
അങ്ങനെ അതും സംഭവിച്ചു. സൂര്യനെ തൊട്ടതു മാറ്റരുമല്ല . 3 വർഷം മുൻപ് നാസ വിക്ഷേപിച്ച പാർക്കർ സോളർ പ്രോബ് എന്ന പേടകം. പാർക്കർ സോളർ പ്രോബ് സൂര്യന്റെ അന്തരീക്ഷമായ കൊറോണയിലൂടെ കടന്നെന്നു നാസ അറിയിച്ചു.
നിലവിൽ മണിക്കൂറിൽ അഞ്ച് ലക്ഷം കിലോമീറ്റർ എന്ന വേഗത്തിലാണു പേടകം സഞ്ചരിക്കുന്നത്.150 കോടി യുഎസ് ഡോളർ ചെലവു വരുന്ന ദൗത്യം 2018 ഓഗസ്റ്റ് 12നാണു വിക്ഷേപിച്ചത്. ചിക്കാഗോ സർവകലാശാലാ പ്രഫസറും പ്രമുഖ ഭൗതികശാസ്ത്രജ്ഞനുമായ യൂജീൻ പാർക്കറുടെ പേരിലാണു ദൗത്യം നാമകരണം ചെയ്തിട്ടുള്ളത്. സൂര്യന്റെ കൊറോണയുടെയും കാന്തികമണ്ഡലത്തിന്റെയും ഘടനയും സവിശേഷതയും വിലയിരുത്തുക എന്നതാണ് പാർക്കറിൽ നിക്ഷിപ്തമായിട്ടുള്ള പ്രധാന ദൗത്യം.
കടുത്ത താപനിലയും വെല്ലുവിളികൾ നിറഞ്ഞ അന്തരീക്ഷവും മറികടക്കാനായി പ്രത്യേക കാർബൺ കോംപസിറ്റുകൾ ഉപയോഗിച്ചാണു പേടകത്തിന്റെ ബാഹ്യരൂപം നിർമിച്ചിരിക്കുന്നത്. 1270 ഡിഗ്രി സെൽഷ്യസ് താപനില വരെ ചെറുക്കാൻ പേടകത്തിനു കരുത്തുണ്ട്. സൂര്യന്റെ കൊറോണയുടെ അതിതാപനില, സൗരവാതം എങ്ങനെ ഉടലെടുക്കുന്നു തുടങ്ങിയ ശാസ്ത്രസമൂഹത്തിന് ഇപ്പോഴും വ്യക്തതയില്ലാത്ത ചോദ്യങ്ങൾക്കും പാർക്കർ ഉത്തരം നൽകുമെന്നാണു പ്രതീക്ഷ.


