
ഭാരതം ലോകത്തിന് സംഭാവന ചെയ്ത മഹത് വ്യക്തികളിൽ പ്രഥമസ്ഥാനീയനാണ് ഗാന്ധിജി. ലോകത്തിന് മാതൃകയായ നേതാക്കളിൽ ഒരാളും. ചില വ്യക്തികൾ അങ്ങിനെയാണ്. അവർ ചരിത്രത്തെ സൃഷ്ടിക്കും. ചരിത്രം അവരാൽ അവർക്കു ശേഷവും സൃഷ്ടിക്കപ്പെടുന്നു. കാരണം അവർ കാലാതീതരാണ്.
കാലമെത്ര കഴിഞ്ഞാലും ലോകം അവരെ, അവരുടെ പ്രവർത്തനങ്ങളെ ഓർത്തു കൊണ്ടേയിരിക്കും. എന്തു കൊണ്ടാണത്? കാരണം, അവരുടെ ജൻമവും കർമ്മവും അവർക്കു വേണ്ടിയല്ല. ഈ ലോകത്തിന് വേണ്ടിയായിരിക്കും. ഗാന്ധിജിയുടെ നൂറ്റി അമ്പതാം ജൻമ വാർഷിക ദിനാഘോഷങ്ങളുടെ സമാപ്തിയിലാണ് നാം ഇന്നുള്ളത്.
ഓരോ ഭാരതീയനും ഹൃദയത്തോട് ചേർത്തു വയ്ക്കുന്ന മഹത് പ്രതീകം തന്നെയാണ് ഗാന്ധിജി. അധികാരം കൊണ്ടും കാർക്കശ്യം കൊണ്ടും അടിച്ചമർത്തൽ കൊണ്ടും വിഘടന വിദ്വേഷ പ്രവർത്തനങ്ങൾ കൊണ്ടും മതമൗലികവാദങ്ങൾ കൊണ്ടും അനുയായികളെ സൃഷ്ടിച്ച് അവരുടെ ഇടയിൽ സുഖലോലുപരായി, ആസനസ്ഥരായി ജീവിക്കുന്ന നേതാക്കൾ ഉണ്ട് നമ്മുടെ ചുറ്റും.
എന്നാൽ ഇതൊന്നുമില്ലാതെ കേവലം ഒരു കഷണം തോർത്തു മുണ്ടും ഊന്നുവടിയുമായി കുറഞ്ഞ കാലം ജീവിച്ച് രക്തസാക്ഷിത്വം വരിച്ച ഒരു മനുഷ്യനെ നൂറ്റാണ്ടിന്റെ ഇതിഹാസമായി ലോക ജനത കാണുന്നു ഒപ്പം ദൈവതുല്യനായി നൂറ്റിനാല്പത് കോടി ഭാരതീയൻ കാണുന്നു എങ്കിൽ അതു തന്നെയാണ് ഗാന്ധിജിയുടെ മാഹാത്മ്യവും.
അധികാരമില്ലായിരുന്നു ഗാന്ധിജിക്ക്. മതങ്ങളെ ബഹുമാനിക്കുകയും എല്ലാ മതങ്ങളെയും അധികാര രാഷ്ട്രീയത്തിനിപ്പുറം നിർത്തിക്കൊണ്ട് മതങ്ങളെ വ്യക്തിപരമായി മാത്രം കണ്ട് ദരിദ്രനെയും ഗ്രാമീണനെയും സ്നേഹിച്ച്, പ്രകൃതിവിഭവങ്ങളെ സൂക്ഷ്മതയോടെ ഉപയോഗിക്കാൻ ആഹ്വാനം ചെയ്ത്, ഗ്രാമങ്ങളുടെ പുരോഗതിയിലൂടെ ഇന്ത്യയുടെ തിളക്കം സ്വപ്നം കണ്ട് ന്യൂനപക്ഷങ്ങളെയും കീഴാളരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും രാഷ്ട്രത്തിന്റെ ഹൃദയത്തോട് ചേർത്തു നിർത്താൻ ഗാന്ധിജി എന്നും ശ്രമിച്ചിരുന്നു.
1947 ഓഗസ്റ്റ് 14 ന് അർദ്ധരാത്രി സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഗാന്ധിജി ഇങ്ങ് കൽക്കട്ടയിലെ കത്തിയെരിയുന്ന ഒരു ഗ്രാമത്തിൽ ആയിരുന്നു. പ്രഥമ പ്രധാന മന്ത്രി നെഹൃവിന്റെയും സർദാർ പട്ടേലിന്റെയും സന്ദേശവും കൊണ്ട് ഗാന്ധിജിയെ ഡൽഹിയിലേക്ക് ക്ഷണിക്കാൻ ദീർഘ യാത്ര ചെയ്ത് എത്തിയ ദൂതനോട് കത്ത് വാങ്ങുന്നതിനു പകരം താങ്കൾ ഭക്ഷണം കഴിച്ചോ എന്നാണ് ആരാഞ്ഞത്.
പിറ്റേന്ന് യാത്രയാക്കുമ്പോൾ ഗാന്ധിജി കത്തുവായിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു. ബംഗാൾ കത്തിയെരിയുമ്പോൾ, ഗ്രാമങ്ങളിൽ അനാഥരായ സ്ത്രീകളുടെയും കുട്ടികളുടെയും ദീന രോദനങ്ങൾ ഉയരുമ്പോൾ, ഡൽഹിയിലെ പ്രകാശധോരണികളിൽ എനിക്കെങ്ങിനെ വരാൻ സാധിക്കും. കരഞ്ഞു പോയ ദൂതന്റെ കണ്ണീർ ഇറ്റുവീണ കരിയില എടുത്ത് ഗാന്ധിജി പറഞ്ഞു ഈ ഇലയെപോലും ആർദ്രമാക്കുന്നു താങ്കളുടെ കണ്ണീർ. പോയി പറയൂ സ്വാതന്ത്ര്യം എന്നത്, കുറച്ച് ആളുകൾ അധികാരം കയ്യാളുമ്പോഴല്ല, മറിച്ച് അധികാരം കയ്യാളുന്നവർ കാണിക്കുന്ന ധാർഷ്ട്യങ്ങളെ ചോദ്യം ചെയ്യാനുള്ള മനസ്സ് ഒരു ജനത കൈവരിക്കുമ്പോഴാണ്.
ഗാന്ധിജി ഇന്ത്യയെ സ്നേഹിച്ചിരുന്നു. ഇന്ത്യയിലെ മനുഷ്യരെയും ഇന്ത്യയുടെ വൈവിധ്യങ്ങളെയും. ഔപചാരികവിദ്യാഭ്യാസം കൊണ്ടു അറിവു മാത്രമേ ലഭിക്കൂ എന്നും തൊഴിൽ പഠനവും സാമൂഹ്യസേവനപ്രവർത്തനങ്ങളും പഠനത്തോടൊപ്പം ഉണ്ടാവണമെന്നും ഗാന്ധിജി ആഗ്രഹിച്ചിരുന്നു.
എന്താണ് ഗാന്ധിജി നമുക്കു നൽകുന്ന സന്ദേശം? ധീരരായിരിക്കുക. സ്വതന്ത്രരായിരിക്കുക. എല്ലാവരെയും എല്ലാറ്റിനെയും ഉൾക്കൊള്ളുക. സ്വന്തം ജീവിതം മറ്റുള്ളവർക്ക് മാതൃകയാക്കുക.
Nice presentation.. Best wishes sir
Nice