
ബോസ്നിയ എന്ന് കേൾക്കുമ്പോൾ ആദ്യമായി ഓർമ്മ വരുന്നത് തന്നെ 1992-95 കാലയളവിൽ നടന്ന ആസൂത്രിതമായ ഒരു വംശഹത്യയെക്കുറിച്ചാവും. അതു കൊണ്ട് തന്നെയാണ് ഈ പുസ്തകം വായനക്കായി തിരഞ്ഞെടുത്തതും. വംശഹത്യക്ക് മണ്ണൊരുങ്ങുന്ന ഭൂമികയിൽ നിന്ന് കൊണ്ട് മുൻഗാമികളുടെ ചരിത്രത്തിലൂടെ കടന്ന് പോകേണ്ടത് ചരിത്രത്തിൽ നിന്ന് പാഠമുൾക്കേണ്ട സമൂഹത്തിന് അനിവാര്യമാണല്ലോ.
പ്രകൃതി രമണീയമായ ബാൾക്കൻ രാജ്യങ്ങളിലൂടെയുള്ള ഒരു മലയാളിയുടെ യാത്രാ വിവരണമാണ് പി.ടി യൂനുസ് എഴുതിയ ‘കണ്ണീരുണങ്ങത്ത ബോസ്നിയ’ എന്ന കൃതി. പേര് സൂചിപ്പിക്കുന്നത് പോലെ കേവലം യാത്രാ കുറിപ്പ് എന്നതിലുപരി, നമ്മുടെ കാലത്തെ ഏറ്റവും ഭീകരമായ വംശഹത്യക്കിരയാക്കപ്പെട്ട ഒരു സമൂഹത്തിന്റെ ചരിത്രത്തിലൂടെയും, വർത്തമാനത്തിലൂടെയുമുള്ള യാത്രയാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
യൂഗോസ്ലോവിയയുടെ തകർച്ചക്ക് ശേഷം 1992 ൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ച രാഷ്ട്രമാണ് ബോസ്നിയ-ഹെർസഗോവിന. പക്ഷെ അയൽ രാജ്യമായ സെർബിയ അതംഗീകരിച്ചില്ല. എന്ന് മാത്രമല്ല സെർബ് വംശീയതയിൽ അധിഷ്ഠിതമായ ആ രാഷ്ട്രം ബോസ്നിയാക്ക് മുസ്ലിംകളെയും, ക്രോട്ടുകളെയും കൊന്നൊടുക്കി വംശീയ ശുദ്ധീകരണത്തിന് ശ്രമിക്കുകയായിരുന്നു. തുടർന്നുള്ള കാലയളവിൽ അലിയ ഇസ്സത്ത് ബെഗോവിച്ചിന്റെ നേതൃത്വത്തിൽ നടത്തിയ പോരാട്ടത്തിന്റെയും, അവർക്ക് നേരിടേണ്ടി വന്ന വഞ്ചനകളുടെയും ചരിത്രം കൂടിയാണ് പറഞ്ഞു വെക്കുന്നത്.

ബോസ്നിയാക്കുകൾ, ക്രോട്ടുകൾ, സെർബുകൾ തുടങ്ങി മൂന്ന് വിഭാഗങ്ങൾക്ക് വേണ്ടി വിഭജിക്കപ്പെട്ട ബോസ്നിയ ആണ് ഇന്നുള്ളത്. മൂന്ന് വിഭാഗത്തിൽ നിന്നും വീറ്റോ പവർ ഉള്ള മൂന്ന് പ്രസിഡന്റുമാർ ഉള്ള ഒരേയൊരു രാജ്യമായിരിക്കും ഒരു പക്ഷെ ബോസ്നിയ. ഒരു സമൂഹത്തെ ആസൂത്രിതമായി നിരായുധീകരിച്ചു വംശഹത്യക്ക് വേണ്ടി പാകപ്പെടുത്തിയവർ സമാധാനക്കരാർ എന്ന ഓമനപ്പേരിൽ ഇങ്ങനെ പകുത്ത് നൽകിയപ്പോൾ, തന്റെ സമൂഹത്തിന്റെ ഉന്മൂലനം തടയാൻ അതംഗീകരിക്കുകയെ ബെഗോവിച്ചിനു നിവർത്തിയുണ്ടായിരുന്നുള്ളൂ.
വംശീയാക്രമണത്തിന് മുമ്പ് മേഖലയിലെ അറിയപ്പെടുന്ന വ്യവസായശാലയും, കൃഷിയിടവുമായിരുന്നു ഈ പ്രദേശം. തങ്ങളോടൊപ്പം ഒരുമിച്ച് ജോലി ചെയ്യുകയും, തങ്ങളുടെ കുട്ടികളോടൊപ്പം കളിച്ചും, പഠിച്ചും നടന്നവരുമെല്ലാം പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ നാട് വിട്ടെന്ന വാർത്തയാണ് വംശഹത്യക്ക് മുന്നോടിയായി ബോസ്നിയക്കാരെ തേടിയെത്തിയത്.
സെർബിയൻ രാഷ്ട്രത്തലവൻ മിലെഷോവിച്ചിന്റെയും, ബോസ്നിയൻ സെർബ് നേതാവ് റഡോവൻ കരാജിച്ചിന്റെയും നേതൃത്വത്തിൽ മുസ്ലിം വിഭാഗമായ ബോസ്നിയാക്കുകളെയും, കത്തോലിക്കാ ക്രിസ്ത്യൻ വിഭാഗമായ ക്രോട്ടുകളെയും ആകാശത്തിലൂടെയും, ഭൂമിയിലൂടെയും വേട്ടയാടുകയായിരുന്നു പിന്നീട്. ഓരോ സാധാരണക്കാരനും, ഒരു പോരാളിയായി പരിണമിച്ച കഥകളോടൊപ്പം, ഒരു ഘട്ടത്തിൽ പ്രതിരോധത്തിന് കൂടെയുണ്ടായിരുന്ന ക്രോട്ടുകൾ തന്നെ, തീവ്ര ക്രോട്ട് വംശീയ നേതാവ് ഡാരിയോ കോർഡിച്ചിന്റെയും ക്രൊയേഷ്യയുടെയും, നേതൃത്വത്തിൽ വേട്ടക്കാരായി മാറിയതിന്റെയും കഥ ‘അഹ്മിചി’ എന്ന ഗ്രാമത്തിലൂടെ കടന്ന് പോകുമ്പോൾ തെളിഞ്ഞു വരുന്നു.
സ്രബ്‌റനിറ്റ്സ: മീസാൻ കല്ലുകളുടെ താഴ്‌വര.
മുസ്ലിംകൾക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്ന സെർബിയൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന സ്രബ്‌റനിറ്റ്സ കീഴടക്കാൻ വന്ന സെർബ് ഭീകരർക്ക് മുന്നിൽ, ഗ്രാമീണർ കടുത്ത പ്രതിരോധം തീർത്തുവെങ്കിലും മധ്യസ്ഥന്റെ വേഷത്തിലെത്തിയ ഐക്യരാഷ്ട്ര സഭയും, നാറ്റോയും, ഡച്ച് പട്ടാളത്തിന്റെ കാവലിൽ നിങ്ങൾ സുരക്ഷിതരാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് അവരെ നിരായുധീകരിക്കുകയായിരുന്നു.
ശേഷം നടന്ന സെർബ് ഭീകരരുടെ ഭീകര താണ്ഡവത്തെ നിഷ്ക്രിയരായി നോക്കി നിൽക്കുകയായിരുന്നു ‘സമാധാന സേന’. സെർബുകൾ ആക്രമണം ആസൂത്രണം ചെയ്ത വിവരം രണ്ടാഴ്‌ച മുമ്പറിഞ്ഞിട്ടും അത് ഡച്ച് പട്ടാളക്കാരെ അറിയിക്കാൻ തയ്യാറാവാതിരിക്കുകയും, പത്ത് തവണ വ്യോമസഹായത്തിനഭ്യർഥിച്ച ഡച്ചുകാരുടെ ആവശ്യം തള്ളിക്കളയുകയും ചെയ്ത നാറ്റോയുടെ തലപ്പത്തുള്ള അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ എന്നീ കുരിശു സഖ്യങ്ങളുടെ ഗൂഡാലോചനയിലേക്ക് പിൽക്കാലത്ത് പലമാധ്യമങ്ങളും വിരലുകൾ ചൂണ്ടി.
പൊട്ടോച്ചരിയിലെ യു.എൻ കേന്ദ്രത്തിലേക്ക് മാത്രമായി ചുരുക്കപ്പെട്ട ബോസ്നിയൻ ജീവിതങ്ങളിലേക്ക് കടന്ന് കയറുന്നതിന് മുമ്പ്, സെർബ് കമാൻഡർ റാറ്റ്ക്കോ മ്ലാഡിച്ചു മാധ്യമങ്ങളെ വിളിച്ചു വരുത്തി ബോസ്നിയാക്കുകളുടെ സുരക്ഷിതത്വം ലോകത്തിന് ഒന്ന് കൂടി ‘ഉറപ്പ്’ നൽകി!. പക്ഷെ, അവിടെ നിന്ന് ആളുകളെയുമായി ടുസ്‌ലയിലേക്ക് പുറപ്പെട്ട ഒരൊറ്റ വണ്ടിയും ടുസ്‌ലയിൽ എത്തിയില്ല. പിന്നീട് ആ മലഞ്ചെരുവിൽ കാണപ്പെട്ട നൂറുകണക്കിന് കൂട്ടകുഴിമാടങ്ങളായിരുന്നു അവയുടെ ലക്ഷ്യസ്ഥാനത്തെക്കുറിച്ചു ലോകത്തോട് വിളിച്ചു പറഞ്ഞത്.
എല്ലാ വംശഹത്യയിലുമെന്ന പോലെ ബലാത്സംഗം ഒരു ആയുധമായി ഇവിടെയും ഉപയോഗിക്കപ്പെട്ടു. വിഷ്‌ഗ്രാഡ് പട്ടണത്തിലെ ‘വിലിന വ്ലാസ്’ എന്ന ഹോട്ടൽ ‘റേപ് ഹോട്ടൽ’ എന്ന പേരിൽ ഇന്നുമറിയപ്പെടുന്നു.
ബോസ്നിയയുടെ പ്രകൃതിഭംഗികളിലൂടെയും,രുചിയൂറുന്ന സ്വാദിഷ്ടമായ വിഭവങ്ങളിലൂടെയും നമ്മെ കൂട്ടിക്കൊണ്ട് പോകുന്ന ഗ്രന്ഥകാരന്റെ വിവരണങ്ങൾ, സ്രബ്‌റനിറ്റ്സയിലെത്തുമ്പോൾ വഴി മാറി സഞ്ചരിക്കുന്നു. കൂട്ടക്കുഴിമാടങ്ങളിൽ നിന്ന് ഇത് വരെ കണ്ടെടുത്ത 8372 രക്തസാക്ഷികൾ അന്തിയുറങ്ങുന്ന ആ താഴ്‌വര, ഇന്ന് മീസാൻ കല്ലുകളാൽ നിറഞ്ഞൊരു താഴ്‌വരയാണ്. അവിടെയെത്തുന്നവർക്ക് ആ നാടിന്റെ കഥപറഞ്ഞു കൊടുക്കാൻ ഒരു മ്യൂസിയവും അവിടെ നിലകൊള്ളുന്നു.
ഒരു ജനതയുടെ നിസ്സഹായതയുടെ കഥകളിലൂടെ മാത്രമല്ല. വംശഹത്യാകാലത്ത്, അതിജീവനത്തിനു വേണ്ടി ഒരു സമൂഹം നടത്തിയ പോരാട്ടത്തിന്റെ കഥ കൂടി പറഞ്ഞു കൊണ്ടാണ് ഗ്രന്ഥകാരൻ യാത്ര ചെയ്യുന്നത്. ഏറ്റവും അധികം പീഡനങ്ങൾ സഹിക്കേണ്ടി വന്ന സ്ത്രീകളെക്കുറിച്ച് പറയുമ്പോൾ അവർ നടത്തിയതും, ഇന്നും നടത്തിക്കൊണ്ടിരിക്കുന്നതുമായ പോരാട്ടത്തെക്കുറിച്ചും പറഞ്ഞു പോകുന്നു.
2018 ഓഗസ്റ്റ് മാസത്തിൽ ഗ്രന്ഥകാരൻ ബോസ്നിയയിലൂടെ യാത്ര ചെയ്യുമ്പോൾ ഐക്യരാഷ്ട്ര സംഘടന നെതർലൻഡ്സിലെ ഹേഗിൽ സ്ഥാപിച്ച രാജ്യാന്തര ക്രിമിനൽ ട്രൈബ്യൂണൽ മ്ലാഡിച്ച്, മിലെഷോവിച്ച്, കരാജിച്ച് എന്നിവരെ പല സമായങ്ങളിലായി കുറ്റവാളികളായി പ്രഖ്യാപിച്ചു നീണ്ട വർഷത്തെ തടവിന് വിധിച്ചു കഴിഞ്ഞിരുന്നു.അതിൽ മിലെഷെവിച്ച് മാത്രം അധികം നാൾ ജയിലിൽ കഴിയാതെ ജയിലിൽ വെച്ച് തന്നെ മരണപ്പെട്ടു.
ഒരിക്കൽ ഉയർന്നു പൊങ്ങിയ വംശീയതയുടെ മുദ്രാവാക്യങ്ങൾ വീണ്ടും ബോസ്നിയയിൽ ഉയർന്ന് തുടങ്ങിയിട്ടുണ്ട്. ബെഗോവിച്ചിനു ശേഷം സമ്മതനായ ഒരു നേതാവ് ഉയർന്നു വന്നില്ല എന്നതാണ് വർത്തമാനത്തിൽ അവർ നേരിടുന്ന വലിയ ആശങ്ക. ശക്തനായ ഒരു നേതാവിന്റെ അഭാവത്തിൽ അതിജീവനസാധ്യത തന്നെ ചോദ്യചിഹ്നമാകുന്നുവെന്ന് പറയേണ്ടതില്ലല്ലോ.
സ്രബ്‌റനിറ്റ്സയിലെ മ്യൂസിയത്തിന്റെ പുറം ചുവരിൽ എഴുതിവെച്ചിരിക്കുന്ന ‘Srebrenica Genocide – The Failure of the International Community’ എന്ന വാചകം പുറം ലോകത്ത് നിന്നുള്ള രക്ഷകരെ കാത്തിരിക്കുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയായാണ് വായിക്കാൻ കഴിയുന്നത്.
ഒ.അബ്ദുറഹ്മാൻ സാഹിബിന്റെ അവതരികയോട് കൂടി 2019-ൽ ഐ.പി.എച് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 1995 ജൂലൈ 11 ന് ആരംഭിച്ച സ്രബ്റനിറ്റ്‌സ വംശഹത്യക്ക് 25 വർഷം തികയുമ്പോൾ,തീർച്ചയായും വായിച്ചു പോകേണ്ട ഒരു ബുക്കാണ് കണ്ണീരുണങ്ങാത്ത ബോസ്നിയ.’