ഡൽഹി കലാപം: ആയുധ വിതരണക്കാരന് ജാമ്യം, വിദ്യാർത്ഥികൾക്കെതിരെ UAPA
സഫൂറ സർഗാറിൽ നിന്ന് മനീഷ് സിരോഹിയിലേക്കുള്ള ദൂരം
കലാപവുമായി ബന്ധപ്പെട്ട് ആയുധ വിതരണം ചെയ്തയാൾക്ക് ജാമ്യം, വിദ്യാർത്ഥികൾക്കെതിരെ UAPA. ഒരേ FIR മുഖേന അറസ്റ്റിൽ ആയവർക്കിടയിൽ കടുത്ത നീതിനിഷേധം. വൻ തോതിൽ ആയുധം പിടിച്ചെടുത്തിട്ടും ജാമ്യം.
2020 ഫെബ്രുവരിയിൽ നടന്ന ദില്ലി കലാപവുമായി ബന്ധപ്പെട്ട് ദില്ലി പോലീസ് കുറേപേരെ അറസ്റ്റ് ചെയ്യുകയും അവരിൽ പലരും ഇപ്പോഴും ജാമ്യം ലഭിക്കാതെ ജയിലിൽ കഴിയുകയും ചെയ്യുന്നു. എന്നാൽ അതിൽ ഒരു വിഭാഗക്കാരെ മാത്രം ലക്ഷ്യം വെച്ചു കടുത്ത നീതി നിഷേധമാണ് ഭരണകൂടം നടത്തുന്നത്.
ഉദാഹരണമായി സഫൂറ സർഗാർ, മൂന്ന് മാസം ഗർഭിണിയായ ജാമിയ മില്ലിയ ഇസ്ലാമിയയിലെ വിദ്യാർത്ഥിനിയാണ്. ഡൽഹി കലാപം അവസാനിച്ച് ആറാഴ്ച കഴിഞ്ഞാണ് അവളെ കസ്റ്റഡിയിലെടുക്കുന്നത്. അറസ്റ്റിലായ സമയത്ത് ആയുധങ്ങളും വെടിക്കോപ്പുകളും അത് പോലെ ഒന്നും അവരിൽ നിന്ന് കണ്ടെടുത്തിട്ടില്ല, എന്നാൽ പൌരാവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന മുസ്ലിമാണ് എന്നതായിരിക്കാം നീതി നിഷേധത്തിനു കാരണമായ് ബോധ്യപെടുന്നത്.
മറ്റൊരാൾ മനീഷ് സിരോഹി, കഴിഞ്ഞ രണ്ട് വർഷമായി ആയുധങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്നും മധ്യപ്രദേശിൽ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും വാങ്ങി ദില്ലിയിലേക്ക് കൊണ്ടുവരുന്നു വെന്നും പോലീസ് പറയുന്നു. ദില്ലിയിൽ കലാപം നടന്നുകൊണ്ടിരിക്കുമ്പോൾ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. അഞ്ച് പിസ്റ്റളുകളും 20 വെടിയുണ്ടകളും ഇയാളിൽ നിന്ന് കണ്ടെടുത്തിരുന്നു. കലാപത്തിൽ കൊല്ലപ്പെട്ട 55 പേരിൽ പലരിലും വെടിയേറ്റ മുറിവുകൾ ഉള്ളതായി പോലീസും ഡോക്ടർമാരും സാക്ഷ്യപ്പെടുത്തിയത് ഈ സന്ദർഭത്തിൽ ഓർക്കണം. എന്നാൽ വ്യക്തമായ ക്രിമിനൽ തെളിവുകൾ ഉണ്ടായിട്ടും യുഎ.പി.എ ചുമത്തുന്നതിൽ നിന്നും ഒഴിവാക്കുകയും രക്ഷപെടാനുള്ള വഴികളും ഒരുക്കിയിരിക്കുന്നു.
ഒരു തെളിവില്ലാഞ്ഞിട്ടും സഫൂറ സർഗറിനെതിരെയും വെടികോപ്പുകളുമായ് പിടിക്കപെട്ട മനീഷ് സിരോഹിയേയും ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യുകയും 2020 മാർച്ച് 6 ലെ 59 FIR പ്രകാരം ഇരുവരെയും അറസ്റ്റുചെയ്യുന്നതും. തുടരന്വേഷണത്തിൽ രണ്ട് പേരോടും വ്യത്യസ്ഥ നിലപാടുകളാണ് അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകുന്നത്.
സഫൂറ സർഗാറിൽ നിന്ന് മനീഷ് സിരോഹിയിലേക്കുള്ള ദൂരം
സഫൂറ സർഫർ എന്ന വിദ്യാർത്ഥിനിയെ ഇന്ത്യയുടെ ഭീകരവിരുദ്ധ നിയമമായ യുഎപിഎ പ്രകാരം കുറ്റം ചുമത്തുകയും, ജാമ്യം പോലും നിഷേധിച്ച് ഒരു മാസമായി ജയിലിൽ കഴിയുകയാണ്. അവളുടെ ആരോഗ്യപരമായ അവസ്ഥയും അനുദിനം വഷളായി കൊണ്ടിരിക്കുന്ന ദില്ലിയിലെ കോവിഡ് വ്യാപനവും തിരക്കേറിയ ജയിൽ സംവിധാനത്തിൽ കൊറോണയുടെ സാധ്യതയും ഒക്കെ ഉണ്ടായിരുന്നിട്ടും അതൊന്നും പരിഗണിക്കാതെ ജയിലറയിൽ തളച്ചിട്ടിരിക്കുകയാണ്.
എന്നാൽ മനീഷ് സിരോഹി എന്നയാൾക്കെതിരെ ആയുധ നിയമപ്രകാരം മാത്രമേ കുറ്റം ചുമത്തിയിട്ടുള്ളൂ. 2020 മാർച്ച് 6 ലെ, സഫൂറിക്കെതിരെ കേസ് എടുത്ത അതേ FIR 59 പ്രകാരം തന്നെയാണ് മനീഷ് സിരോഹിക്കെതിരെ കേസെടുത്തത് എങ്കിലും അദ്ദേഹത്തിന് എതിരെ യുഎപിഎ പോലെയുള്ള വകുപ്പുകളൊന്നു ഉൾപ്പെടുത്തിയിട്ടില്ല.
തുടർന്ന് കോവിഡ് -19 വ്യാപനത്തിനെ തുടർന്ന് അദ്ദേഹത്തിന്റെ ജീവന് അപകടസാധ്യതയുണ്ട് എന്ന് ചൂണ്ടിക്കാട്ടി മെയ് 6 ന് ദില്ലി കോടതി അദ്ദേഹത്തിന് ജാമ്യം നൽകി. കോടതി ജാമ്യം നൽകിയപ്പോൾ പറഞ്ഞ കാരണങ്ങൾ ഇവിടെ പ്രസക്തമാണ്;
” അതിനാൽ, മേൽപ്പറഞ്ഞ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് COVID-19 വ്യാപനം വർദ്ധിച്ചുവരികയാണെന്നും അപേക്ഷകന് (പ്രതിക്ക്) ഈ വൈറസ് ബാധിതനാകാൻ സാധ്യതയുണ്ടെന്നും ജയിൽ തുടരുകയാണെങ്കിൽ അദ്ദേഹത്തിന് രോഗം ബാധിക്കാൻ സാധ്യതയുണ്ട് എന്നും അത് കൊണ്ട് അപേക്ഷകന് 25,000 രൂപ വ്യക്തിഗത ബോണ്ടിനും സമാനമായ തുകയുടെ ഒരു ജാമ്യക്കാരന്റെയും ഉറപ്പിൽ ജാമ്യം അനുവദിക്കുകയും ചെയ്യുന്നു “.
ഒരൊറ്റ FIR, ഇരട്ട നീതി
സഫൂറയോടും സിറോഹിയോടുമുള്ള വ്യത്യസതമായ സമീപനങ്ങളിൽ നിന്ന് ഡൽഹി പോലീസിന്റെ ‘രാഷ്ട്രീയ’ ലക്ഷ്യങ്ങൾ ബലപ്പെടുത്തുന്നതും കലാപാഹ്വനം നടത്തുകയും സായുധമായ് ഇടപെടുകയും ചെയ്ത സംഘപരിവാരങ്ങളെ ബോധപൂർവം രക്ഷിക്കാനും ബിജെപി നേതാക്കന്മാരുടെ അടക്കമുള്ള ആളുകളുടെ പങ്ക് മറച്ചു വെക്കാനും ശ്രമിക്കുകയാണ് എന്നത് വ്യക്തമാണ്.
പൗരത്വ (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധത്തിൽ സജീവമായിരുന്ന സഫൂറയെ ഏപ്രിൽ 13 നാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു ജാമിയ വിദ്യാർത്ഥിയായ മീരാൻ ഹൈദർനേയും യൂണിവേഴ്‌സിറ്റി പൂർവവിദ്യാർഥി സംഘടനയുടെ പ്രസിഡന്റ് ഷിഫ-ഉർ- റഹ്മാനിയും മറ്റ് രണ്ട് സമര പ്രവർത്തകരായ ഖാലിദ് സൈഫിയും അഭിഭാഷകനായ ഇസ്രത്ത് ജെഹാനേയും പോലീസ് ഇതേ FIR ന് കീഴിൽ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
UAPA; ദുരുപയോഗങ്ങളുടെ നീണ്ട കഥകൾ
ഫെബ്രുവരി 23 മുതൽ 25 വരെ ദില്ലിയിൽ നടന്ന കലാപം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ തലസ്ഥാന സന്ദർശനം മുൻകൂട്ടി കണ്ട് ആസൂത്രണം ചെയ്ത ഗൂഡാലോചനയുടെ ഭാഗമാണെന്ന് ഒരു രഹസ്യ വിവരം സബ് ഇൻസ്പെക്ടർക്ക് ലഭിക്കുകയും അദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ FIR 59 രജിസ്റ്റർ ചെയ്യുകയും ആണ് ചെയ്തത്.
കലാപവുമായി ബന്ധപ്പെട്ട IPC 147, 148, 149, 120 (B) വകുപ്പുകൾ (കലാപം, ആയുധങ്ങളുമായുള്ള സംഘം ചേരൽ) പ്രകാരമാണ് ക്രൈംബ്രാഞ്ച് FIR രജിസ്റ്റർ ചെയ്തത്. കേസ് പ്രത്യേക സെല്ലിലേക്ക് മാറ്റിയ ശേഷം, കൊലപാതകം നടത്താനുള്ള ഗൂഢാലോചന, കൊലപാതകം (302), കൊലപാതകശ്രമം (307), രാജ്യദ്രോഹം (124 A), മതത്തിന്റെ അടിസ്ഥാനത്തിൽ ശത്രുത വളർത്തുക (153 എ) തുടങ്ങി വിവിധ കുറ്റങ്ങൾ ആണ് പോലീസ് ചേർത്തിട്ടുള്ളത്. പിന്നെ Arms Act പ്രകാരം ഉള്ള കുറ്റം കൂടി ചേർത്തു.
ഏപ്രിൽ 20 നാണ് സ്പെഷ്യൽ സെൽ യുഎപിഎ പ്രകാരം ഉള്ള 13, 16, 17, 18 വകുപ്പുകൾ FIR ൽ ചേർത്തത്. ഈ നിയമങ്ങൾ ‘നിയമവിരുദ്ധ പ്രവർത്തനം’, ഭീകരപ്രവർത്തനം ചെയ്യൽ, തീവ്രവാദ പ്രവർത്തനത്തിന് ഫണ്ട് ശേഖരിക്കുക, തീവ്രവാദ പ്രവർത്തനം നടത്താനുള്ള ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ടതാണ്.
FIR ൽ യുഎപിഎ വകുപ്പുകൾ ചുമത്തുന്നതോട് കൂടി പ്രതികൾക്ക് ജാമ്യം ലഭിക്കാൻ ഉള്ള സാധ്യത കുറയുകയും തീവ്രവാദ വിരുദ്ധ നിയമം ചേർക്കുന്നത് തന്നെ പലപ്പോഴും ജാമ്യം ലഭിക്കാതിരിക്കാനും ആണ്.
എന്നിട്ടും മെയ് ആറിന് പട്യാല ഹൗസ് കോടതി മനീഷ് സിരോഹിക്ക് ജാമ്യം അനുവദിച്ചു. കോടതി വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത ജാമ്യാപേക്ഷയിൽ സിറോഹിയെ ദില്ലി പോലീസിന്റെ സ്‌പെഷ്യൽ സെൽ 2020 ഫെബ്രുവരി 26 ന് അറസ്റ്റ് ചെയ്യുകയും പിന്നീട് FIR 59/2020 പ്രകാരം കേസെടുക്കുകയും ചെയ്തതും അറസ്റ്റിലായ സമയത്ത് 5 പിസ്റ്റളുകളും 20 വെടിയുണ്ടകളും കണ്ടെടുത്തതായി ജാമ്യാപേക്ഷയിൽ പറയുന്നു.
കലാപത്തിന് ഗൂഢാലോചന നടത്തിയ കേസാണെങ്കിലും, യുഎപിഎ പോലുള്ള പ്രധാന കുറ്റങ്ങൾ FIR ഇൽ ചേർത്തിട്ടുള്ളതാണെങ്കിലും, മനീഷ് സിരോഹിക്ക് എതിരെയുള്ള അന്വേഷണം പൂർത്തിയായതാണെന്നും ജാമ്യാപേക്ഷയിൽ എതിർക്കുന്നില്ലയെന്നും സ്പെഷ്യൽ സെൽ കോടതിയെ അറിയിച്ചു. ജഡ്ജി എം.കെ. നാഗ്പാൽ, യുഎപിഎയിൽ പ്രത്യേക വ്യവസ്ഥകൾ ഉണ്ടായിരുന്നിട്ടും കോടതിയുടെ വിവേചനാധികാരം ഉപയോഗിക്കാതെ ജാമ്യം അനുവദിച്ചു
അന്തിമഫലം, ദില്ലി വർഗീയ കലാപത്തിൽ അക്രമത്തിന് സാക്ഷ്യം വഹിച്ച സമയത്ത് 5 പിസ്റ്റളുകളും 20 വെടിയുണ്ടകളും കൈവശം വച്ചിരുന്ന മനീഷ് സിരോഹിക്ക് ജാമ്യം അനുവദിക്കുകയും ഭരണഘടന അനുവദിച്ച അവകാശങ്ങൾ ഏകപക്ഷീയമായി നിഷേധിക്കുന്ന ഭരണകൂടങ്ങൾക്ക് എതിരെ സമരം ചെയ്ത വിദ്യാർഥികൾക്ക് എതിരെ ശക്തമായ വകുപ്പുകൾ ചാർത്തി ജാമ്യം നിഷേധിക്കുകയും ചെയ്തു.
3 മാസം ഗർഭിണിയായ സഫൂറയെ അതും കോവിഡ് -19, ന്റെ വ്യാപനത്തിനിടയിൽ ജയിലിൽ പാർപ്പിക്കുന്നതിന് എതിരെ ആംനസ്റ്റി അടക്കം രംഗത്ത് വന്നിട്ടുണ്ട്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS