ഹലാലിന്റെ അര്‍ത്ഥം നല്ല ഭക്ഷണമെന്ന് മാത്രം; സംഘ്പരിവാര്‍ നീക്കം ചേരിതിരിവുണ്ടാക്കാന്‍: മുഖ്യമന്ത്രി
ഹലാല്‍ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹലാല്‍ വിവാദം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനപക്ഷങ്ങളെ ആക്രമിക്കാനും സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കാനുമാണ് സംഘ്പരിവാര്‍ ഹലാല്‍ വിവാദം ഉയര്‍ത്തുന്നത്.
പാര്‍ലമെന്റില്‍ നല്‍കുന്ന ഭക്ഷണത്തിലും ഹലാല്‍ മുദ്രയുണ്ട്. ഹലാല്‍ എന്നാല്‍ കഴിക്കാന്‍ കൊള്ളാവുന്ന ഭക്ഷണം എന്നേ അര്‍ഥമുള്ളൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂരില്‍ സിപിഐഎം പിണറായി ഏരിയാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
വ്യാജ വാദങ്ങള്‍ പൊളിച്ച് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തന്നെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇതാദ്യമായാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്.
ഗോവധ നിരോധനത്തിന്റെ പേരു പറഞ്ഞ് രാജ്യത്താകമാനം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ ഇടപെടലും ഈ അജണ്ടയുടെ ഭാഗമായിരുന്നു. അതോടൊപ്പം തന്നെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ആക്രമിക്കപ്പെടുന്ന രീതി വ്യാപകമാവുകയാണ്. ഇതിന്റെ ഭാഗമായി കേരളത്തിലും പുതിയ വിവാദങ്ങള്‍ ഉയര്‍ന്നു വരുന്നത് കാണാം.
എന്നാല്‍ അതിനോടൊപ്പം ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ഒരുപാട് ആരോപണങ്ങളുയര്‍ത്തി. അങ്ങനെ സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. അത് രാജ്യവ്യാപകമായാണ്. കേരളത്തിലും അതിന്റെ ഭാഗമായിട്ടുള്ള നടപടികള്‍ ഉണ്ടായതായി കാണാനാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണെന്നും മുഖ്യമന്ത്രി ആരോപിച്ചു. “തീവ്രഹിന്ദുത്വം നയമായി സ്വീകരിച്ച സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. കോര്‍പറേറ്റുകളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഭരണം നടത്തുന്നത്. രാജ്യത്തിന്റെ സംസ്കാരം ഹിന്ദുത്വ അജണ്ടയ്ക്ക് കീഴ്പ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്,” മുഖ്യമന്ത്രി വ്യക്തമാക്കി.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS