Art & Literature

പർവിൻ ഷാകിർ; പുരുഷാധിപത്യത്തിനു നേർക്ക് കവിത കൊണ്ടൊരു ചാട്ടുളി

ആസ്വാദനം/ഷബീർ രാരങ്ങോത്ത്

ഇത്‌നെ ഘനെ ബാദല്‍ കെ പീഛെ
കിത്‌നാ തന്‍ഹാ ഹോഗാ ചാന്ദ്

(ഇത്രമേല്‍ സാന്ദ്രമായ മേഘങ്ങള്‍ക്കു പിറകില്‍
എത്രയേറെ ഏകാന്തതയിലാവും തിങ്കള്‍)

ഉര്‍ദു കാവ്യലോകത്ത് ഇത്തിരിക്കാലം കൊണ്ട് ഒത്തിരി അത്ഭുതങ്ങള്‍ സൃഷ്ടിച്ച കവയത്രിയാണ് പര്‍വിൻ ഷാകിര്‍. ആണധികാര ലോകത്ത് തന്റേതായ ഇടം കണ്ടെത്തുകയും ശക്തമായ പ്രമേയങ്ങളില്‍ കവിത രചിക്കുകയും ചെയ്ത ആളാണ് അവർ. കാല്പനിക ഭാവങ്ങള്‍ അവരുടെ കവിതകള്‍ക്ക് ചന്തം ചാര്‍ത്തി.

1952 നവംബര്‍ 24 ന് കറാച്ചിയിലെ ഒരു മധ്യ വര്‍ഗ കുടുംബത്തിലാണ് അവരുടെ ജനനം. വളരെ ചെറുപ്പത്തില്‍ തന്നെ കഥകളും ലേഖനങ്ങളും കവിതകളും അവരുടെ തൂലികത്തുമ്പില്‍ വിരിഞ്ഞിരുന്നു. ബീന എന്ന തൂലികാ നാമത്തിലായിരുന്നു ആദ്യ കാലത്ത് അവരുടെ രചനകള്‍. പിന്നീടാണ് സ്വന്തം പേരില്‍ തന്നെ കവിതയെഴുതിത്തുടങ്ങുന്നത്.

തന്റെ ഇരുപത്തിനാലാം വയസില്‍ തന്നെ ഖുഷ്ബു എന്ന പേരോടു കൂടി ആദ്യ കവിതാ സമാഹാരം പുറത്തിറക്കാന്‍ അവര്‍ക്കായി. സാഹിത്യ രംഗത്തെ ശ്രദ്ധേയമായ സംഭാവനകള്‍ക്ക് പാകിസ്താന്‍ സര്‍ക്കാര്‍ സമ്മാനിക്കുന്ന പ്രൈഡ് ഓഫ് പെര്‍ഫോമന്‍സ് അവാര്‍ഡും അവരെത്തേടിയെത്തി.

ഒന്‍പതു വര്‍ഷത്തോളം അധ്യാപക വൃത്തിയിലേര്‍പ്പെട്ട അവര്‍ പിന്നീട് സിവില്‍ സര്‍വീസില്‍ കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ചേരുകയും ഫെഡറല്‍ ബോര്‍ഡ് ഓഫ് റെവന്യൂവിന്റെ സെകന്റ് സെക്രട്ടറിയാവുകയും ചെയ്തു.

ജോലിത്തിരക്കുകള്‍ക്കിടയിലും ഉര്‍ദുവിലും ഇംഗ്ലീഷിലുമായി നിരവധി ലേഖനങ്ങളും കവിതകളും അവര്‍ എഴുതുകയുണ്ടായി. ഖുഷ്ബുവിനു പുറമെ സര്‍ദ്ബാഗ്, ഖുദ് കലാമി തുടങ്ങിയ ഗ്രന്ഥങ്ങളും അവരുടേതായി പിറവി കൊണ്ടു.

പാരമ്പര്യവാദികളും യാഥാസ്ഥിതികരുമായിരുന്ന കുടുംബാംഗങ്ങളും സമൂഹവും പര്‍വിൻ ഷാകിര്‍ മുഷായറകളില്‍ പങ്കെടുക്കുന്നതും മറ്റു കവികളുമായി തന്റെ കവിത ചര്‍ച്ച ചെയ്യുന്നതും തടയാന്‍ ശ്രമിക്കുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്യുമായിരുന്നു.

ഈ പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്താണ് അവര്‍ കാവ്യയാത്ര ചെയ്തത്. ഗസലിലും സ്വതന്ത്ര കവിതകളിലും പര്‍വിൻ ഷാകിര്‍ പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. പ്രണയവും സൗന്ദര്യവും അവയ്ക്കിടയിലെ പരസ്പര വൈരുധ്യങ്ങളും അവരുടെ കവിതകളില്‍ നിറഞ്ഞു നിന്നിരുന്നു.

ഉപമാലങ്കാരങ്ങളാല്‍ സമ്പന്നമായ കവിതകളായിരുന്നു മിക്കതും. തന്റെ കവിതകളില്‍ ഫെമിനിസ്റ്റ് ആശയങ്ങൾ ശക്തമായി പ്രമേയമാക്കുന്നതിൽ അവര്‍ ഒട്ടും മടി കാണിച്ചിരുന്നില്ല. പുരുഷ മേധാവിത്വ ഉര്‍ദു കാവ്യ ലോകത്ത് ലഡ്കി (പെണ്‍കുട്ടി) കേന്ദ്രബിന്ദുവാകുന്ന കവിതകള്‍ അവര്‍ നിരന്തരം രചിച്ചിട്ടുണ്ട് എന്ന് കാണാനൊക്കും.

ഉന്നം വെച്ച് അമ്പെയ്യാനറിയുന്ന തൂലികയായിരുന്നു ഷാകിറിന്റേത്. ഏതു വാക്കു കൊണ്ട് മുറിവേല്പിക്കണം എന്ന കൃത്യമായ ധാരണ അവര്‍ക്കുണ്ടായിരുന്നു. ഒരുദാഹരണം നോക്കൂ,

വൊ തൊ ഖുഷ്ബു ഹെ ഹവാ മെ ബിഖര്‍ ജായേഗ
മസ്‌ലാ ഫൂല്‍ കാ ഹെ ഫൂല്‍ കിധര്‍ ജായേഗാ

(അത് പരിമളമാണ്, കാറ്റിലത് ചിതറിപ്പോയിക്കൊള്ളും
പ്രശ്‌നം പൂവിന്റേതാണ്, പൂവ് എങ്ങോട്ടു പോകാനാണ്)

നോക്കൂ, എത്ര കൃത്യമായാണ് അവര്‍ അമ്പ് തൊടുത്തു വിട്ടിരിക്കുന്നതെന്ന്. പ്രണയത്തില്‍ പെണ്ണ് എന്താണെന്ന് കൃത്യമായി അവര്‍ വരച്ചു വെക്കുകയാണിവിടെ. പ്രണയവും അനന്തരകാര്യങ്ങളുമായിരുന്നു അവരുടെ ഗസലുകള്‍ക്ക് വിഷയമെങ്കില്‍ സാമൂഹ്യ പ്രാധാന്യമുള്ള കാര്യങ്ങളായിരുന്നു അവരുടെ സ്വതന്ത്ര കവിതകള്‍ക്ക് വിഷയമായി വന്നത്.

ഒരു സ്ത്രീയുടെ മുഴുസമയങ്ങളും അവര്‍ തന്റെ കവിതകളില്‍ അടയാളപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. നിഷ്‌കളങ്ക ബാല്യം തൊട്ട് മുതിര്‍ന്നവര്‍ വരെ അനുഭവിക്കേണ്ടി വരുന്ന സാമൂഹ്യ സമ്മര്‍ദങ്ങളും അതിന്റെ അനന്തര ഫലങ്ങളുമെല്ലാം അവരുടെ കവിതകളില്‍ ഉണ്ടായിരുന്നതായ നിരീക്ഷണങ്ങളുണ്ട്. സ്ത്രീ പക്ഷ വായന നടത്തിയ കവയത്രി എന്ന നിലക്ക് പര്‍വിൻ ഷാകിറിന്റെ പേര് അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്.

പാരമ്പര്യങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള കവിതകള്‍ ജനിപ്പിക്കുന്നതില്‍ അവര്‍ ഒട്ടും ഭയപ്പെട്ടിരുന്നില്ല. 1994 ഡിസംബര്‍ 26 ന് ഒരു കാറപകടത്തിലാണ് അവര്‍ കൊല്ലപ്പെടുന്നത്. അപകടം നടന്ന റോഡിന് പിന്നീട് പര്‍വിൻ ഷാകിര്‍ റോഡ് എന്ന് നാമകരണം ചെയ്യുകയുണ്ടായി

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
ഗസലിന്റെ കൂട്ടുകാരൻ
3 years ago

രാരംഗോത്തിന്റെ അസ്വാദനങ്ങൾ ഏറെ ഹൃദ്യമാണ്

Back to top button
1
0
Would love your thoughts, please comment.x
()
x