽ അതിജീവനത്തിനു ഉതകുന്ന അളവിൽ ആരോഗ്യ നിലയും ഭക്ഷണ രീതിയും ഉണ്ട് എന്ന് ഉറപ്പാക്കണം. ഈ കഷ്ടകാലം മാറി സർവ്വരും സൗഖ്യത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന ഒരു നല്ല നാളെക്കായി നമുക്ക് പ്രതീക്ഷയോടെയും പ്രാർത്ഥനയോടെയും കാത്തിരിക്കാം.

ക്യാമ്പസുകളിൽ തുമ്പികളെപ്പോലെ പറന്നു നടക്കുന്ന വിദ്യാർത്ഥി ജീവിതം തിരിച്ചു വരുന്നത് വരെ ഈ നിധികളെ വാത്സല്യത്തോടെയും സ്നേഹത്തോടെയും നമുക്ക് സംരക്ഷിക്കാം. എല്ലാ വിദ്യാർത്ഥികൾക്കും നന്മ വരട്ടെ എന്ന് പ്രതീക്ഷിക്കുന്നു.


ലേഖകൻ KHSTU യുടെ സംസ്ഥാന സെക്രട്ടറിയാണ്

4 6 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Bensha
2 years ago

Sir,
Well said👌👌
We can pray and hope for the best 🙏

Back to top button
1
0
Would love your thoughts, please comment.x
()
x