Opinion

പിണറായി വിജയൻ്റെ പോലീസ് കേരളത്തെ ജനാധിപത്യവിരുദ്ധ ഇടിമുറികളാവുമ്പോൾ!

പ്രമോദ് പുഴങ്കര

മദ്യപിച്ച് ലക്കു കെട്ട് അമിത വേഗതയിൽ വാഹനമോടിച്ച് മാധ്യമപ്രവർത്തകനായ ബഷീറിനെ വണ്ടിയിടിച്ചു കൊന്ന IAS ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കേവലം അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയ താരതമ്യേന ചെറിയ ശിക്ഷ മാത്രം ലഭിക്കുന്ന കുറ്റം ചുമത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത് കേരളത്തിലെ പൊലീസും ആ പോലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തര മന്ത്രി പിണറായി വിജയനും അയാൾ മുഖ്യമന്ത്രിയായി നേതൃത്വം നൽകുന്ന സർക്കാരുമാണ്.

ശ്രീറാമിന് അനുകൂലമായി കാര്യങ്ങൾ ഇങ്ങനെയെത്തിക്കാൻ അയാളുടെ രക്തപരിശോധന മനഃപൂർവ്വം 9 മണിക്കൂറിലേറെ വൈകിപ്പിക്കുകയും (ഒരു ഡോക്ടർ കൂടിയായ പ്രതി അത് തെളിവ് നശിപ്പിക്കാനായി ചെയ്തതാണ്) അന്വേഷണം അട്ടിമറിക്കുകയും ചെയ്തത് കേരള പൊലീസാണ്.

ഇത്രയും നഗ്നമായ അനീതിയും നിയമവാഴ്ചയുടെ അട്ടിമറിയും നടന്നിട്ടും നിരപരാധിയായ ഒരു പൗരൻ പെരുവഴിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റക്കാരനെന്ന് ലോകം മുഴുവൻ അറിഞ്ഞൊരു ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ എല്ലാ സർക്കാർ സംവിധാനങ്ങളും ഒരുമിച്ചു പ്രവർത്തിച്ചിട്ടും ഒന്ന് പ്രതിഷേധിക്കുക പോലും ചെയ്യാതെ പിണറായി വിജയനെന്ന ദുരധികാര മൂർത്തിക്ക് സിന്ദാബാദ് വിളിക്കേണ്ടി വരുന്ന കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷം ഇടതുപക്ഷ രാഷ്ട്രീയത്തിനെയാണ് അട്ടിമറിക്കുന്നത്.

മറ്റേതോ ഭൂപ്രദേശത്ത് നടക്കുന്ന പോലെയാണ് കേരളത്തിലെ പൊലീസ് ഭീകരതയെക്കുറിച്ചുള്ള വാർത്തകളോട് ഇടതുപക്ഷ അനുഭാവി വൃന്ദത്തിനു പോലും നിശബ്ദത പാലിക്കേണ്ടി വരുന്നത്.

അവർ അംഗീകരിക്കാൻ മടിക്കുന്നതും വാഴ്ത്തുപാട്ടുകളുടെ കടന്നാൽ കമാണ്ടർമാർ ഒന്നിനു പിറകെ ഒന്നായി പടച്ചുവിടുന്ന സ്തുതികളുടേയും വിമതശബ്ദങ്ങളോടുള്ള അധിക്ഷേപങ്ങളുടെയും കുത്തൊഴുക്കിൽ നിലകിട്ടാതെ പോകുന്നതുമായ വസ്തുത കേരളത്തിലെ പിണറായി വിജയൻ സർക്കാർ ലക്ഷണമൊത്തൊരു സമഗ്രാധിപത്യ, ജനാധിപത്യ വിരുദ്ധ സംവിധാനത്തെയാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്നാണ്.

ഭരണാധികാരിയുടെ, നേതാവിന്റെ ഔദാര്യത്തിന്റെയും കരുണയുടേയും ചുറ്റുവട്ടത്ത് കിട്ടിയതും വാങ്ങി ചോദ്യങ്ങളൊന്നും ചോദിക്കാതെ കഴിയുന്നതാണ് ഇടതുപക്ഷത്തിന്റെ ചരിത്രപരമായ കടമ എന്ന മട്ടിലാണ് കമ്മ്യൂണിസ്റ്റ് പാർടി അംഗങ്ങളെയും അനുഭാവികളെയും വരെ എത്തിച്ചിരിക്കുന്നത്.

എല്ലാ സമഗ്രാധിപത്യ ഭരണകൂടങ്ങളും ചെയ്യുന്നത് പൊലീസിനെ, മറ്റ് ഭരണകൂട മർദനോപാധികളെ കൂടുതൽ തീക്ഷ്ണമായ മർദ്ദകസ്വഭാവമുള്ളതാക്കി മാറ്റുക എന്നാണ്. കേരളത്തിൽ പിണറായി വിജയനും നടത്തുന്നത് അതാണ്. അയാളുടെ ഭരണത്തിന് കീഴിൽ കേരള പൊലീസ് യാതൊരുവിധത്തിലുള്ള ജനാധിപത്യ ബാധ്യതകളുമില്ലാത്തൊരു തെമ്മാടിക്കൂട്ടമായി (Rogue force) മാറിയിരിക്കുന്നു.

കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ ഗതികേടുകൊണ്ട് എത്തിപ്പെട്ടാൽ താണുവണങ്ങി കേണു നിന്നില്ലെങ്കിൽ ജീവിതം തുലയ്ക്കും എന്നത് അക്ഷരാർത്ഥത്തിൽ നടപ്പാക്കുകയാണ് പൊലീസ്.

കോലം കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ രണ്ടു സഹോദരങ്ങൾക്ക് (ഒരാൾ സൈനികനും മറ്റെയാൾ DYFI മേഖല ജോയിന്റ് സെക്രട്ടറിയുമാണ്) നേരെയുണ്ടായ അതിഭീകരമായ മർദ്ദനവും തുടർന്ന് കള്ളക്കേസിൽ കുടുക്കി ജയിലടച്ചതും ഇതിലെ പുറത്തുവന്ന ഏറ്റവും പുതിയ ഭീകരാനുഭവമാണ്.

ആളുകളെ പൊതുവഴിയിൽ ഏത്തമിടുവിച്ചതു മുതൽ, നിരവധി പേരെ കസ്റ്റഡിയിൽ മർദ്ദിച്ചു കൊന്നതടക്കമുള്ള വീരകൃത്യങ്ങളാണ് പിണറായി വിജയൻറെ പൊലീസിനുള്ളത്.

ജനങ്ങൾ പോലീസിനെ ഒരു ഗുണ്ടാ സംഘമെന്നോണം ഭയപ്പെടുകയും പോലീസുകാരുടെ അതിക്രമണങ്ങൾ യാതൊരുവിധത്തിലുള്ള കർശനമായ നടപടിയും നേരിടാതെ പോവുകയും ചെയ്തൊരു കാലം കേരളത്തിൽ ഇതിനുമുമ്പുണ്ടായത് ഒരുപക്ഷെ അടിയന്തരാവസ്ഥയിൽ മാത്രമായിരിക്കും.

തങ്ങളുടെ സഖാവായൊരു ചെറുപ്പക്കാരനെയും സഹോദരനേയും കൈവിലങ്ങുകളിട്ട് പോലീസ് സ്റ്റേഷനിൽ അതിക്രൂരമായി മർദ്ദിച്ചിട്ടും അയാളുടെ DYFI സഖാക്കൾക്കോ പ്രദേശത്തെ പാർട്ടി നേതൃത്വത്തിനോ ആ പോലീസ് സ്റ്റേഷനിൽ ചെന്നതൊന്ന് ചോദിക്കാൻ പോലും കഴിഞ്ഞിട്ടില്ല എന്നറിയുമ്പോൾ കേരളത്തിലെ പാർട്ടിയെ എത്ര മാത്രം നിർജ്ജീവമായ വിധേയസംഘമായി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള ഒരു ചെറുസംഘം മാറ്റിയെടുത്തു എന്ന് മനസിലാകും.

ഇന്നിപ്പോൾ മഞ്ചേരിയിൽ കാർ പരിശോധനയയുടെ കാരണം ചോദിച്ചതിന് സ്ത്രീയെയും സഹോദരനേയും ആ സ്ത്രീയുടെ പത്തു വയസായ മകന്റെ മുന്നിലിട്ട് വലിച്ചിഴച്ചും മർദ്ദിച്ചും കൊണ്ടുപോകുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

കേരളത്തിലെ എല്ലാ ജില്ലകളിലും ഏതു തെരുവിലും നിങ്ങൾ പോലീസിനാൽ ആക്രമിക്കപ്പെട്ടേക്കാമെന്നും ശേഷം നീണ്ട വർഷങ്ങൾ പോലീസിനെ ആക്രമിച്ചെന്ന കള്ളക്കേസുകളിൽ കോടതിയിൽ കയറിയിറങ്ങേണ്ടിവരുമെന്നതാണ് അവസ്ഥ.

വിധേയന്മാരായ തൊമ്മികളും PR പണി ഏറ്റെടുത്ത കടന്നാൽ കമാണ്ടർമാരും അപ്പോഴും എല്ലാം നമ്മുടെ നല്ലതിനാണെന്നും ഇടികൊള്ളുമ്പോൾ അത് ഒറ്റപ്പെട്ട ഇടിയാണെന്നും ചിറികോട്ടി ഇളിച്ചുകൊണ്ടിരിക്കും. കേരളത്തിലെ മനുഷ്യരുടെ പൗരാവകാശങ്ങളും ആത്മാഭിമാനവും ഇതുപോലെ തകർന്നുപോയൊരു കാലം അടുത്തൊന്നുമുണ്ടായിട്ടില്ല.

അതല്ലെങ്കിൽ മറ്റെന്താണ് ജനാധിപത്യ വിരുദ്ധത? വികസനത്തെക്കുറിച്ച് മാത്രം ചോദിക്കൂ എന്നാണ് പിണറായി വിജയൻ അധികാരപ്രയോകത്തിന്റെ അമിതാലസ്യത്തിൽ പറയുന്നത്. അതാണ് മോദിയും പറയുന്നത്.

നിങ്ങളെന്തിന് ഞാനും അദാനിയുമായുള്ള ചങ്ങാത്തത്തെക്കുറിച്ചും രാജ്യത്തെ ചങ്ങാത്ത മുതലാളിത്തത്തെക്കുറിച്ചും സംസാരിക്കുന്നത്, നിങ്ങൾ വികസനത്തെക്കുറിച്ച് സംസാരിക്കൂ എന്നാണ്. നിങ്ങളെന്തിനാണ് എന്റെ പേര് തുന്നിയ ദശലക്ഷക്കണക്കിന് രൂപ വിലയുള്ള മേൽക്കുപ്പായത്തിനെക്കുറിച്ച് ചോദിക്കുന്നത്, നിങ്ങൾ ദേശീയപാതകളെക്കുറിച്ചും അതിവേഗ തീവണ്ടികളെക്കുറിച്ച് മാത്രം ചോദിക്കൂ എന്നാണ്.

നിങ്ങളെന്തിനാണ് മകളെയും പേരക്കുട്ടിയെയും കൂട്ടി നടത്തിയ യാത്രയെ ഉല്ലാസയാത്രയെന്നു വിളിക്കുന്നത്, നിങ്ങളെന്തിനാണ് അതൊക്കെ ചോദിച്ചു സമയം കളയുന്നത്, എന്തിനാണ് സർക്കാർ സംവിധാനം ഒരുക്കിക്കൊടുത്ത യാത്രയിൽ മകളും പേരക്കുട്ടിയും എല്ലാ ഔദ്യോഗിക അകമ്പടിയോടെയും ഉലകം ചുറ്റുന്നതിനെക്കുറിച്ച് ചോദിക്കുന്നത്, ഞാനുത്തരം പറയില്ല, പകരം എനിക്കിഷ്ടമുള്ള ചോദ്യങ്ങൾ ചോദിക്കൂ എന്നാണ് പിണറായി വിജയൻ പറയുന്നത്.

വികസനമാണ് ആദ്യാവസാന മന്ത്രം. അത് ഞാൻ ഉദാരനായടിയവത്തെപ്പോലെ തരും. താണുവണഗതി വാങ്ങിച്ചോളണം, കൂടുതൽ ചോദ്യമൊന്നും വേണ്ട എന്നാണ് പിണറായി വിജയൻ കൽപ്പിക്കുന്നത്.

ആഹാ ! എന്ന് പുളകം കൊള്ളുന്നുണ്ട് അധികാരസൗഭാഗ്യങ്ങളുടെ പെറുക്കിത്തീനികളായ അന്താരാഷ്ട്ര ദുരന്തവിദഗ്‌ധനെന്നൊക്കെയുള്ള തട്ടിപ്പുകാരും സൈബർ ഗീബല്സുമാരും.

ജനാധിപത്യം, പൗരാവകാശം, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഉത്തരവാദിത്തം, അധികാര ദുർവിനിയോഗം ഇതൊന്നും ചർച്ച ചെയ്യരുത്, പകരം വികസനത്തിന്റെ ഉണ്ട വായിൽ തിരുക്കിത്തരും മിണ്ടാതിരുന്നോളണം എന്നാണ്.

പിണറായിയുടെ മകളുടെയും പേരക്കുട്ടിയുടെയും ഉലകസഞ്ചാരത്തിന് ന്യായം ചമയ്ക്കാൻ ബാധ്യസ്ഥരായ തൊമ്മികളല്ല എല്ലാ മലയാളികളും.

കേരളവും കമ്മ്യൂണിസ്റ്റ് പാർട്ടിയും പിണറായി വിജയന് മുമ്പുമുണ്ട്, അയാളുടെ കുടുംബസ്വത്തല്ല. അതുകൊണ്ട് അയാൾക്ക് ശേഷവും ഈ നാട്ടുണ്ടാകണം അവിടെ ജനാധിപത്യ സമൂഹവുമുണ്ടാകണമെന്ന് കരുതുന്ന മനുഷ്യർക്ക് ഈ ദുരധികാരപ്രഭുവിന്റെ കുടുംബയോജനയുടെ അശ്ലീലത്തിനു കുടപിടിക്കാനാവില്ല.

അയാളുത്തരം തരുന്നുണ്ടാകില്ല പക്ഷെ ചോദ്യങ്ങളൊക്കെ അവിടെയുണ്ട്. ആർക്കും കേറാവുന്ന വിമാനത്തിൽ മുഖ്യമന്ത്രിക്കൊപ്പം മകളും കൊച്ചുമകനും കയറിയതിന് മുഖ്യമന്ത്രിയെന്തു പിഴച്ചു എന്നൊരു അടിമക്കണ്ണ് ദേശാഭിമാനിയിൽ കഴിഞ്ഞ ദിവസം എഴുതിയിട്ടുണ്ട്.

അതുമതി കേരളത്തിലെ പാർട്ടി സഖാക്കളെ തൃപ്തരാക്കാനുള്ള വിശദീകരണം എന്നത് സമരോജ്ജ്വലമായൊരു മഹിതഭൂതകാലമുള്ള ഒരു പ്രസ്ഥാനത്തെ പിണറായി വിജയനെപ്പോലുള്ള കമ്മ്യൂണിസ്റ്റ്വിരുദ്ധ നേതൃത്വം കൊണ്ടുചെന്നെത്തിച്ച ഗതികേടിന്റെ ആഴം വെളിവാക്കുന്നു.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഗുജറാത്തിലെ ഖേദയിൽ മുസ്‌ലിം ചെറുപ്പക്കാരെ തൂണിൽ കെട്ടിയിട്ട് പൊതുവഴിയിൽ പൊലീസ് മർദ്ദിക്കുന്ന ദൃശ്യം ഏറെ പ്രതിഷധങ്ങൾക്കിടയാക്കി. രാജ്യത്തെ ജനാധിപത്യസമൂഹം പ്രതിഷേധമുയർത്തി.

കേരളത്തിലെ പോലീസ് സ്റ്റേഷനിൽ DYFI-യുടെ മേഖലാ ഭാരവാഹിയെ വിലങ്ങിട്ട തല്ലിത്തവിടുപൊടിയാക്കിയപ്പോൾ കേരളത്തിൽ മുഖ്യന്റെ പേരക്കുട്ടിയുടെ ഉല്ലാസയാത്രയുടെ ന്യായം പറയാൻ വിധിക്കപ്പെട്ടിരിക്കുകയാണ് പാർട്ടിയും യുവജന സംഘടനയും. ആത്മനിന്ദ പോലും അറബിക്കടലിൽ ആത്മഹത്യ ചെയ്തിരിക്കണം !

പിണറായി വിജയനും അയാളുടെ ശിങ്കിടികളും അതിനുചുറ്റും പടർന്നുപരിലസിക്കുന്ന പെറുക്കിത്തീനികളും സി പി ഐ എമ്മിനും ഇടതുപക്ഷത്തിനുമുണ്ടാക്കുന്ന ചരിത്രപരമായ ആഴത്തിലുള്ള മുറിവുകൾ മാത്രമല്ല പ്രശനം, കേരളമെന്ന, നിരവധിയായ സമരങ്ങളിലൂടെ സാമാന്യമായൊരു ജനാധിപത്യ സമൂഹത്തിലേക്കുള്ള യാത്രക്ക് ശ്രമിക്കാവുന്നൊരു സ്ഥിതിയിലെത്തിയ പ്രദേശത്തെ ഇന്ത്യയിൽ ശക്തിയാര്ജിച്ച വലതുപക്ഷ ഭരണകൂടത്തിന്റെ ഭരണകൂട ഭീകരതയുടെയും ചങ്ങാത്ത മുതലാളിത്തത്തിന്റെയും യുക്തികളിലേക്ക് വലിച്ചുകെട്ടുക കൂടിയാണ് സംഭവിക്കുന്നത്.

പിണറായി വിജയൻ ആവർത്തിച്ചു പറയുന്നൊരു പ്രയോഗമുണ്ട്, ‘ഇത് കേരളമാണ്’ എന്ന്. ഇതാണ് പിണറായി വിജയൻറെ കേരളമെങ്കിൽ അതല്ല ഇവിടെയുണ്ടാകേണ്ട കേരളം.

ഇത് കേരളമാണ് എന്ന് അയാളോട് പറയാനുള്ളൊരു പൗരസമൂഹവും ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് എന്നയാൾക്ക് തിരിയിക്കാവുന്നൊരു പാർട്ടിയുമില്ലാത്തതുകൊണ്ടാണ് നരേന്ദ്ര മോദിയെപ്പോലൊരു ഫാഷിസ്റ്റിനെ സാധ്യമാക്കിയ അതേ വലതുപക്ഷ ഹിംസയുടെയും ഭരണകൂട ഭീകരതയുടെതയും രാഷ്ട്രീയ യുക്തികളിലാണ് അനുചരവവൃന്ദവും സ്തുതിപാഠകരുമായി പിണറായി വിജയനെന്ന ജനാധിപത്യവിരുദ്ധ ഭരണാധികാരിയെ സൃഷ്ടിക്കുന്നത്.

നരേന്ദ്ര മോദി ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു വലിയ സംഭവമല്ലാതിരുന്ന കാലത്ത് അയാളുമായി ദീർഘ സംഭാഷണം നടത്തിയ ആശിഷ് നന്ദി കൃത്യമായി അന്ന് രേഖപ്പെടുത്തുന്നുണ്ട് “it was a long rambling interview , but it left me in no doubt that here was a classic, clinical case of a fascist ” എന്ന്.

പിണറായി വിജയനെയും അയാളുടെ ഭരണരീതികളേയും കുടുംബോല്ലാസത്തെയും വികസനത്വരയേയുമൊക്കെ നിങ്ങൾക്ക് ഒന്നുകിൽ ജനാധിപത്യത്തിന്റെയും മാർക്സിസത്തിന്റെയും പൗരബോധവും രാഷ്ട്രീയബോധവും വെച്ച് മനസിലാക്കാം, അല്ലെങ്കിൽ മോദിയെ ഗുജറാത്ത് മോഡലെന്നും വികസനത്തിനുള്ള ഏകനേതാവെന്നുമുള്ള മട്ടിലുള്ള പ്രചാരണസാഹിത്യത്തിലും ആക്രോശങ്ങളിലെപ്പോലെ അണിചേരാം.

കൊലയറകളും ഇടിമുറികളുമാകുന്ന പോലീസ് സ്റ്റേഷനുകളും തെരുവുകളിൽ വേട്ടക്കിറങ്ങുന്ന പൊലീസുകാരും നരഹത്യയിൽ നിന്നും അശ്രദ്ധമായ വണ്ടിയോടിക്കലിലേക്ക് വഷളൻ പുച്ഛത്തോടെ നടന്നുപോകുന്ന IAS കാരനുമോക്കെയുള്ള കേരളത്തിൽ ഈ സർക്കാരിനെ നയിക്കാൻ ആളുകളെ നിയോഗിച്ച, ജനങ്ങൾ വോട്ടുചെയ്ത കമ്മ്യൂണിസ്റ്റ് പാർട്ടി എന്തുചെയ്യുകയായിരുന്നു എന്ന ചോദ്യത്തിന് വലതുപക്ഷ ഹിംസയുടെ ദുരിതകാലങ്ങളിൽ അവർ മറുപടി പറയേണ്ടിവരും.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x