ലീഗിന്റെ ചരിത്രത്തില്‍ നിയമസഭാ തെരഞ്ഞൈടുപ്പില്‍ മത്സരിക്കുന്ന രണ്ടാമത്തെ വനിതാ സ്ഥാനാര്‍ഥി ഇത്തവണയുണ്ടാകുമോ എന്ന ചോദ്യം പലയിടത്തു നിന്നും ഉയര്‍ന്നിരുന്നു.
ആ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ പുറത്താകുന്നത്. വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയാണ് നൂര്‍ബിന റഷീദ് കോഴിക്കോട് സൗത്തിൽ മത്സരിക്കുന്നു.
1996ലാണ് ആദ്യമായി പഴയ കോഴിക്കോട് മണ്ഡലത്തില്‍ നിന്നും ലീഗ് ഒരു വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നത്. വനിതാ ലീഗ് മുന്‍ അധ്യക്ഷ ഖമറുന്നീസ അന്‍വറിനാണ് അന്ന് നറുക്കുവീണത്.
സംസ്ഥാന സാമൂഹികക്ഷേമ ബോര്‍ഡ് അധ്യക്ഷയായിരുന്ന അവര്‍ ആ പദവി രാജിവെച്ചാണ് പോരാട്ടത്തിനിറങ്ങിയത്. അന്ന് റിസള്‍ട്ട് വന്നപ്പോള്‍ ലീഗ് കോഴിക്കോട് രണ്ടില്‍ പരാജയത്തിന്റെ കയ്പ്പറിഞ്ഞു. എളമരം കരീമിനോട് അന്ന് ഖമറുന്നീസ പരാജയപ്പെടുകയായിരുന്നു.
പിന്നീട് നീണ്ട 25 വര്‍ഷക്കാലം ലീഗ് വനിതകളെ മുന്നില്‍ നിര്‍ത്തി ഒരു ഭാഗ്യപരീക്ഷണം വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.
ഇത്തവണ ലീഗിന് വനിതാ സ്ഥാനാര്‍ഥിയുണ്ടാകുമെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ കോഴിക്കോട് നോര്‍ത്തില്‍ തന്നെ വീണ്ടും വനിതയെ പരീക്ഷിക്കുന്നതിനെതിരെ പല സംഘടനകളും മുന്നോട്ടുവന്നിരുന്നു.
1996ലെ വനിതാ സ്ഥാനാര്‍ഥിയുടെ പരാജയത്തിനും ചില യാഥാസ്ഥിതിക വിഭാഗത്തിന്റെ എതിര്‍പ്പ് തന്നെയാണ് കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ലീഗിന്റെ ആദ്യ സാധ്യതാ പട്ടികയില്‍ എംഎസ്എഫ് ഉപാധ്യക്ഷയായ ഫാത്തിമാ തെഹ്ലിയയുടെ പേരാണ് ആദ്യമുണ്ടായിരുന്നത്. പിന്നീട് ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്റെ പേരും ഉയര്‍ന്നുകേട്ടിരുന്നു. ഒടുവില്‍ ഇവരെയെല്ലാം തള്ളി രണ്ടാം മത്സരത്തിന് നൂര്‍ബിന റഷീദിന് നറുക്ക് വീഴുകയായിരുന്നു.
27 സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്. മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെയും പ്രഖ്യാപിച്ചു.
എംപി അബ്ദുസമദ് സമദാനി മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവും. ഒഴിവ് വരുന്ന രാജ്യസഭ സീറ്റിലേക്ക് പിവി അബ്ദുള്‍ വഹാബും മത്സരിക്കും.
വേങ്ങര-പികെ കുഞ്ഞാലിക്കുട്ടി,
മഞ്ചേരി-യു.എ ലത്തീഫ്,
ഏറനാട്-പികെ ബഷീര്‍,
കൊണ്ടോട്ടി-ടി.വി ഇബ്രാഹീം,
കോട്ടക്കല്‍-ആബിദ് ഹുസൈന്‍ തങ്ങള്‍,
പെരിന്തല്‍മണ്ണ-നജീബ് കാന്തപുരം,
മങ്കട- മഞ്ഞളാംകുഴി അലി,
തിരൂര്‍-കുറുക്കോളി മൊയ്തീന്‍,
താനൂര്‍-പികെ ഫിറോസ്,
തിരൂരങ്ങാടി-കെ.പി.എ മജീദ്,
വള്ളിക്കുന്ന്-ഹമീദ് മാസ്റ്റര്‍
കോഴിക്കോട് സൗത്ത്-അഡ്വ നൂര്‍ബിന റഷീദ്,
കുറ്റ്യാടി-പാറക്കല്‍ അബ്ദുല്ല,
കൊടുവള്ളി-എം.കെ മുനീര്‍,
കുന്ദമംഗലം-ദിനേഷ് പെരുമണ്ണ (സ്വത),
തിരുവമ്പാടി-സി.പി ചെറിയ മുഹമ്മദ്,
അഴീക്കോട്-കെഎം ഷാജി,
കാസര്‍കോട്- എന്‍എ നെല്ലിക്കുന്ന്,
മഞ്ചേശ്വരം-എകെ.എം അഷ്‌റഫ്,
മണ്ണാര്‍ക്കാട്-എന്‍ ഷംസുദ്ദീന്‍,
ഗുരുവായൂര്‍-കെഎന്‍എ ഖാദര്‍,
കളമശ്ശേരി-അഡ്വ വിഇ ഗഫൂര്‍,
കൂത്തുപറമ്പ്: പൊട്ടന്‍കണ്ടി അബ്ദുല്ല,
കോങ്ങാട്-യുസി രാമന്‍ എന്നിങ്ങനെയാണ് പട്ടിക.
പുനലൂര്‍, ചടയമംഗലം, പേരാമ്പ്ര എന്നീ സീറ്റുകളിലെ സ്ഥാനാര്‍ത്ഥിയെ പിന്നീട് പ്രഖ്യാപിക്കും.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS