മാറുന്ന ജനാധിപത്യം, മറയുന്ന സംവേദന സ്വാതന്ത്ര്യം
കെടുതികൾ ഏറെയുണ്ടായിരുന്നു ലോകത്ത്. ഇന്നും അവ അനുസ്യൂതം തുടരുന്നു ലോക മഹായുദ്ധങ്ങൾ മുതൽ പകർച്ചവ്യാധികൾ വരെ.
എന്നാൽ നിർവികാരതയോടെ സാധാരണമായി കടന്നുകയറി കൊണ്ടിരിക്കുന്ന മനുഷ്യ നിർമ്മിതമായ മാനവ ചേതനയുടെ സംവേദനക്ഷമതയും മനുഷ്യ ഹൃദയങ്ങളെയും മുറിവേൽപ്പിച്ചു നിസ്സഹായതയോടെ എന്തിന് എന്തിന് എന്ന് ചോദിച്ചു പോകുന്ന വർഗീയതയുടെയും തീവ്രദേശീയതയുടെ പേരിൽ കാരണമാകുന്ന കെടുതികൾ മാറ്റമില്ലാതെ നമ്മുടെ ജനാധിപത്യ പ്രക്രിയയോടൊപ്പം നിൽക്കുന്നു എന്നതാണ് ഇപ്പോഴുള്ള വൻ വിപത്ത്.
അതിന് കാരണമാകുന്ന പ്രദേശത്ത് മാത്രമല്ല അതിന്റെ പ്രത്യാഘാതങ്ങൾ, ഒരു നാടിന്റെ മാനവ സംസ്കാരത്തെ മൊത്തത്തിൽ ബാധിക്കുന്ന വൈറസുകളായി അവ രാജ്യമാകെ പടരുന്നു.
മനുഷ്യൻ തന്നെ സൃഷ്ടിക്കുന്ന ജനാധിപത്യ പ്രക്രിയയുടെ പേര് പറഞ്ഞു കൊണ്ടു തന്നെ വളർത്തുന്ന ഈ നവജനാധിപത്യം മനുഷ്യ മൂല്യങ്ങളിലും സംസ്കാരങ്ങളിലും വലിയ വിടവുകൾ സൃഷ്ടിച്ച് മുന്നേറുകയാണ്.
ഓരോ കലാപങ്ങളും കെടുതികളും ആയിരക്കണക്കിന് മനുഷ്യരെ മാത്രമല്ല നിരാലംബരും നിസ്സഹായരുമാക്കി മാറ്റിയത്.
ഓരോ പ്രദേശത്തിന്റെയും സാമൂഹിക ബോധത്തെയും സംസ്കൃതിയെയുമാണ്. രണ്ടാംലോകമഹായുദ്ധം തകർത്ത വലിയ സംസ്കൃതിയിൽ നിന്ന് ഇന്നും മനുഷ്യൻ മുക്തനായിട്ടില്ല.
സ്വാതന്ത്ര്യത്തിന്റെ പേരിൽ നടന്ന വിഭജനവും കെടുതികളും പാലായനങ്ങളും നമ്മുടെ ദേശത്തിന്റെ ഭാഷയെയും സംസ്കാരത്തെയും ഒട്ടൊന്നുമല്ല മുറിവേൽപ്പിച്ചത്.
ഒരു യുദ്ധവും കലാപവും അടിച്ചമർത്തലുകളും ഒന്നിനും ഒരു ശാശ്വതപരിഹാരവും ഇതുവരെ ഉണ്ടാക്കിയിട്ടില്ല.
തീവ്രവാദവും വംശീയ വിഭജനവും പലായനങ്ങളും ദുരിതങ്ങളും ഭക്ഷ്യക്ഷാമവും അഭയാർത്ഥി പ്രവാഹങ്ങളും വർധിപ്പിച്ചുകൊണ്ടിരുന്നു എന്നതിൽ കവിഞ്ഞ്.
അന്നും ഇന്നും മനുഷ്യാവകാശ സംഘടനകൾ എവിടെയും എപ്പോഴും നോക്കുകുത്തിയായി മാറുന്നു.
ഒന്നാം ലോക മഹായുദ്ധകാലത്ത് ബെൽജിയം നടത്തിയ നരഹത്യയിൽ മരിച്ച കോംഗോയിലെ അടിമപ്പണിക്കാർ മുതൽ ഗുജറാത്തിലെയും ഡൽഹിയിലെ തെരുവുകളിൽ വർഗീയലഹളകളിലും മറ്റും മരിച്ചു വീഴുന്ന ആയിരങ്ങൾ വരെ അതിൻറെ ഇരകളാണ്.
അഫ്ഗാനിസ്ഥാനിലും ശ്രീലങ്കയിലും നടന്ന വംശീയഹത്യകൾ ഇന്നും പലതരം രൂപത്തിലും ഭാവത്തിലും അവിടെ തകർത്തു താണ്ഡവമാടുന്നു.
സാമൂഹ്യ മുന്നേറ്റങ്ങളെയും മാനവ സംസ്കൃതികളെയും വർഗീയതയുടെയും വംശീയതയുടെയും പേരിൽ തട്ടി തകർക്കുന്ന ജനാധിപത്യമോ പൗര സ്വാതന്ത്ര്യമോ നിഷേധിക്കുന്ന രാജ്യങ്ങൾ.
കോംഗോയും ഇസ്രയേലും അഫ്ഗാനിസ്ഥാൻ ഇറാൻ സിറിയ ശ്രീലങ്ക കൊറിയ ഒക്കെയും ഇപ്പോൾ എത്ര പരിഷ്കാരങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചിട്ടും നഷ്ടപ്പെട്ട സംസ്കൃതികളെ തിരിച്ചു കൊണ്ടുവരാൻ കഴിയാതെ കലാപങ്ങളിലും അതു പോലുള്ള പല പല രൂപങ്ങളിലും ഭാവങ്ങളിലും പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു.
വിയറ്റ്നാം, ടിബറ്റ്, ചൈന, മ്യാൻമാർ, ജാഫ്ന ഇവിടങ്ങളിലൊന്നും പൗരാവകാശ ലംഘനങ്ങളും കരുതികളും സമാധാനമോ ജനാധിപത്യത്തിന്റെ വീണ്ടെടുപ്പോ ഇന്നേവരെ കൊണ്ടുവന്നില്ല എന്നതാണ് നാം മനസ്സിലാക്കേണ്ടത്.
മതാന്ധകത, വർഗീയത, വംശീയത, തീവ്രദേശീയത നമ്മുടെ ജനാധിപത്യത്തെയും സംസ്കൃതിയെയും മുറിവേൽപ്പിച്ചു കൊണ്ടിരിക്കുക്കുകയും വീണ്ടെടുക്കാൻ കഴിയാതെ അതിന്റെ ഇരകളായി നാം മാറുകയും ചെയ്യുമെന്ന മുന്നറിയിപ്പാണ് ഇത്തരം നാടുകൾ നമ്മെ പഠിപ്പിക്കുന്നത്.
നിർമ്മിത കലാപങ്ങൾ, രാഷ്ട്രസുരക്ഷയ്ക്ക് വേണ്ടി എന്ന വ്യാജേന നടത്തുന്ന ഉന്മൂലന ങ്ങൾ, നമ്മുടേതും അവരുടേതുമെന്ന അസംബന്ധ പ്രത്യയശാസ്ത്രങ്ങൾ ഇതിനൊക്കെയുള്ള വളക്കൂറുള്ള മണ്ണായി മാറാൻ ഇനിയെങ്കിലും ആരെയും നമുക്കനുവദിച്ചുകൂടാ.
സ്വാതന്ത്ര്യാനന്തര കെടുതികളിൽ നിന്ന് നമ്മെ രക്ഷിക്കാനും നവോത്ഥാനത്തിലേക്കും നവഭാരത സൃഷ്ടിയിലേക്കും മുന്നോട്ട് നയിക്കാനും പക്വമതികളായ രാഷ്ട്രീയ-സാമൂഹ്യ നേതൃത്വങ്ങളിലൂടെ സാധ്യമായി.
ജാതീയവും വർഗീയവുമായ പൗരാവകാശ ലംഘനത്തിനെതിരെ കല്ലുകൊണ്ട് ശിവനെ പ്രതിഷ്ഠിച്ചു ആർക്കും പ്രാർത്ഥിക്കാനുള്ള അവസരത്തിന് നാരായണ ഗുരു തുടക്കം കുറിച്ചു.
പിന്നീട് അതേ കല്ലിനെ ഭക്രാനംഗൽ അണക്കെട്ട് പണിത് ഇനി നമുക്ക് വേണ്ടത് കല്ലുകൾ കൊണ്ട് സ്കൂളുകളും പാലങ്ങളുമാണ് അമ്പലങ്ങളും പള്ളികളും അല്ല എന്നുള്ള ധീരമായ പ്രഖ്യാപനം നടത്താൻ ഭാരതത്തിലെ പ്രഥമ പ്രധാനമന്ത്രിക്ക് കഴിഞ്ഞു.
ഇതേ കല്ലിൽ നിന്ന് സർവകലാശാലകളും സംസ്കൃതി കേന്ദ്രങ്ങളും പണിത് നാം നവഭാരതം സൃഷ്ടിച്ചു.
വർഷങ്ങൾ കഴിഞ്ഞ് അയോധ്യയിലെ തർക്ക സ്ഥലത്ത് ബാബ്റി മസ്ജിദിന്റെ കല്ലുകൾ പിഴുതെറിഞ്ഞു പുതിയ ദേശീയതയ്ക്ക് രൂപം നൽകി എന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.
രാജ്യസ്നേഹവും ദേശീയതയും ഉണ്ടാക്കാൻ നമ്മൾ പണിത പ്രതിമകളും രൂപങ്ങളും പുതിയ കല്ലുകളാൽ നോക്കുകുത്തിയായി അവശേഷിക്കുന്നു.
ഇതിനിടയിൽ ദേശീയത, ദേശദ്രോഹം എന്നീ വാക്കുകൾ ഏറെ കേട്ടു തുടങ്ങി. സൗഹാർദത്തിന്റെ വെറുപ്പിന്റെ ആട്ടിയോടിക്കലിന്റെ തോന്നലുകൾ മനുഷ്യമനസ്സിൽ പടർന്നു പിടിക്കാനും ആശങ്കാലുക്കളാക്കാനും അതുകൊണ്ട് വോട്ടാക്കി അധികാരം ഉറപ്പിച്ചു നിർത്താമെന്ന ഏക അജണ്ടയിൽ ഭാവി ഭാരതത്തിന്റെ ക്ഷേമമോ നിലനിൽപോ നോക്കാതെ മുന്നോട്ട് പോവാൻ ഇടതു വലതു വ്യത്യാസമില്ലാതെ പരിശ്രമിക്കുകയാണ്.
ഇതിനോടൊപ്പം വലിയ തിരിച്ചടി നേരിട്ടത് സ്വതന്ത്ര മാധ്യമ പ്രവർത്തനങ്ങൾക്കാണ്. സ്വതന്ത്ര മാധ്യമപ്രവർത്തനം എന്നത് വലിയ വിപത്തായി സങ്കൽപ്പിക്കുന്നത് സ്വാതന്ത്ര്യത്തിന് മുൻപ് തുടങ്ങിയതായിരുന്നു .
1821 ബംഗാൾ സർക്കാർ കൊണ്ടുവന്ന കർശനമായ ഓർഡിനൻസിലൂടെ മാധ്യമങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ സർക്കാരിന് അധികാരം ലഭിച്ചു. ഇത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.
രാജാറാംമോഹൻറോയ് ഉൾപ്പെടെയുള്ളവർ ഏറെ ഇതിനെതിരെ രംഗത്തു വരികയും മറ്റും ചെയ്തു. ഇന്നും അത്തരം വിലക്കുകൾ നിർബാധം തുടരുന്നു.
വികസനവും രാജ്യസുരക്ഷയും കൂട്ടിയോജിപ്പിക്കുന്നതിൽ ഒരർത്ഥവും ഇല്ലെന്നും ദാരിദ്ര്യം എന്നത് ജനാധിപത്യ രാജ്യങ്ങളിൽ ഏകാധിപത്യ രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ് എന്നതും അമർത്യാ സെൻ തന്റെ പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
എന്നാൽ ഇന്ത്യയിൽ മാത്രമല്ല മറ്റ് ഏഷ്യൻ രാജ്യങ്ങളിലും സ്വതന്ത്ര മാധ്യമപ്രവർത്തനം എന്നത് അവരുടെ അധികാരത്തിന് പോറലേൽപ്പിക്കുന്നതാവാം എന്ന ചിന്ത കൊണ്ട് തന്നെ അതിനെ നിയന്ത്രിച്ചു നിർത്താനുള്ള നിയമനിർമ്മാണ സാധ്യതകൾ എല്ലാവരും ഓരോ കാലത്തും തേടിക്കൊണ്ടിരിക്കുന്നു.
ഓരോവർഷവും ജയിലിലാവുന്ന മാധ്യമപ്രവർത്തകരുടെയും മനുഷ്യാവകാശ പ്രവർത്തകരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു.
രാജ്യദ്രോഹവും ദേശീയ സുരക്ഷയും തന്നെയാണ് ഇവരിൽ ചേർക്കപ്പെട്ടിരിക്കുന്ന കുറ്റകൃത്യങ്ങൾ. പത്ര സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ നൂറ്റി നാല്പത്തി രണ്ടാം സ്ഥാനത്താണ് ഉള്ളത് (റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് സൂചിക).
ജനാധിപത്യത്തെ താങ്ങിനിർത്തുന്ന നാലാമത്തെ തൂണായി അറിയപ്പെടുന്ന മാധ്യമങ്ങളിൽ പലതും സുരക്ഷിത താവളം എന്ന രീതിയിൽ ഉടമസ്ഥരുടെ നാവായി അധപ്പതിച്ച കാഴ്ചയാണ് ഈയിടെയായി നാം കണ്ടുവരുന്നത്.
ദേശീയ ചാനലുകളുടെ പ്രൈം ടൈം പോലും വാടകയ്ക്കെടുക്കുന്ന കാഴ്ചകളാണ് പല നിർണായക സമയത്തും കാണാൻ കഴിയുന്നത്.
ഇന്ത്യൻ മാധ്യമങ്ങളിൽ വൻകിട കുത്തകകൾക്കുള്ള ഓഹരികൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. 1700 കോടി രൂപയാണ് സിഎൻഎൻ-ഐബിഎൻ ഉൾപ്പെടെ ഇന്ത്യയിലെ ദേശീയ ചാനലുകളിൽ റിലയൻസ് ഇന്ത്യ മുതൽ മുടക്കിയത്.
സ്വാഭാവികമായും ചാനലുകളുടെ നിയന്ത്രണം ഇത്തരം ഓഹരി കടപ്പത്ര ഇടപാടുകളിലൂടെ റിലയൻസിന് കരസ്ഥമാക്കാൻ കഴിഞ്ഞു. ഇത് റിലയൻസിന്റെ മാത്രം കാര്യമല്ല. വൻകിട മുതലാളിമാരും മറ്റും നൽകുന്ന വായ്പയുടെയും സാമ്പത്തിക സഹായത്തിന്റെയും അടിസ്ഥാനത്തിലാണ് മിക്ക മാധ്യമ സ്ഥാപനങ്ങളും നിലനിൽക്കുന്നത്.
ജനാധിപത്യം എന്നത് മഹനീയമായ ഒരു ആശയമാണെങ്കിലും അതിനെ സങ്കുചിതമായ ചിന്തകൾ കൊണ്ടോ പ്രവർത്തനങ്ങൾ കൊണ്ടോ പ്രയോഗവൽക്കരിക്കാൻ ശ്രമിച്ചാൽ അത് Mobocracy അഥവാ ഒരു കൂട്ടം ആളുകൾ ഉണ്ടാക്കുന്ന കോലാഹലങ്ങളിലേക്കും വിദ്വേഷങ്ങളിലേക്കും അക്രമങ്ങളിലേക്കും തിരിയും എന്നുള്ളതാണ് ജനാധിപത്യത്തിന്റെ പ്രയോഗവൽക്കരണം നേരിടുന്ന ഏക പ്രതിസന്ധി.
രാഷ്ട്രീയവും മതങ്ങളും കൈകാര്യം ചെയ്യുന്നവർ ഈയൊരു യാഥാർത്ഥ്യത്തെ വിസ്മരിച്ചു കൂടാ.
അതുകൊണ്ടു തന്നെ താൽക്കാലിക നേട്ടങ്ങൾക്ക് വേണ്ടി സാമൂഹ്യ പ്രശ്നങ്ങളെ വിഭാഗീയ ചിന്തകൾ കൊണ്ട് പ്രീണിപ്പിക്കാൻ ശ്രമിച്ചാൽ അത് അപരിഹാര്യമായ വിടവ് സമൂഹത്തിൽ സൃഷ്ടിക്കും.
അക്രമങ്ങളും കൊലപാതകങ്ങളും അടിച്ചമർത്തലുകളും നമ്മുടെ ജനാധിപത്യത്തിനെ എത്രമാത്രം പോറലേൽപിക്കുന്നു എന്നതിന് തെളിവാണ് പലയിടത്തും നാം കാണുന്ന വിദ്വംസക, വിദ്വേഷ പ്രവർത്തനങ്ങൾ.
ജനാധിപത്യ പാർട്ടികളുടെ വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായ വേദികൾ വരെ പരസ്പരം പങ്കുവയ്ക്കാതിരിക്കുന്നതു മുതൽ തെരുവുകളിൽ വെട്ടേറ്റ് വീഴുന്ന സാധാരണക്കാർ വരെ ഇതിലെ ഘടകങ്ങളാണ്.
സർക്കാരിനെയോ അവരെ അനുകൂലിക്കുന്ന രാഷ്ട്രീയ സംവിധാനങ്ങളെയോ വിമർശിക്കുന്നവരെ രാജ്യദ്രോഹികൾ എന്ന ഒറ്റ വിളിപ്പേര് കൊണ്ട് നിശബ്ദരാക്കാൻ ശ്രമിക്കുന്ന അതിന് രാഷ്ട്രീയവും സാമൂഹികവും സാമുദായികവുമായ സാംസ്കാരികവും മതപരവുമായ മാനങ്ങൾ നൽകുന്ന ദുരന്തപൂർണമായ ജനാധിപത്യരീതിയാണ് ഇന്ന് നാം കാണുന്നത്.
പ്രധാനമന്ത്രിയെ വിമർശിച്ചു എന്ന ഒറ്റക്കാരണം ആരോപിച്ചാണ് ഗുജറാത്ത് എം എൽ എ ആയ ജിഗ്നേഷ് മേവാനിയെ അറസ്റ്റു ചെയ്തത്. എം. എൽ. എ ആയ മേവാനിക്ക് നാല് ദിവസം കഴിഞ്ഞ് ജ്യാമ്യം കിട്ടിയ ഉടനെ അതേ ജീപ്പിലെ പോലീസുകാരിയെ അധിക്ഷേപിച്ചു സംസാരിച്ചെന്ന കുറ്റം ആരോപിച്ച് വീണ്ടും അറസ്റ്റു ചെയ്യുകയാണ്.
എന്നാൽ നീതിന്യായ വ്യവസ്ഥിതി ഇപ്പോഴും അനീതിക്കെതിരെ പ്രതികരിക്കുന്നു എന്ന അപൂർവ്വത ബാർപേട്ട സെഷൻസ് ജഡ്ജി അബരേഷ് ചക്രവർത്തി എടുത്തതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് പുറത്തിറങ്ങാനായത്.
ഒരു ദളിത് നേതാവും എം. എൽ.എ യുമായ മേവാനിക്ക് മറ്റൊരു സംസ്ഥാന പോലീസിന്റെ അറസ്റ്റും കേസും ഈ നിലയിൽ വന്നെങ്കിൽ ഭയപ്പെടുത്തി ആരെയും നിശ്ശബ്ദമാക്കാനുള്ള ഹീന തന്ത്രം തുടർന്ന് കൊണ്ടേയിരിക്കുന്നു.
സ്റ്റാൻ സാമി മുതൽ സിദ്ദീഖ് കാപ്പൻ വരെ ഇത്തരം ഭയപ്പെടുത്തലുകളുടെ സാക്ഷി പത്രങ്ങളാണ്.
ഓരോ മനുഷ്യന്റെയും ജീവിതം എങ്ങിനെയായിരിക്കണമെന്നും അയാൾ ഇങ്ങനെ മാത്രമേ ജീവിക്കേണ്ടതുള്ളൂ എന്ന് നിർവ്വചിക്കുമ്പോൾ നാം വീണ്ടും പുതിയ വേലികൾ സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കും മേലെ പണിയാൻ ശ്രമിക്കുകയാണ്.
യാഥാർത്ഥ്യത്തിൽ നിന്ന് അകന്ന്, അറിഞ്ഞിട്ടും അറിയാതെ എന്ന ഭാവത്തിൽ സങ്കുചിതമായ രാഷ്ട്രീയ നേട്ടങ്ങൾ കൈവരിക്കാൻ വികലമായ രാഷ്ട്രീയ ബോധം കൊണ്ട് നിശ്ശബ്ദത പാലിക്കുവാൻ മുഖ്യ ദാരാ പ്രതിപക്ഷ കക്ഷികൾ വരെ ശീലിച്ചു കഴിഞ്ഞിരിക്കുന്നു.
ഡൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടി രാഷ്ട്രീയ അജണ്ട അവകാശ സംരക്ഷണത്തിൽ നിന്ന് മാറി വികസന അജണ്ടയിലേക്കു മാത്രമേ ഞങ്ങൾ ശ്രദ്ധിക്കു എന്ന തരത്തിലേക്ക് നിശ്ശബ്ദരായി ഭരിച്ചു കൊണ്ടിരിക്കുന്നു.
ഡൽഹിയിൽ സമീപകാലങ്ങളിൽ നടന്ന കലാപങ്ങൾ ഒക്കെ ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ എന്ന രീതിയിൽ സംസ്ഥാനം ഭരിക്കുന്ന അരവിന്ദ് കെജ്‌രിവാൾ അവഗണിക്കുകയാണ് ചെയ്തത്.
ജനാധിപത്യം എന്നത് അസഹിഷ്ണുതയോ വേർപെടുത്തലോ അകറ്റുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതല്ലെന്നും അങ്ങിനെ ചെയ്താൽ ജനാധിപത്യം അസ്തമിക്കുന്നതിനപ്പുറം ഇരുണ്ടതും വരണ്ടതുമായ മനുഷ്യരുടെ തന്നെ കടിച്ചു കീറൽ ഉണ്ടാവുമെന്ന യാഥാർത്ഥ്യം തിരിച്ചറിയേണ്ടതാണ്.
ജനാധിപത്യത്തിന്റെ ഇടങ്ങൾ അധികാരത്തിനു വേണ്ടി ഓരോന്നോരോന്നായി തകർക്കുമ്പോൾ, അതിനെതിരെ പ്രതികരിക്കേണ്ട മാധ്യമങ്ങളെ വിവസ്ത്രരാക്കുമ്പോൾ, ജയിലുകളിൽ കൂച്ചുവിലങ്ങിടുമ്പോൾ, രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ കൊലക്കത്തികൊണ്ട് തീർക്കാൻ ശ്രമിക്കുമ്പോൾ വസ്ത്രത്തെ, ഭക്ഷണത്തെച്ചൊല്ലി മതമൗലിക വാദം ഉയർത്തുമ്പോൾ കൊച്ചു കുട്ടികളെ പോലും വർഗ്ഗീയ മുദ്രാവാക്യങ്ങൾ പഠിപ്പിച്ച് അപര വിദ്വേഷത്തിനിരയാക്കുമ്പോൾ നാം തോൽപ്പിക്കുന്നത് നമ്മുടെ സംസ്കൃതിയെയും സഹന ബോധത്തെയും ജനാധിപത്യത്തെതന്നെയുമാണ്.
കാരണം ജനാധിപത്യമെന്നത് കേവലം ഭൂരിപക്ഷ അഭിപ്രായമല്ല, മറിച്ച് ന്യൂനപക്ഷത്തെയും അഭിപ്രായം പറയാൻ ഇടമില്ലാത്തവരെയും പരിഗണിക്കുക എന്നതാണ്.
ആഷിക്ക്. കെ.പി
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS
കാലിക പ്രസക്തമായ ലേഖനം …
ചോദ്യം ചോദിക്കുന്നവരുടെ നാവരിയുന്ന ഫാസിസം പിടിമുറുക്കുന്ന കാലം…പ്രതികരിച്ചേ മതിയാവൂ.,
വർഗീയത നാടിന്റെ ചരമകുറിപ്പാകാൻ അനുവദിക്കരുത് …എഴുതുക 👍👍👍
കാലിക പ്രസക്തിയുള്ള ലേഖനം
പ്രത്യയ ശാസ്ത്ര അടിത്തറ ഉള്ളവർക്കു പോലും, വാർത്തകളിലെ നെല്ലും പതിരും തിരിച്ചറിയാൻ ബുദ്ധിമുട്ട് നേരിടുന്ന കാലമാണ്. മത രാഷ്ട്രീയം ഏറ്റവും വെറുക്കപ്പെടേണ്ടതാണ്. ദുഃഖകരമെന്നു പറയട്ടെ കൂടുതൽ ജനങ്ങൾ അതിന്റെ തടവറയിൽ ആയിക്കൊണ്ടിരിക്കുന്നതാണ് നമ്മൾ കാണുന്നത്. മത നിരപേക്ഷരാജ്യം എന്ന് നമ്മൾ വാഴ്ത്തിപ്പാടുന്നത് അല്ല യഥാർത്ഥത്തിൽ ഇവിടെ ആവശ്യം – മത രഹിത രാജ്യം എന്നതാണ്.
നിശബ്ദർ ആയാൽ ഇന്ത്യ നഷ്ടപ്പെടും. താലിബാനിസം തുടക്കത്തിലേ തിരിച്ചറിഞ്ഞ് പ്രതികരിക്കാതെ പോയതാണ് അഫ്‌ഘാനിസ്താനെ തകർത്തത്.