Political

കോടിയേരി മറയ്ക്കാൻ ശ്രമിക്കുന്ന ചില കാവിക്കളസങ്ങൾ

പ്രതികരണം / ഹരി മോഹൻ

ഒരുകാലത്ത് സി.പി.ഐ.എമ്മിന് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന തൊഴില്‍ രമേശ് ചെന്നിത്തലയുടെ മുണ്ടിനടിയിലെ നിക്കറിന്റെ നിറം കാവിയാണോ അല്ലയോ എന്നു പരിശോധിക്കലായിരുന്നു. ശബരിമല സ്ത്രീപ്രവേശ സമയത്ത് വി.എസ് ശിവകുമാറിന്റെ മുണ്ട് പൊക്കിനോക്കൂ എന്നുവരെ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പിന്നീടെപ്പെഴോ കൂടെയുള്ളവരുടെ കാവിക്കളസങ്ങള്‍ കണ്ടു മടുത്താവണം കുറേക്കാലമായി സി.പി.ഐ.എമ്മിലാരും ഇതേക്കുറിച്ചു സംസാരിച്ചു കേട്ടിട്ടില്ല. ഇപ്പോഴിതാ വീണ്ടും തുടക്കമിട്ടിട്ടുണ്ട്. ഇക്കുറി പാര്‍ട്ടി സെക്രട്ടറി നേരിട്ടാണ്. ”കേരളത്തിലെ ആർഎസ്‌എസിന്‌ പ്രിയപ്പെട്ട നേതാവായി പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല മാറി” എന്നാണ് ഏറ്റവുമൊടുവില്‍ കോടിയേരി പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ നാലുകൊല്ലത്തിനിടയില്‍ ആര്‍.എസ്.എസിന് ആരാണ് ഏറ്റവും പ്രിയങ്കരനായിരുന്നതെന്നു വെറുതെയൊന്നു നോക്കാം.

അഞ്ചുതിരിയിട്ട നിലവിളക്കും പാത്രത്തില്‍ അരിയും നാക്കിലയും കിണ്ടിയും വെള്ളവും തുളസിക്കതിരുമൊക്കെ ആചാരം തെറ്റിക്കാതെ ക്ലിഫ് ഹൗസിലെ സ്വീകരണ മുറിയിലൊരുക്കിയൊരു ദിവസത്തില്‍ നിന്നു തുടങ്ങാം. കഴിഞ്ഞ വര്‍ഷത്തെ വിജയദശമി ദിനം. ഇവയ്ക്കു മുന്നില്‍ നിലത്തു ചമ്രം പടിഞ്ഞിരുന്ന് മന്ത്രി ടി.പി രാമകൃഷ്ണന്റെ ഡ്രൈവറുടെ മകന്റെ വിരലില്‍ പിടിച്ച് അരിയില്‍ ഹരിശ്രീ എഴുതിക്കൊടുത്തത് രമേശ് ചെന്നിത്തലയല്ല, പിണറായി വിജയനാണ്. വിജയദശമി ആര്‍.എസ്.എസിന് എത്രമേല്‍ പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമാണെന്നും വിജയദശമിയെന്നത് എത്രമേല്‍ ഹിന്ദുത്വ സൃഷ്ടിയാണെന്നും ബാലകൃഷ്ണന് ആരും പറഞ്ഞു കൊടുക്കേണ്ടി വരില്ലായിരിക്കും.

ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനു കേരളവും ഇവിടെയുള്ള ചില മനുഷ്യരും എത്രത്തോളം പ്രിയപ്പെട്ടവരാണെന്നറിയാന്‍ കുറച്ചുകൂടി പിറകോട്ടു പോകണം. 2017-ലും 2018-ലും വിജയന്‍ മുഖ്യമന്ത്രിയായ കേരളത്തിലെ, എം.ബി രാജേഷ് എം.പിയായ പാലക്കാട്ടെ, രണ്ട് സ്കൂളുകളിലായി സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ദേശീയ പതാകയുയര്‍ത്താന്‍ ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തിയത് ബാലകൃഷ്ണന്റെ ഓര്‍മയിലുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. 2017-ല്‍ ഇതിന് അനുമതി നല്‍കിയ കര്‍ണകിയമ്മന്‍ സ്കൂളിന്റെ പ്രധാനാധ്യാപകനെതിരെ കേസെടുക്കുമെന്നു പറഞ്ഞ ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടിയെ സ്ഥലംമാറ്റിയായിരുന്നു വിജയന്‍റെ സര്‍ക്കാര്‍ ഇതിനോടു പ്രതികരിച്ചത്. 2018-ലെ റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ സ്ഥാപന മേധാവികള്‍ മാത്രമേ പതാകയുയര്‍ത്താന്‍ പാടുള്ളൂവെന്ന പൊതുഭരണ സെക്രട്ടറിയുടെ ഉത്തരവ് നിലനില്‍ക്കവെയാണ് കല്ലേക്കാട്ടെ സ്കൂളിലെത്തി ഭാഗവത് പതാകയുയര്‍ത്തിയത്.

ഭാഗവതിലും നില്‍ക്കില്ല വിജയന്റെ സ്നേഹം. അയാളുടെ മുന്‍തലമുറയോടും അഭേദ്യമായ ഹൃദയബന്ധം വിജയനുണ്ടായിരുന്നു. ഭാരതീയ ജനസംഘം സ്ഥാപകനും ആര്‍.എസ്.എസ് തത്വചിന്തകരില്‍ പ്രധാനിയുമായിരുന്ന ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനം സ്കൂളുകളില്‍ ആഘോഷിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ 2017-ല്‍ ഉത്തരവിറക്കുമ്പോള്‍ കേരളത്തിന്റെ ഭരണം അങ്ങയുടെ പാര്‍ട്ടിയുടെ പി.ബി അംഗം പിണറായി വിജയന്റെ കൈകളിലായിരുന്നു ബാലകൃഷ്ണാ.

ഉപാധ്യായ മാത്രമല്ല, ‘അഗാധമായ പാണ്ഡിത്യത്തോടെ ഋഷിതുല്യമായ ജീവിതം നയിച്ച വ്യക്തി’യായി ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും ആര്‍.എസ്.എസ് സൈദ്ധാന്തികനുമായ പി. പരമേശ്വരനെ മരണശേഷമെങ്കിലും വിശേഷിപ്പിക്കാന്‍ മടി കാണിക്കാതെ പോയൊരു മുഖ്യമന്ത്രി കൂടിയാണ് വിജയന്‍. ആര്‍.എസ്.എസ് പോലും പരമേശ്വരനെ ഇത്രമേല്‍ ‘വൃത്തിയായി’ വിശേഷിപ്പിച്ചിട്ടുണ്ടാവില്ല.

വീണ്ടും പിറകോട്ടുപോകാം. വൈക്കത്ത് വീട്ടുതടങ്കലിലായിരുന്ന ഹാദിയയെ കാണാനെത്തിയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം.സി ജോസഫൈനെയും മുസ്‌ലിം സംഘടനാ പ്രവര്‍ത്തകരെയും തടയുകയും രാഹുല്‍ ഈശ്വര്‍ അടക്കമുള്ള ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരെ ഉള്ളിലേക്കു കയറ്റിവിട്ടതും ഇതേ വിജയന്റെ പോലീസാണ്.

മതസ്പര്‍ധ വളര്‍ത്തുന്ന പാഠഭാഗം പ്രചരിപ്പിച്ചതിന് ഐ.പി.സി 153 (എ) വകുപ്പിലെ കുറ്റം ചുമത്തി പീസ് സ്കൂള്‍ ഫൗണ്ടേഷന്‍ എം.ഡി എം.എം അക്ബറിനെ പോലീസ് അറസ്റ്റ് ചെയ്തത് ബാലകൃഷ്ണന്‍ ഓര്‍ക്കുന്നുണ്ടാവും. ഇതേ വകുപ്പ് ചുമത്തി കേസെടുത്ത ഹിന്ദു ഐക്യവേദിയുടെ ശശികലയെയും എസ്.എന്‍.ഡി.പിയുടെ വെള്ളാപ്പള്ളി നടേശനെയും അറസ്റ്റ് ചെയ്യാന്‍ കഴിയാതിരുന്ന പോലീസുണ്ടായതും ഇതേ കാലത്താണ്.

2017-ല്‍ പറവൂരില്‍ ഹിന്ദുത്വ ഫാഷിസത്തിനെതിരെ ലഘുലേഖ വിതരണം ചെയ്ത വിസ്ഡം പ്രവര്‍ത്തകരെ ആര്‍.എസ്.എസുകാര്‍ മര്‍ദ്ദിച്ചപ്പോള്‍, തല്ലുകൊണ്ടവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വിജയന്റെ പോലീസ് അഴിക്കുള്ളിലിട്ടത് ബാലകൃഷ്ണന് ഓര്‍മയുണ്ടോ? ആര്‍.എസ്.എസ് കേന്ദ്രങ്ങളില്‍ ഇത്തലം ലഘുലേഖകള്‍ വിതരണം ചെയ്യാന്‍ പാടില്ലെന്നായിരുന്നു വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. ആര്‍.എസ്.എസിന് അവര്‍ക്കും മുന്‍പേ കേന്ദ്രങ്ങള്‍ പതിച്ചുകൊടുക്കുന്നതില്‍ എത്രമേല്‍ ജാഗ്രതയാണ് പിണറായി വിജയന്.

ലഘുലേഖയോടും പുസ്തകത്തോടുമൊക്കെയുള്ള നിങ്ങളുടെ വിയോജിപ്പുകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നു കൂടി ബാലകൃഷ്ണനെ ഓര്‍മിപ്പിക്കട്ടെ. താങ്കള്‍ ആഭ്യന്തരമന്ത്രിയായിരിക്കെ ലെനിന്‍ എഴുതിയ ‘ഭരണകൂടവും വിപ്ലവവും’ എന്ന പുസ്തകം കൈയില്‍ വെച്ചതിന് ആദിവാസി യുവാവിനെ മാവോയിസ്റ്റാക്കി ജയിലിലടച്ചിട്ടില്ലേ. ഇതേ ലെനിന്‍ എ.കെ.ജി സെന്ററിന്റെ ഭിത്തിയില്‍ ഇപ്പോഴുമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഇവിടെ പുസ്തകമാണെങ്കില്‍ കോഴിക്കോട്ടുനിന്നു ലഘുലേഖ കണ്ടെടുത്താണ് വിജയന്റെ പോലീസ്, കരിനിയമം എന്ന് പൊളിറ്റ് ബ്യൂറോ വിധിയെഴുതിയ യു.എ.പി.എ ഉപയോഗിച്ച് രണ്ടു യുവാക്കളെ, അലനെയും താഹയെയും എന്‍.ഐ.എയ്ക്കു പിച്ചിച്ചീന്താന്‍ വിട്ടുകൊടുത്തത്.

ഏറ്റവുമൊടുവിലായി നിങ്ങളുടെ സ്വന്തം ആരോഗ്യമന്ത്രിയുടെ മണ്ഡലത്തില്‍ ഒരു പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ച ബി.ജെ.പി നേതാവിനെ പോലീസിന്റെ മൂക്കിന്‍തുമ്പത്ത് വിഹരിക്കാന്‍ വിട്ടശേഷം, അറസ്റ്റ് ചെയ്ത് അനായാസം ജാമ്യത്തിലിറങ്ങിപ്പോകാന്‍ അവസരമൊരുക്കിയപ്പോഴും വിജയന്‍ തന്നെയായിരുന്നു പോലീസ് മന്ത്രി.

ഇതേ പോലീസ് മന്ത്രിയുടെ ഉപദേശകനാണ് ബാലകൃഷ്ണാ, ‘I want to see Muslim Dead Bodies’ എന്നലറിവിളിച്ച് ഒരു പതിനൊന്നുകാരിയെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിട്ട രമണ്‍ ശ്രീവാസ്തവ. ഇതേ പോലീസ് മന്ത്രിക്കു കീഴിലാണ് ബാലകൃഷ്ണാ, ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പണ്ട് എന്‍.ഐ.എ ഉദ്യോഗസ്ഥനായിരിക്കെ മോദിക്കും ഷായ്ക്കും ക്ലീന്‍ ചിറ്റെഴുതി നല്‍കിയ ലോക്നാഥ് ബെഹ്റ ഡി.ജി.പിയായി വിലസുന്നത്.

ചിലതുകൂടി ഓര്‍മപ്പെടുത്തുന്നു. ആര്‍.എസ്.എസ് എല്ലാക്കാലവും ആവശ്യപ്പെട്ടു കൊണ്ടിരുന്ന സാമ്പത്തിക സംവരണം നടപ്പാക്കാനായി, ദേവസ്വം ബോര്‍ഡുകളിലെ നിയമനത്തില്‍ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി സംവരണമേര്‍പ്പെടുത്തിയത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്, ശിവകുമാറിന്റെ മുണ്ട് പൊക്കി കാവിക്കളസമുണ്ടോയെന്നു പരിശോധിക്കാനാഹ്വാനം ചെയ്ത കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം മന്ത്രിയായിരിക്കുമ്പോഴാണ്. ഇതേ സുരന്ദ്രനല്ലേ ബാലകൃഷ്ണാ, ഭൂപരിഷ്കരണത്തിന്റെ ദുരന്തം പേറേണ്ടി വന്നവരാണു ബ്രാഹ്മണരെന്ന കണ്ടെത്തല്‍ നടത്തിയത്. ചേരികളുടേതിനു സമാനമായ ദുഃസ്ഥിതിയാണ് കേരളത്തിലെ പല അഗ്രഹാരങ്ങളുടേതുമെന്നു പറഞ്ഞ സംസ്ഥാന സെക്രട്ടറിയോടാണ് വിജയനെക്കുറിച്ചും സുരേന്ദ്രനെക്കുറിച്ചും പറഞ്ഞത്. ക്ഷമിക്കുക.

ഒരഭ്യര്‍ഥനയുണ്ട്. രാജ്യം മുഴുവന്‍ ചര്‍ച്ചയായ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം പാസാക്കിയതിന് ക്രെഡിറ്റ് മുഴുവനായി എടുത്തുകഴിഞ്ഞില്ലെങ്കില്‍ കുറച്ചൊന്നു മാറ്റിവെയ്ക്കണം. അതിനവകാശപ്പെട്ട മറ്റൊരാളുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടി പ്രമേയം പാസാക്കണമെന്ന് സര്‍ക്കാരിനോട് ആദ്യമാവശ്യപ്പെട്ടത് ‘ആര്‍.എസ്.എസിനു പ്രിയങ്കരനായ’ രമേശ് ചെന്നിത്തലയാണ്. അതിനു മുന്‍പ് സര്‍ക്കാര്‍ ഇതേക്കുറിച്ചാലോചിച്ചിട്ടു പോലുമുണ്ടാവില്ല.

ഇതേ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിലെത്തിയ 144 റിട്ട് ഹര്‍ജികളില്‍ മൂന്നെണ്ണം മലയാളികളായ രാഷ്ട്രീയ നേതാക്കളുടേതായിരുന്നു. അവര്‍ മൂന്നുപേരും ചീഫ് ജസ്റ്റിസ് കോടതിയിലെ ഇടതുവശത്തെ വിസിറ്റേഴ്സ് ഗാലറിയിലെ ഒന്നാം നിരയില്‍ വാദം കേള്‍ക്കാനുണ്ടായിരുന്നു. രമേശ് ചെന്നിത്തലയും പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും.

അതുകൊണ്ട് ബാലകൃഷ്ണാ.. സ്വന്തം മുണ്ടു പൊക്കിയും കൂടെയുള്ളവരുടെ മുണ്ടു പൊക്കിയും നോക്കി, അതു കാവിയല്ല എന്നുറപ്പു വരുത്തിയിട്ടാവാം ചെന്നിത്തലയുടെ അടുത്തേക്കു ചെല്ലുന്നത്. വിജയന്‍ ഭരിക്കുമ്പോള്‍ സംഘപരിവാറിനു ഭയമെന്തിന് എന്നു ചോദിക്കുന്നതു പോലെ തന്നെ, ആര്‍.എസ്.എസിന്റെ ഊരിപ്പിടിച്ച കത്തിക്കും ഉയര്‍ത്തിപ്പിടിച്ച വടിവാളിനും ഇടയില്‍ക്കൂടി നടക്കാന്‍ വിജയനും ഭയമെന്തിനാണ്..

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x