Entertainment
Trending

ഥപ്പട്; ഒരു അടി കൊണ്ട് തെളിഞ്ഞ് വരുന്ന സത്യങ്ങൾ !

സിനിമ നിരൂപണം / അഡ്വ. മുഹമ്മദ് ഇബ്രാഹീം

മൂക്കത്ത് ശുണ്ഠിയുള്ളവർ എന്നൊക്കെ അവകാശപ്പെടുന്നുവരെ കുറിച്ച് ചിന്തകനായ മൈത്രേയൻ നടത്തുന്ന ഒരു നിരീക്ഷണമുണ്ട്. ഇത്രയും ദേഷ്യമുള്ളവർ ഒരു പോലീസ് സ്റ്റേഷനിൽ ചെല്ലുമ്പോൾ സമാധാനപ്രിയരായി മാറും എന്നതാണത്. അത് കൊണ്ട് നമ്മുടെ പല ദേഷ്യങ്ങളും അത് പുറത്തെടുക്കാം എന്ന ധൈര്യമുള്ള സ്ഥലങ്ങളിലും തിരിച്ചൊന്നും ചെയ്യില്ല എന്ന് ഉറപ്പുള്ള ആളുകളോടുമാണ് പുറത്തെടുക്കുന്നത് എന്ന് പറയാം.

അത് ഒരു അധ്യാപകൻ വിദ്യാർത്ഥിയോടാവാം, മാതാപിതാക്കൾ മക്കളോടാവാം, പോലീസ് ഓഫീസർ പ്രതിയോടാവാം, ഭർത്താവ് ഭാര്യയോടുമാവാം. ചെകിട്ടത്ത് അടിക്കുക എന്നർത്ഥം വരുന്ന “ഥപ്പട്” എന്ന സിനിമ ഭാര്യയും ഭർത്താവും തമ്മിൽ നിലനിൽക്കുന്ന അധികാര ബന്ധങ്ങളെ കൂടി സൂക്ഷ്മ വിമർശനത്തിന് വിധേയമാക്കുന്ന ഒന്നാണ്. 

അനുഭവ് സിൻഹ സംവിധാനം ചെയ്ത്, താപസി പന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് ഥപ്പട്. മുൽക്കിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.

അമൃതയും വിക്രമും മധ്യവർഗ കുടുംബത്തിൽ ജനിച്ച് വിവാഹം ചെയ്തവരാണ്. വിക്രം ഒരു കോർപ്പറേറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. അമൃതയാവട്ടെ ഭർത്താവിൻ്റെ ജീവിത ലക്ഷ്യങ്ങൾക്കൊപ്പം നിൽക്കലാണ് തൻ്റെയും ജീവിതം എന്ന് കരുതി അയാളെയും അയാളുടെ രോഗിയായ അമ്മയെയും പരിചരിക്കുകയും ചെയ്യുന്നു.

അധികാര ബന്ധങ്ങളെ വിമർശന വിധേയമാക്കുന്നു

എന്നാൽ വിക്രമിന് കമ്പനിയിൽ ലഭിക്കുന്ന ഒരു നേട്ടവുമായി ബന്ധപ്പെട്ട് വീട്ടിൽ നടത്തുന്ന പാർട്ടിയിൽ വച്ച് കാര്യങ്ങൾ മാറി മറിയുന്നു. തൻ്റെ ബോസിൻ്റെ ഒരു ഫോൺ കോളിൽ അസ്വസ്ഥനാകുന്ന വിക്രം തന്നെ പിടിച്ച് മാറ്റാൻ വരുന്ന അമൃതയുടെ ചെകിട്ടത്തടിക്കുന്നു. ഈ അടിയെ കുറിച്ച് അമൃത തന്നെ പറയുന്നത് ഒരടിയിലൂടെ മറഞ്ഞ് നിന്നിരുന്ന പല സത്യങ്ങളും എനിക്ക് കാണാൻ തുടങ്ങി എന്നാണ്. അമൃത വിക്രമിൻ്റെ വീടുപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോകുന്നു.

തൻ്റെ പ്രവൃത്തിയിൽ ഒരിക്കൽ പോലും മാപ്പ് പറയാത്ത വിക്രം അമൃതയെ തിരികെ വീട്ടിലെത്തിക്കാൻ പല വഴികളും നോക്കി പരാജയപ്പെടുന്നു. ഒടുവിൽ അമൃത വക്കുന്ന ഡിവോർസ് എന്ന ഡിമാൻറിന് വിക്രം വഴങ്ങുന്നു. 

ഇത്രയും ചെറിയ കാര്യത്തിന് എന്തിനാണ് ഡിവോർസ് എന്ന ചോദ്യം അമൃത വക്കീലിൽ നിന്നും തൻ്റെ സഹോദരനിൽ നിന്ന് വരെ അഭിമുഖീകരിക്കുന്നുണ്ട്. ആത്മാഭിമാനം നഷ്ടപ്പെടുത്തി ഒരാളെ സ്നേഹിക്കാനാവില്ല എന്നും സ്നേഹമില്ലാത്ത ബന്ധത്തിൽ നിൽക്കാനാവില്ല എന്നും അമൃത നിലപാട് എടുക്കുന്നു. 

ഇത് അമൃതയുടെ മാത്രം കഥയല്ല

സിനിമ പ്രധാനമായും കൈ കാര്യം ചെയ്യുന്നത് അമൃതയുടെ കഥയാണെങ്കിലും അരികുകളിൽ അത് മുഴുവൻ പെണ്ണുങ്ങളുടേയും കഥയാവുന്നുണ്ട്. ദിവസവും ഭർത്താവിൻ്റെ തല്ല് കൊള്ളുന്ന വീട്ട് ജോലിക്കാരി, അച്ഛൻ്റെ കമ്പനി ഉപേക്ഷിച്ച് മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നത് കൊണ്ട് വീടുപേക്ഷിച്ച വിക്രമിനൊപ്പം ജീവിക്കുന്ന അമ്മ, തൻ്റെ പാട്ട് ജീവിതം ഉപേക്ഷിച്ച അമൃതയുടെ അമ്മ അങ്ങനെ സിനിമയിലെ മൊത്തം സ്ത്രീകളും സ്വപ്നങ്ങൾ ത്യജിച്ച് ജീവിച്ചവരാണ്.

എലീറ്റ് ജീവിതം നയിക്കുന്ന അമൃതയുടെ വക്കീലായ സ്ത്രീ പോലും നേരിടുന്ന അപമാനം വനിതകളുടെ പ്രശ്നം ക്ലാസ്സ് ന്യൂട്രൽ ആണ് എന്നാണ് പറയുന്നതും. അത് കൊണ്ട് പഴയ കാല സിനിമ പോലെ നന്മ- തിന്മ ദ്വന്ദത്തിൽ കണ്ട് കളയാവുന്ന ഒന്നല്ല ഥപ്പട്. അത് നമുക്ക് പരിചയമുള്ള സ്ത്രീകളുടെ ജീവിതം കൂടി ഓർമിപ്പിക്കുകയും നമ്മളെ കൂടി ആത്മ വിമർശനത്തിന് നിർബന്ധിതരാക്കുകയും ചെയ്യും. 

വളരെ സ്വഭാവികമായ ഒരു കഥയിലൂടെ സന്ദേശം പറയുന്നതിന് പകരം ഇവിടെ സന്ദേശം ആണ് മുഖ്യം എന്ന രീതിയിലാണ് സിനിമ സഞ്ചരിക്കുന്നത്. സംവിധായകൻ്റെ മുൻ ചിത്രമായ മുൽക്കിലും ഈ പ്രവണത കാണാം. ആശയം ശക്തമായിരിക്കുമ്പോൾ തന്നെ കൂടുതൽ പേരെ എൻഗേജ് ചെയ്യിക്കാനാവുക സിനിമയുടെ സ്വഭാവികമായ ഒരു ഫ്ലോക്കാണ് എന്ന തോന്നൽ മാത്രം മുന്നോട്ട് വക്കുന്നു. കാരണം, ആണും പെണ്ണും തൊഴിൽ ചെയ്യാൻ നിർബന്ധിതരാവുന്ന നിയോ ലിബറൽ കാലത്ത് പരസ്പര ബഹുമാനത്തിൻ്റെ തത്വങ്ങൾ കൂടുതൽ പേർ ഉൾകൊള്ളേണ്ടത് ആവശ്യമാണ്. 

Tags
Show More

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Back to top button
Close