Feature

സുകുമാരക്കുറുപ്പ്; കേരളം കണ്ട ഏറ്റവും വലിയ പിടികിട്ടാപ്പുള്ളി

നിഗൂഢതകൾ/അസ്സറുമാസ് പാലോട്

പണ്ട് ആലപ്പുഴ ജില്ലയിൽ ഒരു ഇടത്തരം കുടുംബത്തിൽ ഗോപാലകൃഷ്ണനെന്നൊരു ബാലൻ ജീവിച്ചിരുന്നു. തട്ടിമുട്ടി പത്താം ക്ലാസ് പാസ്സായ ഗോപാലകൃഷ്ണൻ അച്ഛൻ ശിവരാമ കുറുപ്പിന്റെ നിർബന്ധം സഹിക്കവയ്യാതെ നാട്ടുനടപ്പനുസരിച്ച് പ്രീ ഡിഗ്രിക്കു ചേർന്നു. ദിവസങ്ങൾ കഴിയുന്തോറും ഗോപാലകൃഷ്ണൻ ആകെ ഉഴപ്പനായി. ക്ലാസ്സിൽ കയറാതെ കൂട്ടുകാർക്കൊപ്പം ചുറ്റി നടന്നു. രണ്ടു വർഷങ്ങൾക്കു ശേഷം ഫൈനൽ റിസൾട്ട്‌ വന്നപ്പോൾ പ്രതീക്ഷിച്ച പോലെ ഗോപാലകൃഷ്ണൻ എട്ടു നിലയിൽ പൊട്ടി. അച്ഛനെ അഭിമുകീകരിക്കാൻ പ്രയാസപ്പെട്ട ഗോപാലൻ നാട്ടിലും, വീട്ടിലുമായി ഒളിച്ചു നടന്നു.

വിവരമറിഞ്ഞ അച്ഛൻ നിത്യ ചെലവിന് നയാപൈസ തന്റെ പക്കൽ നിന്ന് കിട്ടില്ലെന്ന്‌ തീർത്തു പറഞ്ഞു. വാശി കയറിയ ഗോപാലൻ നാട്ടിൽ അല്ലറ ചില്ലറ ജോലി ചെയ്തു പണം കണ്ടെത്തി. സ്ഥിര ജോലിക്കായി നിരന്തരം അന്വേഷിച്ചെങ്കിലും ഒന്നും ശരിയായില്ല. അവസാനം വീട്ടുകാരുടെ നിർബന്ധം കൂടിയായപ്പോൾ പരീക്ഷയെഴുതി വ്യോമസേനയിൽ ചേർന്നു. അവിടത്തെ സൈനിക ജീവിതവുമായി ഒത്തുപോകാനാകാത്ത ഗോപാല കൃഷ്ണൻ അവധിക്കു നാട്ടിൽ മടങ്ങിയെത്തി.

നാട്ടിലെത്തിയ ഉടൻ താൻ മരിച്ചുവെന്നു വ്യാജ രേഖയുണ്ടാക്കി വ്യോമസേനയ്ക്കു ടെലഗ്രാം അയച്ചു. സേനയുടെ നിർദ്ദേശപ്രകാരം അന്വേഷണത്തിനെത്തിയ ചെങ്ങന്നൂർ പോലീസിനെ കൈക്കൂലി കൊടുത്ത് മടക്കി അയച്ചു. വൈകാതെ ആരോടും പറയാതെ, സുകുമാരക്കുറുപ്പ് എന്ന പേരിൽ വ്യാജ പാസ്സ്പോർട്ട് ഉണ്ടാക്കി വിദേശത്തേക്ക് കടന്നു. തുടർന്ന് അബുദാബിയിൽ എത്തുകയും അവിടെ ഒരു പെട്രോൾ കമ്പനിയിൽ എക്സിക്യൂട്ടീവായി ജോലിയിൽ കയറുകയും ചെയ്തു. ഇതിനിടെ വിവാഹിതനായി ഭാര്യയെ അബുദാബിക്ക് കൊണ്ടുപോകുകയും അവർക്ക് അവിടെത്തന്നെ നേഴ്സായി ജോലി വാങ്ങി നൽകുകയും ചെയ്തു.

സ്വജീവിതം ‘വിൽക്കുന്നു’

സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടതോടെ ഭൂരിപക്ഷം ആളുകളെപ്പോലെ കുറുപ്പിന്റെ ഉള്ളിലും പെട്ടെന്ന് പണക്കാരനാകാനുള്ള മോഹമുദിച്ചു . ഇതിനായി അയാൾ കുറുക്കുവഴികൾ തേടി. അത്യാഗ്രഹങ്ങളുടെ ആദ്യപടിയെന്നോണം അബുദാബിയിൽ വച്ച് 301616 ദിർഹത്തിനുള്ള (ഏകദേശം 30 ലക്ഷം ഇന്ത്യൻ രൂപ) ഒരു ഇൻഷുറൻസ് പോളിസി എടുത്തു. അടുത്ത ഘട്ടത്തിൽ, താൻ ഒരു കാറപകടത്തിൽ കൊല്ലപ്പെട്ടു എന്ന് ബന്ധപ്പെട്ടവരെയെല്ലാം ബോധ്യപ്പെടുത്താൻ അയാൾ തീരുമാനിച്ചു. അങ്ങനെയാകുമ്പോൾ, ഇൻഷുറൻസ് തുക മുഴുവൻ അയാളുടെ ‘ഭാര്യയ്ക്ക്’ കൈപ്പറ്റാമല്ലോ. തുടർന്ന് അവർക്ക് ഈ ഭീമമായ പണം കൊണ്ട് എവിടെയെങ്കിലും സുഖമായി ജീവിക്കുകയും ചെയ്യാം.

ഈ കുബുദ്ധി നടപ്പാക്കാനുള്ള വ്യക്തമായ പദ്ധതി അണിയറയിലൊരുങ്ങി. സുകുമാരക്കുറുപ്പിന്റെ അളിയൻ ഭാസ്കര പിള്ളയും, വിശ്വസ്തനായ ഡ്രൈവർ പൊന്നപ്പനും, അബൂദാബിയിലെ കമ്പനിയിലെ ഒരു പ്യൂണും ഇതിന്റെ ഭാഗവാക്കായി. തങ്ങളുടെ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിനായി നാട്ടിലെത്തിയ ഇവർ ആലപ്പുഴ മെഡിക്കൽ കോളജ് ലബോറട്ടറിയിൽ നിന്ന് അവർ അല്പം ‘ഈഥർ ‘ സംഘടിപ്പിച്ചു.

പണത്തിന് വേണ്ടിയുള്ള ആസൂത്രണം

1984 ജനുവരി ആദ്യവാരത്തോടെ സുകുമാരക്കുറുപ്പും, അളിയനും, കമ്പനിയിലെ പ്യൂണിനോടൊപ്പം തിരുവനന്തപുരത്തെത്തി. മൂവരും ചെങ്ങന്നൂരിനടുത്ത് ചെറിയനാടുള്ള സുകുമാരക്കുറുപ്പിന്റെ ഭാര്യവീടായ “സ്മിത ഭവനിൽ” ഒത്തുചേർന്ന് പദ്ധതി നടപ്പിലാക്കാനുള്ള വിശദവിവരങ്ങൾ ചർച്ചചെയ്തു. പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കാനുള്ള ദിവസമായി അവർ തെരെഞ്ഞെടുത്തത് 1984 ജനുവരി 21-ാം തീയതിയായിരുന്നു.

മുൻകൂട്ടി തീരുമാനിച്ച പ്രകാരം ആ ദിവസം അവർ നാലുപേരും ‘കല്പകവാടിയിൽ’ (ആലപ്പുഴ ടൗണിൽ നിന്ന് 20 കി.മീ. അകലെ ദേശീയപാതയോട് ചേർന്നുള്ള ഒരു ടൂറിസ്റ്റ് ഹോട്ടൽ) ഒത്തുചേർന്നു. സുകുമാരക്കുറുപ്പ് തന്റെ അംബാസഡർ കാറിലും (KLY 5959) മറ്റുള്ളവർ അളിയൻ ഭാസ്കര പിള്ളയുടെ കാറിലും (KLY 7831) എത്തിച്ചേർന്നു. ഇരു കാറുകളിലുമായി അവർ ദേശീയപാതയുടെ തെക്കുദിശയിലൂടെ യാത്ര തുടർന്നു.

സുകുമാരക്കുറുപ്പിനോട് സാദൃശ്യമുള്ള ആരെയെങ്കിലും കണ്ടെത്തുകയായിരുന്നു ഈ യാത്രയുടെ ഉദ്ദേശo. പക്ഷേ, കൊല്ലം ജില്ലയിലെ ഓച്ചിറ വരെ കിലോമീറ്ററുകളോളം സഞ്ചരിച്ചിട്ടും അങ്ങനെയൊരാളെ കണ്ടെത്താൻ അവർക്ക് സാധിച്ചില്ല. തിരിച്ചുവരുന്ന വഴി കരുവാറ്റ എന്ന സ്ഥലത്തെത്തിയപ്പോൾ ഒരാൾ അവരുടെ കാറിനു നേരേ കൈ കാണിച്ച് ലിഫ്റ്റ് അഭ്യർത്ഥിച്ചു. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങാൻ ഒരു വാഹനം കാത്തുനില്ക്കുകയായിരുന്ന ചാക്കോ എന്നൊരാളായിരുന്നു അത്. വലിപ്പത്തിൽ സുകുമാരക്കുറുപ്പിനോട് സാദൃശ്യം തോന്നിയ അയാൾക്ക്‌ കുറുപ്പിന്റെ അംബാസഡർ കാറിൽ അവർ ലിഫ്റ്റ് നല്കി.

യാത്ര തുടർന്നു, കുറച്ചു സമയം കഴിഞ്ഞപ്പോൾ അവർ ചാക്കോയ്ക്ക് കുടിക്കാൻ ഒരു പാനീയം നൽകിയെങ്കിലും അയാൾ അത് സ്നേഹബുദ്ധ്യാ നിരസിച്ചു. പക്ഷേ, തുടരെത്തുടരെ നിർബന്ധിച്ച് അവർ ചാക്കോയെക്കൊണ്ട് ഈ പാനീയം കഴിപ്പിച്ചു (ഈഥർ കലർത്തിയ ബ്രാണ്ടിയായിരുന്നു അത് ). നിമിഷങ്ങൾക്കകം തന്നെ ചാക്കോയുടെ കഴുത്ത് ഒരു കർച്ചീഫ് ഉപയോഗിച്ച് ബലമായി മുറുക്കുകയും കഴുത്ത് ഒടിക്കുകയും ചെയ്തു.

പകരക്കാരന്റെ കൊലപാതകവും വാഹനാപകടവും

ചാക്കോ മരിച്ചെന്നുറപ്പായപ്പോൾ അവർ നേരെ “സ്മിത ഭവനി’ലേക്ക് വെച്ചു പിടിച്ചു. അവിടെ വെച്ച് ചാക്കോയുടെ മൃതശരീരം അവിടെ ഒരു മുറിയിലേക്ക് മാറ്റിയശേഷo വൃത്തിയായി സുകുമാരക്കുറുപ്പിന്റെ ഷർട്ടും ലുങ്കിയും ആ ശരീരത്തിൽ ധരിപ്പിച്ചു. തുടർന്ന് അന്ന് പുലർച്ചെ അവർ മൃതദേഹം അംബാസഡർ കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ച്, ചാക്കോയെ കയറ്റിയ റോഡിന്റെ അതേ ദിശയിൽ രണ്ട് കാറുകളിലായി വീണ്ടും യാത്രയാരംഭിച്ചു.

ആലപ്പുഴ ജില്ലയിൽ തന്നെ കൊല്ലക്കടവിൽ വിജനമായ സ്ഥലത്തെത്തിയപ്പോൾ അവർ ചാക്കോയുടെ മൃതദേഹം എടുത്ത് രണ്ടാമത്തെ കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുത്തിയശേഷം പുറകിൽ നിന്ന് ഉന്തി സമീപത്തെ നെൽവയലിലേക്ക് കാർ തള്ളിവിട്ടു. അകത്തും പുറത്തും പെട്രോൾ തളിച്ചിരുന്ന കാറിന് നേരെ തീപ്പെട്ടികൊള്ളിയെറിയുക കൂടെ ചെയ്തതോടെ വലിയ ശബ്ദത്തിൽ പൊട്ടിത്തെറിച്ചു.

കൃത്യനിർവഹണത്തിന് ശേഷം മറ്റേ കാറിൽ കയറി സംഘം സ്ഥലംവിട്ടു. പെട്ടെന്നുള്ള പൊട്ടിത്തെറിയിൽ ഭാസ്കരപിള്ളക്കും, കുറുപ്പിനും കാലിൽ സാരമായി പൊള്ളലേറ്റിരുന്നു. പുകനിറഞ്ഞ ആ അന്തരീക്ഷത്തിൽ നിന്ന് ഓടി രക്ഷപ്പെടാനുള്ള വ്യഗ്രതക്കിടയിൽ താഴെ വീണിരുന്ന ഹാൻഡ് ഗ്ലൗസ് എടുക്കാൻ അവർ മറന്നിരുന്നു. ഇതെല്ലാം നടക്കുമ്പോൾ സമയം പുലർച്ചെ ഏകദേശം മുന്നു മണിയോടടുത്തിരുന്നു. നേരം പുലർന്നതോടെ കത്തിയമർന്നുകൊണ്ടിരിക്കുന്ന കാറിനു സമീപത്തേക്ക് ആളുകൾ ഓടിയണഞ്ഞു. കാറിനു സമീപം ഒരു ഗ്ലൗസ് കിടക്കുന്നത് കണ്ടപ്പോൾത്തന്നെ സംഭവം ഒരു കൊലപാതകമാകാമെന്ന് ആളുകൾ സംശയിച്ചു.

അപകടമോ അതോ കൊലപാതകമോ ?

ആളുകൾ വിവരറിയിച്ചതനുസരിച്ച്‌, 5.30തോടെ ഡി.വൈ.എസ്‌.പി ഹരിദാസിന്റെ നേതൃത്വത്തിൽ പോലീസ്‌ സംഘം സംഭവസ്ഥലത്തേക്കു പാഞ്ഞെത്തി. നാട്ടുകാരിലൊരാൾ തന്നെയാണ് മാവേലിക്കര പോലീസ് സ്റ്റേഷനിലെത്തി എഫ്.ഐ.ആർ നൽകിയത്. കാറിന്റെ ചുറ്റുപാടുകൾ നിരീക്ഷിച്ചപ്പോൾ തന്നെ, പോലീസ് ഉദ്യോഗസ്ഥർക്ക് ചില അസ്വാഭാവികതകൾ മണത്തിരുന്നു. പരിസരത്ത്‌ ചിതറി വീണ പെട്രോളിന്റെ അംശം, രണ്ട് കയ്യുറകൾ, കാർ കത്തിക്കാനുപയോഗിച്ച തീപ്പെട്ടി എന്നിവയെല്ലാം സംശയത്തെ സാധൂകരിക്കുന്ന തെളിവുകളായിരുന്നു. രെജിസ്ട്രേഷൻ രേഖകൾ പ്രകാരം, കാർ ആലപ്പുഴ ചെറിയനാട്‌ സ്വദേശി, സുകുമാരക്കുറുപ്പിന്റേതാണ് എന്നു മനസ്സിലായി. കുറുപ്പ് തന്നെയാണ് കൊല്ലപ്പെട്ടത് എന്ന പ്രാഥമികനിഗമനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

അന്ന് തന്നെ കേസുമായി ബന്ധപ്പെട്ട് പോലീസ് കുറുപ്പിന്റെ വീട്ടിലെത്തി. പക്ഷേ, അവിടെയും ചില അക്ഷരപ്പിശകുകളുള്ള പോലെ പൊലീസിന് തോന്നി. കാരണം, കാർ കത്തിയ കാര്യം അറിയിച്ചപ്പോൾ വീട്ടുകാർ വലിയ ഭാവഭേദമൊന്നും പ്രകടിപ്പിച്ചിരുന്നില്ല. അതോടൊപ്പം കുറുപ്പിന്റെ അടുത്ത ബന്ധുവായ, ഭാസ്കരപിള്ളയുടെ കാലുകളിലെ പുതിയ പൊള്ളലും അവർ ശ്രദ്ധിച്ചിരുന്നു. അതേപ്പറ്റി ചോദിച്ചപ്പോൾ ഭാസ്കരൻ കൃത്യമായ മറുപടി പറയാതെ ഉരുണ്ടു കളിച്ചു. തുടർന്ന് ഡി.വൈ.എസ്. പിയുടെ നേതൃത്വത്തിൽ ഭാസ്കരപിള്ളയെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്തു തുടങ്ങി. ഏകദേശം അതേ സമയത്ത് തന്നെ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടുo തയ്യാറായിരുന്നു. പോലീസ്‌ സർജ്ജൻ, ഡോ. ഉമാദത്തനായിരുന്നു പോസ്റ്റ്‌ മോർട്ടത്തിന് നേതൃത്വം നൽകിയിരുന്നത്.

ആസൂത്രണത്തിന്റെ ചുരുളഴിയുന്നു

ആമാശയത്തിലെ ഈഥർ കലർന്ന മദ്യത്തിന്റെ സാന്നിധ്യം കൂടുതൽ സംശയങ്ങൾക്ക് വഴി തെളിച്ചു. അതോടൊപ്പം കൃത്യം നടന്നത് കൊയ്ത്തു കഴിഞ്ഞ വയലിൽ വെച്ചായതിനാൽ മരിച്ചയാളിന്റെ ശ്വാസകോശത്തിൽ, സ്വാഭാവികമായും വൈക്കോലിന്റെ അംശങ്ങൾ ഉണ്ടാവേണ്ടതായിരുന്നു. പക്ഷേ, ഇവിടെ അതുണ്ടായിരുന്നില്ല. കടുത്ത ചോദ്യം ചെയ്യലിനു മുമ്പിൽ ഭാസ്കരപിള്ള എല്ലാം തുറന്നു പറഞ്ഞു. മറ്റുള്ള പ്രതികളെയെല്ലാം അറസ്റ്റ് ചെയ്‌തെങ്കിലും ഈ കൃത്യങ്ങളുടെയെല്ലാം മാസ്റ്റർ ബ്രെയിനായിരുന്ന സുകുമാര കുറുപ്പിനെ മാത്രം പിടികിട്ടിയില്ല.

ഡ്രൈവർ പൊന്നപ്പനെയും, ഭാസ്കര പിള്ളയെയും കോടതി ജീവപര്യന്തം തടവിനു വിധിച്ചു. നാലാം പ്രതിയെകേണ്ടിയിരുന്ന സുകുമാരക്കുറുപ്പിന്റെ പ്യൂൺ പക്ഷേ മാപ്പുസാക്ഷിയായി. നടന്ന സംഭവങ്ങളെല്ലാം അയാൾ വിശദീകരിച്ചു. വർഷങ്ങൾക്കപ്പുറം പന്ത്രണ്ടു വർഷത്തെ ജയിൽ ജീവിതത്തിനു ശേഷം പുറത്തിറങ്ങിയ മൂന്നാം പ്രതി പൊന്നപ്പന് പക്ഷേ കൂടുതൽ കാലം ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിഞ്ഞില്ല. കുറ്റബോധത്താൽ നീറിയൊടുങ്ങിയ അയാൾ ഒടുവിൽ ഒരു മുഴം കയറിൽ ജീവനൊടുക്കി. ഭാസ്കര പിള്ളയെ പറ്റി അധികമാർക്കും അറിയില്ല.
സംഭവം നടന്നതിന് ശേഷം ചെറിയനാടുള്ള സുകുമാര കുറുപ്പിന്റെ വസ്തുവകകളെല്ലാം ഗവണ്മെന്റ് അധീനതയിലായി.

കുറുപ്പിനെ കണ്ടെത്താനായി വിഫലമായ ശ്രമങ്ങൾ

കുറുപ്പിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് നിർബാധം തുടർന്നു. വിദേശത്തേക്കു കടന്നിരിക്കാനുള്ള സാധ്യതകളെപ്പറ്റി ആരാഞ്ഞു. കുറുപ്പിന്റെ മരണശേഷം ഗൾഫിലായിരുന്ന കുറുപ്പിന്റെ ഭാര്യ സരസമ്മ നാട്ടിലെത്തിയിരുന്നു. ആദ്യഘട്ടത്തിൽ ഇവർക്കെതിരെ ഗൂഡലോചന കുറ്റം ചുമത്തിയിരുന്നെങ്കിലും പിന്നീട് അന്വേഷണപരിധിയിൽ നിന്നൊഴിവാക്കി. നാട്ടിൽ തന്നെ തങ്ങിയ ഇവർ പിന്നീട് വർഷങ്ങൾക്കു ശേഷം കുവൈത്തിലേക്ക് പോയി അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു.

സരസമ്മ കുവൈത്തിൽ സ്ഥിരതാമസമാക്കിയതോടെ കുറുപ്പ് അങ്ങോട്ടെത്തിയിട്ടുണ്ടാകാം എന്ന നിഗമനത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കുറുപ്പിനെ മാത്രം കിട്ടിയില്ല. ഇതേ തുടർന്ന് കുറുപ്പ് പ്ലാസ്റ്റിക് സർജറി നടത്തി മുഖഭാവം മാറ്റി മറ്റേതെങ്കിലും വിദേശരാജ്യത്തേക്ക് കടന്നിട്ടുണ്ടാകാമെന്ന അനുമാനത്തിൽ അന്വേഷണ സംഘം എത്തിച്ചേർന്നു.
ഇക്കാലത്തിനിടയിൽ കുറുപ്പിനെ ചൊല്ലി പല കഥകളും പുറത്തു വന്നു. അയാൾ മാനസാന്തരപ്പെട്ട് ഉത്തരേന്ത്യയിൽ ഒരു സന്യാസിയായി കഴിയുകയാണെന്നും, വേഷപ്രച്ഛന്നനായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്നും, അതല്ല സൗദി അറേബ്യയിൽ വെച്ച് മുസ്‌ലിമായി മുസ്തഫ എന്ന പേരും സ്വീകരിച്ച് , ഒരു പള്ളിയിൽ ഖത്തീബിന്റെ സഹായിയായി ജീവിക്കുകയാണെന്നൊക്കെ പലരും തങ്ങളുടെ ഭാവനാസൃഷ്ടിക്കനുസരിച്ച് പല കഥകളും പ്രചരിപ്പിച്ചു.

മകന്റെ കല്യാണത്തിന് കുറുപ്പ് വന്നോ ?

സമീപകാലത്ത് കുറുപ്പിനു വേണ്ടിയുള്ള അന്വേഷണം ഏറ്റവും ശക്തമാക്കിയത്. 2010 നവംബർ 12 നാണ്, പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ വെച്ച് കുറുപ്പിന്റെ മകന്റെ വിവാഹത്തിന് അയാൾ എത്തുമെന്ന് കരുതിയ പോലീസ് കൃത്യമായ ആസൂത്രണത്തോടെ ഒരുങ്ങി നിന്നു. പക്ഷേ, അയാളെ കിട്ടിയില്ല. എന്നാൽ കുറുപ്പ് വേഷം മാറി വിവാഹo നടക്കുന്ന ക്ഷേത്ര പരിസരത്തെത്തി വിവാഹത്തിൽ പങ്കെടുത്തു എന്ന് നാട്ടിൽ കിംവദന്തി പരന്നു. മാവേലിക്കരയിലെ ആ വയലിൽ നിന്ന് മനുഷ്യമാംസം കത്തിക്കരിഞ്ഞ മണം ഇതുവരെയും വിട്ടുപോയിട്ടില്ല.

അന്നു മുതൽ ഇന്നു വരെ സുകുമാരക്കുറുപ്പ് ആർക്കും പിടി കൊടുക്കാതെ, കേരളം കണ്ട ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായി സ്വയം അടയാളപ്പെടുത്തി കൊണ്ടേയിരിക്കുന്നു. കുറുപ്പ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാകുമോ? ഉണ്ടെങ്കിൽ എവിടെയായിരിക്കും?..

1 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x