FeatureIndia

കേരളം ലക്ഷദ്വീപിനെ ചേർത്ത് പിടിക്കണം; ദ്വീപിലെ മനുഷ്യർക്ക് വേണ്ടി ശബ്ദമുയർത്തണം

പ്രതികരണം/കെ വി നദീർ

പൃഥ്വിരാജ് നായകനായ അനാർക്കലി എന്ന സിനിമയുണ്ട്. സിനിമയുടെ ലൊക്കേഷൻ ലക്ഷദ്വീപാണ്.

ദ്വീപിൻ്റെ സൗന്ദര്യവും അവിടത്തെ ജനതയുടെ ജീവിതവും മനോഹരമായി വരച്ചിട്ട സിനിമയാണത്.

ദ്വീപിലെത്തുന്ന നായകൻ അടിച്ചിട്ട സബ് ജയിൽ കണ്ട് ഒപ്പമുള്ള മെഡിക്കൽ സൂപ്രണ്ടിനോട് ചോദിക്കുന്ന കാര്യങ്ങളും അതിനുള്ള മറുപടിയുമുള്ള സീനുണ്ട്.

നായകൻ: ഇവിടത്തെ ജയിൽ എന്താ ഇങ്ങനെ?
മെഡിക്കൽ സൂപ്രണ്ട്: അതിങ്ങനെയാണ്. നാട്ടുകാർ പൂട്ടിയതാണ്.
നായകൻ: അത്ര പ്രശ്നക്കാരാണൊ നാട്ടുകാർ.
സൂപ്രണ്ട്: അതിന് പ്രശ്നക്കാരുണ്ടങ്കിലല്ലെ ജയിൽ ആവശ്യമുള്ളൂ.

സിനിമയുടെ കഥാഗതിക്കു വേണ്ടിയുള്ള ഡയലോഗ് മാത്രമായി കാണേണ്ടതല്ല ഇത്. വസ്തുതകളുടെ അടിസ്ഥാനത്തിലാണിത്.

ഇന്ത്യൻ പ്രദേശങ്ങളിൽ ഏറ്റവും കുറവ് കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന നാടിൻ്റെ പേരാണ് ലക്ഷദ്വീപ്. കാർഷിക മേഖലയിൽ നൂറ് ശതമാനം ജൈവരീതികൾ ഉറപ്പുവരുത്തി കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ‘100% ഓർഗാനിക്’ പദവി നേടി ദ്വീപ്.

ഇവിടത്തെ മനുഷ്യരും നൂറ് ശതമാനം ജൈവ സ്വഭാവമുള്ളവരായിരുന്നു. 99 ശതമാനവും മുസ്ലിങ്ങൾ താമസിക്കുന്ന നാട്. സമാധാനത്തോടെയും സുരക്ഷിത ബോധത്തോടെയുമാണ് അവർ കഴിഞ്ഞിരുന്നു.

അത്യാഡംബരങ്ങൾക്കൊപ്പം പോകാതെ പരമ്പരാഗത ജീവിത രീതികളെ കൂടെ കൂട്ടി സ്വസ്ഥമായി കഴിയുകയായിരുന്നു അവർ. 2020 ഡിസംബർ അഞ്ചു മുതൽ അവരുടെ സ്വസ്ഥതയും സമാധാനവും തകിടം മറിക്കപ്പെട്ടിരിക്കുന്നു.

അന്നാണ് ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രി പ്രഫുൽ ഖോദ പട്ടേൽ ദ്വീപിൻ്റെ അഡ്മിനിസ്ട്രേറ്ററായി അവിടെ കാലുകുത്തിയത്. പിന്നീടങ്ങോട്ട് അവിടെയുള്ളവരുടെ ജീവിതത്തെയാകെ കുരുക്കിട്ട് മുറുക്കുന്നിടത്തേക്കാണ് അവിടത്തെ ജീവിത വ്യവസ്ഥയെ കൊണ്ടു പോകുന്നത്.

അവിടെയുള്ളവർ തുടർന്നിരുന്ന പരമ്പരാഗത രീതികൾക്കുമേൽ അനവസരത്തിലുള്ള കൈ കടത്തലാണ് നടത്തുന്നത്. കുറ്റകൃത്യങ്ങൾ ഏറ്റവും കുറഞ്ഞ നാട്ടിൽ ഗുണ്ടാ നിയമം നടപ്പാക്കുന്ന വിരോധാഭാസമാണ് അഡ്മിനിസ്ട്രേറ്ററിൽ നിന്നുണ്ടായത്.

നാടിന് പരിചിതമല്ലാത്ത അടിച്ചേൽപ്പിക്കലുകൾക്കെതിരെ പ്രതികരിക്കുന്നവരെ ഗുണ്ടാ നിയമം ചുമത്തി ജയിലിലടക്കുകയെന്ന കിരാത രീതിയാണ് ഇപ്പോഴുള്ളത്. ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത അധികാര കേന്ദ്രമായി അഡ്മിനിസ്ട്രേറ്റർ പദവിയെ മാറ്റുകയെന്നതാണ് ലക്ഷ്യം.

പ്രാദേശിക ഭരണകൂടത്തിൻ്റെ അധികാരങ്ങൾ എടുത്തു കളഞ്ഞു, എല്ലാ അധികാരവും അഡ്മിനിസ്ട്രേറ്ററിൽ നിക്ഷിപ്തമാക്കി. ഗോ വധ നിരോധനം നടപ്പിലാക്കി. ആടിനെ അറുക്കാൻ പോലും അനുമതി വാങ്ങണം തീരദേശ നിയമം ലംഘിച്ചു എന്നാരോപിച്ച് കടൽത്തീരത്തുള്ള മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചു കളഞ്ഞു, ബോട്ടുകൾ തകർത്തു.

ഏറ്റവും വലിയ ദ്വീപായ ആന്ത്രോത്ത് വെറും 7 കിലോമീറ്റർ നീളവും 4 കിലോമീറ്റർ വീതിയുമുള്ള ഒരു തുരുത്താണ്. അവിടെയാണ് നിയമ ലംഘനം ആരോപിക്കുന്നത്. ടൂറിസം വികസനത്തിന്റെ മറവിൽ ദ്വീപിൽ മദ്യശാലകൾ തുറക്കാനുള്ള നിയമം നടപ്പാക്കി തുടങ്ങി. ദ്വീപിലെ കുട്ടികൾക്ക് സ്‌കൂളിൽ കൊടുക്കുന്ന ഭക്ഷണം വെജിറ്റേറിയൻ ആയിരിക്കണം എന്ന് തീരുമാനിച്ചു.

രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവരെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാൻ സമ്മതിക്കില്ലെന്ന വിചിതനിയമവും നടപ്പാക്കി. വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന താൽകാലിക ജീവനക്കാരെയും അദ്ധ്യാപകരെയും പിരിച്ചുവിട്ടു. ഇവർക്ക് പകരം പുറത്തു നിന്നുള്ളവരെ കൊണ്ടുവരാൻ ശ്രമം തുടങ്ങി.

കേരളവുമായി ദ്വീപിന്റെ ബന്ധം ഇല്ലാതാക്കാൻ ബേപ്പൂരിലേക്കുള്ള വാണിജ്യ കപ്പലുകളുടെ സർവീസ് ഒഴിവാകുകയും മംഗലാപുരവുമായി പുതിയ ബന്ധം സ്ഥാപിക്കുകയും ചെയ്തു.

കോവിഡിനെ അകറ്റുന്നതിൽ സ്വീകരിച്ച കർശന നിയന്ത്രണങ്ങളൊക്കെ പിൻവലിച്ചു. ഒന്നാം തരംഗത്തിൽ കോവിഡ് എത്തിനോക്കാത്ത ദ്വീപിൽ ഇപ്പോൾ ആയിരക്കണക്കിന് കോവിഡ് ബാധിതരാണുള്ളത്.

ഒരു നാടിൻ്റെ തനതായ രീതികൾ തല്ലി തകർത്ത് അടിച്ചേൽപ്പിക്കലിൻ്റെ രാഷ്ട്രീയത്തെ ലക്ഷദ്വീപിൽ സ്ഥാപിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. നിയമവും ഭണഘടനയും അനുസരിച്ച് ജീവിക്കുന്ന ജനതക്കുമേൽ അവർക്കു താൽപര്യമില്ലാത്തതിനെ കെട്ടിയേൽപ്പിക്കാനാണ് ശ്രമിക്കുന്നത്.

ടൂറിസവും അതിലൂടെയുള്ള വരുമാനവുമൊക്കെയാണ് ലക്ഷ്യമിടുന്നതെങ്കിലും ജനവാസമില്ലാത്ത വേറെയും ദ്വീപുകളുണ്ടല്ലൊ ചുറ്റും. ടൂറിസം പരിഷ്ക്കാരങ്ങളും പുത്തൻ രീതികളും അവിടെ ആകാമമല്ലൊ. അതിനു തയ്യാറാകാതെ ലക്ഷദ്വീപിൽ തന്നെ അടിച്ചേൽപ്പിക്കലിൻ്റെ പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നതിന് പിന്നിൽ മറ്റെന്തൊക്കെയൊ ഗൂഢലക്ഷ്യങ്ങളാണെന്ന് സംശയിക്കാതിരിക്കാൻ തരമില്ല.

ദ്വീപിലെ തനതായ ജീവിത വ്യവസ്ഥകൾ അട്ടിമറിക്കുന്നതിലൂടെ അവിടത്തുകാരെ പ്രകോപിപ്പിക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്. സ്വാഭാവിക പ്രതിഷേധങ്ങൾ അക്രമങ്ങളിലേക്ക് നീങ്ങുമെന്ന് കണക്കുകൂട്ടുന്നുണ്ടാകാം. ഇതിനെ അമർച്ച ചെയ്യാൻ പട്ടാളത്തെ ഇറക്കുന്ന സാഹചര്യം സൃഷ്ടിക്കുകയെന്നത് ലക്ഷ്യമായി കാണുന്നുമുണ്ടാകും.

സാങ്കൽപ്പികമായി പറയുന്ന ഒന്നല്ല ഇത്. ഇങ്ങനെ ചിന്തിക്കാൻ തക്കതായ അനുഭങ്ങളുണ്ട്. സുന്ദരമായ കാശ്മീരിനെ അരക്ഷിതമായ കാശ്മീരാക്കിയത് ഇത്തരമൊരു ഇടപെടലിലൂടെയാണ്.

മലയാളം സംസാരിക്കുന്നവരാണവർ. മലയാളിയെ പോലെയുള്ളവർ. നമ്മളോട് പൊക്കിൾക്കൊടി ബന്ധമുള്ളവർ. അവരെ ഒറ്റക്കാക്കരുത്. ശവം തീനികളായ കഴുകന്മാർക്ക് ഇട്ടു കൊടുക്കരുത്. അവരെ ചേർത്തു പിടിക്കണം, അവർ സമാധാനമായി ജീവിക്കുന്നു എന്ന് ഉറപ്പ് വരുത്തണം, പുറം കടലിൽ അവരുയവർത്തുന്ന ശബ്ദം കടൽ കാറ്റിൽ അലിഞ്ഞു പോകും.

കരയിലുള്ള നമ്മൾ ശബ്ദമുയർത്തണം, ദ്വീപിലെ മനുഷ്യരെ കൊലക്ക് കൊടുക്കുന്നവരുടെ കൈപിടിക്കണം. മത ജാതി രാഷ്ട്രീയ വിത്യാസമില്ലാതെ അവർക്കു വേണ്ടി നമ്മുടെ ശബ്ദം ഉയരേണ്ടത് നാളെയല്ല. ഇന്നാണ്, ഇന്നു തന്നെ.

3 4 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x