India

കൽക്കരി സ്വകാര്യവത്കരണം; ഗാങ്സ് ഓഫ് വസെയ്പൂരിൽ നിന്ന് ഗാങ്സ് ഓഫ് കോർപ്പറേറ്റുകളിലേക്കുള്ള പരിണാമം

അഡ്വ: മുകുന്ദ് പി ഉണ്ണി, സുപ്രീം കോടതി

2012 കൽക്കരി മേഖലക്ക് പ്രധാനപ്പെട്ട വർഷം ആയിരുന്നു. ഒന്ന്, ഗാങ്സ് ഓഫ് വസെയ്പൂർ (Gangs of wasseypur) റിലീസ് ആയ വർഷം ആണ്. രണ്ട്, കൽക്കരി കുംഭകോണം നാടറിഞ്ഞതും ആ വർഷമായിരുന്നു. ഗാങ്സ് ഓഫ് വസെയ്പൂർ കഥ നടക്കുന്നത് ജാർഖണ്ഡിലെ വസെയ്പൂരിലാണ് – ഇന്ത്യയിലെ പ്രധാന കൽക്കരി മേഖലകളിൽ ഒരെണ്ണം.

പാറമടകളെക്കാൾ അശാസ്ത്രീയമായാണ് കൽക്കരിമേഖല നില നിന്നിരുന്നത്. മാഫിയ- ഗുണ്ടാത്തലവന്മാർ അരങ്ങു വാഴുന്നു, കൽക്കരി ഖനനവും കച്ചവടവും നിയന്ത്രിക്കുന്നു. കൽക്കരി മേഖലകൾ ചെറു ഗുണ്ടാ ടൗൺഷിപ്പുകൾ ആവുന്നു. ലൈസൻസ് എടുത്തു ഖനനം നടത്താനുള്ള അനുമതി വമ്പൻ കമ്പനികൾ മുതൽ നാട്ടുരാജാക്കന്മാർ വരെ ഒപ്പിച്ചെടുക്കുന്ന കാലം ആയിരുന്നു 1972 വരെ. എന്നാൽ 1972ൽ മുതൽ കൽക്കരി ദേശസാൽക്കരണം ചെയ്തു.

മോഹൻ കുമാരമംഗലം

അന്നത്തെ ഇന്ദിര ഗാന്ധി മന്ത്രിസഭയിലെ നിയമ മന്ത്രി ആയിരുന്ന തമിഴ് നാട്ടുകാരനായ മോഹൻ കുമാരമംഗലം ആണ് കൽക്കരി ദേശസാൽക്കരണം ലോക്സഭയിൽ അവതരിപ്പിക്കുന്നത്. അദ്ദേഹം അതിനു ചില കാരണങ്ങൾ നിരത്തിയിരുന്നു. ഇന്ത്യയുടെ കൽക്കരിയുടെ ആവശ്യത്തിന് അനുസരിച്ച് ഉൽപ്പാദനം ഉണ്ടാവുന്നില്ല, ഇവിടുത്തെ വ്യവസായങ്ങൾ വളരണം എങ്കിൽ കൽക്കരി ആവശ്യത്തിന് ലഭ്യമാകണം, സ്വകാര്യ മേഖലയിൽ അത് സാധിക്കുന്നില്ല.

കോൾ ഇന്ത്യ ലിമിറ്റഡിന്റെ പിറവി

ഒറ്റപ്പെട്ടു നിൽക്കുന്ന ചെറുഖനികൾ സംയോജിപ്പിച്ചു പൊതുമേഖലയിൽ ഒരു മൈനിങ് കമ്പനി വേണം. ലാഭത്തിനൊത്തു വേണ്ട വിധം നിക്ഷേപം സ്വകാര്യ മേഖലയിൽ നടക്കുന്നില്ല. ഏറ്റവും പ്രധാനപ്പെട്ട കാരണം ഖനികളിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷിതത്വം സ്വകാര്യ മേഖല കാറ്റിൽ പറത്തുന്നു എന്നതാണ്. പോരാത്തതിന്, നീതിബോധമുള്ള ആരെയും അമ്പരപ്പിക്കുന്ന തൊഴിൽ ചൂഷണമായിരുന്നു കൽക്കരി മേഖലയിൽ നടന്നു വന്നിരുന്നത്.

മോഹൻ കുമാരമംഗലം ആഗ്രഹിച്ച പോലെ 1972 ൽ ദേശസാൽക്കരണ നിയമം പാസ് ആയി. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നായ, മഹാരത്ന കമ്പനി ആയ, കോൾ ഇന്ത്യ ലിമിറ്റഡ് (CIL) പിറന്നു.

1993 വരെ ഈ നിയമം നിലനിന്നു. നരസിംഹ റാവു പ്രധാനമന്ത്രിയാ‍യ കാലത്ത് ഈ നിയമത്തിൽ കാര്യമായ മാറ്റം വരുത്തി. ഇരുമ്പു-സ്റ്റീൽ, സിമന്റ്, ഊർജം മേഖലകളിൽ സ്വന്തമായി പ്ലാന്റ് ഉള്ള കമ്പനികൾക്കു കൽക്കരി ഖനനം നടത്താമെന്ന ഭേദഗതി വന്നു. ജിൻഡാൽ, ടാറ്റ തുടങ്ങിയ പ്രമുഖ കമ്പനികൾക്കു അത് ഗുണപരമായ മാറ്റമായി.

സ്വന്തമായി ഉൽപ്പാദിപ്പിക്കുന്ന കൽക്കരി അവരവരുടെ ഫാക്ടറികളിൽ ഉപയോഗിക്കാം. വ്യാപകമായ അഴിമതി വീണ്ടും ഉടലെടുത്തു. എല്ലാത്തിനുമൊടുവിൽ 2014 ൽ കൽക്കരി ഖനനത്തിൽ സുപ്രീം കോടതി ഇടപെട്ട് കൽക്കരി വിഭജനം (Coal allocation ) റദ്ദു ചെയ്തു.

ഉദാരമായ ഭേദഗതികൾ

എന്നാൽ വിവാദങ്ങൾ ഇവിടെയൊന്നും തീർന്നില്ല, 2015 ൽ മോഡി സർക്കാരിന് കീഴിൽ നിയമം വീണ്ടും മാറി. വാണിജ്യ അടിസ്ഥാനത്തിലുള്ള ഖനനത്തിന് സ്വകാര്യമേഖലയെ ഉൾപ്പെടുത്തി ടെൻഡർ വിളിച്ചു കൽക്കരിപ്പാടങ്ങൾ ലേലം ചെയ്യാൻ തീരുമാനിച്ചു. പക്ഷെ കൽക്കരി മേഖലക്ക് പുറത്തുള്ളവർക്ക് ലേലത്തിൽ പങ്കെടുക്കാൻ പറ്റില്ലായിരുന്നു. 2018 ൽ നിയമം വീണ്ടും ഉദാരമായി. സ്വകാര്യ കമ്പനികൾക്ക് എത്ര വേണമെങ്കിൽ കൽക്കരി ഉൽപാദിപ്പിക്കാം, യാതൊരു ഉത്പാദന നിയന്ത്രണങ്ങളും വില്പനനിയന്ത്രങ്ങളും ഇല്ലാതെ.

2020 ജനുവരി മാസം ക്യാബിനറ്റ് കൂടി പുതിയ ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചു. അതിലെ പ്രധാന ഘടകം കൽക്കരി ലേലത്തിന് മുൻപരിചയം വേണ്ട എന്ന പുതിയ ഭേദഗതി ആയിരുന്നു. മാർച്ചിൽ ഈ നിയമം പാർലമെന്റിന്റെ ഇരു സഭകളും പാസ്സാക്കി. (നിർമല സീതാരാമന്റെ വിഖ്യാതമായ കൊറോണ വിരുദ്ധ സാമ്പത്തിക പാക്കേജിൽ പ്രധാനമായി പറഞ്ഞ ഒരു പദ്ധതി ഇത് തന്നെ ആണ്. ഈ ഭേദഗതികൾ കോറോണയുമായോ സാമ്പത്തിക പാക്കേജായോ യാതൊരു ബന്ധവും ഇല്ല.)

ഇനി പരിശോധിക്കാനുള്ളത് ഈ നിയമങ്ങൾ എത്രത്തോളം കൊറോണ കാലത്ത് സാമ്പത്തിക വ്യവസ്ഥയെ ഉത്തേജിപ്പിക്കും എന്നാണ്. കൽക്കരി ലഭ്യത കൂട്ടുക എന്നതാണ് സർക്കാരിന്റെ ഒരു ലക്ഷ്യം. ലഭ്യത കൂട്ടുമ്പോൾ മറ്റു അനുബന്ധ വ്യവസായ മേഖലകളെ സഹായിക്കുമെന്നാണ് പ്രതീക്ഷ. പക്ഷെ ഇത് തെറ്റാണ്.

ചുരുങ്ങിയത് 7-8 വർഷമെങ്കിലും എടുത്ത് മാത്രമേ ഇവിടെ കൽക്കരി ഉൽപ്പാദനം കൂട്ടുവാൻ സാധിക്കുകയുള്ളു. കാരണം കൽക്കരിപ്പാടങ്ങൾ ലേലം വിളിച്ചു, അവിടെ ഖനി സ്ഥാപിച്ചു വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനസജ്ജമാക്കണമെങ്കിൽ ഇത്രയെങ്കിലും സമയം എടുക്കും. പെട്ടെന്ന് ജോലി പോലും നൽകാൻ ഈ മേഖലയിൽ സാധിക്കില്ല. അതുകൊണ്ടു കൊറോണകാലത്ത് ഇത് പ്രത്യേകമായ ഉപകാരപ്രദമാവുമെന്ന് പറയാൻ കഴിയില്ല.

വൈദ്യതിമേഖലയിലെ ആശങ്കകൾ

ഇനി ഭാവിയിൽ ഇത് കൊണ്ട് ഉണ്ടാകാൻ പോകുന്ന സാ‍ഹചര്യമാണ് അതിപ്രധാനം. ഇന്ത്യയിൽ 60 % ൽ കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത് താപവൈദ്യുത നിലയങ്ങളിൽ നിന്ന് ആണ്. കൽക്കരി ലഭ്യത പൂർണമായും സ്വകാര്യ മേഖലകളിലേക്ക് വരുമ്പോൾ ഇവയുടെ വിലയും നിശ്ചയിക്കുനുള്ള അധികാരം ചുരുക്കം ചില കുത്തകകളിലേക്കു വരും.

coal mines

അവിടെയാണ് അദാനിയും അംബാനിയും വേദാന്തയുടെ അനിൽ അഗർവാളും എല്ലാം ചേർന്ന് ഇന്ത്യയുടെ വൈദ്യുതി മേഖല കൈക്കലാക്കാൻ പോകുന്നത്. വൈദ്യതി നിരക്ക് നിശ്ചയിക്കുന്നത് ഇവരാകും. വൈദ്യതി നിയമത്തിൽ ഒരു വമ്പൻ അഴിച്ചു പണി ആണ് വരാൻ പോകുന്നത്. വിപണിക്ക് വൈദ്യുതി ചാർജ് നിശ്ചയിക്കാൻ കഴിയാത്ത വിധം ഇപ്പോൾ സർക്കാറുകൾക്ക് സബ്സിഡി നിശ്ചയിക്കാം. ഈ സബ്സിഡി താരിഫ് നിർണയത്തിൽ നിന്നും എടുത്തു മാറ്റി ഇലെക്ട്രിസിറ്റി നിയമ ഭേദഗതി വരുന്നുണ്ട് (കരട് ബിൽ റിലീസ് ചെയ്തിട്ടുണ്ട്).

ഇതോട് കൂടെ വരുമ്പോൾ ഈ മേഖല പൂർണമായും മുതലാളിത്ത കുത്തകകൾക്ക് ചൂഷണം ചെയ്യാനുള്ള വേദിയാകും. ബിജെപിയുടെ ട്രേഡ് യൂണിയൻ ആയ ഭാരതീയ മസ്‌ദൂർ സംഘം പോലും ഇതിനെതിരെ ശബ്ദം ഉയർത്തിയിട്ടുണ്ട്.

ഇനി ഗാങ്സ് ഓഫ് വസെയ്പൂരിലേക്കു വരാം. അദാനിയും അംബാനിയും വേദാന്തയും ആണ് ഇനിയുള്ള കാലത്തെ കൽക്കരി ഗ്യാങ്. ചെറു ഗുണ്ടകളിൽ നിന്ന് കോർപ്പറേറ്റ് സ്ഥാപനങ്ങളിലേക്കുള്ള പരിണാമം. ഖനി തൊഴിലാളികൾക്ക് പൊതുമേഖലയിൽ ഉള്ള സുരക്ഷിതത്വം സ്വകാര്യ മേഖലയിൽ കിട്ടില്ല. വൻതോതിലുള്ള തൊഴിൽ ചൂഷണം ആണ് പതിയിരിക്കുന്നത്.

ഇത് കൽക്കരിമേഖലയിൽ മാത്രമുള്ള നിഗമനം ആണ്. ബഹിരാകാശ മേഖല തുറക്കുന്നതൊക്കെ മറ്റു തട്ടിപ്പുകൾക്കുള്ള ഒരു ചുവടുപടി ആണ്. കൊറോണ പാക്കേജിന് പിന്നിലെ ജനവിരുദ്ധ ചൂഷണാത്മക സമീപനം തുറന്നു കാണിക്കുക തന്നെ വേണം, പ്രതികരിക്കുകയും വേണം.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x