രാജ്യത്തെ മുഴുവൻ കോവിഡ് രോഗികളുടെയും കണക്കുകളിൽ 65 ശതമാനവും കേരളത്തിലാണെന്നതും മരണനിരക്ക് ക്രമാതീതമായി ഉയരുന്നതും അത്ര ശുഭകരമായ വാർത്തയല്ല.
ദിവസം തോറും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യം പിണറായി വിജയനെന്ന ‘കപ്പിത്താനെ’ നിഷ്കളങ്കമായി പരിഹസിച്ചു കടന്നുപോകേണ്ട ഒന്നല്ല.
പൂർണമായും സർക്കാർ സംവിധാനത്തിന്റെ വീഴ്ചയാണ് എന്ന യാഥാർഥ്യത്തെ ആക്ഷേപഹാസ്യം കൊണ്ടു മറച്ചുപിടിക്കുന്നതു വീണ്ടും അപകടത്തിലേക്കു മാത്രമേ കൊണ്ടുചെന്നെത്തിക്കൂ.
ഈ സംവിധാനം മാത്രമാണു ശരിയെന്ന പ്രചാരണം ഒരു കൊല്ലക്കാലം മുഴുവൻ നടത്തിയ മുഹമ്മദ് അഷീലിന്റെ നേതൃത്വത്തിലുള്ള സംഘം ഇപ്പോഴില്ലെങ്കിലും അതിനേക്കാൾ മികച്ച ഒരു കൂട്ടത്തെ സർക്കാരും പാർട്ടി മെഷീണറിയും ചേർന്നു രൂപപ്പെടുത്തിയെടുത്തിട്ടുണ്ട് എന്നതുകൊണ്ട്, സർക്കാരിനെതിരെ ചൊരിയുന്ന പരിഹാസം ഈ നയങ്ങൾ തിരുത്താൻ കഴിയാത്തവിധം വീണ്ടും ഊട്ടിയുറപ്പിക്കാൻ മാത്രമേ സഹായിക്കൂ.
അതുകൊണ്ടുതന്നെയാണു വീണ്ടും വീണ്ടും വീഴ്ചകൾ എണ്ണിയെണ്ണി പറയേണ്ടി വരുന്നത്.
കഴിഞ്ഞ വർഷം ലോക്ഡൗൺ കാലത്തു മൂന്നക്കം പോലും രോഗികളുടെ എണ്ണം കടക്കാതിരുന്ന സാഹചര്യത്തിലാണു സർക്കാർ കോവിഡിനെ പിടിച്ചുകെട്ടിയതായി വ്യാഖ്യാനിക്കപ്പെട്ടത്, അങ്ങനെയൊരു തെറ്റിദ്ധാരണ പരത്തിയത്.
അതിനു നേതൃത്വം നൽകുന്നതിൽ കേരളം ഇന്നോളം കണ്ടതിൽ വെച്ചേറ്റവും ശക്തമായൊരു സംവിധാനത്തെ അഷീലിന്റെ കീഴിൽ ചാവേർപ്പടയായി കെ.കെ ശൈലജ എന്ന ആരോഗ്യമന്ത്രി രൂപപ്പെടുത്തിയെടുത്തു.
പരമാവധി ടെസ്റ്റുകൾ നടത്തി കഴിയാവുന്നത്രയാളുകളെ പോസിറ്റീവാക്കുക എന്ന നയം പല സംസ്ഥാനങ്ങളും നടപ്പാക്കിയപ്പോൾ ടെസ്റ്റുകൾ കുറയ്ക്കുക വഴി രോഗികളെയും കുറച്ച്, വാഷിങ്ടൺ പോസ്റ്റിൽ ലേഖനവും കാത്ത്, ഉഴമലയ്ക്കലമ്മയുടെ പുരസ്കാരവും കാത്തിരിക്കുകയായിരുന്നു ഇവിടെയൊരു ആരോഗ്യമന്ത്രി.
ആ അവസരം സ്വന്തം ലാഭത്തിനു വേണ്ടി ഉപയോഗിച്ച് എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ആവേശപൂർവം മറ്റൊരാൾ കരുതലിന്റെ ബാലപാഠങ്ങൾ ഒരു ജനതയ്ക്കു പകർന്നുനൽകി. ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ച കോൺഗ്രസ് നേതാവ് എ.പി ഉസ്മാൻ ആയിരത്തിലധികം പേരുമായി ഇടപഴകിയതിൽ രോഷാകുലനായതു മുതൽ സുബൈദയുടെ ആടിനെയോർത്തു വിലപിച്ചതു വരെയുണ്ട് കൈയടികൾ ആഗ്രഹിച്ച ഒരു മുഖ്യമന്ത്രിയുടെ നേട്ടങ്ങളുടെ ലിസ്റ്റിൽ.
ഒരുവശം കരുതലിന്റെ ആൾരൂപമായി, മറുവശത്തു ജനാധിപത്യവിരുദ്ധതയുടെ അപ്പോസ്തലനായി അയാൾ മാറുകയായിരുന്നു എന്ന് ഒരുകൂട്ടം ജനങ്ങൾക്കു മാത്രമേ മനസിലായിരുന്നുള്ളൂ. അതു നേരിട്ടനുഭവിച്ചവരുടെ ഒരു കൂട്ടം.
രോഗവാഹകർ തങ്ങളാണെന്നു പ്രഖ്യാപിച്ച്, തങ്ങളെ പ്രത്യേക വിമാനത്തിൽ മാത്രമേ വിദേശത്തു നിന്നു കൊണ്ടുവരാവൂ എന്നു വാശിപിടിച്ചൊടുവിൽ നാട്ടിലെത്തിയ ശേഷം സർക്കാർ വാഗ്ദാനം ചെയ്ത രണ്ടുലക്ഷം കിടക്കകൾ അന്വേഷിച്ചു കണ്ടെത്താനാകാതെ പോയ പ്രവാസികൾക്ക് അതു കൃത്യമായി മനസ്സിലായിരുന്നു.
കാരണം, സർക്കാരിനെ വിശ്വസിച്ചു മടങ്ങിയെത്തി, ഒടുവിൽ സ്വന്തം ചിലവിൽ ക്വാറന്റൈനിരിക്കേണ്ടി വന്ന മനുഷ്യരാണവർ.
ഒരു മഹാമാരിയെ നേരിടാൻ ജീവിതത്തിൽ ആദ്യമായി ഭരണകൂടത്തിന്റെ തോക്കിൻ മുനയിൽ നിൽക്കേണ്ടി വന്ന പൂന്തുറയിലെ മത്സ്യത്തൊഴിലാളികളും അതു നേരിൽക്കണ്ടു മനസ്സിലാക്കിയവരാണ്.
ചില ജനപ്രതിനിധികൾക്കും അതു മനസ്സിലായിട്ടുണ്ടാകണം. കാരണം, അതിർത്തിയിൽ കുടുങ്ങിക്കിടന്ന സഹോദരങ്ങൾക്കു ഭക്ഷണവും വെള്ളവും കൊണ്ടുപോയതിന്റെ പേരിൽ ‘മരണത്തിന്റെ വ്യാപാരികൾ’ ആയവരാണവർ.
ടെസ്റ്റുകളുടെ എണ്ണവും വാക്‌സിനേഷൻ ചെയ്യപ്പെട്ട മനുഷ്യരുടെ എണ്ണവും വർധിക്കുന്നതിനേക്കാൾ പെറ്റികളുടെ കണക്കു കൂടുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഒരു ഭരണകൂടം വേറെവിടുണ്ടാകും?
കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ഒരാളുടെ മരണാനന്തരച്ചടങ്ങിൽ ആയിരങ്ങളെ അണിനിരത്തിയതിലില്ലാത്ത അനൗചിത്യം, റോഡരികിൽ മത്സ്യം വിൽക്കുന്ന സ്ത്രീയെ കണ്ടപ്പോൾ തോന്നുന്ന സർക്കാർ സംവിധാനം കണ്ടിട്ടുണ്ടാകുമോ?
ഏതു നാട്ടിലാണു നിങ്ങൾ സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ ഒരു ഭരണകൂടം പോലീസിനെ ഉപയോഗിച്ചതായി കേട്ടിട്ടുള്ളത്?
കേരളത്തിന്റെ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും അല്ലാതെ ഏതെങ്കിലും ആരോഗ്യ വിദഗ്ധനെ നിങ്ങൾ പുറത്തുകണ്ടിട്ടുണ്ടോ? പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസറെന്ന തസ്തികയിൽ ഇരിക്കാൻ യോഗ്യതയുള്ള (അതൊരു ചെറിയ യോഗ്യതയല്ല) മുഹമ്മദ് അഷീൽ എന്നയാളെ ഒരു വർഷം മുഴുവൻ കോവിഡിനെ പ്രതിരോധിക്കാൻ എന്ന പേരിൽ സർക്കാരിനെ വിമർശിക്കുന്നവരെ കമന്റിട്ടും ലൈവ് വീഡിയോയിട്ടും വെല്ലുവിളിക്കാനും ചാനലുകൾ കയറിയിറങ്ങി സർക്കാർ നയത്തെക്കുറിച്ചു പ്രസംഗിക്കാനും നിയോഗിച്ചത് ഏതു മാനദണ്ഡം അനുസരിച്ചാണ്?
ശൈലജ ടീച്ചറുടെ അനുഗ്രഹാശിസ്സുകളോടെ അഷീൽ നിയന്ത്രിക്കുന്ന സംവിധാനത്തിൽ എവിടെയായിരുന്നു ആരോഗ്യ സെക്രട്ടറിയുടെ, ആരോഗ്യ വകുപ്പ് ഡയറക്ടറുടെ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ സ്ഥാനം?
ഓക്സിജൻ കിട്ടാതെ പിടഞ്ഞുമരിക്കുന്ന മനുഷ്യരെ കണ്ടില്ലെന്ന പച്ചക്കള്ളം രാജ്യത്തോടു പറഞ്ഞ കേന്ദ്ര സർക്കാരും, കോവിഡ് മൂലം മരണപ്പെടുന്നവരുടെ ശരീരത്തിൽ മറ്റസുഖങ്ങൾ കണ്ടെത്താൻ വ്യഗ്രത കാണിച്ചു മരണനിരക്കിലും കൈയടി വാങ്ങാൻ നോക്കിയ സംസ്ഥാന സർക്കാരും ഒരേപോലെ അശ്ലീലങ്ങളാണ്.
ഏറ്റവുമൊടുവിൽ എ.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് ഇനി മുതൽ കോവിഡാനന്തര ചികിത്സയ്ക്കു സർക്കാർ ആശുപത്രിയിൽ സൗജന്യ ചികിത്സയില്ലെന്നു പ്രഖ്യാപിച്ച കരുതൽ വരെയുണ്ടു സർക്കാരിന്റെ കോവിഡ് പ്രതിരോധത്തിൽ വരുന്ന തലമുറകൾക്കു വായിച്ചു പഠിക്കാനായി.
ഈ പറഞ്ഞതിനപ്പുറം എന്തുതരം പ്രതിരോധ പ്രവർത്തനങ്ങളാണ് ഈ ഒന്നരവർഷത്തിനുള്ളിൽ കേരളം നടത്തിയത്? പരമാവധി ടെസ്റ്റുകൾ നടത്തി പരമാവധി രോഗികളെയും ശേഷം അവരുമായി സമ്പർക്കം പുലർത്തിയവരെയും കണ്ടെത്തി ക്വാറന്റൈനിലാക്കുകയും ചെയ്യണമെന്ന അടിസ്ഥാനപരമായി പാലിക്കപ്പെടേണ്ട ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോൾ വരെ ഇവിടെ അട്ടിമറിക്കപ്പെട്ടു.
ഇങ്ങനൊരു സംസ്ഥാനത്താണു രോഗികൾ വീണ്ടും വർധിക്കുന്നത്. ഈ സമയവും കപ്പിത്താന്റെ കരുതലിൽ പൂർണമായി വിശ്വാസിച്ച്, അയൽ സംസ്ഥാനങ്ങളെ നോക്കി അവരുടെ പ്രവർത്തനങ്ങളിൽ സംശയം പ്രകടിപ്പിക്കുക എന്നതു വളരെ സുഖകരമായ പണിയാണ്.
പക്ഷേ, ഒരു ഘട്ടത്തിലും കുറ്റപ്പെടുത്താൻ കഴിയാത്ത വിധത്തിലുള്ള സഹതാപം ഒരാളോടു മാത്രം തോന്നുന്നുണ്ട്. നിലവിലെ ആരോഗ്യമന്ത്രി വീണാ ജോർജിനോട്. ബി.ബി.സി മുതൽ കൈരളി വരെ ഓടിനടക്കുന്നതിനിടയിൽ ജോലി മറന്നുപോയൊരു ആരോഗ്യമന്ത്രിയുടെ പിന്തുടർച്ചാവകാശിയാണവർ. അവർക്കു തുടങ്ങേണ്ടത് ഒന്നിൽ നിന്നാണ്.
സ്വന്തം വകുപ്പിൽ നിന്നുണ്ടാകുന്ന ഉത്തരവുകളിൽ പോലും ക്ലറിക്കൽ പിഴവുകൾ ഉണ്ടാകുന്നു എന്നു പരസ്യമായി സമ്മതിക്കേണ്ടി വന്നതോടെ ആ പണി തന്നെക്കൊണ്ടു പറ്റില്ലെന്നു വീണയും എഴുതി ഒപ്പിട്ടു നൽകിയിരിക്കുകയാണ്. വീടിനു മീതെ ചാഞ്ഞ ഒരു മരത്തെ വെട്ടിയശേഷം പുതുതായി വെച്ച വളർച്ചയില്ലാത്ത ഒരു തൈ മാത്രമാണവർ. വീട്ടുടമസ്ഥന്റെ അനുവാദമില്ലാതെ വളരാൻ കഴിയാത്ത ഒന്ന്. അവരെ ആ വഴിക്കു വിടുന്നു.
മുഖ്യമന്ത്രിയോടു മാത്രമാണ്. എങ്ങനെയാണു ലോകത്തിനു മുൻപിൽ സ്വന്തം ഭരണത്തെയും ഒരു നാടിനെയും അപമാനിക്കാനായി വിട്ടുകൊടുക്കാൻ കഴിയുക എന്നതിനെക്കുറിച്ച് ബി.ബി.സിയിൽ അടുത്തതായി വന്നേക്കാവുന്ന ലേഖനത്തിൽ ചേർക്കാൻ കഴിയുന്ന ഒരു ഫോട്ടോ കഴിയുമെങ്കിൽ പുതുതായി എടുത്തുവെയ്ക്കുക.
ഇ.എം.എസ് മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള ഭരണകർത്താക്കൾ വിവിധ കാലഘട്ടങ്ങളിൽക്കൂടി നെയ്തെടുത്ത ഒരു ആരോഗ്യ സംവിധാനത്തെ തകർക്കാൻ മാസങ്ങൾ മാത്രം മതിയെന്ന ചരിത്രപഠനത്തിനു ഭാവിയിൽ അതുപകാരപ്പെടും.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS