വാവ സുരേഷ് വീണ്ടും പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല
ശ്രീചിത്രൻ
വാവ സുരേഷ് വീണ്ടും പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിലാണ് എന്നു കേൾക്കുന്നു. അദ്ദേഹം രക്ഷപ്പെടട്ടെ.
ഈ ഊളനാടകം കേരളത്തിലാരംഭിച്ചിട്ട് വർഷങ്ങളായി. വാവ സുരേഷിന് പാമ്പുപിടിക്കാനറിയാം. സുരേഷ് അതിൽ വിദഗ്ധനാണ്.
രാജവെമ്പാല വരെ നമ്മുടെ നാട്ടിലുള്ള ഏതു പാമ്പിനെ കൈകാര്യം ചെയ്യാൻ കഴിവുണ്ട്. സാധാരണ ഏതു മനുഷ്യനും ഭയക്കുന്ന ഉരഗജീവികളെ ഭയമില്ലാതെ കൈകാര്യം ചെയ്യുന്ന ഒരു മനുഷ്യനോട് മറ്റുള്ളവർക്ക് ആരാധന സ്വാഭാവികമാണ്.
ഇത്രയും ശരി. ഈ ശരികൾക്കു മുകളിൽ കാട്ടിക്കൂട്ടിയ കൊടും തെറ്റുകളുടെ ദുരന്തഫലമാണ് ഈ നിമിഷം സുരേഷിനെ വീണ്ടും മരണത്തിന് മുഖാമുഖം നിർത്തുന്നത്.
ഭൂമിയിൽ വിഷജീവികൾ പലതുണ്ട്. വിഷം ആപേക്ഷികമാണ്, ഒരു ജീവിയുടെ വിഷം മറ്റൊരു ജീവിയെ ഒന്നും ചെയ്തേക്കില്ല, ചിലപ്പോൾ ഔഷധവുമാകാം. പക്ഷേ സർപ്പത്തിൻ്റെ പ്രതിരോധത്തിനായി അതിനുള്ള ആയുധമായ കെമിക്കൽ കോമ്പോണ്ട് മനുഷ്യശരീരത്തിൽ വിഷമാണ്. പ്രതിവിഷം നിർമ്മിക്കുന്നു എന്നത് വേറെക്കാര്യം. ആ പ്രക്രിയ തന്നെ ശാസ്ത്രവളർച്ചയിൽ മനുഷ്യൻ കണ്ടെത്തിയതാണ്. അല്ലാതെ കൊത്തിയ പാമ്പിനെ വെച്ചോ വേറെ പാമ്പിൻ്റെ വിഷം കുത്തിവെച്ചോ പ്രതിവിഷചികിൽസയില്ല.
കാര്യം ലളിതമാണ് – പാമ്പ് പ്രകൃതിയിൽ ഉണ്ട്, ഉണ്ടായിരിക്കണം. പക്ഷേ മനുഷ്യന് അപകടകാരിയാണ്. ഈ വിഷജീവിയെ ശാസ്ത്രീയമായി പിടിക്കാൻ പരിശീലനം നേടിയവരുണ്ട്. അനിവാര്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചെയ്യേണ്ട ആ ജോലി ഒരു പ്രകടനമല്ല.
കുറച്ചു മാസം മുമ്പ് വീടിനടുത്തു നിന്ന് സാമാന്യം വലിയ ഒരു അണലിയെ കണ്ടു. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിച്ചപ്പോൾ അര മണിക്കൂറിനകം വന്ന് വെറും രണ്ടേ രണ്ട് മിനിറ്റുകൊണ്ട് അവരതിനെ കൊണ്ടുപോയി. കൂടി നിന്ന നാട്ടുകാരെ കാണിക്കാനോ ഒരു പ്രകടനത്തിനോ വാചകമേളക്കോ അവർ മുതിർന്നതു പോലുമില്ല.
ഈ പരിപാടി വാവ സുരേഷ് ചെയ്യുന്നത് ഒരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ്. വെറും കൈ കൊണ്ട് പാമ്പിനെ പിടിക്കുമ്പോൾ അദ്ദേഹത്തിന് എന്തോ ആത്മാനുഭൂതി ഉണ്ടാകുമത്രേ. പിന്നീട് നാട്ടുകാർക്ക് മുന്നിൽ നടത്തുന്ന സർപ്പാഭരണവിഭൂഷിതനായ പ്രസംഗം അദ്ദേഹത്തിന് മറ്റൊരനുഭൂതിയാണ്. ഈ അനുഭൂതികൾ എല്ലാം ഷൂട്ട് ചെയ്ത് പശ്ചാത്തലത്തിൽ ഭീകരസംഗീതം നൽകി ജനങ്ങൾക്ക് കാണിച്ചു കൊടുക്കുന്നത് ഒരു ചാനലിന് വേറൊരനുഭൂതിയാണ്. ഇതു കണ്ട് കയ്യടിക്കുകയും ആർത്തുവിളിക്കുകയും ചെയ്യുന്നത് ജനങ്ങൾക്ക് ഇതിലപ്പുറം അനുഭൂതിയാണ്.
ഇതിനെല്ലാമപ്പുറം ഈ അനുഭൂതികളെ വിമർശിക്കുന്ന ഡോക്ടർമാരെയടക്കം തെറി വിളിക്കുന്നത് വാവാ ഫാൻസിന് ഉൻമാദാനുഭൂതിയാണ്. ഇത്തരം അനുഭൂതികൾക്ക് നൽകാനുള്ളതല്ല മനുഷ്യ ജീവൻ എന്ന തിരിച്ചറിവ് സാമാന്യബുദ്ധിയാണ്.
പക്ഷേ സാമാന്യബുദ്ധി പാമ്പിൻ വിഷത്തേക്കാളും ഈ സമൂഹത്തിൽ അപൂർവ്വമായിക്കൊണ്ടിരിക്കുകയാണ്. വാവ സുരേഷ് രക്ഷപ്പെടണം എന്നാഗ്രഹിക്കുന്നു.
വാവസുരേഷ് പങ്കുവെക്കുന്ന ആൾക്കൂട്ടത്തിൻ്റെ ബുദ്ധിരാഹിത്യം മരിക്കണം എന്നും കൂടി ആഗ്രഹിക്കുന്നു. വാവാ ഫാൻസിനു കൂടി എന്നെ പൊങ്കാലയടുപ്പിൽ തിളപ്പെച്ചെടുക്കാവുന്നതാണ്. സ്വാഗതം.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS