Political

കർഷക സമരം; ഇടതു സര്‍ക്കാരിന്റെയും സി പി ഐ എം, കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളുടെയും കാപട്യത്തെ തിരിച്ചറിയുക

പ്രതികരണം/ കെ. സന്തോഷ് കുമാർ

കൃഷിഭൂമിയും കാര്‍ഷിക മേഖലയും കാർഷിക വിള വില നിയന്ത്രണവും കോര്‍പറേറ്റുകള്‍ കൈയ്യടക്കുന്ന ബി ജെ പി സർക്കാരിൻ്റെ കർഷകവിരുദ്ധ നിയമത്തിതിനെതിരെ ദേശീയതലത്തില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം കേരള സർക്കാരിൻ്റെ കാപട്യത്തിനെതിരെ സ്വയം സംസാരിക്കുന്നുണ്ട്.

കേരളത്തിന്റെ ഫലഭൂയിഷ്ടമായ അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ കാര്‍ഷിക ഭൂമി ടാറ്റ, ഹാരിസന്‍ ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റുകള്‍ക്ക് കൈയ്യടക്കാന്‍ അവസരമൊരുക്കുകയും തോട്ടംഭൂമി ഏറ്റെടുക്കല്‍ നിയമനടപടികള്‍ അട്ടിമറിക്കുകയും ചെയ്ത കേരള സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ സമരം കൂടിയാണ് ദേശീയ കര്‍ഷകപ്രക്ഷോഭം.

ദേശീയ കര്‍ഷക പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ ഉള്ളടക്കം മണ്ണില്‍ പണിയെടുക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, അവരുടെ അതിജീവനം സാധ്യമാക്കുക, ഭൂമിയുടെ ഉടമസ്ഥത മണ്ണില്‍ പണിയെടുക്കുന്നവർക്ക് ഉറപ്പിക്കുക തുടങ്ങിയവയാണ്.

ഈയൊരു ആവശ്യത്തെ കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിൽ നിന്ന് നോക്കുമ്പോൾ മണ്ണില്‍ പണിയെടുത്തിരുന്ന മനുഷ്യരുടെ ഭൂമി എന്ന അടിസ്ഥാന അവകാശത്തെ ഒരുതരത്തിലും പരിഗണിക്കാതെ ജാതിക്കോളനികളിലേക്ക് തള്ളിവിടുകയും, അവരുടെ അതിജീവനം സാധ്യമാക്കുന്ന നയപരിപാടികൾ നടപ്പിലാക്കാതിരിക്കുകയും, സാമൂഹിക രാഷ്ട്രീയ വിമോചനത്തിനു അടിത്തറയാകേണ്ടുന്ന വിഭാവാധികാരത്തിനു ഭൂമിയുടെ പുനര്‍വിതരണവും ഭൂഉടമസ്ഥതയും ഉറപ്പിക്കാതിരുന്ന സര്‍ക്കാരുകളാണ് കേരളം ഭരിച്ച ഇടതുപക്ഷ സര്‍ക്കാരും യു ഡി എഫ് സര്‍ക്കാരുമെന്നു കാണാന്‍ കഴിയും.

ടാറ്റ ഹാരിസന്‍ ഉള്‍പ്പെടെയുള്ള കോര്‍പറേറ്റുകള്‍ക്കും പോബ്സ്, ഏവിടി, ടി ആര്‍ ആന്‍റ് ടി സി ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്കും കുത്തകകള്‍ക്കും കെ പി യോഹന്നാന്‍ ഉള്‍പ്പെടെയുള്ള സമ്പന്നര്‍ക്കും കേരളത്തിന്റെ ഫലഭൂയിഷ്ടമായ കാര്‍ഷിക ഭൂമി കൈയ്യടക്കാനുള്ള നിയമം ഭൂപരിഷ്ക്കരണത്തിലൂടെ ഉണ്ടാക്കുകയാണ് ഇടതുപക്ഷ സർക്കാർ ചെയ്തത്.

നിയമവിരുദ്ധമായി കൈയ്യടക്കിയ തോട്ടംഭൂമി ഏറ്റെടുക്കാനുള്ള മുഴുവന്‍ നിയമപരമായ നീക്കത്തെയും അട്ടിമറിക്കുകയും കാർഷികഭൂമി കോര്‍പറേറ്റുകള്‍ക്ക് സ്വന്തമാക്കാന്‍ ഒത്താശകള്‍ ചെയ്യുകയുമാണ് ഇപ്പോൾ കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തത്.

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് യാതൊന്നും സംഭാവന നല്‍കാത്ത മേഖലയാണ് തോട്ടംമേഖല എന്നുകൂടി ഓര്‍ക്കണം. നെല്‍വയലുകളെയും തണ്ണീത്തടങ്ങളെയും സംരക്ഷിക്കാനുള്ള 2008ലെ തണ്ണീര്‍ത്ത നീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിച്ചു അവശേഷിക്കുന്ന നെല്‍വയലുകള്‍ കൂടി സ്വകാര്യ കമ്പനികള്‍ക്കും, പി പി പി പദ്ധതികള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കും വന്‍കിട നിര്‍മ്മാണങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ഭേദഗദി കൊണ്ടുവന്നത് 2018ല്‍ പിണറായി സര്‍ക്കാരാണ്.

2018 ലെ മഹാപ്രളയാനന്തരമാണ് ഈ ഭേദഗതി പിണറായി സര്‍ക്കാര്‍ നടപ്പിലാക്കിയത് എന്നതാണ് നമ്മെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. കാര്‍ഷിക ഭൂമി ആവശ്യപ്പെട്ടു കൊണ്ട് സമരം ചെയ്ത ചെങ്ങറ സമരക്കാരെ റബ്ബര്‍ കള്ളന്മാര്‍ എന്ന് ആക്ഷേപിച്ചത് സി പി ഐ എം നേതാക്കളും അണികളുമാണ്.

ചെങ്ങറ സമര പ്രവർത്തകരെ ആക്രമിക്കാൻ ഹാരിസൺ ഗുണ്ടകൾക്കൊപ്പം അണിനിരന്നത് ഇടതു ട്രേഡ് യൂണിയൻ പ്രവർത്തകരായിരുന്നു.

ഭൂമി ആവശ്യപ്പെട്ടുകൊണ്ട് ഭൂസമരം നടത്തിയ അരിപ്പക്കാര്‍ അതിജീവനത്തിനായി സമരഭൂമിയിലെ പത്തേക്കര്‍ വയലിൽ നെല്‍കൃഷി നടത്തിയിരുന്നു. സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഈ നെല്‍കൃഷി നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കളക്ടർ ഉത്തരവിറക്കിയിരുന്നു.

കാര്‍ഷിക ഭൂമിക്കായി കുടിൽകെട്ടി സമരം, മുത്തങ്ങ സമരം, നില്പ് സമരം തുടങ്ങിയ നിരവധി ഭൂസമരങ്ങള്‍ നടത്തുകയും ഭൂമി നല്‍കാം എന്ന സര്‍ക്കാര്‍ കരാറിന്‍മേല്‍ സമരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

പക്ഷെ ഈ കരാറുകള്‍ മുഴുവന്‍ ഇടതു – വലതു സര്‍ക്കാരുകള്‍ അട്ടിമറിക്കുകയാണ് ചെയ്തത്. ഏറ്റവും ഒടുവില്‍ ഭൂമിക്കുവേണ്ടിയുള്ള തൊവരിമല ആദിവാസി സമരത്തെ പിണറായി സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് കേരളം കണ്ടതാണ്.

ദേശീയ കര്‍ഷക പ്രക്ഷോഭത്തിന്റെ മുദ്രാവാക്യങ്ങളില്‍ ഒന്നായിരുന്നു വനാവകാശം നടപ്പിലാക്കണമെന്നത്. വനാവകാശനിയമത്തെ അതിവിദഗ്ദമായി ഇടതുപക്ഷ സര്‍ക്കാര്‍ അട്ടിമറിക്കുന്ന കാഴ്ചയാണ് കേരളത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത്.

ഭൂമിയില്ലാതെ കര്‍ഷകന്‍ ഉണ്ടാകില്ലല്ലോ! കേരളത്തിൻ്റെ സന്ദർഭത്തിൽ ആരായിരുന്നു മണ്ണിൽ പണിയെടുത്തിരുന്നത് ? ആരാണ് കാർഷിക തൊഴിലുകൾ ചെയ്തിരുന്നത് ? ഇതിനെ പരിഗണിക്കാതെ, പ്രശ്നവൽക്കരിക്കാതെ കർഷക പ്രക്ഷോഭത്തെ മനസ്സിലാക്കുവാൻ കഴിയുകയില്ല.

കേരളത്തിലെ കാര്‍ഷിക ഭൂമിക്കുവേണ്ടിയും വിഭവാധികാരത്തിനു വേണ്ടിയുമുള്ള ഭൂസമരത്തെ അടിച്ചമര്‍ത്തുകയും കരാറുകള്‍ അട്ടിമറിക്കുകയും ചെയ്ത ഇടതുപക്ഷ സര്‍ക്കാര്‍ ദേശീയ തലത്തില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തെ പിന്തുണക്കുകയും സമരത്തിനായി നിലകൊള്ളുകയും വാദിക്കുകയും ചെയ്യുന്നതിന്റെ വൈരുദ്ധ്യം ഇവര്‍ക്ക് എന്നാണു ബോധ്യപ്പെടുക.

മണ്ണില്‍ പണിയെടുക്കുന്നവരുടെ ഭൂഅവകാശത്തെ നിരന്തരം അട്ടിമറിക്കുകയും അവരെ മണ്ണില്‍ നിന്നും വിഭവങ്ങളില്‍ നിന്നും പുറംന്തള്ളുയും ചെയ്യുന്ന കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെയും സി പി ഐ എം, കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളുടെയും കാപട്യത്തെ കേരളം രാഷ്ട്രീയമായി ചോദ്യം ചെയ്യുകയാണ് വേണ്ടത്.

കേരളത്തിന്റെ സമ്പദ്‌വ്യസ്ഥയ്ക്കും കാര്‍ഷിക മേഖലയ്ക്കും നിലനില്‍ക്കണമെങ്കില്‍ കേരളത്തിലെ ഭൂമിയുടെ, വിഭവങ്ങളുടെ പുനര്‍വിതരണവും പുനര്‍ക്രമീകരണവും അടിയന്തിരവും അനിവാര്യവുമാണ്. അതിനെ മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയത്തെ പിന്തുണച്ചു കൊണ്ടേ ബി ജെ പിയുടെ കർഷക വിരുദ്ധമായ കോർപറേറ്റ് രാഷ്ട്രീയത്തിന് എതിരായി നടക്കുന്ന ദേശീയ കർഷക പ്രക്ഷോഭത്തിൻ്റെ ഭാഗമാകാൻ കഴിയൂ.

രാഷ്ട്രീയമായി അളക്കപ്പെടുന്നത് മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയം നിലനിൽക്കുന്ന സാമൂഹ്യവ്യവസ്ഥിതിയിൽ എങ്ങനെ പ്രയോഗിക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാണ്.

ദേശീയ കർഷക സമരത്തിന് അഭിവാദ്യങ്ങൾ

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x