FeatureHealth

പാമ്പുകടിയേറ്റാൽ ഉടനെ ആശുപത്രിയിൽ എത്തിക്കുക; ‘ വിഷ ചികിത്സ’ യല്ല പരിഹാരം !

എത്ര പറഞ്ഞിട്ടും ഒരു കാര്യവുമില്ല. ശുദ്ധ അസംബന്ധങ്ങൾ എഴുതി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, അവരുടെ പുക കണ്ടേ ചില പത്രങ്ങൾ അടങ്ങൂ…

ഇന്നത്തെ മംഗളം പത്രത്തിൽ വന്ന പാമ്പുകടി ചികിത്സ സംബന്ധമായ വാർത്തയെ കുറിച്ചാണ്. ആ വാർത്ത നിറയെ അസംബന്ധമാണ്.

എഴുതി മടുത്ത വിഷയമാണ്. എങ്കിലും പറയാനുള്ള കടമ ഉള്ളതുകൊണ്ട് ഒന്നുകൂടി പറയുന്നു എന്ന് മാത്രം. നമ്മുടെ ഒരു സമാധാനത്തിന്,

മുനിശാപവും തക്ഷകനും പരിഷത്ത് രാജാവും ഒക്കെയാണ് വാർത്തയുടെ ഹൈലൈറ്റ്. അവിടെനിന്നാണ് കേരളത്തിലെ വിഷ ചികിത്സയുടെ ചരിത്രം തുടങ്ങുന്നത് എന്നാണ് മംഗളം പറയുന്നത്. കഥകളും കെട്ടുകഥകളും യാഥാർത്ഥ്യവും തമ്മിൽ വേർതിരിച്ചറിയാൻ സാധിക്കാത്ത മാധ്യമധർമ്മം! പരിതാപകരം.

പാമ്പുകളെ കുറിച്ചുള്ള വിവരണമാണ് അതിഗംഭീരം. 26 തരം മൂർഖൻ ഉണ്ട് എന്നാണ് വാർത്ത. കേരളത്തിൽ ആകെയുള്ളത് Spectacled Cobra എന്ന മൂർഖനും, King Cobra എന്ന രാജവെമ്പാലയും മാത്രമാണ്.

വളകഴപ്പൻ, വെള്ളിക്കെട്ടൻ അഥവാ ശഖുവരയൻ എന്നറിയപ്പെടുന്ന Krait ന്റെ വിഷവ്യാപനം മറ്റുള്ളവയെക്കാൾ പതുക്കെയാണ് എന്നും ലേഖനത്തിൽ ഉണ്ട്. ഇന്ത്യയിലുള്ള പാമ്പുകളിൽ ഏറ്റവും വീര്യം കൂടിയ വിഷമുള്ള പാമ്പാണ് വെള്ളിക്കെട്ടൻ.

അതുപോലെ കടിയുടെ പാട് കണ്ട് വിഷമുള്ള പാമ്പാണോ വിഷമില്ലാത്ത പാമ്പാണോ എന്ന് തിരിച്ചറിയാം എന്നും ലേഖനത്തിൽ ഉണ്ട്. ഇതും 100% ഉറപ്പ് പറയാവുന്ന കാര്യമല്ല. വിഷപ്പാമ്പുകൾ കടിച്ചാൽ ഫാങ് മാർക്ക് (വിഷപല്ല് മൂലമുള്ള അടയാളം) കാണാം എന്നതാവാം ഈ പരാമർശത്തിന് കാരണം. പക്ഷേ ഇത് എപ്പോഴും ശരിയാവണമെന്നില്ല. സ്നേക്ക് പീഡിയ ആപ്പിൽ ഈ വിഷയത്തെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്.

പലതവണ പറഞ്ഞതാണെങ്കിലും ഒരിക്കൽ കൂടി എഴുതുകയാണ്,

കേരളത്തിൽ ആകെ നൂറിൽപരം സ്പീഷീസ് പാമ്പുകൾ ആണുള്ളത്. അതിൽ തന്നെ മനുഷ്യ ജീവന് അപകടകരമായ രീതിയിൽ വിഷമുള്ളവ 11 മാത്രം. അതിൽ അഞ്ചെണ്ണം കടൽപാമ്പുകൾ ആണ്. അതായത് കരയിൽ കാണുന്നവയിൽ 6 തരത്തിന് മാത്രമേ മനുഷ്യന്റെ ജീവൻ അപഹരിക്കാൻ കഴിവുള്ളൂ എന്നർത്ഥം. മൂർഖൻ (Cobra), വെള്ളിക്കെട്ടൻ (Krait), അണലി (Russell’s Viper), ചുരുട്ട മണ്ഡലി (Saw-scaled Viper), മുഴമൂക്കൻ കുഴിമണ്ഡലി (Hump-nosed Pit Viper), രാജവെമ്പാല (King Cobra) എന്നിവയാണ് അവ.

മനുഷ്യ ജീവന് അപകടകരമായ ഈ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല. ഇര പിടിച്ചതിന് ശേഷമുള്ള കടികളിലും പല്ലുകൾ ആഴത്തിൽ ഇറങ്ങാത്ത കടികളിലും മനുഷ്യ ശരീരത്തിലേക്ക് മരണ കാരണമാകാവുന്ന അളവിൽ വിഷം പ്രവേശിക്കണം എന്ന് നിർബന്ധമില്ല. ഈ രണ്ട് സാധ്യതകളുമാണ് പലപ്പോഴും അശാസ്ത്രീയ ചികിത്സകർ ഉപയോഗിക്കുന്നത്.

പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിർവീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളിൽ നിന്നാണ് നിർമ്മിക്കുന്നത്. മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം കുതിരയിൽ കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തിൽ നിന്നും വേർതിരിച്ചെടുക്കുന്നു. ഇതാണ് മറുമരുന്ന്. പൂനയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, മുംബൈയിലെ ഹാഫ്കൈൻ ബയോഫാർമസ്യൂട്ടിക്കൽസ്, ഭാരത സീറം ആൻഡ് വാക്സിൻസ്, ഹൈദരാബാദിലെ വിൻസ് ബയോപ്രൊഡക്റ്റ്സ് എന്നിവിടങ്ങളിൽ ആൻറി സ്നേക്ക് വെനം (ASV) എന്ന ഈ മറുമരുന്ന് നിർമ്മിക്കുന്നു.

ഈ മറുമരുന്ന് നൽകി രക്തത്തിൽ കലർന്ന വിഷത്തെ നിർവീര്യമാക്കുകയാണ് മോഡേൺ മെഡിസിൻ ചികിത്സ. രക്തത്തിൽ വ്യാപിച്ച വിഷത്തെ നിർവീര്യമാക്കാൻ ഈ ഒരു വഴിയേയുള്ളൂ. അതുപോലെ രക്തത്തിൽ വ്യാപിച്ച വിഷത്തെ നിർവീര്യമാക്കാൻ മാത്രമേ ASV എന്ന ഈ മറുമരുന്നിന് കഴിയൂ. അവയവങ്ങളിൽ എത്തിയ വിഷത്തെ നിർവീര്യമാക്കാൻ പറ്റില്ല എന്ന് അർത്ഥം. അതായത് ആശുപത്രിയിൽ എത്രയും പെട്ടെന്ന് എത്തേണ്ടത് അത്യാവശ്യമാണ് എന്ന് ചുരുക്കം.

ഗോൾഡൻ അവർ എന്നൊന്നുണ്ട്, മലയാളത്തിൽ സുവർണ നാഴിക എന്നുപറയാം. എന്തുതരം അപകടവും ആയിക്കോട്ടെ, ശരിയായ ശാസ്ത്രീയ ചികിത്സാ സൗകര്യമുള്ള സ്ഥലത്ത് എത്രയും പെട്ടെന്ന് എത്തിയാൽ, രക്ഷപ്പെടാനുള്ള സാധ്യത അത്രയും വലുതായിരിക്കും. ആ സമയമാണ് അശാസ്ത്രീയ ചികിത്സയുടെ പേരിൽ നഷ്ടപ്പെടുന്നത്. ഇത്തരം വാർത്തകൾ അങ്ങോട്ടാണ് നയിക്കുന്നത്.

ജനങ്ങളോട് ഒന്നേ പറയാനുള്ളൂ, പാമ്പുകടിയേറ്റാൽ ജീവൻ വേണം എന്ന ആഗ്രഹം ഉള്ളവർ ചികിത്സാ സൗകര്യങ്ങളുള്ള ആധുനികവൈദ്യശാസ്ത്രം പരിശീലിക്കുന്ന ആശുപത്രിയിൽ എത്രയും പെട്ടെന്ന് പോവുക.

നഷ്ടപ്പെടുത്തുന്ന ഓരോ നിമിഷവും വിലയേറിയതാണ്.

തെറ്റിദ്ധാരണ വിളമ്പുന്ന പത്രങ്ങൾക്ക് നിങ്ങളുടെ ജീവനിൽ ഒരു ഉത്തരവാദിത്വവും ഇല്ല.

ഇനി അതല്ല, രക്തത്തിൽ വ്യാപിച്ച പാമ്പ് വിഷത്തെ നിർവീര്യമാക്കാൻ ASV അല്ലാതെ മറ്റൊരു ചികിത്സ ഉണ്ടെങ്കിൽ അത് ശാസ്ത്രീയമായി തെളിയിക്കണം. ASV യേക്കാൾ ഗുണകരമാണ് എന്ന് തെളിഞ്ഞാൽ നോബൽ പ്രൈസ് വരെ ലഭിച്ചു കൂടായ്കയില്ല. പക്ഷേ അതിന് പത്രത്തിലെ അവകാശവാദവും പൗരാണികതാവാദവും മാത്രം പോരാ.

ഡോ. ജിനേഷ് പി. എസ്

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x