Opinion

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചാൽ നമ്മുടെ റോഡുകൾ കൂടുതൽ സുരക്ഷിതമാകുമോ?

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചാൽ നമ്മുടെ റോഡുകൾ കൂടുതൽ സുരക്ഷിതമാകുമോ?

സംശയമാണ്.

ലെവൽ ക്രോസ്സിലൂടെ വണ്ടിയുമായി പോയിട്ടുണ്ടോ? ഒരു ട്രെയിൻ കുറുകേ പോകാനുണ്ട് എന്നതാണ് അവിടെ നമുക്ക് തടസ്സമായി നിൽക്കുന്നത് എന്നതാണ് തിയറി.

അതായത്, ട്രെയിൻ പോയി, ഗേറ്റ് തുറന്നാൽ നമുക്കും പോകാം.

പക്ഷേ അത് നടക്കാറുണ്ടോ? ട്രെയിൻ പോയി അര മണിക്കൂറ് കഴിയും മിക്കവാറും അവിടെയുണ്ടായ കുരുക്ക് അഴിയാൻ!

കാരണം ഇടതോ വലതോ ലെയിൻ നോക്കാതെ റോഡ് നിറയെ വാഹനങ്ങൾ ഗേറ്റിനോട് ചേർന്ന് നിർത്തിയിട്ടുണ്ടാകും. ഗേറ്റ് തുറക്കുമ്പോൾ അപ്പുറത്ത് വശത്തെ വണ്ടിയ്ക്ക് ഇങ്ങോട്ട് വരാനും സ്ഥലം വേണം എന്ന ചിന്തയില്ല. എല്ലാവർക്കും മുന്നിൽ നിൽക്കണം, ഗേറ്റ് തുറക്കുമ്പോൾ ആദ്യം പോണം. ഗേറ്റ് തുറക്കുമ്പോൾ, ദാ അപ്പുറത്തും അങ്ങനെയായതുകൊണ്ട് ആദ്യം നിൽക്കുന്നവർക്കും പോകാൻ സ്ഥലമില്ല!

പറഞ്ഞുവരുന്നത്, വാഹനത്തെ കൃത്യമായി കൈകാര്യം ചെയ്യാനറിയാത്തതല്ല നമ്മൾ റോഡിൽ നേരിടുന്ന പ്രധാന പ്രശ്നം. അത് റോഡുപെരുമാറ്റത്തിലെ അഹങ്കാരമാണ്, നിയമങ്ങളോടുള്ള പുച്ഛമാണ്.

അത് യന്ത്രങ്ങളുമായി ബന്ധപ്പെട്ടതല്ല, അതിന്റെ വീല് തിരിക്കുന്ന മനുഷ്യജീവിയുമായി മാത്രം ബന്ധമുള്ളതാണ്.

അമിതവേഗം, വരിയും സൈഡും തെറ്റിച്ച് ഓടിക്കൽ, സിഗ്നൽ തെറ്റിക്കൽ, വൺവേ തെറ്റിച്ച് പോകൽ, അലക്ഷ്യമായ പാർക്കിങ്, ഫുട്പാത്തിലൂടെ വണ്ടിയോടിക്കൽ, മദ്യപിച്ച് വണ്ടിയോടിക്കൽ എന്നിങ്ങനെ റോഡിൽ അപകടമാകുന്ന മിക്ക കാര്യങ്ങൾക്കും ഡ്രൈവിങ് സ്കില്ലുമായല്ല, ഡ്രൈവിങ് മനോഭാവവുമായിട്ടാണ് ബന്ധം.

നിലവിലെ ടെസ്റ്റുകൾ ഡ്രൈവിങ്ങിന് വേണ്ട നൈപുണ്യം കൃത്യമായി അളക്കാൻ പര്യാപ്തമല്ല എന്നത് ശരിയാണ്. അത് പരിഷ്കരിക്കേണ്ടതുണ്ട്.

കയറ്റത്തിൽ നിർത്തിയ വണ്ടി നീങ്ങാൻ ശ്രമിക്കുമ്പോൾ പിന്നോട്ട് ഉരുളുക, റിവേഴ്സ് പാർക്ക് ചെയ്യാൻ കഴിയാതെ വരിക, എന്നിങ്ങനെ പല പ്രശ്നങ്ങളും പരിഹരിക്കാൻ പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് കൊണ്ട് കഴിഞ്ഞേക്കും. ശരിയായ റോഡുപെരുമാറ്റം അറിയാത്തതുകൊണ്ട് മാത്രം ചെയ്യാത്തവർക്ക് അത് തിരുത്താനും ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം ഉപകരിച്ചേക്കും.

അതേ സമയം ഡ്രൈവിങ് സ്കൂളുകൾക്ക് പരിഷ്കരണത്തോടുള്ള എതിർപ്പ് സ്വാഭാവികമാണ്. മറ്റേത് വിദ്യാഭ്യാസവും പോലെ ഒരു ചടങ്ങ് മാത്രമാണ് നമുക്ക് ഡ്രൈവിങ് വിദ്യാഭ്യാസവും. അറിവ് നേടലല്ല, സർട്ടിഫിക്കറ്റ് നേടലാണ് വിദ്യാഭ്യാസം എന്ന് പറയുന്നതുപോലെ, ഡ്രൈവ് ചെയ്യാൻ പഠിപ്പിക്കലല്ല ലൈസൻസെടുക്കാൻ പഠിപ്പിക്കലാണ് ഇവിടെ മിക്കവാറും നടക്കുന്നത്.

ഒരു ഡ്രൈവിങ് സ്കൂളുണ്ടാകും. ഒരു വണ്ടി നിറയെ വിദ്യാർത്ഥികളുമായി ഒരു ആശാൻ റോഡിലിറങ്ങും. ഇടക്കിടെ നിർത്തി വീൽ പിടിക്കുന്ന ആളിനെ മാറ്റും. വിദ്യാർത്ഥി ആരായാലും ആശാൻ തിരിക്കാൻ പറയുമ്പോ തിരിക്കണം, ചവിട്ടാൻ പറയുമ്പോ ചവിട്ടണം. തെറ്റിച്ചാൽ ആശാന്റെ പൂരപ്പാട്ടും കേൾക്കണം. മാരുതി, ടൊയോട്ട തുടങ്ങിയ കമ്പനികൾ പ്രൊഫഷണലായി ഇത് ചെയ്യുന്നുണ്ട് എങ്കിലും ഫീസിലെ വ്യത്യാസം കാരണമാകണം, ഇപ്പോഴും കൺവെൻഷണൽ ഡ്രൈവിങ് സ്കൂളുകൾക്ക് തന്നെയാണ് ഡിമാൻഡ്. ഇത് വായിക്കുന്നവരിൽ നല്ലൊരു പങ്ക് അങ്ങനെ പഠിച്ചവരാകും.

നിങ്ങളിലാരെങ്കിലും, ഹമ്പ് (സ്പീഡ് ബ്രേക്കർ) വരുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് ആശാൻ പറഞ്ഞുതന്നത് ഓർക്കുന്നുണ്ടോ? ഡ്രൈവിങ് ബുദ്ധിമുട്ടാണെന്ന് പറയുന്ന കുറേ പേരോട് ഞാനിത് ചോദിച്ചിട്ടുണ്ട്. അതൊരു കോംപ്ലക്സ് ടാസ്കാണത്രേ.

ഹമ്പിനോട് അടുക്കുമ്പോൾ ആശാൻ പറയും, “ആക്സിലറേറ്ററീന്ന് കാലെട്” (എടുത്തു) “ചെറുതായിട്ട് ബ്രേക്ക് കൊട്”(കൊടുത്തു) “ക്ലച്ച് ചവിട്ട്” (ചവിട്ടി) “ഗിയർ ഡൗൺ ചെയ്” (ചെയ്തു) “ഇനി ക്ലച്ചൊന്ന് താങ്ങിക്കൊട്…” ഇങ്ങനെ കംപ്യൂട്ടറിന് അൽഗോരിഥം എഴുതിക്കൊടുക്കും പോലെയാണ് നിർദ്ദേശം.

വിദ്യാർത്ഥി ഈ ക്രമം വള്ളി പുള്ളി വിടാതെ പഠിച്ചെടുക്കണം. പിന്നെ അതൊക്കെ എന്ത്, രണ്ട് സൈഡ് വ്യൂ മിററും അന്തസ്സായി മടക്കിവെച്ചിട്ട്, കൊണ്ടുപിടിച്ച ഡ്രൈവിങ് പഠനം നടത്തുന്ന എത്രയോ ഡ്രൈവിങ് സ്കൂൾ വണ്ടികൾ റോഡിൽ കണ്ടിട്ടുണ്ട്.

വിദ്യാഭ്യാസം എന്നാൽ ആദ്യം അടിസ്ഥാന ആശയങ്ങൾ പഠിച്ചിട്ട്, മറ്റ് വിശദാംശങ്ങൾ അതിന് മുകളിലാണ് കയറ്റിവെക്കേണ്ടത്. അത് ഏത് വിഷയമായാലും.

നേരത്തെ പറഞ്ഞ ഹമ്പ് കയറ്റത്തിന്റെ കാര്യം പറഞ്ഞാൽ, ഹമ്പ് കടക്കുമ്പോൾ സ്പീഡ് കുറയ്ക്കണം (അതിനാണല്ലോ ഹമ്പ്!), സ്പീഡ് കുറയുമ്പോൾ കൂടുതൽ പവർ (കൃത്യമായി പറഞ്ഞാൽ, ടോർക്ക്) വേണ്ടിവരുന്നതിനാൽ ഗിയർ താഴ്ത്തേണ്ടിവരും- ഇത്രേ ഉള്ളൂ കാര്യം.

പക്ഷേ ആശാൻ പറഞ്ഞുവരുമ്പോൾ റോക്കറ്റുവിക്ഷേപണം പോലൊരു പ്രവൃത്തിയായിട്ട് തോന്നിയേക്കാം. ഇതിൽ തന്നെ ‘ക്ലച്ച് താങ്ങൽ’ നമ്മുടെ ഡ്രൈവിങ് പഠനത്തിലെ ഒരു മാസ്റ്റർ ആർട്ടാണ്. (വണ്ടിയുടെ ആരോഗ്യത്തിന് ഹാനികരമായ ഈ പരിപാടി, തെറ്റിച്ച് പഠിച്ചു പോയതിന്റെ പേരിൽ ഇന്നും തിരുത്താൻ പാടുപെടുന്ന ആളാണ് ഞാൻ).

ചുരുക്കിപ്പറഞ്ഞാൽ, റോഡ് സുരക്ഷിതമാക്കാൻ ‘യന്ത്രങ്ങളുടെ പ്രവർത്തനം’ മാത്രം പഠിച്ചാൽ പോരാ!

Vaisakhan Thampi

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x