Education

മലയാളം മീഡിയത്തിൻ്റെ ഭാവി; പരിമിതികൾ ആഴമുള്ളതും ഘടനാപരവുമാണ്

ഭാഷാ/ നാസിറുദ്ദീൻ മറിയം

ഇളയ മോളായ മനാലിൻ്റെ സ്കൂൾ പഠനം കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് തുടങ്ങിയത്. അത് നേരിട്ട് കാണുമ്പോൾ ഒരു കാര്യം പെട്ടെന്ന് വ്യക്തമാവുന്നുണ്ട്.

മലയാളത്തിൽ നന്നായി കാര്യങ്ങൾ പറയാനും പരിചയമില്ലാത്തവരോട് പോലും സംസാരിക്കാനും മടിയില്ലാത്ത അവൾ ഇംഗ്ലീഷിലേക്ക് പെട്ടെന്നുണ്ടായ മാറ്റത്തിൽ പതറുന്നുണ്ട്.

ക്ലാസിലെ മറ്റ് കുട്ടികളുടേയും സ്ഥിതി സമാനമാണ്. ഒരു പക്ഷേ ഓൺലൈൻ ക്ലാസായതിനാലാവും സ്ഥിതി ഇത്ര മോശമായത്.

മൂത്ത രണ്ട് പേരും ഇതേ സ്കൂളിൽ ചേർന്നപ്പോൾ ഇത്ര തന്നെ ബുദ്ധിമുട്ടായതായി ഓർക്കുന്നില്ല. ഇന്നലെ വരെ ചിന്തയുടേയും ആശയ വിനിമയത്തിൻ്റെയും അടിസ്ഥാനമായ ഭാഷയെ കയ്യൊഴിഞ്ഞ് ഒരു സുപ്രഭാതത്തിൽ തീർത്തും അപരിചിതമായ മറ്റൊരു ഭാഷയിലേക്ക് പൂർണമായും മാറുന്നത് അത്ര എളുപ്പമല്ല.

എന്നാൽ ഇംഗ്ലീഷിലേക്ക് പെട്ടെന്നുള്ള ചാട്ടത്തിൽ ആദ്യമൊക്കെ അവർ പതറുമെങ്കിലും പിന്നീട് അതുമായി യോജിച്ച് പോവുന്നുണ്ട് എന്നതും ശരിയാണ്. പ്രത്യേകിച്ചും ശാസ്ത്രീയമായ സമീപനം പുലർത്തുന്ന നിലവാരമുള്ള അധ്യാപകരും സ്കൂളുമാണെങ്കിൽ.

മൂത്ത രണ്ടാളുകളും ഈ ബുദ്ധിമുട്ടിനെ അതിജീവിച്ചത് കണ്ടതാണ്. മാതൃഭാഷയുടെ അടിസ്ഥാനപരമായ ഈ പ്രസക്തി അംഗീകരിക്കുമ്പോഴും മലയാളം മീഡിയം എന്ന സംവിധാനത്തിൻ്റെ ദുരന്തവശങ്ങൾ അതിലുമെത്രയോ അധികമാണെന്നതാണ് അനുഭവം.

ഈ അനുഭവമാണ് സ്കൂൾ വിദ്യാഭ്യാസം പൂർണമായും മലയാളത്തിലായിരുന്നിട്ടും ഞങ്ങളുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിൽ തന്നെ ചേർത്തത്.

ഏറ്റവും ശ്രദ്ധേയമായ കാര്യം മലയാളം മാത്രം സംസാരിച്ച്, ചിന്താമണ്ഡലത്തിൽ മലയാളം മാത്രമുണ്ടായിരുന്ന ഒരന്തരീക്ഷത്തിൽ നിന്ന് നാല് വയസ്സിന് മുമ്പ് ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറിയ ഞങ്ങളുടെ മക്കൾക്ക് അതുമായി പൊരുത്തപ്പെടാനും സ്വാഭാവികമായ രീതിയിൽ ഇംഗ്ലീഷിലൂടെ കാര്യങ്ങൾ ഗ്രഹിക്കാനും ഏതാനും മാസങ്ങൾ കൊണ്ട് സാധിച്ചു, ഭേദപ്പെട്ട ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മറ്റേത് കുട്ടികളേയും പോലെ തന്നെ.

അതേ സമയം പത്താം ക്ലാസ് കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടപ്പോഴും എനിക്ക് മലയാളത്തിൽ പഠിച്ച കണക്കിലേയും സയൻസിലേയും കാര്യങ്ങൾ ഇംഗ്ലീഷുമായി ബന്ധപ്പെടുത്താൻ സാധിച്ചിരുന്നില്ല. എൻ്റെ മലയാള മീഡിയത്തിൽ നിന്ന് ഇംഗ്ലീഷ് മീഡിയത്തിലേക്കുള്ള മാറ്റം ദുരന്ത പൂർണമായിരുന്നെങ്കിൽ മക്കളുടെ മലയാള പശ്ചാത്തലത്തിൽ നിന്നും ഇംഗ്ലീഷ് മീഡിയത്തിലേക്കുള്ള മാറ്റം ചെറിയ പരിക്കുകളോടെയെങ്കിലും രക്ഷപ്പെടുന്നുണ്ട്.

Transitional Period ൽ എനിക്കും അവർക്കും നേരിടേണ്ടി വന്ന ആഘാതവും അനുഭവത്തിലുള്ള വ്യത്യാസവും പ്രധാനമാണ്. പത്താം ക്ലാസ് കഴിഞ്ഞ് ഇംഗ്ലീഷിലേക്കുള്ള മാറ്റം ഒരു വൻ ദുരന്തമായിരുന്നു.

എൻ്റെ വിദ്യാഭ്യാസ ജീവിതത്തിലെ പരസ്പര ബന്ധത്തില്ലാത്ത രണ്ട് ദ്വീപുകളാണ് സ്കൂൾ കാലഘട്ടവും കോളേജ് കാലഘട്ടവും. പത്താം ക്ലാസ് കഴിഞ്ഞതിന് ശേഷം പത്ര, പുസ്തക വായനകൾ ഏറെക്കുറെ മുഴുവനായും ഇംഗ്ലീഷിലായതിനാൽ ഇംഗ്ലീഷ് പെട്ടെന്ന് വഴങ്ങി. ഇന്നും എനിക്ക് ഇഷ്ടമുള്ള മതം, രാഷ്ട്രീയം, സോഷ്യൽ സയൻസ്, ടെക്നോളജി തുടങ്ങിയ ഇഷ്ട മേഖലകളിലെല്ലാം വായിക്കാനും സംസാരിക്കാനും താൽപര്യം ഇംഗ്ലീഷാണ്.

പക്ഷേ കോളേജ് കാലഘട്ടത്തിലെ മാറ്റം സയൻസ്, കണക്ക് പഠനത്തെ ശരിക്കും തകർത്തു. Pancreatic gland ഉം Endocrinic gland മൊക്കെ സ്കൂളിൽ പഠിച്ച ആഗ്നേയ ഗ്രന്ഥിയും അന്തസ്രാവി ഗ്രന്ഥിയുമൊക്കെയായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന സത്യം തിരിച്ചറിഞ്ഞപ്പോഴേക്കും ഏകദേശം കോളേജിന് പുറത്തെത്തിയിരുന്നു.

കണക്കിൽ ജ്യോമട്രിയിലെ കടുകട്ടി മലയാള പദങ്ങളുടെയൊക്കെ ശരിക്കുള്ള അർത്ഥങ്ങൾ ഇന്നും ദുരൂഹം. സയൻസിലും കണക്കിലുമൊക്കെ മലയാളം എന്ന ലേബലിൽ സംസ്കൃതത്തിലൂടെ പഠി(പ്പി)ച്ച ചവറുകളാണ് എൻ്റെ തലമുറയിലെ വലിയൊരു വിഭാഗത്തിൻ്റെ സയൻസ് പഠനം നശിപ്പിച്ചതിലെ പ്രധാന വില്ലൻ.

ഈ സംസ്കൃതവൽക്കരണം സാധാരണക്കാരനെ മലയാളത്തിൽ നിന്നും ആട്ടിയോടിക്കുന്നതുമാണ്. ജീവിതത്തിൽ വായിച്ച് തുടങ്ങിയിട്ട് മനസ്സിലാക്കാൻ പറ്റാത്തതിനാൽ മുഴുവനാക്കാതെ ഉപേക്ഷിച്ച ഒറ്റ പുസ്തകമേ ഉള്ളൂ, പ്രമുഖ മാർക്സിസ്റ്റ് ബുദ്ധിജീവിയായിരുന്ന കെ ദാമോദരൻ്റ ‘ഭാരതീയ ദർശനം’ ആണത്.

ഈ പരിമിതി സയൻസിലോ സാങ്കേതിക പദങ്ങളിലോ മാത്രമായി ഒതുങ്ങുന്നതുമല്ല. കേരളത്തിനോ ഇന്ത്യക്കോ അപ്പുറത്തുള്ള രാഷ്ട്രീയം ഗൗരവമായി സമീപിക്കുന്നെങ്കിൽ പോലും മലയാളം മാറ്റി വെക്കേണ്ടി വരും.

40 ലക്ഷത്തോളം മലയാളികൾ താമസിക്കുന്ന പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ പറ്റി ഗൗരവമായ എന്തെങ്കിലും വായിക്കണമെങ്കിൽ ഇംഗ്ലീഷ് അല്ലെങ്കിൽ അറബി അറിയണം. ജാപനീസ് ഭാഷ സംസാരിക്കുന്ന 50,000 പേർ പോലും ഇല്ലാത്ത കാലത്താണ് ലോകത്തെ ഏറ്റവും മികച്ച ഖുർആൻ പരിഭാഷകളിലൊന്നായി വിലയിരുത്തപ്പെടുന്ന തോഷികോ ഇസുത്സുവിൻ്റെ ജാപനീസ് പരിഭാഷ പുറത്തിറങ്ങുന്നത്.

ഖുർആൻ്റെ ഭാഷാപരമായ സവിശേഷതകളുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നവർ ഇന്നും ഏറ്റവുമധികം ഉദ്ധരിക്കാറുള്ളത് മുപ്പതോളം ഭാഷകളിൽ കഴിവുണ്ടായിരുന്ന ഇസുത്സു എഴുതിയ പുസ്തകങ്ങളാണ്.

എല്ലാ മേഖലയിലും ഇത് തന്നെയാണ് സ്ഥിതി. നല്ല സിനിമകളുടെ കൂട്ടത്തിലൊന്നും മലയാളം എവിടെയുമില്ല. പക്ഷേ ജാപനീസും ഹംഗേറിയനും ഇറാനിയനുമൊക്കെ ഇഷ്ടം പോലെ കാണും. ഭാഷ അടിസ്ഥാനപരമായി ഒരു ടൂളാണ്. ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാനും അതിനോട് ഇടപഴകാനുമുള്ള ഏറ്റവും അനിവാര്യമായ ഒരു ഉരുപ്പടി.

എല്ലാ ഭാഷകളും തുല്യമാണ് എന്ന തത്വം അംഗീകരിക്കുമ്പോഴും പ്രായോഗിക തലത്തിൽ “ചിലർ കൂടുതൽ സമൻമാർ” ആണെന്ന യാഥാർത്ഥ്യത്തിന് നേരെ കണ്ണടച്ചിട്ട് കാര്യമില്ല. സയൻസ്, ഐ ടി പോലുള്ള മേഖലകളിൽ എന്തെങ്കിലും ഇടപെടലിന് മലയാളം സജ്ജമല്ല. മലയാളികൾ ഇതിലെല്ലാം എന്തെങ്കിലും ഗൗരമായി ചെയ്യുന്നുണ്ടെങ്കിൽ അത് ഇംഗ്ലീഷിലാണ്. അപവാദങ്ങൾ കാണും, പക്ഷേ അത് അപവാദങ്ങൾ മാത്രമാണ്.

ജപ്പാൻകാരും ജർമൻകാരുമൊക്കെ ചെയ്യുന്നില്ലേ എന്ന് ചോദിച്ചാൽ ആന മുക്കുന്നത് പോലെ മുയൽ മുക്കിയിട്ട് കാര്യമില്ലെന്നേ പറയാനാവൂ. ഒരു കുട്ടിക്ക് ജനനം തൊട്ട് മരണം വരെ പഠിക്കാനും ഗവേഷണം നടത്താനുമുള്ള എന്തും അവരുടെ ഭാഷയിൽ ലഭ്യമാണ്. അവർക്ക് വേണ്ട ജോലിയും മറ്റ് ജീവിത സാഹചര്യങ്ങളുമെല്ലാം അവിടെ തന്നെയുണ്ട്. അത് കൊണ്ടാണ് ലോകത്തെ ഏറ്റവും കൂടുതൽ പ്രചാരമുള്ള പത്രങ്ങളുടെ കണക്കെടുത്താൽ ഇംഗ്ലീഷിനെ പോലും പുറന്തള്ളി ജാപനീസ്, ജർമൻ പത്രങ്ങൾ മുന്നിൽ വരുന്നത്.

ഇന്റർനെറ്റ് പോലുള്ള സാങ്കേതിക വിദ്യകളെ അവർ പൂർണമായും അവരുടെ ഭാഷകളിലാക്കി മെരുക്കിക്കഴിഞ്ഞു. പ്രമുഖ ഭാഷാ ശാസ്ത്രജ്ഞനായ നിക്കോളാസ് ഓസ്ലർ ഇംഗ്ലീഷല്ല, പ്രാദേശിക ഭാഷകളാണ് ടെക്നോളജിയുടെ പിൻബലത്തോടെ വളരുന്നത് എന്ന് പറഞ്ഞതും ഈയർത്ഥത്തിലായിരുന്നു.

മറ്റൊരു ജാപ്പനീസോ ജർമനോ ആവാൻ മലയാളത്തിന് ഇന്നത്തെ നിലയിൽ സാധിക്കില്ല. ചുരുക്കം ചില മെഡിക്കൽ കോളേജുകളൊഴിച്ചാൽ ഇന്ത്യൻ നിലവാരത്തിൽ പോലും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിലധികമില്ല.

മൂന്ന് വർഷം മുമ്പ് പൂനയിലേക്ക് പറിച്ച് നടുമ്പോൾ കുട്ടികളെ അങ്ങോട്ട് മാറ്റണമെന്നായിരുന്നു ആഗ്രഹം. പക്ഷേ ഭാഷ വീണ്ടും വില്ലനായി. സെകൻ്റ് ലാംഗ്വേജ് ഹിന്ദിയാണ്, മലയാളം എവിടെയുമില്ല. ഫ്രഞ്ച് പല സ്കൂളുകളിലും ഉണ്ടായിരുന്നു. ഹിന്ദിയാണെങ്കിൽ ലേശം കട്ടിയായതിനാൽ മക്കൾക്ക് താൽപര്യവുമില്ല. അവർ ഫ്രഞ്ച് പഠിച്ചിട്ടില്ലായിരുന്നു. അവസരമില്ലാഞ്ഞിട്ടല്ല, ഇവിടെ അവരുടെ സ്കൂളിൽ ഫ്രഞ്ചുണ്ടായിരുന്നതാണ്.

പക്ഷേ ഇംഗ്ലീഷ് മീഡിയം ആണെങ്കിലും മക്കൾ നന്നായി മലയാളവും പഠിക്കണമെന്ന ആഗ്രഹത്തിൽ ഫ്രഞ്ചിന് പകരം മലയാളം എടുത്തു. ആ തീരുമാനം വിനയായി. അങ്ങനെ അവരെ പൂനയിലേക്ക് മാറ്റാനുള്ള പരിപാടി തന്നെ ഉപേക്ഷിച്ചു. പകരം ആ ജോലി കളഞ്ഞ് വീട്ടിൽ നിന്ന് ജോലിയെടുക്കാൻ ഒപ്ഷനുള്ള ജോലിയിലേക്ക് മാറി നാട് പിടിച്ചു.

പറഞ്ഞ് വരുന്നത് ഈ മലയാളം മീഡിയവും വെച്ച് കേരളം കടന്നാൽ ജീവിക്കാൻ വല്യ പാടാണ്. ഉപരി പഠനത്തിനും മികച്ച തൊഴിലിനുമുള്ള സാധ്യതകൾ പരിമിതമാണ്. മലയാളം മീഡിയത്തിൽ പഠിച്ച് എത്ര തന്നെ മികച്ച ഇംഗ്ലീഷ് സ്കിൽ ഉണ്ടാക്കിയെടുത്താലും വിഷയങ്ങൾ പഠിച്ചത് ഇംഗ്ലീഷിലല്ലെങ്കിൽ തുടർ പഠനത്തിന് ഒരു ഇൻ്റർവ്യൂ പോലും കടന്ന് കയറാൻ പറ്റില്ല.

ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളോ തൊഴിൽ നൽകുന്ന കമ്പനികളോ ഇല്ലാത്ത കേരളത്തിൽ നിന്ന് കുട്ടികളും മുതിർന്നവരുമൊക്കെ സംസ്ഥാനത്തിനോ രാജ്യത്തിനോ പുറത്ത് പോകേണ്ടത് അനിവാര്യവുമാണ്.

അങ്ങനെ നല്ലൊരു തൊഴിൽ സ്വപ്നം കാണുന്ന മാതാപിതാക്കൾക്കും ഉന്നത നിലവാരമുള്ള അകാദമിക് സാഹചര്യം തേടുന്ന കുട്ടികൾക്കും ഒരേ പോലെ വിലങ്ങ് തടിയാവുകയാണ് മലയാളം മീഡിയം.

പൂർണമായും ആഗോളവൽക്കരിക്കപ്പെട്ട ഈ കാലഘട്ടത്തിൽ അതിനെ പ്രതിരോധിക്കാനോ ഉപയോഗപ്പെടുത്താനോ യാതൊരു ശേഷിയുമില്ലാത്ത ഒന്നാണ് മലയാളം. അങ്ങനെയൊന്ന് ഉണ്ടാവാനുള്ള സാധ്യതയാണെങ്കിൽ അതിവിദൂരമാണ്.

Artificial intelligence പോലുള്ള മേഖലകളിൽ വൻ വിപ്ലവം വന്ന് ഏത് ഭാഷയിൽ നിന്നും എങ്ങോട്ടും നിമിഷ നേരം കൊണ്ട് കാര്യങ്ങൾ പരിഭാഷപ്പെടുത്താൻ സാധിക്കുന്ന രീതിയിലെത്തിയാലേ അതൊക്കെ സ്വപ്നം കാണാനെങ്കിലും പറ്റൂ.

ഈ പ്രശ്നത്തിൻ്റെ സങ്കീർണതകളും വ്യത്യസ്ത തലങ്ങളുമൊന്നും മലയാളികളുടെ പിടിയിലൊതുക്കുന്നതുമല്ല. ഒന്നുകിൽ ഈ ശേഷി മലയാളത്തിന് ഉണ്ടാക്കാനുള്ള സാധ്യത തേടണം. അല്ലെങ്കിൽ പരിമിതികളും പോരായ്മകളും ഒരുപാടുള്ള ഇംഗ്ലീഷ് മീഡിയത്തിൻ്റെ സാധ്യത ഉപയോഗിക്കണം.

ഈ പ്രശ്നങ്ങളൊന്നും പരിഹരിക്കാത്ത മലയാളം മീഡിയ വാദങ്ങൾ ഒരു കെണിയാണ്. ഒരു പാട് പ്രിവിലേജുള്ളവർക്ക് അതൊക്കെ താങ്ങാൻ പറ്റിയെന്ന് വരും, അതില്ലാത്തവർക്ക് പറ്റില്ല.

മലയാളം മീഡിയത്തിൻ്റെ പരിമിതികൾ കൂടുതൽ ആഴമുള്ളതും ഘടനാപരവുമാണ്. അധ്യാപകരുടെ നിലവാരം ഉയർത്തിയോ പൊതു വിദ്യാലയങ്ങളുടെ മറ്റ് വിഭവ ശേഷി കൂട്ടിയോ മാത്രം അത് പരിഹരിക്കാൻ സാധിക്കില്ല. ഇംഗ്ലീഷ് മീഡിയത്തിൻ്റെ പോരായ്മകൾ പലപ്പോഴും ഇങ്ങനെ പരിഹരിക്കാൻ സാധ്യത നൽകുന്നെങ്കിലുമുണ്ട്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x