PoliticalViews

അരവിന്ദ് കെജ്‌രിവാൾ: അധികാരഭ്രമത്തിൽ സ്വയം മറന്ന ‘മഫ്ളർ മാൻ’

രാഷ്ട്രീയം/സാഫർ അഗാ

2012ൽ അണ്ണാ ഹസാരെ നയിച്ച അഴിമതിക്കെതിരായ സമരവേദിയിൽ ദേശീയ പതാകയുമായി സജീവമായിരുന്ന ചെറുപ്പക്കാരൻ, രാജ്യത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയെ ശുദ്ധീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷയോടെ ആളുകൾ നോക്കിക്കണ്ടിരുന്ന അരവിന്ദ് കെജ്‌രിവാൾ, ഇന്ത്യൻ രാഷ്ട്രീയത്തിൽ കാതലായ മാറ്റങ്ങൾക്ക് തുടക്കമിടുമെന്ന് വിശ്വസിക്കപ്പെട്ടിരുന്നു.

അഴിമതിവിരുദ്ധ പോരാട്ടമെന്ന ആശയത്തെ മുൻനിർത്തി തന്റെ ആം ആദ്മി പാർട്ടി (എ.എ. പി)യെ നയിച്ച് രണ്ടുതവണ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന് ഡൽഹിയെ അക്ഷരാർത്ഥത്തിൽ തന്റെ കാൽക്കീഴിലാക്കുകയായിരുന്നു കെജ്‌രിവാൾ. ആദ്യം 2015 ലും പിന്നീട് 2020 ലും. ജനതയുടെ പ്രതീക്ഷയായിരുന്നു അദ്ദേഹത്തിന്റെ വിജയം.

അതേ കെജ്‌രിവാൾ, ഇപ്പോൾ ഡൽഹിയിലെ സ്വകാര്യ ആശുപത്രികൾക്ക് മുന്നറിയിപ്പ് നൽകേണ്ട അവസ്ഥയിലാണുള്ളത്. അവയിൽ പലതും ചികിത്സയ്ക്കായി പ്രവേശനത്തിന് രോഗികളിൽ നിന്ന് “കള്ളപ്പണം” ഈടാക്കുന്നു. ഒരു പകർച്ചവ്യാധിയുടെ സമയത്ത് സ്വകാര്യ ആശുപത്രികൾ രോഗികളിൽ നിന്ന് ‘കള്ളപ്പണം’ ഉണ്ടാക്കുന്നുവെന്ന് അഴിമതി വിരുദ്ധ മുന്നണി ഭരിക്കുന്ന ഡൽഹിയിലാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

ജനപ്രിയനായ ഒരു മുഖ്യമന്ത്രിക്ക് കീഴിൽ ഡൽഹിയിൽ നിലനിൽക്കുന്ന അഴിമതിയുടെ തോത് മനസ്സിലാക്കാനാണ് ഈ ഉദാഹരണം പറഞ്ഞത്. അതിനെതിരെ കാര്യമായി ഒന്നും ചെയ്യാൻ ഈ ‘ജനപ്രിയ’ സർക്കാറിന് കഴിയുന്നില്ല എന്നതാണ് വസ്തുത.

അധികാരത്തിലേക്ക് എത്തിപ്പെടാ‌ൻ വേണ്ടി അഴിമതി വിരുദ്ധ മിശിഹയായി നടിക്കുകയായിരുന്നോ അരവിന്ദ് കെജ്‌രിവാൾ ചെയ്തത്? എന്നാൽ അദ്ദേഹം അധികാരത്തിൽ എത്തി അധികം വൈകാതെ ഡൽഹി വോട്ടർമാരെ നിരാശപ്പെടുത്തുകയാണ്.
ഒരു തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് തന്റെ വോട്ടർമാർക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്ന, അധികാരത്തിലെത്തി കഴിഞ്ഞാൽ എല്ലാം മറക്കുന്ന, പരമ്പരാഗത രാഷ്ട്രീയക്കാരുടെ അതേ രീതിയിലേക്ക് അദ്ദേഹം മാറിയെന്നതാണ് യാഥാർത്ഥ്യം.

2020 ഫെബ്രുവരിയിൽ രണ്ടാം തവണ വിജയിച്ച ശേഷം അരവിന്ദ് കെജ്‌രിവാൾ എന്ന അഡ്മിനിസ്ട്രേറ്ററുടെ വലിയ പരാജയമായതിന്റെ നേർകാഴ്ച്ചകളാണ് കണ്ടത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡൽഹി കടന്നുപോവുന്നത് ചരിത്രത്തിൽ തന്നെ ഏറ്റവും മോശം കാലഘട്ടങ്ങളിൽ ഒന്നിലൂടെയാണ്.

ഡൽഹിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ക്രൂരമായ വർഗീയ കലാപത്തിന് വടക്കുപടിഞ്ഞാറൻ ഡൽഹി സാക്ഷ്യം വഹിച്ചു. കോടിക്കണക്കിന് രൂപയുടെ സ്വത്തും 50 ഓളം പേരുടെ ജീവനും നഷ്ടപ്പെട്ടു. ദേശീയ തലസ്ഥാനത്തെ പൊലീസ് സംവിധാനം ഡൽഹി സർക്കാരിന് യാതൊരു നിയന്ത്രണവുമില്ലെങ്കിൽ പോലും രാഷ്ട്രീയമായി ഇടപെടുന്നതിനും കലാപബാധിതരെ സഹായിക്കുന്നതിനും കാര്യമായി ഒന്നും ചെയ്യാൻ സർക്കാർ തയ്യാറായില്ല. അതിനാൽ പോലീസിനെ കുറ്റപ്പെടുത്തുന്നതിനൊപ്പം കെജ്‌രിവാളിന്റെ കുറ്റകരമായ നിഷ്‌ക്രിയത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനും അദ്ദേഹത്തിന് കഴിയില്ല.

ദുരിതബാധിതർക്ക് അഭയം നൽകാൻ ഡൽഹി ഭരണകൂടം ഒരു ക്യാമ്പ് പോലും ഏർപ്പെടുത്തിയില്ല. ക്യാമ്പ് നടത്താൻ ദില്ലി വഖഫ് ബോർഡിനെ ചുമതലപ്പെടുത്തിയെന്നതാണ് ആകെ ചെയ്ത കാര്യം. എന്നാൽ അത് പിന്നീട് കൊവിഡ് കാരണം പറഞ്ഞ് ഒഴിപ്പിക്കുകയും ചെയ്തു.

കലാപത്തിൽ പങ്കാളിയായ ദൽഹി പോലീസിനെ സംരക്ഷിക്കുകയും നരേന്ദ്ര മോദിയെയും അമിത് ഷായെയും പ്രത്യക്ഷത്തിൽ തന്നെ അനുകൂലിക്കുകയും കേന്ദ്രസർക്കാരിനെ അനുമോദിക്കുകയും ചെയ്തുകൊണ്ട് തന്റെ അനുയായികളെ പോലും കെജ്‌രിവാൾ ഞെട്ടിച്ചു. കെജ്‌രിവാളിന് തന്റെ ഭരണപരമായ കഴിവ് തെളിയിക്കാൻ ഡൽഹി കലാപം വലിയ അവസരമായിരുന്നെങ്കിലും അദ്ദേഹം അമ്പേ പരാജയപ്പെട്ടു.

കൊറോണയുടെ പ്രതിസന്ധിയെ നേരിടുന്നതിലും കെജ്‌രിവാളിന്റെ പേര് കേട്ട ഭരണതന്ത്രങ്ങൾ വലിയൊരളവിൽ പരാജയപ്പെട്ടു എന്നാണ് കണക്കുക്കൾ സൂചിപ്പിക്കുന്നത്. മുംബൈ, അഹമ്മദാബാദ് എന്നിവയ്ക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ് ഡൽഹി. കൊവിഡ് കേസുകളും മരണങ്ങളും ദിനേനയെന്നോണം ഉയർന്ന നിരക്കിൽ കൂടുന്നത് ഡൽഹിയെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശമായ അവസ്ഥയിലേക്ക് എത്തിച്ചു.

ഔദ്യോഗിക കണക്കുകൾ പ്രകാരം മൊത്തം രോഗികളുകളുടെ എണ്ണം 27,000 കവിഞ്ഞു. ജൂൺ 6 ന് പോസിറ്റീവ് കേസുകളുടെ എണ്ണം 16,000 ത്തിൽ കൂടുതലാണ്. ഡൽഹിയിൽ പ്രതിദിനം ശരാശരി 1000-ലധികം കേസുകൾ വരുന്നു. സ്വകാര്യ-സർക്കാർ ആശുപത്രികളിലെ സംവിധാനങ്ങളിലെ തകരാറുകൾ കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു.

സംസ്ഥാനത്തെ ആശുപത്രികളിലെ കിടക്കകളുടെ എണ്ണം തീർത്തും അപര്യാപ്തമാണ്. അതേസമയം തന്നെ പ്രവേശനത്തിന് സ്വകാര്യ ആശുപത്രികൾ രോഗികളിൽ നിന്ന് കോഴവങ്ങുന്നു എന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ തന്നെ കാണാം.

ഇനി ഒരു രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ പോലും വെന്റിലേറ്ററുകൾ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്, കാരണം വെന്റിലേറ്ററുകൾ ആവശ്യത്തിനേക്കാ‍ൾ വളരെ കുറവാണ്. പി‌. പി‌. ഇ കിറ്റുകളുടെ ദൗർലഭ്യത എല്ലാ പത്രങ്ങളും ഇതിനകം റിപ്പോർ‌ട്ട് ചെയ്‌തിട്ടുണ്ട്.

‘ബ്ലാക്ക് മാർക്കറ്റിംഗ്’ നടത്തുന്നതിനെതിരെ ഗംഗാറാം പോലുള്ള സ്വകാര്യ ആശുപത്രികൾക്ക് മുന്നറിയിപ്പ് നൽകുകയല്ലാതെ, അത്തരം കൊള്ള നിർത്തലാക്കാൻ ഭരണപരമായ യാതൊരു നടപടിയും കെജ്‌രിവാളിൽ നിന്ന് ഉണ്ടായിട്ടില്ല.

പകർച്ചവ്യാധിയെ നേരിടാൻ കെജ്‌രിവാളിന് വ്യക്തമായൊരു കാഴ്ചപ്പാടും ഇല്ലെന്നും അതിനായി തന്റെ ഭരണസംവിധാനത്തെ മുൻകൂട്ടി ഒരുക്കിയിട്ടുമില്ലെന്നും വ്യക്തമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു പുതിയ പ്രഭാതം പ്രതീക്ഷിച്ച് അധികാരത്തിലേറ്റിയ കെജ്‌രിവാളിന്റെ അനാസ്ഥയിൽ വോട്ട് ചെയ്ത സാധാരണക്കാരായ ഡൽഹിക്കാർ ഇപ്പോൾ ദുരിതമനുഭവിക്കുകയാണ്.

അഴിമതി വിരുദ്ധ പോരാട്ടക്കാരനെന്ന ലേബലിൽ 2012 ൽ ഡൽഹിയിൽ അധികാരത്തിലേറിയ കെജ്‌രിവാൾ, ജനങ്ങളോട് യാതൊരു പ്രതിബദ്ധതയും കാണിക്കാതെ അധികാരക്കൊതിയിൽ അഭിരമിച്ചിക്കുകയാണ് ഇപ്പോൾ. ചരിത്രം അദ്ദേഹത്തെ ഒരു ജനവഞ്ചകനായും കഴിവുകെട്ട മുഖ്യമന്ത്രിയുമായിട്ടായിരിക്കും വിലയിരുത്തുക.

Via
National Herald
Tags
Show More

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

Back to top button
Close