KeralaMiddle East

പ്രവാസി വിരുദ്ധ സര്‍ക്കാറുകൾ; ശക്തിപ്പെടേണ്ട പ്രവാസി രാഷ്ട്രീയം

പ്രതികരണം/ടി റിയാസ് മോന്‍

വിദേശത്ത് നിന്നും വരുന്നവരാണ് കേരളത്തില്‍ കോവിഡ് പരത്തുന്നതെന്ന വസ്തുതാപരമായ ആശങ്കയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 24ലെ പ്രധാനമന്ത്രിയുടെ ലോക്ക്ഡൗണ്‍ പ്രഖ്യാപനം സ്വീകരിച്ചവരാണ് കേരളത്തില്‍ ജീവിക്കുന്ന ഭൂരിപക്ഷം ആളുകളും.

കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരും, ഗള്‍ഫില്‍ ജോലി ചെയ്യുന്നവരുമായ ലക്ഷക്കണക്കിന് ആളുകളുണ്ട്.

അവരുടെ കുടുംബങ്ങളാണ് വ്യോമ- റെയില്‍ ഗതാഗതത്തിന്റെ സ്തംഭനത്തില്‍ ആശങ്കപ്പെട്ടത്. അന്യസംസ്ഥാനത്ത് നിന്ന് റെയില്‍- റോഡ് വഴിയും, വിദേശത്ത് നിന്ന് വിമാനമാര്‍ഗ്ഗവും ആളുകള്‍ എത്തുന്നത് നിര്‍ത്തി വെക്കേണ്ടത് കേരളത്തില്‍ ജീവിക്കുന്നവരുടെ കോവിഡില്‍ നിന്നുള്ള സുരക്ഷ ഉറപ്പാക്കുമെന്ന പൊതുബോധം വളര്‍ന്നു വന്നു.

ജനുവരി 30ന് ചൈനയിലെ വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ഥിക്കാണ് കേരളത്തില്‍ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചതിന് ശേഷം ദിവസം തോറും കേരളത്തില്‍ കോവിഡ് സ്ഥീരീകരിച്ചു വന്നു. ഇറ്റലി, ഫ്രാന്‍സ്, ചൈന, ഇംഗ്ലണ്ട്, സ്‌പെയിന്‍, സൗദി അറേബ്യ, യു എ ഇ, കുവൈത്ത്, ഖത്തര്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കൊറോണ വൈറസ് ബാധിതര്‍ കേരളത്തിലെത്തി.

Advertisement

അനുദിനം വര്‍ധിക്കുന്ന കോവിഡ് കേസുകള്‍ നിയന്ത്രിക്കുന്നതിന് സ്വദേശി മലയാളി കണ്ടെത്തിയ എളുപ്പ വഴി വിമാനങ്ങള്‍ നിയന്ത്രിക്കുക എന്നതാണ്. കേന്ദ്രം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിമാനങ്ങള്‍ നിര്‍ത്തി വെക്കുകയെന്ന ലളിതയുക്തി പ്രാവര്‍ത്തികമായി. അതിന്റെ തുടര്‍ച്ചയായി ഏപ്രില്‍ 6 മുതല്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായിത്തുടങ്ങി. മെയ് 8 ആയപ്പോഴേക്കും ചികിത്സയിലുള്ള രോഗികളുടെ എണ്ണം 16 ആയി ചുരുങ്ങി.

ലോക്ക്ഡൗണില്‍ ഇളവ് വന്നതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നും, വിദേശത്ത് നിന്നും ആളുകള്‍ എത്തിത്തുടങ്ങിയതോടെ രോഗികളുടെ എണ്ണം വീണ്ടും ഉയര്‍ന്നു തുടങ്ങി. രോഗികളുടെ എണ്ണം കുറഞ്ഞു തുടങ്ങിയ ഏപ്രില്‍ 6 മുതല്‍ മെയ് 9 വരെ ‘നമ്പര്‍ വണ്‍ കേരളം’ അപദാനങ്ങള്‍ വാര്‍ത്താ ചാനലുകളിലും, ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും ഉയര്‍ന്നു പൊങ്ങി.

അപ്പോഴും കേരളത്തിന് പുറത്ത് പ്രവാസി മലയാളികള്‍ കോവിഡ് ബാധിക്കുകയും, മരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവരെ വിസ്മരിച്ചാണ് കേരളം നമ്പര്‍ വണ്‍ ആയത്.

വ്യാജ നമ്പര്‍ വണ്‍ നിര്‍മ്മിതിക്കു വേണ്ടി മാധ്യമപിന്തുണയോടെ കേരളത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പബ്ലിക്ക് റിലേഷന്‍ ഗിമ്മിക്കുകള്‍ക്കിടയില്‍ ഗള്‍ഫില്‍ 200ഓളം പ്രവാസി മലയാളികള്‍ കോവിഡ് ബാധിച്ചു മരിച്ചിരിക്കുന്നു.

നൂറുകണക്കിന് മലയാളികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പലരും ആശുപത്രി സേവനങ്ങള്‍ പോലും ലഭിക്കാതെ റൂമുകളില്‍ ഭീതിയോടെ കഴിച്ചു കൂട്ടുകയാണ്. ആവശ്യമായ മരുന്നോ, ചികിത്സയോ ലഭ്യമാകുന്നില്ല എന്നതാണ് പ്രവാസികള്‍ നേരിടുന്ന വെല്ലുവിളി.

കേരള സര്‍ക്കാറിന്റെ നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ പ്രവാസികള്‍ക്കിടയിലേക്ക് എത്തിയിട്ടില്ല. പ്രവാസി ക്ഷേമം എന്നത് സംസ്ഥാന സര്‍ക്കാറിന്റെ അജണ്ടയില്‍ പോലുമില്ല.
സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വേണ്ടത് ചാര്‍ട്ടേഡ് വിമാനങ്ങളല്ല, അനുദിനം ഓരോ അറബ് രാജ്യത്ത് നിന്നും കേരളത്തിലേക്ക് ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളാണ്.

എന്നാല്‍ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് വിമാനങ്ങള്‍ ദിവസവും വന്നാല്‍ കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുമെന്നതിനാല്‍ അനുമതി നല്‍കാതിരിക്കുകയാണ് കേരളം ചെയ്യുന്നത്. ആവശ്യത്തിന് വിമാന സര്‍വ്വീസുകള്‍ ഇല്ലാത്തതിനാലാണ് കെ എം സി സി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി ചോദിച്ചത്. ഏതാനും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയെന്നല്ലാതെ, ഭൂരിപക്ഷം അപേക്ഷകളും ചുവപ്പ് നാടയില്‍ കുരുക്കിയിട്ടിരിക്കുകയാണ് കേരള സര്‍ക്കാര്‍.

ഇപ്പോള്‍ ചാര്‍ട്ടേഡ് വിമാനങ്ങളെ കൂടി നിരുത്സാഹപ്പെടുത്തുന്ന തരത്തിലാണ് കേരള സര്‍ക്കാര്‍ പെരുമാറുന്നത്. കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നത് അങ്ങേയറ്റം മനുഷ്യത്വഹീനമായ സമീപനമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അനുദിനം കേരളത്തിലേക്ക് വിമാന സര്‍വ്വീസുകള്‍ ഉണ്ടായാല്‍ എല്ലാ പ്രവാസികളും കേരളത്തിലേക്ക് വന്ന് സംസ്ഥാന സര്‍ക്കാറിന്റെ ആയിരമോ, അയ്യായിരമോ നക്കാപിച്ച വാങ്ങി കേരളത്തില്‍ ജീവിക്കാന്‍ പോകുന്നില്ല. ആരോഗ്യമുള്ളവരൊക്കെയും ഗള്‍ഫില്‍ തന്നെ തുടരും.

രോഗികളും, തൊഴില്‍ രഹിതരും, വിസാ കാലാവധി അവസാനിച്ചവരുമാണ് കേരളത്തിലേക്ക് വരാന്‍ തിടുക്കം കാണിക്കുന്നത്. അവര്‍ക്ക് വേണ്ടി ആകാശപ്പാത തുറന്നിടുന്നതോടെ പ്രവാസികള്‍ക്കിടയിലെ ഭീതിയും, ആശങ്കയും താനേ കുറയും. ആവശ്യമായ വൈദ്യസഹായവും, മരുന്നുകളും ലഭ്യമാക്കുന്നതോടെ പ്രവാസികള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തും. അതിനാണ് അവര്‍ വിമാനസര്‍വ്വീസുകള്‍ ആവശ്യപ്പെടുന്നത്.

prime minister

വിമാന സര്‍വ്വീസുകള്‍ സംസ്ഥാനത്തിന് യാതൊരു തരത്തിലുള്ള സാമ്പത്തിക ബാധ്യതയും വരുത്തുന്നില്ല. വിമാനക്കമ്പനികള്‍ ഈടാക്കുന്ന ചാര്‍ജ്ജ് യാത്രക്കാരാണ് നല്‍കുന്നത്. എന്നിട്ടും പ്രവാസികളോട് ശത്രുതാപരമായാണ് കേരള സര്‍ക്കാര്‍ പെരുമാറുന്നത്. പ്രവാസികളുടെ പണവും, വിയര്‍പ്പും ആണ് ആധുനിക കേരളത്തിന്റെ സാമ്പത്തിക അസ്ഥിവാരമെന്ന് പറയാറുണ്ട്.

എന്നാല്‍ കേരളം ആരോഗ്യമേഖലയില്‍ നമ്പര്‍ വണ്‍ ആകുന്നതും, സംസ്ഥാന സര്‍ക്കാര്‍ തലയുയര്‍ത്തി അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതും പ്രവാസികളുടെ ദീനവും, ശവശരീരങ്ങളും കൂടി ഉപയോഗപ്പെടുത്തിയാണ്.

സഊദി അറേബ്യയിലെ റിയാദിലും, ജിദ്ദയിലും ആശുപത്രികള്‍ക്ക് മുമ്പില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെടുകയാണ്. ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ജീവിതം തന്നെ ചോദ്യചിഹ്നമായിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് ഓരോ പ്രവാസിയുടെയും രാഷ്ട്രീയ നിലപാടിനെ രൂപപ്പെടുത്തേണ്ടതുണ്ട്. ‘സ്‌നേഹിച്ചിടില്ല ഞാന്‍ നോവുമാത്മാവിനെ, സ്‌നേഹിച്ചിടാത്തൊരു പ്രത്യയശാസ്ത്രത്തെയും’ എന്ന് ഉറക്കെപ്പാടേണ്ട സമയമാണിത്.

പ്രവാസികളുടെ രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് നേതാക്കള്‍ ഗള്‍ഫില്‍ എത്തുമ്പോള്‍ സ്വീകരണം നല്‍കുന്നതും, ഇടയ്ക്കിടെ പണപ്പിരിവ് നടത്തുന്നതും, ഓണാഘോഷം സംഘടിപ്പിക്കുന്നതും അല്ല. അതിജീവനത്തെ കുറിച്ചുള്ള ചോദ്യങ്ങളുണ്ടാകുമ്പോള്‍ ഇടപെടുന്നതാണ്. കേരള രാഷ്ട്രീയത്തില്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ സജീവ ചര്‍ച്ചയാക്കി ഉയര്‍ത്തേണ്ടത് പ്രവാസികള്‍ തന്നെയാണ്.

Show More
0 0 vote
Article Rating
Subscribe
Notify of
0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x