രേഖ്തെ കെ തുമീ ഉസ്താദ് നഹി ഹൊ ഗാലിബ്
കെഹ്തെ ഹെ അഗ്‌ലെ സമാനെ മെ കൊയി ‘മിർ’ ഭി ഥാ
രേഖ്തക്ക് (ഉർദു) നീ മാത്രമല്ല ഉസ്താദായി ഉള്ളത് ഗാലിബ്,
പോയ കാലത്ത് ഏതോ ഒരു മീറുമുണ്ടായിരുന്നതായി പറഞ്ഞു കേൾക്കുന്നു
ഉർദു കവികളിൽ ഏറെ ആദരിക്കപ്പെടുന്ന കവികളിലൊരാളായിരുന്ന മീർ തകി മീറിനെക്കുറിച്ച് മിർസാ ഗാലിബ് എഴുതിയ വരികളാണ് മുകളിലുള്ളത്. ഉർദു കാവ്യ ശാഖയിൽ എന്നും ആദരിക്കപ്പെടുന്ന നാമമാണ് മീറിന്റേത്. ഖുദായെ സുഖൻ (കവിതയുടെ ദൈവം)എന്ന് അദ്ദേഹം വിളിക്കപ്പെട്ടിരുന്നു.
1722 ലെ ഫെബ്രുവരി മാസത്തിൽ ആഗ്ര(പഴയ അക്ബറാബാദ്)യിലാണ് അദ്ദേഹത്തിന്റെ ജനനം. സൂഫി വിചാരധാരയോട് ചേർന്ന് പ്രവർത്തിച്ചിരുന്ന പിതാവും അമ്മാവനുമാണ് മീറിന്റെ ചിന്താധാരയിൽ നിർണായക സ്വാധീനം ചെലുത്തുന്നത്. സ്നേഹവും കാരുണ്യവും ആർദ്രതയുമെല്ലാം ഇങ്ങനെയാണ് മീർ തന്റെ ജീവിതത്തോട് ചേർത്തു വെക്കുന്നത്.
പത്തു വയസു പിന്നിട്ടപ്പോഴേക്കും മീറിന് തുണയും തണലുമായിരുന്ന പിതാവും അമ്മാവനും മരണമടഞ്ഞിരുന്നു. തനിക്ക് രക്ഷയാകേണ്ടവർ തന്റെ വിദ്യാഭ്യാസത്തെച്ചൊല്ലി നിസ്സഹായരാണ് എന്ന് മനസിലാക്കിയതോടെ മീർ നാട് വിട്ട് അലഞ്ഞു നടക്കാൻ തുടങ്ങി.
ദില്ലി, ആഗ്ര, ലക്നൗ തുടങ്ങി പലയിടങ്ങളിലും മീർ ചെന്നെത്തി. ഒടുവിലാണ് ദില്ലിയിൽ താമസിക്കാനാരംഭിക്കുന്നത്. അക്കാലയളവിൽ സംസമുദ്ദൗള പ്രതിദിനം ഒരു രൂപ കണക്കിന് നല്കിയിരുന്ന സ്കോളർഷിപ്പായിരുന്നു അദ്ദേഹത്തിന്റെ വരുമാന സ്രോതസ്. പക്ഷെ, ആ സഹായവും ഏറെ നീണ്ടു നിന്നില്ല. നാദിർ ഷാ ദില്ലി ആക്രമിക്കുകയും സംസമുദ്ദൗള കൊല്ലപ്പെടുകയും ചെയ്തു.
നാദിർഷയുടെ വരവോടെ ദില്ലിയിൽ കവികൾക്ക് പ്രാധാന്യം കുറഞ്ഞു. അതോടു കൂടിയാണ് മീർ ലക്നൗവിലേക്ക് ചെന്നെത്തുന്നത്. ദില്ലി ചിന്താ ധാരയും ലക്നൗ ചിന്താ ധാരയും പ്രത്യക്ഷത്തിൽ തന്നെ വളരെ വ്യത്യസ്തമായ ശൈലിയായിരുന്നു എഴുത്തിൽ പിന്തുടർന്നിരുന്നത്. ലക്നൗവിൽ എത്തിയെങ്കിലും ആ ചിന്താ ധാര മീറിനെ സ്വാധീനിച്ചതേയില്ല.
അസഫുദ്ദൗളയുടെ സദസിലേക്കാണ് ലക്നൗവിൽ മീർ വന്നു പെടുന്നത്. മീറിനെ ഏറെ ആദരവോടെയാണ് അദ്ദേഹം കണ്ടിരുന്നതെങ്കിലും ആ നാട്ടുകാരായ കവികൾ മീറിനെ ഇഷ്ടപ്പെട്ടിരുന്നില്ല.
മീറിന്റെ കവിതകളിൽ പ്രണയം നിറയെയുണ്ടായിരുന്നു. എന്നിരുന്നാലും വേർപാടിന്റെ വേദന മുഴച്ചു നില്ക്കുന്ന ഒട്ടനവധി രചനകൾ അദ്ദേഹത്തിൽ നിന്ന് പിറവി കൊണ്ടിട്ടുണ്ട്.
ഇഷ്ഖ് ഹി ഇഷ്ഖ് ഹെ ജഹാ മെ
സാരെ ആലം മെ ഭർ രഹാ ഹെ ഇഷ്ഖ്
(എവിടെയും പ്രണയമുണ്ട്.
ഈ ലോകം മുഴുക്കെ പ്രണയം കവിഞ്ഞൊഴുകുകയാണ്)
പ്രണയത്തിന്റെ മുറിവേറ്റവരോടുള്ള അദ്ദേഹത്തിന്റെ സംസാരം നോക്കൂ.
ഇബ്തിദായെ ഇഷ്ഖ് ഹെ രോതാ ഹെ ക്യാ
ആഗെ ആഗെ ദേഖിയെ ഹോതാ ഹെ ക്യാ
( ഇത് പ്രണയത്തിന്റെ തുടക്കം മാത്രമാണല്ലോ,
(ഇപ്പോഴേ) നീ കരയുവതെന്തിന്?
അല്പം കൂടി കാത്തിരിക്കൂ,
എന്തു സംഭവിക്കുമെന്ന് നോക്കൂ)
മീറിന് ഉർദു ഗസലിലുള്ള സ്ഥാനം എന്താണ് എന്നതു സംബന്ധിച്ച ചർച്ചകൾ പല വഴിക്കു സഞ്ചരിച്ചിട്ടുണ്ട്. ഉർദു ഗസലിന്റെ എതിർക്കപ്പെടാത്ത ഗുരു എന്ന ചിലർ അദ്ദേഹത്തെ വാഴ്ത്തുന്നുണ്ട്. മറ്റു ചിലരാകട്ടെ ഗാലിബുമായി അദ്ദേഹത്തെ താരതമ്യം ചെയ്യുകയും ഗാലിബോ മീറോ എന്ന ചോദ്യമുയർത്തുകയും ചെയ്യുന്നു. എന്നാൽ ഗാലിബോ സൗഖോ എന്ന ചർച്ചകൾ സജീവമായിരുന്ന സമയത്തു പോലും ഗാലിബും സൗഖും മീറിന്റെ സ്ഥാനത്തെ ആദരവോടെയാണ് കണ്ടിരുന്നത്.
പ്രണയം സമ്മാനിച്ച ദുരന്തങ്ങൾ വളരെ കൃത്യതയാർന്ന വാക്കുകൾ കൊണ്ട് മീർ അടയാളപ്പെടുത്തിയിരുന്നു.
ദില്ലിയുമായി മീർ മാനസികമായ ഒരു ബന്ധം തന്നെ സ്ഥാപിച്ചിരുന്നു. അതുകൊണ്ടു തന്നെ ദില്ലിയുടെ സ്വാധീനം അദ്ദേഹത്തിന്റെ രചനകളിലുണ്ടായിരുന്നതോടൊപ്പം ദില്ലിയോറ്റുള്ള പ്രിയം അദ്ദേഹം ഒരിക്കലും മറച്ചു വെച്ചിരുന്നില്ല.
ഒരവസരത്തിൽ ലഖ്നൗവിലെ കുറച്ച് പൗരപ്രമുഖർ മീറിനെ കണ്ടു മുട്ടുകയുണ്ടായി. സുഖാന്വേഷണങ്ങൾക്കു ശേഷം മീറിനോട് ഒരു കവിത ചൊല്ലാനായി അവർ ആവശ്യപ്പെട്ടു. ഒഴിഞ്ഞു മാറാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. എന്നാൽ അവർ നിർബന്ധം പിടിച്ചപ്പോൾ തന്റെ കവിത അവർക്ക് മനസിലാക്കാൻ കഴിയില്ല എന്ന് വ്യക്തമായി തന്നെ മീർ പറഞ്ഞു വെച്ചു.
അറിയപ്പെടുന്ന പേർഷ്യൻ കവികളായ അൻവരിയുടെയും ഖാകനിയുടെയുമെല്ലാം കവിതകൾ ഞങ്ങൾക്ക് മനസിലാകുന്നുണ്ടല്ലോ എന്നായിരുന്നു അവരിലൊരാളുടെ മറുപടി.
‘നിങ്ങൾക്കത് മനസിലാകുമെന്ന് എനിക്കുറപ്പുണ്ട്. എന്നാൽ, എന്റെ കവിത മനസിലാക്കണമെങ്കിൽ ദില്ലി ജുമാ മസ്ജിദിന്റെ പടവുകളിൽ സംസാരിക്കപ്പെടുന്ന ഭാഷയാണ് നിങ്ങൾക്കറിയേണ്ടത്. അതാകട്ടെ നിങ്ങൾക്ക് അറിയില്ല താനും’ എന്നായിരുന്നു മീറിന്റെ പ്രത്യുത്തരം.
ഇടക്കാലത്ത് നവാബ് അസഫുദ്ദൗളയുമായി മീർ ശത്രുതയിലായി. ഈ ശത്രുതക്കിടയിലും നവാബ് മീറിനുള്ള സ്റ്റൈപ്പന്റ് മുടക്കിയിരുന്നില്ല. അദ്ദേഹത്തിനു പിൻഗാമിയായി വന്ന നവാബ് സാദത്ത് അലി ഖാനും മീറിനുള്ള സ്റ്റൈപ്പന്റ് നല്കിപ്പോന്നു. എന്നാൽ അദ്ദേഹവുമായും മീർ ശത്രുതയിലായി. ശത്രുത മൂർച്ഛിച്ച് തനിക്കായി കൊണ്ടു വന്ന പണം ആരെയെങ്കിലും സഹായിക്കാൻ കൊടുത്തോളൂ എന്ന് പറഞ്ഞ് മടക്കിയയച്ച മീർ
ജിസ് സർ കൊ ഗുരൂർ ആജ് ഹെ യാൻ താജ്‌വരി കാ
കൽ ഉസ് പെ യഹീ ഷോർ ഹെ ഫിർ നൗഹഗരീ കാ
(ഇന്ന് കിരീടത്തിന്റെ പ്രതാപം ഏതു തലക്കു മുകളിലാണോ
നാളെ അത് ഇവിടെ സ്വയം വിലാപത്തിൽ മുങ്ങും)
എന്ന് കുറിച്ചിടുകയും ചെയ്തു.
ഇതോടെ നവാബ് മീറിനുള്ള സഹായം നിർത്തലാക്കുകയും മീർ ദാരിദ്ര്യത്തിൽ അകപ്പെടുകയുമുണ്ടായി. അതോടു കൂടി ലക്നൗവിനോട് ശത്രുതാഭാവത്തിൽ പെരുമാറുകയും ദില്ലി വിട്ടതിൽ പരിതപിക്കുകയുമുണ്ടായി.
ഖരാബാ ദില്ലി കാ വൊ ചന്ദ് ബെഹ്തർ ലക്നൗ സെ ഥാ
വഹീ മെ കാശ് മർ ജാതാ സരാ സീമാ ന ആതാ യഹാ
(മരുവായ ദില്ലി തന്നെയായിരുന്നു ലക്നൗവിനെക്കാൾ നല്ലത്
ഇങ്ങോട്ട് വരാതിരിക്കുകയും അവിടെത്തന്നെ മരിക്കുകയും ചെയ്തിരുന്നെങ്കിൽ!) എന്ന് അദ്ദേഹം കുറിച്ചു വെച്ചിരുന്നു.
തന്റെ തൂലിക കൊണ്ട് എന്തിനെയും വിമർശിക്കാൻ അദ്ദേഹം മടികാണിച്ചിരുന്നില്ല. മതപരമായി ഉന്നതി കാണിക്കുകയും ഇരുളിന്റെ മറ പറ്റി തോന്നിവാസം നടത്തുകയും ചെയ്യുന്ന പൗരോഹിത്യത്തെ അദ്ദേഹം തുറന്നു കാണിക്കുന്നതിങ്ങനെയാണ്.
ശൈഖ് ജൊ ഹെ മസ്ജിദ് മെ നംഗ,
രാത് കൊ ഥാ മൈഖാനെ മെ
ജുബ്ബ ഖിർഖ കുർത്ത ടോപി മസ്തി മെ ഇനാം കിയാ
(മസ്ജിദിനു മുൻപിൽ വിവസ്ത്രനായിരിക്കുന്ന ദിവ്യൻ രാത്രിയിൽ മധുശാലയിലുണ്ടായിരുന്നു,
മേലങ്കി, ജുബ്ബ, കുപ്പായം, തൊപ്പി… എല്ലാം ലഹരിയിൽ ടിപ്പു നല്കിയതാണ്)
മീറിൻ്റെ വിശ്വാസം ചോദ്യം ചെയ്തവരോടുള്ള അദ്ദേഹത്തിൻ്റെ മറുപടി ഏറെ പ്രസിദ്ധമാണ്.
മീർ കെ ദീനൊ മസ്ഹബ് കൊ അബ് പൂച്തെ ക്യാ ഹൊ ഉൻ നെ തൊ
ഖഷ്ക ഖീൻചാ ദേർ മെ ബൈഠാ കബ് കാ തർക് ഇസ്ലാം കിയാ
(നിങ്ങളെന്തിനാണിപ്പോൾ മീറിൻ്റെ മതത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചുമാരായുന്നത്?
നെറ്റിയിൽ കുറി വരച്ച് അമ്പലത്തിലിരുന്ന് എന്നോ ഇസ് ലാം ഉപേക്ഷിച്ചതാണ്).
മീർ തകി മീറിൻ്റെ വേർപാടിന് ഇന്ന് 210 വർഷം തികയുന്നു. തൻ്റെ നിലപാടുകൾ കൃത്യമായി സംവദിക്കാൻ കവിതയെ ആയുധമാക്കിയ മീർ 1810 സപ്തംബർ 21 നാണ് മരണപ്പെടുന്നത്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS