സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയുന്ന എതൊരു സ്ത്രീക്കുമെതിരെ ഇവിടെ നടക്കുന്ന സൈബർ ബുള്ളിയിങ്ങ് യാതൊരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല നിസംശയം എതിർക്കപ്പെടേണ്ട കാര്യമാണ്.
ഈ വെർച്വൽ സ്പെയ്സിൽ ഇടപെടുന്നെ വ്യക്തമായ നിലപാടുകൾ ഉള്ള സ്ത്രീകളും, പുരുഷൻമാരും ഇതിൽ അവരുടെ അഭിപ്രായം നിരന്തരം പറയുന്നതാണ്, അതുകൊണ്ട് തന്നെ ഇതൊരു പുതിയ കാര്യമല്ല അഹാന എന്ന നടി ആദ്യത്തെ ഇരയും അല്ല.
നിങ്ങൾ എന്തുകൊണ്ടാണ് അഹാനയ്ക്ക്
എതിരെ നടക്കുന്ന സൈബർ ബുള്ളിയിങ്ങിൽ പ്രതികരിക്കാതിരിക്കുന്നത് ഇത് നിങ്ങളുടെ ഇരട്ടത്താപ്പ് അല്ലേ…!
ഇങ്ങനെ ഒരു ചോദ്യം പലരും കേട്ട് കാണും ഈ ദിവസങ്ങളിൽ അതുകൊണ്ട് പറഞ്ഞതാണ്.
തിരുവനന്തപുരത്ത് കാര്യങ്ങൾ കൂടുതൽ കൈവിട്ടു പോകാതിരിക്കാൻ ഗവൺമെന്റ് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നു, ആ വേളയിലാണ് അഹാന വളരെ ലാഘവത്തോടെ അതിൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ ഇൻസ്റ്റഗ്രാമിൽ ഒരു സ്റ്റാറ്റസ് ഇടുന്നത്, നോക്കൂ ഇന്നലെ തിരുവനന്തപുരത്തെ ആക്ടീവ് കേസുകളുടെ എണ്ണം 2203 ആണ്.
ഇത്രയും സങ്കീർണമായ സാഹചര്യത്തെയാണ് അവർ തെറ്റിദ്ധാരണ തോന്നിക്കുന്ന തരത്തിൽ വ്യാഖ്യാനിച്ചത്.
മേൽപ്പറഞ്ഞതിനെ ചൊല്ലിയാണ് ഇക്കണ്ട പുകിലൊക്കെ അരങ്ങേറുന്നത്, ഇരുപത് ലക്ഷം ഇൻസ്റ്റഗ്രാം ഫോളോവേഴ്സും, ഫെയ്സ്ബുക്ക് പേജിൽ പത്ത് ലക്ഷത്തോളം ലൈക്കും ഉള്ള ഒരാളാണ് ഈ രീതിയിൽ ഒരു തെറ്റിദ്ധാരണ പരത്തുന്നത് എന്നതാണ് ഇവിടെ പ്രസക്തമായ കാര്യം.
ആരാണ് ഈ ഇരുപത് ലക്ഷത്തോളം വരുന്ന ഫോളോവേഴ്സിൽ ഭൂരിഭാഗം !
ഇൻസ്റ്റഗ്രാമിൻ്റെ പൊതു സ്വഭാവം വെച്ചിട്ട് നിസംശയം പറയാം ഏറെക്കുറെ അത് ചെറിയ കുട്ടികൾ ടീനേജ് പ്രായമുള്ളവരാകാനാണ് സാധ്യത, ഭൂരിഭാഗം കൃത്യമായി രാഷ്ട്രീയ ബോധം ഒന്നും ഇല്ലാത്ത ആളുകൾ.
സോഷ്യൽ മീഡിയയിൽ സൈബർ ബുള്ളിയിങ്ങ് നടത്തുന്ന ‘ഊളകളെ’ വിമർശിച്ച് വീഡിയോ ഇട്ട അഹാന എന്നാൽ ആ സ്റ്റാറ്റസിൽ ഇപ്പോഴും ഖേദം പ്രകടിപ്പിച്ചിട്ടില്ല.
ഇനി ഇത്തരം കാര്യങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന മറ്റൊരു അപകടം പറയാം കൃത്യമായി രാഷ്ട്രീയ ബോധമുള്ള മനുഷ്യരോടാണ് ഈ രാജ്യത്തെ ഓർത്ത് അതിന്റെ ഭാവിയെ ഓർത്ത് അൽപം എങ്കിലും ആശങ്കയുള്ള മനുഷ്യരോട് മാത്രമാണിത്.
നിഷ്പക്ഷ മേലങ്കി അണിഞ്ഞ് സംഘ് ഐറ്റി സെല്ലിന് വേണ്ടി പണിയെടുക്കുന്ന ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ഒറ്റ നോട്ടത്തിൽ നമുക്ക് തിരിച്ചറിയാൻ കഴിയാത്തവർ. സംഘിൻ്റെ നരേറ്റീവുകൾ അതേപടി സകല ഇടങ്ങളിലും ഛർദ്ദിച്ചു വെക്കുന്ന കൂട്ടർ.
ഈ കൂട്ടർ ശബരിമലയിൽ സ്ത്രീകൾ കയറരുത് എന്ന് വാശിപിടിക്കും, അവസരം കിട്ടുമ്പോൾ എല്ലാം ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അവർ രായാക്കർമാർക്ക് ജയ് വിളിക്കും, കോറോണ വരുമ്പോൾ ഭരണകൂട ആഹ്വാനം ശിരസ്സാൽ വഹിച്ച് വിളക്ക് കത്തിച്ച് മുൻപന്തിയിൽ നിൽക്കും, കമലിനെ കമാലുദ്ദീൻ എന്നും വിളിക്കും.
എന്നാൽ ഈ രാജ്യം നിന്ന് കത്തിയാൽ പോലും തങ്ങളുടെ ആഡംബര ഭവനത്തിൽ ശീതീകരിച്ച മുറിയിൽ ശാന്തമായ നിദ്രയിൽ ലയിക്കാൻ കഴിയുന്ന ഇവർ, പിറ്റേന്ന് എഴുന്നേറ്റ് രാജ്യത്തിന് വേണ്ടി, നിലനിൽപ്പിന് വേണ്ടി തെരുവിൽ തല്ല് കൊള്ളേണ്ടി വന്ന, ഭരണകൂട മർദ്ദനത്തിൽ ജീവൻ നഷ്ടപ്പെട്ട ജനതയെ കലാപകാരികൾ എന്ന് മുദ്രകുത്തും,
അവരുടെ അരാഷ്ട്രീയതയും ദേശീയതയും സമം ചേർത്ത് സ്റ്റാറ്റസ് ഇടാൻ മുൻപന്തിയിൽ നിൽക്കും, അവർ സ്വയം ‘നിച്പക്ഷർ’ എന്ന് വിളിക്കുമെങ്കിലും, ഒളിച്ചു കടത്തുന്ന കൃത്യമായ പക്ഷമുണ്ട് ഈ മധ്യവർഗ അപ്പർ കാസ്റ്റ്, അപ്പർ ക്ലാസ് ജീവിതങ്ങൾക്ക്.
ഇതിപ്പോ പറയാൻ കാരണം മേൽപ്പറഞ്ഞ താരം ഈ രീതിയിൽ ഒത്തിണങ്ങിയ ഒരു നിഷ്പക്ഷ പ്രൊഫൈലിൽ നിന്ന് അവരെ സപ്പോർട്ട് ചെയ്തു വന്ന ഒരു പോസ്റ്റ് ഷെയർ ചെയ്തു കണ്ടു അതൊക്കെ ആകസ്മികമായി സംഭവിക്കുന്ന കാര്യമാണ് എന്ന് കരുതണം എന്നുണ്ട് പക്ഷെ നിവൃത്തിയില്ല.
ഇതൊക്കെ കണ്ടിരിക്കുന്ന ന്യൂനപക്ഷത്തിന് എങ്കിലും രാഷ്ട്രീയം എന്നാൽ എന്തെന്നതിൽ വ്യക്തത ഉണ്ട്, അരാഷ്ട്രീയതയുടെ കാപട്യം എന്തെന്ന് തിരിച്ചറിയാൻ ഉള്ള ബോധമുണ്ട്, നിഷ്പക്ഷതയുടെ വർത്തമാന കാല ഉറവിടം എവിടെ നിന്നാണ് പൊട്ടി ഓസിക്കുന്നത് എന്നതിൽ കൃത്യമായ ധാരണയുണ്ട്.
പറഞ്ഞു വന്നത് ഇത് ബോളിവുഡ് അല്ല അങ്ങനെ ആരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അത് വെറും തെറ്റിദ്ധാരണ മാത്രമാണ്…
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS