HealthOpinion

ഭക്ഷ്യ-റോഡ് സുരക്ഷകൾ; പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന താൽകാലിക തീരുമാനങ്ങളല്ല പരിഹാരം

ദക്ഷണാഫ്രിക്കയിൽ നിന്ന് അമേരിക്കയിൽ വന്നപ്പോൾ കണ്ട ഏറ്റവും അത്ഭുതകരമായ കാഴ്ച എന്താണെന്ന് പ്രശസ്ത കൊമേഡിയനായ ട്രെവർ നോവയോട് ഒരു ടി വി ഷോയിൽ ചോദിക്കുമ്പോൾ അദ്ദേഹം പറയുന്ന ഒരു മറുപടിയുണ്ട്.

“എനിക്ക് ഏറ്റവും അത്ഭുതം തോന്നിയത്, നഗരങ്ങളിലും പട്ടണങ്ങളിലും റോഡ് മുറിച്ച് കടക്കാൻ വേണ്ടി കാത്തിരിക്കുന്ന കാൽനടക്കാർ, അവർക്ക് റോഡ് മുറിച്ചുകടക്കാൻ സമയമായി എന്ന് കാണിക്കുന്ന പച്ച ലൈറ്റ് കത്തുമ്പോൾ ഇരുവശത്തു നിന്നും വാഹനങ്ങൾ വരുന്നുണ്ടോ എന്ന് നോക്കാതെ ധൈര്യമായി റോഡ് മുറിച്ചു കടക്കുന്ന കാഴ്ചയാണ്..

എന്റെ നാട്ടിലൊക്കെ ട്രാഫിക് ലൈറ്റ് പച്ചയായാൽ പോലും രണ്ടുവശത്തു നിന്നും ഏതെങ്കിലും വാഹനം വരുന്നുണ്ടോ എന്ന് നോക്കി മാത്രമേ ഞങ്ങൾ റോഡ് മുറിച്ചു കടക്കൂ. പക്ഷെ അമേരിക്കയിൽ ലൈറ്റിൽ വാഹനങ്ങൾ നിർത്തുമെന്നത് എല്ലാവര്ക്കും ഉറപ്പായ ഒരു കാര്യമാണ്, ഇത് എങ്ങിനെ സംഭവിച്ചു എന്നതാണ് അമേരിക്കയിൽ എന്നെ അത്ഭുതപ്പെടുത്തിയ ഏറ്റവും വലിയ കാര്യം. “

അമേരിക്കയിൽ വർഷങ്ങളായി താമസിക്കുന്ന എനിക്ക് ഒരു അത്ഭുതവുമില്ലാത്ത ഒരു കാര്യമാണിത്. കാരണം വളരെ ലളിതമാണ്.

വർഷങ്ങൾക്ക് മുൻപ് ലൈസൻസ് കിട്ടിയ ആദ്യത്തെ ആഴ്ചയിൽ ഡ്രൈവ് ചെയ്യുമ്പോൾ, വലത്തേക്ക് പോകാനുള്ള ലൈനിൽ നിന്ന് നിയമവിരുദ്ധമായി നേരെയുള്ള ലൈനിലേക്ക് പ്രവേശിച്ചതേ ഓർമയുള്ളൂ, പിറകിൽ നിന്ന് പോലീസ് വാഹനത്തിന്റെ സൈറൺ കേട്ടു.

നിയമവിരുദ്ധമായി ലൈൻ മാറിയതിന് ഇരുന്നൂറ് ഡോളർ ഫൈൻ അടിച്ചു കിട്ടി.

അടുത്ത മാസം, ഉമ്മയെയും ബാപ്പയെയും എയർപോർട്ടിൽ കൊണ്ടുപോയി വരുന്ന വഴിക്ക്, വെളുപ്പിന് രണ്ടുമണിക്ക് റോഡിൽ ആരും കാണില്ല എന്ന ധൈര്യത്തിൽ 25 mph ലിമിറ്റ് ഉള്ള റോഡിൽ കൂടി അൻപതിൽ വച്ച് പിടിപ്പിച്ചു, അന്നും കിട്ടി 200 ഡോളർ ഫൈൻ, അത് കോടതിയിൽ പോയി അടക്കേണ്ടിയും വന്നു.

ആദ്യത്തെ ആറുമാസത്തിനുള്ളിൽ ഞാൻ നിയമം ലംഘിക്കാൻ നോക്കിയ പത്തിൽ ആറു തവണയും പിടിക്കപ്പെട്ടു. പോലീസിന്റെ കൂടുതൽ “ടിക്കറ്റ്” കിട്ടി തുടങ്ങിയാൽ നമ്മൾ അപകടകാരിയായ ഡ്രൈവർ ആണെന്ന് കണക്കാക്കി, ഇൻഷുറൻസ് തുക ഭീകരമായി വർധിക്കും.

ആദ്യത്തെ ആറുമാസം കൊണ്ടുതന്നെ ഞാൻ മര്യാദരാമനായി മാറി.

ഇപ്പോൾ റോഡിൽ ആരെങ്കിലും മറികടക്കാൻ കാത്തുനിന്നത് പോലും കാർ നിർത്തികൊടുക്കുന്ന സംസ്കാരവും പഠിച്ചു. ഇപ്പോൾ അമേരിക്കയിൽ ഞാൻ റോഡ് ക്രോസ്സ് ചെയ്യാൻ നിന്നാൽ, പച്ച വെളിച്ചം തെളിഞ്ഞാൽ ഒന്നും ആലോചിക്കാതെ, ഇരുവശവും നോക്കാതെ റോഡ് മറികടക്കാം, കാരണം നിയമം ലംഘിച്ചാൽ പിടിക്കപെടുമെന്നും, വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും പലപോഴായി അറിഞ്ഞിട്ടുള്ള ഇവിടെയുള്ള ഡ്രൈവർമാരിൽ ഭൂരിപക്ഷവും നിയമം പാലിക്കുന്നവരാണ്.

ചുരുക്കം ചില കേസുകളിലാണ് മദ്യവും ലഹരി ഉപയോഗവും മൂലം ഒക്കെയാണ് ഇവിടെ അപകടങ്ങൾ ഉണ്ടാകാറുള്ളത്.

പലപ്പോഴും അച്ഛനമ്മമാർ ഇങ്ങിനെ നിയമം പാലിച്ചു വണ്ടിയോടിക്കുന്നതും, കാൽനടക്കാർക്ക് റോഡ് ക്രോസ്സ് ചെയ്യാൻ കാർ നിർത്തികൊടുക്കുന്നതും കണ്ടു വളരുന്ന കുട്ടികളും, ഈ സംസ്കാരത്തിന്റെ ഭാഗമായി തീരുന്നു.

നിയമം ഉണ്ടാക്കിയാൽ പോരാ മറിച്ച് അത് പാലിക്കുന്നുണ്ടോ എന്ന് നിരന്തരമായി നിയമപാലകർ നിരീക്ഷിക്കുകയും ചെയ്യുമ്പോൾ മാത്രമേ ആ നിയമം കൊണ്ട് കാര്യമുള്ളൂ.

ഇക്കഴിഞ്ഞ കുറെ ദിവസങ്ങളിലായി കേരളത്തിൽ ഭക്ഷ്യ വിഷബാധയെ കുറിച്ചുള്ള വാർത്തകൾ നമ്മൾ പത്രങ്ങളിൽ വായിക്കുന്നുണ്ട്.

പറവൂരിൽ ഭക്ഷ്യവിഷബാധയേറ്റ് എഴുപതോളം പേര് ആശുപത്രിയിലായത് ഇന്നലെയാണ്. ഈ പ്രശ്ങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഹെൽത്ത് ഡിപ്പാർട്മെന്റ് കേരളത്തിൽ അങ്ങോളമിങ്ങോളം പരിശോധന നടത്തുകയും പഴകിയ ഭക്ഷണം പിടിച്ചെടുക്കുകയും ഹോട്ടലുകൾ പൊട്ടിക്കുകയും ചെയ്യും.

ഒന്ന് രണ്ടുമാസം കഴിഞ്ഞാൽ പിന്നെയും തഥൈവ.

ഒരു അപകടമുണ്ടായി കഴിഞ്ഞു അന്വേഷണം നടത്തി നടപടിയെടുക്കാൻ നമുക്കൊരു വകുപ്പിന്റെയോ മന്ത്രിയുടെയോ ആവശ്യമൊന്നുമില്ല, ഏതൊരു സാധാരണക്കാരനും ലോജിക്കലായി ചെയ്യുന്ന കാര്യമാണിത്.

ഒരു അപകടം നടന്നതിന് ശേഷം നടപടി എടുക്കുന്നതിന് പകരം, തുടർച്ചയായി ആ അപകടം നടക്കാതിരിക്കാനുള്ള മാർഗങ്ങൾ നടപ്പിലാക്കുന്നതാണ് ഫലപ്രദമെന്നത് റിസ്ക് മാനേജ്മെന്റിലെ അടിസ്ഥാന തത്വമാണ്.

ഭക്ഷ്യവിഷബാധ നടക്കാൻ കാത്തുനിൽക്കാതെ, വർഷം മുഴുവൻ ചെക്കിങ് നടത്തുകയും, കുറ്റവാളികൾക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ നൽകുകയും, അത് പൊതുജനത്തെ അറിയിക്കുകയും ചെയ്യുക എന്നതാണ്, കഴിവുള്ള ഒരു ഭരണാധികാരി ചെയ്യേണ്ടത്.

ഏതൊക്കെ ഹോട്ടലുകൾ, ഏതൊക്കെ ഭക്ഷ്യ സംഭരണ കേന്ദ്രങ്ങൾ ഹെൽത്ത് ഡിപ്പാർട്മെന്റ് പരിശോധിച്ചു എന്നതും, അതിന്റെ ഫലവും വെബ്സൈറ്റ് വഴി പൊതുജനത്തെ അറിയിക്കുകയോ, വൃത്തിയുടെ അടിസ്ഥാനത്തിൽ ഹോട്ടലുകൾക്ക് ഹെൽത്ത് ഡിപ്പാർട്മെന്റിന്റെ സ്റ്റാർ റേറ്റിംഗ് ഏർപ്പെടുത്തുകയും, ചെയ്താൽ ആളുകൾക്ക് ഏത് ഹോട്ടലിൽ വിശ്വസിച്ചു കയറാം എന്ന് തീരുമാനിക്കാം.

വകുപ്പ് മന്ത്രി ഇക്കാര്യത്തിൽ കൂടുതൽ proactive ആയ ഇടപെടൽ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

നോട്ട് 1 : Frequency Illusion എന്നൊരു സംഭവുമുണ്ട്. നമ്മൾ ഒരു കമ്പനിയുടെ കാർ വാങ്ങാൻ തീരുമാനിച്ചാൽ, പിന്നീട് റോഡിൽ എവിടെ നോക്കിയാലും ആ കമ്പനിയുടെ കാറുകൾ കാണുന്ന പോലെ തോന്നുന്നതും, ഒരു സാരി വാങ്ങാൻ തീരുമാനിച്ചാൽ, അതേപോലുള്ള സാരി ഉടുത്ത കുറെ ആളുകളെ കാണുന്ന പോലെയും തോന്നുന്ന സംഭവമാണിത്.

ഭക്ഷ്യ വിഷബാധ നമ്മൾ ഒരു വാർത്ത കേട്ടാൽ പിന്നീട് അതെ പോലുള്ള വാർത്തകൾ അടുത്തടുത്ത വരുന്നതായി നമുക്ക് കാണാം, മാധ്യമങ്ങൾ ബാൻഡ് വാഗൻ effect / frequency ഇല്ല്യൂഷൻ എന്നിവയിൽ വീണുപോകുന്നത് കൊണ്ടാണ്.

കാസർഗോഡ് നടന്ന ആത്മഹത്യ വരെ മാധ്യമങ്ങൾ ഭക്ഷ്യവിഷബാധയിൽ ഫാക്ട് ചെക്കിങ് ഇല്ലാതെ ചേർത്തത് ഇതുകൊണ്ടാണ്.

മറ്റൊരു ഉദാഹരണം എടുത്താൽ , 2009 ൽ തേക്കടിയിൽ 45 പേര് മരിച്ച സമയത്ത് മാധ്യമങ്ങൾ ബോട്ട് സുരക്ഷയെ പറ്റി കുറെ വാർത്തകൾ നൽകിയതാണ്, എന്നാൽ ഇപ്പോൾ അപകടം നടന്നാൽ പോലും അത് വലിയ വാർത്ത ആകുന്നില്ല.

ഉദാഹരണത്തിന് രണ്ടാഴ്‌ച മുൻപ് ആലപ്പുഴയിൽ ഒരു ഹൗസ് ബോട്ട് മുങ്ങി 55 വയസുള്ള ഒരു ആന്ധ്ര സ്വദേശി മരിച്ചിരുന്നു, അതിനെ പറ്റി വലിയ ചർച്ചകളോ വാർത്തകളോ ഞാൻ കണ്ടില്ല.

അടുത്ത വലിയ ബോട്ട് അപകടം ഉണ്ടാകുമ്പോൾ മാത്രമായിരിക്കും നമ്മൾ അതിന്റെ പിറകെ ഓടാൻ പോകുന്നത്. നിങ്ങൾ വാടകക്ക് എടുക്കാൻ പോകുന്ന ഹൗസ് ബോട്ട് ഉദ്യോഗസ്ഥർ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്കിയതാണോ എന്നത് പരിശോധിക്കാൻ ഉള്ള സർക്കാർ വെബ്സൈറ്റ് ഉണ്ടോ എന്നെനിക്കറിയില്ല, ഇല്ലെങ്കിൽ അത്യാവശായി ചെയ്യേണ്ട ഒന്നാണത്.

നോട്ട് 2 : കുഴിമന്തി പോലുള്ള അറേബ്യൻ ഭക്ഷണം കഴിച്ചിട്ടാണ് ഭക്ഷ്യ വിഷബാധ വരുന്നത് എന്നതൊരു തെറ്റിദ്ധാരണയാണ്.

നൂറ്റാണ്ടുകളായി അറേബ്യയിലും, യെമെനിലും ടുണിഷ്യയിലും ഗ്രീസിലും തുർക്കിയിലും എല്ലാം കഴിക്കുന്ന ഭക്ഷണമാണ് കുഴിമന്തിയും, ഷവർമയും എല്ലാം. വൃത്തിയില്ലാത്ത ഭക്ഷണം തയ്യാറാക്കുന്നതും സൂക്ഷിക്കുന്നതുമാണ് പ്രധാന പ്രശ്നം.

അമേരിക്കയിൽ പലപ്പോഴും E. coli ബാക്ടീരിയ കൊണ്ടുള്ള ഭക്ഷ്യ വിഷബാധ വരുന്നത് ശരിയായ കഴുകാതെ ഉപയോഗിക്കുന്ന ലെറ്റൂസ് പോലുള്ള പച്ചക്കറി കഴിക്കുന്നത് മൂലമാണ്. അത്കൊണ്ട് പച്ചക്കറി കൂടുതൽ സുരക്ഷിതം എന്നത് പൊള്ളയായ വാദമാണ്.

നോട്ട് 3 : പോസ്റ്റിന്റെ തുടക്കത്തിൽ പറഞ്ഞ പോലെ മര്യാദയ്ക്ക് നിയമം പാലിച്ച് കാറോടിക്കുന്ന സ്വഭാവം പലപ്പോഴും കേരളത്തിൽ എന്നെ പ്രശ്‌നത്തിൽ ചാടിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഒന്ന് രണ്ടു വർഷങ്ങൾക്ക് മുൻപ് പള്ളുരുത്തിയിൽ സീബ്ര ക്രോസ്സിങ്ങിൽ റോഡ് കടക്കാൻ കാത്തുനിന്ന ഒരു പെൺകുട്ടിക്ക് വേണ്ടി ഞാൻ കാർ നിർത്തികൊടുത്തതും പിന്നിൽ നിന്ന് വന്ന ബസുകാരൻ എന്റെ കാറിൽ ഇടിക്കാൻ പോയതും എന്നെ തെറി വിളിച്ചതും വേറെയൊരു കഥയാണ്.

Nazeer Hussain Kizhakkedathu

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x