ColumnsIndia

കങ്കണ ചെയ്ത ട്വീറ്റിനെക്കാൾ അതിനു കിട്ടുന്ന സ്വീകാര്യതയാണ് പേടിപ്പിക്കുന്നത്

പ്രതികരണം/നെൽസൺ ജോസഫ്

“സ്കൂളിൽ പഠിച്ചിരുന്നത് മഹാത്മാഗാന്ധി എത്ര മഹാനായിരുന്നു എന്നതാണ്. എന്നാൽ ഇരുപത് വർഷം കഴിഞ്ഞ് ട്വിറ്ററാണ് മഹാത്മാഗാന്ധി യഥാർഥത്തിൽ ഈ രാജ്യത്തോട് എന്താണ് ചെയ്തത് എന്നും ഗോഡ്സെ രാജ്യത്തിനു വേണ്ടി അയാളത്തന്നെ ബലികഴിച്ചത് എന്നും തിരിച്ചറിയാൻ സഹായിച്ചത് ” എന്ന് ഒരാൾ.

ഏത്, ട്വിറ്ററേയ്…

വാസ്തവമേതാണ്, നുണക്കഥയേതാണെന്ന് തിരിച്ചറിയാൻ, ഫാക്റ്റ് ചെക്ക് ചെയ്യാൻ പോലും കഴിയുന്നതിനു മുൻപ് പതിനായിരങ്ങളിലേക്ക് വാക്കുകളെത്തിച്ചേരുന്ന സോഷ്യൽ മീഡിയകളിൽ ഒന്ന്.

ജൂതന്മാരെ ഹിറ്റ്ലർ കൂട്ടക്കൊല ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നവരെയും കണ്ടുമുട്ടാൻ കഴിയും ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെ.

ഞാനടക്കം പലരും സ്കൂളിൽ പഠിച്ചിരുന്നപ്പൊ വെറുതെ കാണാതെ പഠിച്ച് ഛർദ്ദിച്ചുപോന്നതാണ് ചരിത്രം. പണ്ട് ചെയ്ത തെറ്റുകൾ അതേപടി ആവർത്തിക്കുന്നതിൻ്റെ കാരണങ്ങളിലൊന്ന് അതു തന്നെയാണ്.

അല്ല, പഠിച്ച കെമിസ്ട്രിയും ഫിസിക്സുമൊക്കെ മറന്ന് സോഷ്യൽ മീഡിയ വച്ചു നീട്ടുന്ന മറ്റ് പലതും വിശ്വസിക്കുന്നത് കാണുമ്പൊ ഇനി പഠിച്ചാലും എന്ത് സംഭവിക്കുമായിരുന്നെന്നും ചിലപ്പൊ ആലോചിച്ചുപോവും.

തെളിവുകളോടെ രേഖപ്പെടുത്തിവയ്ക്കപ്പെട്ട ചരിത്രമാണോ സോഷ്യൽ മീഡിയ ഫോർവേഡുകളാണോ വിശ്വസിക്കേണ്ടത്?

പലരും വിശ്വസിക്കാൻ തിരഞ്ഞെടുക്കുന്നത് രണ്ടാമത്തേതാവുമ്പൊ അതേ സോഷ്യൽ മീഡിയ വഴി തന്നെ തിരുത്തലുകളും ഉണ്ടാവണം.

” ഇന്നത്തെ ദിവസമാണ് ഇന്ത്യ ഈ മനുഷ്യൻ്റെ ധീരതയ്ക്ക് സാക്ഷ്യം വഹിച്ചത് ” എന്ന് മറ്റൊരാൾ..

ഏത്, ധീരതയേ…

നിരായുധനായ ഒരു മനുഷ്യൻ്റെ നെഞ്ചിലേക്ക് വെടിയുതിർക്കുന്ന ധീരത.

അതിനെ താരതമ്യം ചെയ്യേണ്ടതോ?

സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് പേരു കേട്ട ഒരു രാജ്യത്തിൻ്റെ ഭരണാധികാരികൾക്കെതിരെ ഉപ്പ് കുറുക്കിയും ഉപവാസമനുഷ്ഠിച്ചും ജയിലഴിക്കുള്ളിലാക്കപ്പെട്ടുമൊക്കെ അർദ്ധനഗ്നനായ ഒരു മനുഷ്യൻ നടത്തിയ പോരാട്ടത്തോട്..

അഹിംസയെ, അക്രമരാഹിത്യത്തെ ഉയർത്തിപ്പിടിച്ച മനുഷ്യനോട്..

സ്വന്തം രാജ്യത്തെ ജനങ്ങൾ മതത്തിൻ്റെ പേരിൽ തമ്മിലടിക്കരുതെന്ന് ആഗ്രഹിച്ച മനുഷ്യനോട്…

അവരുടെ തമ്മിലടി നിൽക്കാൻ താൻ മരണം വരെ ഉപവസിക്കുമെന്ന പ്രഖ്യാപനം മതിയെന്ന് മനസിലാക്കിയിരുന്ന മനുഷ്യനോട്..

അതും ആ മഹാത്മാവ് കൊല്ലപ്പെട്ട ദിവസം..

താരതമ്യം അർഹിക്കുന്നുപോലുമില്ല..

പക്ഷേ പറയേണ്ടി വരുന്നത് അത്തരം വരികൾക്ക് കിട്ടുന്ന സ്വീകാര്യതകൊണ്ട് മാത്രമാണ്.

ഒരു കാര്യം വ്യക്തമായി മനസിലാക്കണം.

ഇന്ത്യ പിറന്നത്, പണിതുയർത്തിയത് വെടിയുണ്ടകൾക്ക് മേലല്ല. വെടിയുണ്ടകൾക്ക് ഓർമകളെ മുറിവേല്പിക്കാനുമാവില്ല.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x