FeatureHealthWomen

വിളക്കേന്തിയ വനിതയുടെ പാതയിൽ

ജസീല നാസർ- സ്റ്റാഫ് നേഴ്സ് -ആരോഗ്യ മന്ത്രാലയം -ഖത്തർ

പ്ലസ്ടു വരെ നല്ല നിലയിൽ പഠിച്ച ഞാൻ ഒരു ഡോക്ടർ ആകണമെന്ന ആഗ്രഹത്തോടുകൂടി ആണു പിസി തോമസ് സാറിൻറെ സ്ഥാപനത്തിലേക്ക് പെട്ടിയും തൂക്കി യാത്ര പുറപ്പെട്ടത് .റിസൾട്ട് വന്നു എം.ബി.ബി.എസ് നു അഡ്മിഷൻ കിട്ടാൻ സാധ്യതയില്ല എന്ന് മനസ്സിലായപ്പോൾ ജനറൽ മെഡിസിൻ പഠിക്കണം എന്ന് ദൃഢനിശ്ചയം മൂലമാണ് ബി.എ.സ്സി നേഴ്സിങ് തിരഞ്ഞെടുക്കുന്നത്.മോശമല്ലാത്ത റാങ്ക് ഉള്ളതുകൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചേർന്ന് പഠിക്കാനുള്ള ഭാഗ്യം സിദ്ധിച്ചു. ജീവിതത്തെപ്പറ്റി വലിയ കാഴ്ചപ്പാടുകൾ ഒന്നും തന്നെ ഇല്ലാതിരുന്ന ഒരു കൗമാരക്കാരിയിൽ നിന്നും ഭൂമിയിലെ മാലാഖ ആകാനുള്ള പ്രയാണം അവിടെ തുടങ്ങുകയായിരുന്നു.

ജീവൻറെ ആദ്യ കരച്ചിൽ ,മരണത്തിൻറെ നിസ്സഹായത ,മരണത്തിനും ജീവിതത്തിനും ഇടയിലൂടെയുള്ള നൂൽ പാലത്തിലൂടെ യാത്ര ചെയ്യുന്നവർ ,മോർച്ചറിയിലേക്ക് തള്ളപ്പെടുന്ന അനാഥ ശവങ്ങൾ ,നിസ്സഹായരുടെ കണ്ണീരിനെ ചൂഷണം ചെയ്യുന്ന കച്ചവടക്കാർ ,അങ്ങനെ വിശാലമായ ഒരു ലോകം,ഓരോ ജീവിതങ്ങളും തുറന്നിടുന്ന വിശാലമായ വാതായനങ്ങൾ, വ്യത്യസ്ത അനുഭവങ്ങളുടെ തീച്ചൂളയിൽ അങ്ങിനെ അഞ്ചുവർഷങ്ങൾ, സിസ്റ്ററേ എന്ന് വിളി കേൾക്കാൻ മനസ്സിനെ പതിയെ പാകപ്പെടുത്തിയെടുത്തു.സ്വാർത്ഥതയുടെ പുറം തോട് പൊട്ടിച്ചു സേവനത്തിന്റെ ലോകത്തേക്ക് പറക്കാൻ,അങ്ങിനെ വിളക്കേന്തിയ വനിതയുടെ പിൻഗാമിയായി ഞാനും സേവനത്തിന്റെ പാതയിൽ.

കോവിഡ് -19 ചൈനയിലെ വുഹാനിൽ നിന്നും ആരംഭിച്ചു ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് മഹാമാരിയായി അതിവേഗം പടർന്നു പിടിക്കുമ്പോൾ ഇ മഹാമാരിയുടെ കരാളഹസ്തങ്ങൾ ഖത്തറിലും പിടിമുറുക്കുമെന്നും ഇത്രയും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും സ്വപ്നത്തിൽ പോലും കരുതിയില്ല.

വൈറസ് എന്ന സിനിമ കണ്ട സമയത്തു ആരോഗ്യപ്രവർത്തകർ നിപ്പ വൈറസ് ബാധയുടെ കാലത്തു അനുഭവിക്കുന്ന മാനസികവും സാമൂഹികവുമായ സംഘർഷങ്ങളും ഒറ്റപ്പെടലും ഒക്കെ കണ്ടപ്പോൾ മനസ്സിൽ ഉറച്ചത് എനിക്ക് ഇത് പോലെ ഒരു സാഹചര്യം വന്നാൽ ഞാൻ സ്വന്തം കുടുബത്തിന്റെ സുരക്ഷക്ക് പ്രാധാന്യം നൽകുമെന്നായിരുന്നു.

സ്വന്തം ബുദ്ധിയെ കീഴ്പെടുത്തി എന്നിലെ സാമൂഹിക ഉത്തരവാദിത്വം ഉണർന്നു പ്രവർത്തിച്ചത് ആദ്യ ഐസൊലേഷൻ രോഗിയെ പരിചരിക്കാനുള്ള അവസരം വന്നപ്പോഴായിരുന്നു 22 വയസ്സ് പ്രായമുള്ള ,അവധി കഴിഞ്ഞു ശ്രീലങ്കയിൽ നിന്നും തിരിച്ചു വന്ന ഒരു ഖത്തറി കുടുംബത്തിലെ ബേബി സിറ്റർ ജോലിചെയ്യുന്ന പെൺകുട്ടിയായിരുന്നു അവൾ. കടുത്ത പനിയും, ശരീരവേദനയും ,ശ്വാസതടസ്സവും അങ്ങനെ എല്ലാ ലക്ഷണങ്ങളും അവൾക്കുണ്ടായിരുന്നു ആദ്യമായി രോഗിയുടെ കൂടെ ഒരു അടച്ചിട്ട മുറിയിൽ.N -95 മാസ്കും ഫേസ് ഷീൽഡുമൊക്കെ ഊരിയെറിഞ്ഞു ഈ ലോകത്തിന്റെ മറ്റേ അറ്റംവരെ ഓടിയൊളിക്കാൻ ആയിരുന്നു വിഭ്രാന്തി മൂലം ആദ്യം തോന്നിയത് .

നിസ്സഹായായ ആ യുവതിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ എല്ലാ ബുദ്ധിമുട്ടുകളും അലിഞ്ഞില്ലാതായെയായി. എങ്ങനെയെങ്കിലും ആ പെൺകുട്ടിയെ സഹായിക്കണം എന്ന് മാത്രമായിരുന്നു ചിന്ത .

രോഗികളുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിച്ചു കൊണ്ടിരുന്നു,സഹപ്രവർത്തകരിൽ ചിലരെയും രോഗം കീഴ്പ്പെടുത്താനും ആഗോളതലത്തിൽ മരണനിരക്ക് ക്രമാതീതമായി ഉയരാനും തുടങ്ങിയതോടെ സ്വന്തം ശരീരത്തെ പോലും വിശ്വസിക്കാൻ പറ്റാത്ത ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് ആരോഗ്യപ്രവർത്തകരും തള്ളപ്പെട്ടു. തികച്ചും അനിശ്ചിതമായ ഈ അവസ്ഥയിലും മുന്നിൽ കണ്ട ഓരോ രോഗിയെയും ശ്രദ്ധാപൂർവ്വം പരിചരിക്കാൻ ഓരോ ആരോഗ്യപ്രവർത്തകരും സ്വന്തം ശരീരം പോലും പരിഗണിക്കാതെ ആവുന്ന വിധം പരിശ്രമിച്ചു കൊണ്ടിരിക്കുന്നു

കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവർത്തകരെ പോലെതന്നെ അമിതമായ ജോലിഭാരം കാരണം റോഡപകടങ്ങളിൽ മറ്റുമായി അനേകം ജീവനുകൾ പൊലിഞ്ഞു. മാനസികമായി ഒരുപാട് പിരിമുറുക്കം അനുഭവിക്കുന്ന പല സാഹചര്യങ്ങളും മനസ്സിന് ബലം നൽകിയത് വിശുദ്ധ ഖുർആനിലെ വചനങ്ങൾ ആയിരുന്നു യുദ്ധമുഖത്തു നിന്ന് മരണ ഭയത്താൽ ഓടിപ്പോകുന്നത് 7 മഹാപാപങ്ങളിൽ ഒന്നാണെന്നും മരണം നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളെ പിടികൂടും എന്ന തിരിച്ചറിവും . ഇത് കോവിഡിനെതിരെയുള്ള പോരാട്ടമാണെന്നും ഓരോ ആരോഗ്യപ്രവർത്തകരും അതിന്റെ പടയാളികളും ആണെന്നത് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.

ജീവിതശൈലി രോഗങ്ങൾ ഒന്നും ഇല്ലാതിരുന്ന സഹപ്രവർത്തകർക്കു പോലും ബിപിയും ഷുഗറും അനിയന്ത്രിതമായി വരാൻ തുടങ്ങി ,പലർക്കും അയൽക്കാരിൽ നിന്നും ബന്ധുക്കളിൽ നിന്നും അനുഭവിക്കേണ്ടിവരുന്ന ഒറ്റപ്പെടുത്തലുകൾ, മാനസിക സംഘർഷത്തിന് ആക്കം കൂട്ടി

ഈ ഒരു പ്രത്യേക സാഹചര്യംകണക്കിലെടുത്താണ് ലോകാരോഗ്യസംഘടന ഈ വർഷത്തെ മോട്ടോ ആയി സപ്പോർട്ട് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് എന്ന സന്ദേശം തിരഞ്ഞെടുത്തത്.

ഈ കോവിഡ് കാലത്തുതന്നെയാണ് നഴ്സുമാരുടെ പ്രാധാന്യവും ആവശ്യകതയും ലോകം കൂടുതൽ അനുഭവിച്ചറിഞ്ഞത് .കണക്കനുസരിച്ച് ഐസിയുവിൽ 1 : 1 ,1: 2 എന്ന അനുപാതത്തിലും ജനറൽ യൂണിറ്റുകളിൽ 1:5,1:8 എന്ന അനുപാതത്തിലും രോഗിയുടെ അവസ്ഥ അനുസരിച്ചു നഴ്സുമാരുടെ സേവനം ആവശ്യമാണ്. എന്നാൽ മിക്ക രാജ്യങ്ങളിലും ഈ ഒരു നിർദ്ദേശം അനുസരിച്ചുള്ള സേവനം ലഭ്യമാകുന്നില്ല.

കോവിഡിന് ശേഷം തൊഴിൽ,സാമ്പത്തിക മേഖല എങ്ങനെയായിരിക്കുമെന്ന് ലോകം ഉറ്റുനോക്കി കൊണ്ടിരിക്കുന്ന ഈ ഒരു സാഹചര്യത്തിലും മിടുക്കരായ നഴ്സുമാർക് വേണ്ടി ലോകത്തിന്റെ വാതായനങ്ങൾ തുറന്നിട്ടിരിക്കുന്നു .ഇന്ത്യയുടെ മുൻ പ്രസിഡണ്ട് എപിജെ അബ്ദുൽ കലാം രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുവാനും വിദേശനാണ്യം സമ്പാദിക്കുവാനും മുന്നോട്ടുവച്ച നിർദ്ദേശ ങ്ങളിൽ ഒന്ന്, കൂടുതൽ പേരെ നഴ്സിംഗ് പഠിപ്പിക്കുക എന്നതായിരുന്നു .ഇത്രയേറെ മാനസിക സംതൃപ്തി തരുന്ന ,സാമ്പത്തിക സുരക്ഷിതത്വവും നൽകുന്ന വേറെ ഒരു ജോലി ഇല്ലെന്നു തന്നെ പറയാം.

മുസ്ലിം സമുദായത്തിൽ നിന്നും ഈ മേഖലയിലേക്ക് കടന്നു വന്ന ഒരാൾ എന്ന നിലയിൽ ചിന്തിക്കുമ്പോൾ കാരുണ്യത്തിനും ,ആതുര സേവനത്തിനും ഇത്രയേറെ പ്രാധാന്യം കൊടുക്കുന്ന ഒരു മതമായിട്ട് പോലും ഈ മേഖലയിൽ മുസ്ലിം പ്രാതിനിധ്യം തുലോം കുറവാണ് എന്നുള്ളത് ഒരു വൈരുദ്ധ്യം തന്നെയാണ് ,ഈ മേഖലയിൽ കൂടുതൽ പേർ കടന്ന് വരികയാണെങ്കിൽ സാമ്പത്തികവും സാമൂഹികവുമായി സമുദായത്തിന് വലിയ മുതൽക്കൂട്ട് ആകുമെന്ന് നിസ്സംശയം പറയാം.നന്മയുള്ള മനസ്സും സാഹചര്യങ്ങൾക്കനുസരിച്ച് പെട്ടെന്ന് തീരുമാനം എടുക്കാനുമുള്ള കഴിവുള്ളവർക്ക് ഈ മേഖലയിൽ തിളങ്ങാം .
പ്രതീക്ഷകൾ പാതിവഴിയിൽ ഉപേക്ഷിച്ചു ,മരണത്തിന്റെ മാലാഖാമാർക്കൊപ്പം പറന്നു പോയ ജീവിതങ്ങളെ ഈ അവസരത്തിൽ പ്രാർത്ഥനാപൂർവ്വം സ്മരിക്കുന്നു. സർവ്വശക്തനായ ദൈവം തമ്പുരാൻ പ്രാർത്ഥനയുടെ വിശാലമായ വാതിലുകൾ തുറന്നിട്ട ഈ പുണ്യ റമദാനിൽ രോഗം കഷ്ടപ്പെടുന്ന എല്ലാ രോഗികൾക്കും പ്രയാസമില്ലാതെ ഭേദമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

തടസ്സങ്ങളില്ലാതെ ഒഴുകുന്ന നദികൾ ഇല്ലല്ലോ?ശോഭനമായ ഒരു ഭാവി നമുക്ക് ഉണ്ടെന്നു വിശ്വസിക്കുന്നു .ദൈവത്തിൻറെ അനുഗ്രഹത്താൽ ഈ പ്രതിസന്ധിയിൽ നമ്മൾ മറികടക്കും. ഈ കാലവും കടന്നു പോകും.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

4 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Ameer
4 years ago

നഴ്സസ് ദിനാശംസകൾ ❤️

Hiba Rahma Haroon
4 years ago

ഭൂമിയിലെ ഇൗ മാലാഖ പട്ടം മറ്റൊരു വിഗ്രഹവൽക്കരണം പോലെ ആണ്. അധ്യാപകരെയും പട്ടാളക്കാരെയും ഒക്കെ ദൈവികവൽക്കരിക്കുന്നത് പോലൊന്ന്.
സത്യത്തിൽ നഴ്സിംഗ് അവർ തിരഞ്ഞെടുത്ത ഒരു ജോലി ആണ്. ഏതൊരു മെഡിക്കൽ എമർജൻസി വന്നാലും നേരിടേണ്ടി വരും എന്ന ബോധ്യത്തോടെ തന്നെ തിരഞ്ഞെടുക്കുന്ന തൊഴിൽ.

അവരുടെ പ്രവർത്തനം recognise ചെയ്യരുത് എന്നല്ല. ഇൗ മാലാഖ പരിവേഷത്തോട് യോജിക്കാൻ കഴിയില്ല. മാലാഖ ചിറകുകൾക്ക് പകരം ചെയ്യുന്ന ജോലിക്ക് അർഹമായ വേതനം/ മെഡിക്കൽ safety ഇതൊക്കെയാണ് ആവശ്യം .

Naaz
4 years ago

നേഴ്സസ് ദിനാശംസകൾ …??

4 years ago

ജസീല സ്നേഹാഭിവാദ്യങ്ങൾ..

Back to top button
4
0
Would love your thoughts, please comment.x
()
x