ഭാരത് ജോഡോ യാത്ര; കോണ്‍ഗ്രസ് അതിജീവിക്കട്ടെ !

1907 ഡിസംബര്‍ 27.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഇരുപത്തി മൂന്നാമത് സമ്മേളനം സൂറത്തില്‍ വെച്ച് നടക്കുകയാണ്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് റാഷ് ബീഹാറി ഘോഷ് തെളിഞ്ഞ മന്ദഹാസത്തോടെ വേദിയില്‍ നിന്നും പ്രസംഗിക്കാന്‍ തുടങ്ങി: “പ്രിയപെട്ടവരെ, സൂര്യരഥം തെളിക്കാന്‍ ആഗ്രഹിച്ച യവനകഥയിലെ ഫീറ്റനെ പോലെ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുകയാണ്. നിങ്ങള്‍ സഹിഷ്ണുതയും, അനല്‍പ്പമായ ക്ഷമയും,കാരുണ്യവും കാണിക്കുകയാണെങ്കില്‍ മാത്രമേ ഫീറ്റന്റെ അനിവാര്യമായ വിധി ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള ഉള്ള ഭാഗ്യം എനിക്ക് ഉണ്ടാവുകയുള്ളൂ”.
പക്ഷെ, നിര്‍ഭാഗ്യവശാല്‍, മനോഹരമായ ആ സൂര്യരഥത്തിന്റെ ചക്രങ്ങള്‍ ചിതറിത്തെറിക്കാന്‍ അധികം വൈകിയില്ല. അദ്ദേഹം തുടര്‍ന്ന് പ്രസംഗിക്കാന്‍ തുടങ്ങിയപ്പോഴേക്കും സദസ്സില്‍ നിന്നും ചെറിയ തോതില്‍ മുറുമുറുപ്പ് ഉയരാന്‍ തുടങ്ങി.
ഒരു പഴകിയ ചെരിപ്പ് വേദിയിലേക്ക് ചീറി വന്നു. അത് വേദിയിലിരുന്ന വയോധികരായ ഫിറോസ് ഷാ മേഹ്തയുടെയും, സുരേന്ദ്രനാഥ ബാനർജിയുടെയും തലയില്‍ തട്ടി തെറിച്ചുപോയി. തൊട്ടു പിറകെ, ഹാള്‍ ശബ്ദമുഖരിതമായി..
തലപ്പാവുകളും,ഊന്നുവടികളും പറന്നു നടക്കാന്‍ തുടങ്ങി. നെറ്റി പൊട്ടി ചോര പൊടിഞ്ഞ പ്രതിനിധികള്‍ കണ്മുന്നില്‍ നടക്കുന്ന നാടകം കണ്ടു ഞെട്ടി. തപ്തി നദിയില്‍ നിന്നുമുള്ള തണുത്ത കാറ്റിലും ഗോഖലെയും, തിലകനും വിയര്‍ത്തു.
ഒരു മഹാപ്രസ്ഥാനം തങ്ങളുടെ വാശിക്ക് മുന്നില്‍ തകര്‍ത്തെറിയപ്പെടുന്നത് അവര്‍ നിസ്സഹായതയോടെയും ഹൃദയവേദനയോടെയും കണ്ടു നിന്നു.. ബ്രിട്ടിഷ് പോലീസ് ഹാളിലേക്ക് ഇരച്ചുകയറിയത് പെട്ടെന്നായിരുന്നു. എല്ലാവരെയും പുറത്താക്കി അവര്‍ ഒടിഞ്ഞ കസേരകള്‍ പെറുക്കി മാറ്റി സമ്മേളനസ്ഥലം വൃത്തിയാക്കാന്‍ തുടങ്ങി… ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഔദ്യോഗികമായി പിളർന്ന വാർത്തയുമായി പത്രങ്ങൾ അച്ചുനിരത്തി.
അപ്പോള്‍, ദൂരെ ദില്ലിയിലെ കൊടും തണുപ്പില്‍, വൈസ്രോയിയായ മിന്റോ പ്രഭു, പുതിയ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി നിയമിതനായ ജോണ്‍ മോര്‍ലിയുമായി തന്റെ അതിരറ്റ ആഹ്ലാദം പങ്കുവെയ്ക്കുകയായിരുന്നു. ‘കോണ്‍ഗ്രസ് ഇല്ലാതായിരിക്കുന്നു. കോണ്‍ഗ്രസ്സിന്റെ പതനം, നമ്മുടെ ഏറ്റവും മഹത്തരമായ വിജയം തന്നെയാണ്..’ മോര്‍ലി ചിരിച്ചു; സമാധാനത്തിന്റെയും ആശ്വാസത്തിന്റെയും വിടര്‍ന്ന ചിരി!
കോണ്‍ഗ്രസ്, പക്ഷെ, അത്ഭുതകരമായി അതിജീവിച്ചു. എല്ലാ ‘ആശ്വാസച്ചിരികളെയും’ കെടുത്തിക്കൊണ്ട് ഗാന്ധിജിയെന്ന ഒറ്റയാള്‍ പട്ടാളം തന്റെ ഊന്നുവടിത്തുമ്പിലൂടെ കോണ്‍ഗ്രസ്സിനു ജീവന്‍ നല്‍കി.
അങ്ങനെ മോര്‍ലിയുടെയും മിന്റൊയുടെയും മാത്രമല്ല, പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞു ചര്‍ച്ചിലിന്റെ വരെ പ്രവചനങ്ങള്‍ കടന്നും ഇന്ത്യയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിലനിന്നു. അറുപതുകളിലെ രാം മനോഹര്‍ലോഹ്യയുടെ ആന്റി-കോണ്‍ഗ്രസ്സിസവും, അറുപത്തി ഒന്‍പതിലെ പിളര്‍പ്പും കടന്നും കോണ്‍ഗ്രസ് നിലനിന്നു. എഴുപതുകളിലെ ജയപ്രകാശ് നാരായണന്റെ മലവെള്ള പാച്ചിലും കോണ്‍ഗ്രസ് അതിജീവിച്ചു. ഇന്നും അതിജീവിക്കുന്നു.
കഴിഞ്ഞ മൂന്നു ദശകങ്ങളില്‍ ഉണ്ടായ നിരവധി അപഭ്രംശങ്ങളും, ആശയപരമായ സംഘര്‍ഷങ്ങളും,സംഘടനാപരമായ ശോഷണവും ഇന്ന് കോണ്‍ഗ്രസ്സിനെ ഒരു പാട് ക്ഷീണിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ നേരിട്ടു. പലയിടത്തും വിശ്വാസ്യത നഷ്ടപ്പെട്ടു.
അങ്ങനെ ഏറ്റവും പ്രതികൂലമായ ഒരു രാഷ്ട്രീയകാലാവസ്ഥയില്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ അതിതീക്ഷ്ണമായ വേനല്‍ക്കാലത്താണ് ഇന്ന് ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നത്.
സഹയാത്രികരായി കൂടെയുണ്ടാകേണ്ട പലരും സ്വന്തമായ മേച്ചില്‍പ്പുറങ്ങള്‍ തേടി ഇതിനകം പാര്‍ട്ടിയെ കൈവിട്ടു കളഞ്ഞു. ഒരു പക്ഷെ ഈ യാത്ര അവസാനിക്കുമ്പോഴേക്കും പലരും ഇനിയും വിട്ടുപോയേക്കാം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ഇനിയും തിരിച്ചടികള്‍ നേരിട്ടേക്കാം. ഒരു രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ രാഹുല്‍ ഗാന്ധിക്ക് പറ്റിയ പാളിച്ചകള്‍ ഇനിയും ചര്‍ച്ച ചെയ്യപ്പെട്ടേക്കാം.
എങ്കിലും, അഭിപ്രായവ്യത്യാസങ്ങള്‍ക്കും, വിയോജിപ്പുകള്‍ക്കും ഇടയിലും രാഹുല്‍ ഗാന്ധിക്ക് ഒപ്പം തന്നെയാണ് നില്‍ക്കുന്നത്. അദ്ദേഹം നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് പൂര്‍ണമായ പിന്തുണ നല്‍കുന്നു.
അതിന് കാരണം, ഇന്ത്യ എന്ന ആശയത്തിന്റെയും ബഹുസ്വരതയില്‍ ഊന്നിയ രാഷ്ട്രഭാവനയുടെയും അകാലമരണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്തും അദ്ദേഹം മതേതരത്വത്തിലും ജനാധിപത്യത്തിലും സാമൂഹ്യനീതിയിലും അധിഷ്ഠിതമായ ഒരു ജനാധിപത്യ സംസ്കാരത്തെക്കുറിച്ച് കൃത്യമായും ശക്തമായും സംസാരിക്കുന്നു എന്നതുകൊണ്ടാണ്.
അനിതരസാധാരണമായ ജനാധിപത്യ അപഭ്രംശങ്ങളും, മതപരമായ ധ്രുവീകരണങ്ങളും, വെറുപ്പും, അന്യവല്‍ക്കരണവും, ചരിത്രനിരാസവും ഒക്കെ ചേര്‍ന്ന് നിര്‍വചിക്കുന്ന ഈ കാലത്ത് ഇത്തരമൊരു യാത്രക്ക് ഒരുപാട് പ്രസക്തി ഉണ്ട്.
മനുഷ്യരെ കേള്‍ക്കുകയും അവരുടെ അഭിലാഷങ്ങളും പ്രതീക്ഷകളും ജാതിമതഭേദമന്യേ ഉള്‍ക്കൊള്ളുകയും ചെയ്യേണ്ടത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ അടിസ്ഥാനപരമായ കടമയാണ്. ഏറെ വൈകിയാണെങ്കിലും ഒരു രാഷ്ട്രീയപ്പാര്‍ട്ടി അത് ചെയ്യാന്‍ മുന്നോട്ടു വരുമ്പോള്‍ ജനാധിപത്യവിശ്വാസികള്‍ അതിരില്ലാത്ത പിന്തുണ നല്‍കേണ്ടതുണ്ട്.
അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇന്ത്യയിലെ ഒരു പാട് മനുഷ്യര്‍ രാഷ്ട്രീയവിയോജിപ്പുകള്‍ മറന്നുകൊണ്ട് ഈ യാത്രയെ പിന്തുണക്കുന്നത്. രണ്ടു വര്‍ഷം മുൻപ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിരിച്ചുവിടണം എന്ന് പറഞ്ഞ യോഗേന്ദ്രയാദവ് ഇന്ന് ഭാരത് ജോഡോ യാത്രയുടെ ഭാഗമാകുകയാണ് എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
ഓര്‍ക്കുക, ഇന്ത്യന്‍ ദേശീയതയുടെ വളര്‍ച്ചക്ക് ഏറെ സംഭാവനകള്‍ നല്‍കിയ, ആധുനിക ഇന്ത്യയെ പുനര്‍നിര്‍മ്മിച്ച ഒരു പാര്‍ട്ടിയുടെ സമ്പൂര്‍ണ്ണനിര്‍മ്മാര്‍ജനം- ‘കോണ്‍ഗ്രസ് മുക്ത ഭാരതം’- എന്ന ഏറ്റവും വലിയ ജനാധിപത്യ അശ്ലീലം ആണ് ഇന്നത്തെ ഭരണകക്ഷിയുടെ ആത്യന്തിക ലക്‌ഷ്യം.
വീടിന് തീവെച്ചുകൊണ്ട് ഓരോരുത്തരായി കോണ്‍ഗ്രസ് വിട്ടുപോകുമ്പോഴും, മറ്റു പല രാഷ്ട്രീയഭിക്ഷാംദേഹികളെയും ‘ഓപ്പറേഷന്‍ താമര’യെന്ന ഓമനപ്പേരില്‍ വാഗ്ദാനങ്ങള്‍ നല്‍കി അടര്‍ത്തിയെടുക്കുമ്പോഴും പണ്ട് മോര്‍ലിയും മിന്റോയും ചിരിച്ച അതേ ചിരിയാണ് അവരുടെ മുഖത്തു കാണുന്നത്.
ആധുനിക ഇന്ത്യയുടെ ചരിത്രം ആ ‘ചിരിയില്‍’ തറഞ്ഞു നിന്നുപോകുന്ന ഒന്നാകരുത്. കോണ്‍ഗ്രസ് അതിജീവിക്കട്ടെ. അലസത വെടിഞ്ഞുകൊണ്ട്, യുദ്ധവീര്യത്തോടെ ജനാധിപത്യപ്രക്രിയയില്‍ പങ്കാളികള്‍ ആകട്ടെ.
ഭാരത് ജോഡോ യാത്ര ഇന്ത്യയെയും കോണ്‍ഗ്രസിനെയും ഒന്നിപ്പിക്കുന്ന മഹത്തായ ഒരു യാത്രയാകട്ടെ.
രാഹുല്‍ ഗാന്ധിക്കും സഹയാത്രികര്‍ക്കും ആശംസകള്‍…അഭിവാദ്യങ്ങൾ..
സുധാ മേനോൻ


