
സ്കീസോഫ്രീനിയ എന്ന മാനസിക വൈകല്യം ബാധിച്ച അമ്മ. ജനിച്ചനാൾ മുതൽ അമ്മ ഉണ്ടായിട്ടും ഇല്ലാത്ത അവസ്ഥ. ഒരു മകൾ തുറന്നെഴുതുകയാണ്. അമ്മയെ ഭയന്നുള്ള ജീവിതത്തെ കുറിച്ച്. അമ്മ നൽകിയ വിഷാദാവസ്ഥയെ കുറിച്ച്. ഇന്നവർ പോരാടുകയാണ്. അമ്മയ്ക്ക് വേണ്ടി ഈ മകളും. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലാണ് ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
എന്റെ അമ്മയെ ഞങ്ങൾക്ക് ചുറ്റമുള്ളവർ ഒരു രാക്ഷസിയായിട്ടാണ് കണ്ടത്. ഞാനും അത് സമ്മതിച്ചിരുന്നു. സ്കീസോഫ്രീനിയ എന്ന അവസ്ഥ എന്താണെന്ന് അറിയാനും മാത്രം ഞാൻ അന്ന് വളർന്നിട്ടില്ലായിരുന്നു. എനിക്ക് ഓർമ വെച്ച കാലം മുതൽ അമ്മ ഒരു അമ്മ ആയിരുന്നില്ല. ഒരു സ്കീസോഫ്രീനിയ രോഗി എന്ന നിലയിൽ അമ്മയുടെ ലോകം വേറിട്ടതായിരുന്നു. ആർക്കും അമ്മയുടെ അടുത്ത നീക്കമെന്താണെന്ന് പ്രവചിക്കാൻ കഴിഞ്ഞിരുന്നില്ല. എല്ലാ ദിവസവും എന്തെങ്കിലും മോശമായി സംഭവിച്ചിരുന്നു.
അത് കൊണ്ട് ചില ദിവസങ്ങളിൽ അവർ കോപാകുലയായി തീരും. മേശം വാക്കുകളുപയോഗിക്കും, ഞങ്ങളെ ഉപദ്രവിക്കും. ചില ദിവസങ്ങളിൽ മറ്റുള്ളവർ ആക്രമിക്കുമെന്ന ഭയത്താൽ അവർ ഒരു മുലയ്ക്ക് നിശ്ശബ്ദയായി ഒതുങ്ങിക്കൂടും. അസാധാരണമായാണ് അമ്മ പെരുമാറിയിരുന്നത്. ഒരു ദിവസം ഞാൻ സ്കൂളിൽ പോയ സമയത്ത് അവർ എന്റെ പ്രിയപ്പെട്ട സിഡികൾ വീടിന് പുറത്തേക്ക് വലിച്ചെറിഞ്ഞു. അന്ന് എനിക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. പല ദിവസങ്ങളിലും വീട്ടിലെത്തുന്ന ഞാൻ കാണുന്നത് എന്റെ വസ്ത്രങ്ങളും ആഭരണങ്ങളും നശിപ്പിച്ചിരിക്കുന്നതാണ്. എന്റെ കണക്ക് പ്രൊജക്റ്റ് വരെ കീറിക്കളഞ്ഞിരുന്നു.
അത് പോലെ ഞാൻ അമ്മ ഇല്ലാതെയാണ് വളർന്നത്. സ്കൂളിൽ മറ്റ് കുട്ടികൾ ചൂടോടെ ഉച്ചഭക്ഷണം കഴിക്കുമ്പോൾ ഞാൻ അച്ഛൻ ഉണ്ടാക്കി തന്നിരുന്ന തണുത്ത സാലഡ് കഴിക്കും. മൽസരങ്ങളുടെ സമയത്ത് മറ്റ് കുട്ടികളുടെ അമ്മമാർ അവരെ അണിയിച്ചൊരുക്കയും അവർക്ക് പിന്നാലെ നടക്കുകയും ചെയ്യും.
എന്നാൽ എനിക്ക് ആരുമില്ലായിരുന്നു. എനിക്ക് സാരി ഉടുപ്പിച്ച് തന്നിരുന്നത് കൂട്ടുകാരുടെ അമ്മമാരാണ്. ഏന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് അമ്മയോട് സംസാരിക്കാൻ സാധിക്കില്ല എന്നതാണ്. എനിക്ക് ആൺകുട്ടികളെപ്പറ്റി, ആർത്തവത്തെപ്പറ്റി ജീവിതത്തെക്കുറിച്ച് ഒക്കെ സംശയങ്ങളുണ്ടായിരുന്നു. പലപ്പോഴും ഞാൻ സംസാരിച്ച് തുടങ്ങുമ്പോൾ അമ്മ മുറിയിൽ നിന്ന് പുറത്തുകടക്കും.എനിക്ക് ഏകാന്തത അനുഭവപ്പെട്ടു. ബന്ധുക്കൾ മാറിനിൽക്കുകയും സുഹൃത്തുക്കൾ വീട്ടിലേക്ക് വരാൻ മടിക്കുകയും ചെയ്യും. അമ്മ വരുമെന്ന കാരണത്താൽ ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്ന് എന്നോട് പോകണമെന്ന് ആവശ്യപ്പെട്ടു.
പക്ഷെ എനിക്കൊപ്പം അച്ഛനുണ്ടായിരുന്നു. അദ്ദേഹം എനിക്ക് എല്ലാ കരുതലും നൽകി. ഭരതനാട്യവും ബോക്സിങ്ങും പഠിപ്പിച്ചു. പക്ഷേ ഞാൻ ആഗ്രഹിച്ച ആളിൽ നിന്ന് എനിക്ക് ഒന്നും ലഭിച്ചില്ല. നീരസവും ഏകാന്തതയും വളർന്നു, 17 വയസ്സുള്ളപ്പോൾ ഞാൻ വിഷാദാവസ്ഥയിലായി. രണ്ട് വർഷങ്ങൾ എനിക്ക് നഷ്ടപ്പെട്ടതായി തോന്നി. ഞാൻ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് ആരെങ്കിലും കരുതുന്നുണ്ടോ എന്ന് പോലും ചിന്തിച്ചു. 19 വയസ്സിൽ സൈക്കോളജി പഠിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് തെറാപ്പി ആവശ്യമാണെന്ന് മനസ്സിലായി. കുറച്ച് സമയമെടുത്തു, പക്ഷേ ഞാൻ അമ്മയെ കുറ്റപ്പെടുത്തുന്നത് നിർത്തി. അത് അവരുടെ തെറ്റല്ലെന്ന് ഞാൻ അംഗീകരിച്ചു. അവരുടെ നിയന്ത്രണത്തിന് അതീതമായ ഒരു മാനസികരോഗം അവർക്കുണ്ടായിരുന്നു. അതിനാൽ, എനിക്ക് നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങളിൽ ഞാൻ എന്റെ ഊർജ്ജം മുഴുവൻ കേന്ദ്രീകരിച്ചു.
ഞാൻ എങ്ങനെ മറികടന്നു ?
ഞാൻ ഒരു മോട്ടിവേഷണൽ കോച്ചായി ഓൺലൈൻ ബിസിനസ്സ് ആരംഭിച്ചു. അമ്മ ചെറുതായി മരുന്നുകളോട് സഹകരിച്ചു തുടങ്ങി. ഇപ്പോൾ ദിവസംതോറും കാര്യങ്ങൾ മെച്ചപ്പെടുന്നു. ഞങ്ങൾക്ക് ഇപ്പോഴും ചില മോശം ദിവസങ്ങളുണ്ട്, പക്ഷേ അത് ശരിയാണ്, അവർ ശ്രമിക്കുന്നു. ഇപ്പോൾ അവർ മുറിയിൽ നിന്ന് പുറത്തുപോകാതെ എന്നോട് സംസാരിക്കുന്നു. ചിലപ്പോൾ ആശങ്കയോടെ ശകാരിക്കുന്നു. ഞാൻ ഇത് ഇഷ്ടപ്പെടുന്നു! എന്റെ ജീവിതകാലം മുഴുവൻ ഞാൻ അവളെ നഷ്‌ടപ്പെടുത്തിയെന്ന് എനിക്കറിയാം, പക്ഷേ അതിനർത്ഥം നമുക്ക് ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടെന്നാണ്!.