
പ്രവാസി മടക്കയാത്ര : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉപവാസത്തിന് പിന്തുണയുമായി ജിദ്ദ ഒ ഐ സി സി
ജിദ്ദ : പ്രവാസികളെ മടക്കിക്കൊണ്ടു വരുന്ന കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസത്തിന്
ഒ ഐ സി സി സൗദി വെസ്റ്റേൺ റീജിണൽ കമ്മിറ്റി പൂര്‍ണ്ണ പിന്തുണ നൽകുന്നതായും ഇത് പ്രവാസി കുടുംബങ്ങളുടെ വേദന ഏറ്റെടുത്തുകൊണ്ടുള്ള പ്രതിഷേധമാണെന്നും പ്രസ്തവാനയിൽ അറിയിച്ചു.
വെള്ളിയാഴ്ച (19-6-2020) ഇന്ത്യന്‍ സമയംരാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിലാണ് ഉപവാസ സമരം. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം ക്രൂരമാണെന്ന് തുറന്നുപറഞ്ഞ് ഉപവാസ സമരം ഏറ്റെടുത്ത രമേശ് ചെന്നിത്തലക്ക് , പ്രവാസികളുടെ പൂര്‍ണ്ണ പിന്തുണ നല്‍കാനും തീരുമാനിച്ചു.
കേരള സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിബന്ധന തികച്ചും അപ്രായോഗികമാണ്. ഗള്‍ഫില്‍ 48 മണിക്കൂറിനുള്ളില്‍ കോവിഡ് ടെസ്റ്റിന്റെ ഫലം കിട്ടില്ല. നാല് ദിവസം മുതല്‍ ഓരാഴ്ച വരെ അതിന് വേണ്ടി വരും. മാത്രമല്ല വന്‍സാമ്പത്തിക ബാദ്ധ്യതയുമുണ്ടാക്കും. ജോലിയും കൂലിയും നഷ്ടപ്പെട്ട പാവപ്പെട്ട പ്രവാസികള്‍ക്ക് ഇത്രയും തുക മുടക്കാന്‍ കഴിയില്ല. ഈ നിബന്ധന കര്‍ശനമാക്കിയ മന്ത്രിസഭാ തീരുമാനത്തോടെ കോവിഡ് കാലത്ത് ജീവന്‍ രക്ഷിക്കാന്‍ നാട്ടിലെത്താമെന്ന പ്രവാസികളുടെ മോഹം അസ്തമിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ അവരെ മരണത്തിലേക്ക് തള്ളിവിടുകയാണെന്നും റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ, ഗ്ലോബൽ സെക്രട്ടറി റഷീദ് കൊളത്തറ, ജനറല്‍ സെക്രട്ടറി സാകിർ ഹുസൈൻ എടവണ്ണ, റിലീഫ് സെൽ ജനറൽ കൺവീനർ മമ്മദ് പൊന്നാനി, ട്രഷറർ ശ്രീജിത്ത് കണ്ണൂർ എന്നിവര്‍ ആരോപിച്ചു.