Social

ജമാഅത്തെ ഇസ്ലാമി – ആർ എസ് എസ് ചർച്ച; കീഴടങ്ങലോ അതോ പ്രതിരോധമോ ?

ചർച്ച കീഴടങ്ങലല്ല.

‘Let us never negotiate out of fear. But let us never fear to negotiate.’

പേടി കൊണ്ട് നാം ചർച്ചക്ക് തയ്യാറാവരുത്. എന്നാൽ ചർച്ച ചെയ്യാൻ നാം പേടിക്കുകയുമരുത് – അമേരിക്കൻ പ്രസിടൻ്റായിരുന്ന John F Kennedy യുടെ പ്രശസ്തമായ വാചകമാണിത്.

പ്രസിഡൻ്റ് പദവിയുടെ കാലാവധി തീരും മുമ്പെ അദ്ദേഹം വെടിയേറ്റു മരിച്ചുവെന്നത് ചരിത്രം. ശത്രുതകൾ വട്ടമേശ ചർച്ചകളിലാണ് പരിഹരിക്കപ്പെടുകയെന്നും യുദ്ധങ്ങൾ കരാറുകളിലാണ് അവസാനിക്കുകയെന്നും പറയാറുണ്ട്.

ഇന്ത്യൻ മുസ്ലിംകളെ പ്രതിനിധീകരിക്കുന്ന സംഘടനകളും ആർ. എസ്. എസും തമ്മിലുള്ള ചർച്ചകൾ രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങൾക്ക് നിർഭയത്വവും സാംസ്കാരികവും വിശ്വാസപരവുമായ വ്യതിരിക്തതയോടെ രാജ്യ നിർമ്മാണത്തിൻ്റെ ഭാഗമാവാനുള്ള അവസരവും ഉറപ്പുവരുത്താനുള്ളതാണെങ്കിൽ എല്ലാവർക്കും നല്ലതാണ്.

സ്വാധീനവും വിഭവ ശേഷിയും കൊണ്ട് ബലാബലം നിൽക്കുന്ന രണ്ട് ചേരികളല്ല മുസ്ലിം സംഘടനകളും ആർ.എസ്.എസും. ഇന്ത്യയുടെ സാമൂഹ്യ ശ്രേണിയിലെ ഏറ്റവും ദുർബലമായ സമുദായമാണ് മസ്ലിംകൾ. പല മേഖലകളിലും ദലിതർക്കും പിറകെ.

വൻ നഗരങ്ങളിലെ ചേരികളിൽ സൈക്കിൾ റിക്ഷ ചവിട്ടിയും വഴിക്കച്ചവടം നടത്തിയും ജീവിതം ഉന്തിത്തീർക്കുന്നവരാണ് മുസ്ലിംകളിലെ വലിയൊരു വിഭാഗം. ദൈന്യതയും അരക്ഷിതത്വവും ആശങ്കയുമാണ് അവരുടെ മനസ്സിൽ.

ഈശ്വര വിശ്വാസവും മഹിതമായ തങ്ങളുടെ പൂർവ്വകാല ചരിത്രം നൽകുന്ന സാന്ത്വനവുമല്ലാതെ അവർക്ക് ആലംബമൊന്നുമില്ല. സമകാലീന ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ പരിസരത്തിൽ നിന്നും ആട്ടിയകറ്റപ്പെട്ടവർ.

പ്രതിഭ കൊണ്ടും പ്രതിബദ്ധത കൊണ്ടും സമുദായത്തെ മുന്നോട്ട് നയിക്കാൻ പ്രാപ്തിയുള്ളവർ വിചാരണ തടവുകാരായി തടങ്കലിലാണ്. ഇന്ത്യയിലെ തടവറകളിലെ ഏകദേശം ഇരുപത് ശതമാനം വിചാരണ കാത്തിരിക്കുന്ന മുസ്ലിംകളാണ്.

അനന്തമായി നീളുന്ന വിചാരണ.

ഏത് ചർച്ചയും ഫലം ചെയ്യണമെങ്കിൽ ബന്ധപ്പെട്ടവർക്ക് തങ്ങളുടെ ലക്ഷ്യത്തെ പറ്റിയും ആവശ്യങ്ങളെ പറ്റിയും തികഞ്ഞ അവബോധവും ആത്മാർത്ഥമായുമുണ്ടാവണം.

ഓരോ സംഘടനയും വെവ്വേറെ ചർച്ചക്കൊരുങ്ങുന്നതിന് പകരം മുസ്ലിം സംഘടനകളുടെ ഒരു പൊതു കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നെങ്കിൽ എത്രയോ ഉചിതമാകുമായിരുന്നു.

എന്നാൽ പരസ്പര സ്നേഹത്തോടെയും വിശ്വാസത്തോടെയും ഒന്നിച്ചിരിക്കാനും പരസ്പരം അംഗീകരിക്കാനും വിയോജിപ്പുകൾ ആദരപൂർവ്വം പ്രകടിപ്പിക്കാനും മുസ്ലിം സംഘടനാ നേതൃത്വത്തിലെ പലർക്കും ഇപ്പോഴും സാധിക്കുന്നില്ല.

പലരുടെയും ഭാഷ അസഭ്യമാണ്. ഫലം ശത്രുക്കൾക്ക് പണി എളുപ്പമാവുന്നു. സമുദായം ശിഥിലമാവുകയും സംഘടനകളുടെ പ്രാതിനിധ്യ ശേഷി ദുർബമാവുകയും ചെയ്യുന്നു. ഇന്ത്യൻ മുസ്ലിംകളിലെ മഹാ ഭൂരിപക്ഷത്തിന് ഏതെങ്കിലും സാമുദായിക സംഘടനയുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ല.

ചർച്ചകൾ ഗുണം ചെയ്യണമെങ്കിൽ വേണ്ടത്ര മുന്നൊരുക്കമുണ്ടാവണം. SMART- Specific/Measurable/Achievable/Relevant/Time-bound- ആവണം. കുസൃതികൾ പറഞ്ഞ് ചായ കുടിച്ച് പിരിഞ്ഞത് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല.

മതപരവും സാംസ്കാരികവുമായ വ്യതിരിക്തയോടെ അന്തസ്സും ഉത്തരവാദിത്വവുമുള്ള പൗരന്മാരായി നിർഭയരായി ജീവിക്കാനുള്ള എല്ലാവരുടെയും അവകാശം അംഗീകരിക്കണം. അന്യായമായ തടവുകൾക്കും സ്വാതന്ത്ര്യ നിഷേധങ്ങൾക്കും അറുതിയുണ്ടാവണം.

ആരാധനാലയങ്ങൾക്കും സാംസ്കാരിക അടയാളങ്ങൾക്കും ഭരണഘടന നൽകുന്ന സംരക്ഷണം പാലിക്കണം. നിരന്തരമായ അവഹേളനങ്ങൾക്കും പൈശാചികവത്കരണത്തിനും അറുതിയുണ്ടാവണം.

രാജ്യത്തിൻ്റെ എല്ലാ സ്ഥാപനങ്ങളും നിയന്ത്രിക്കുന്ന ഒരു സംഘടന തങ്ങളുടെ എതിരാളികളായി കാണുന്ന ദുർബലരായ ഒരു സമുദായവുമായി മാന്യമായ സഹവർതിത്വത്തിനും സഹകരത്തിനും എന്തിന് തയ്യാറാവണം എന്ന് ചോദിക്കുന്നവരുണ്ടാവാം. അധികാരവും ആധിപത്യവുമുള്ളവർക്ക് അങ്ങിനെയൊരു നിർബന്ധിതാവസ്ഥ ഇല്ലല്ലോ?

എന്നാൽ എല്ലാ ഗർവുകളും മാറ്റി വെച്ച് ശാന്തമായി ആലോചിച്ചാൽ കാര്യങ്ങൾ വ്യക്തമാവും. താത്കാലിക തെരെഞ്ഞെടുപ്പ് വിജയങ്ങളെക്കാളും രാജ്യത്തിൻ്റെയും ജനങ്ങളുടെയും ദീർഘകാല താത്പര്യങ്ങളും പുരോഗതിയുമാണ് വലുതെങ്കിൽ എല്ലാവരെയും വിശ്വാസത്തിലെടുക്കണം. ദുർബലരെ ചവിട്ടിയരച്ച് ഒരു രാജ്യത്തിനും വല്ലാതൊന്നും മുന്നോട്ട് പോകാനാവില്ല. അധികാരം ശാശ്വതവുമല്ല. സുൽത്താൻമാർ ഫക്കീറാവുന്നതും, ഫക്കീർ സുൽത്താനാവുന്നതും വെറും കഥയല്ല. ചരിത്രമാണ്.

ആഭ്യന്തരവും ബാഹ്യവുമായ പല വിധ വെല്ലുവിളികൾക്കിടയിൽ മുസ്ലിം സമൂഹം രചനാത്മക സമൂഹമായി നിലനിൽക്കുന്നതിൻ്റെ കാരണങ്ങൾ സൂക്ഷ്മതയോടെയും ബൗദ്ധിക സത്യസന്ധതയോടെയും പരിശോധിക്കുന്നതാണ് Raymond William Baker ൻ്റെ One Islam, Many Muslim Worlds- Spirituality, Identity, and Resistance across Islamic Lands – എന്ന പുസ്തകം.

സംഘടനകളുടെയും രാഷ്ട്രങ്ങളുടെയും കാർമികത്വത്തിലോ സ്ഥാപനങ്ങളുടെയും വിഭവങ്ങളുടെയും ബലത്തിലോ അല്ല ഇസ്ലാമിക സമൂഹങ്ങൾ അസ്തിത്വ ഭീഷണികളെ പലപ്പോഴും നേരിട്ടത്.

വിശുദ്ധ ഖുർആൻ പല സ്ഥലങ്ങളിൽ പരാമർശിക്കുന്ന – അന്നാസ് അഥവാ പൊതുജനം -ത്തിൻ്റെ സഹനങ്ങളിലൂടെയും സമരങ്ങളിലൂടെയുമാണ്.

ഇന്ത്യൻ മുസ്ലിംകളും പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് നീങ്ങും.

ഭൂഗോളത്തിൻ്റെ അതിജീവനത്തെ പറ്റിയും മനുഷ്യൻ്റെ നിലനില്പിനെ പറ്റിയും ആശങ്കകൾ നിറഞ്ഞ ലോകത്ത് അപരനെ കേൾക്കാനും അംഗീകരിക്കാനും തയ്യാറാവുന്നതാണ് മനുഷ്യ സ്നേഹവും നാടിനോട് ഗുണകാംക്ഷയുമുള്ള എല്ലാവർക്കും നല്ലത്.

ജഅഫർ. എ.പി

1.5 2 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x