
‘അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ…’ ; സിനിമ സെറ്റ് പൊളിച്ചവർക്ക് കിടിലൻ മറുപടിയുമായി നടൻ ഷറഫുദ്ദീൻ
‘മിന്നൽ മുരളി’ സിനിമയുടെ കാലടിയിലെ സെറ്റ് തകർത്തതിനെതിരെ പ്രതികരണവുമായി നടൻ ഷറഫുദ്ദീൻ രംഗത്ത് . സെറ്റ് പൊളിച്ചവർക്കുള്ള താരത്തിന്റെ പരിഹാസ രൂപേണയുള്ള മറുപടി സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ് . സെറ്റ് പൊളിച്ചവരെ സമൂഹ്യ വിരുദ്ധരെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് താരത്തിന്റെ മറുപടി തുടങ്ങുന്നത് . ചിത്രത്തിന്റെ നിർമാതാവ് സോഫിയാ പോൾ ശക്തയായ സ്ത്രീയാണെന്നും സംവിധായകൻ ബേസിൽ ജോസഫ് മികച്ച സംവിധായകനാണെന്നും അവർ സിനിമ പൂർത്തീകരിക്കുമെന്നും ഷറഫുദ്ദീൻ ഫേസ്ബുക്കിലൂടെ കുറിച്ചു .
ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന മിന്നൽ മുരളി സിനിമാ സെറ്റ് കഴിഞ്ഞ ദിവസമാണ് ബജ്റംഗ്ദൾ പ്രവർത്തകർ തകർത്തത്. ക്രിസ്ത്യൻ പള്ളിയുടെ രൂപത്തിലൂള്ള സെറ്റ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ചായിരുന്നു സെറ്റ് പൊളിച്ചത് . സെറ്റ് ശിവ ക്ഷേത്രത്തിന് മുന്നിൽ ആണെന്നാണ് ബജ്റംഗ്ദൾ പ്രവർത്തകരുടെ ആരോപണം.
ഷറഫുദ്ദീൻന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ…
ഈ പണി നിങ്ങൾക്ക് ചുള്ളിയിലോ, മഞ്ഞപ്രയിലോ ഏതെങ്കിലും പാറമടയിൽ പോയി ചെയ്തിരുന്നെങ്കിൽ വൈകുന്നേരമാവുമ്പോൾ എന്തെങ്കിലും നാല് കാശു കയ്യിൽ കിട്ടിയേനെ, അത് ഇക്കാലത്ത് ബുദ്ധിമുട്ടുന്ന സ്വന്തം നാട്ടുകാർക്കോ, ബന്ധുക്കൾക്കോ കൊടുത്തു സഹായിക്കാമായിരുന്നില്ലേ ?
നല്ല കഷ്ടപ്പെട്ടു വെയില് കൊണ്ട് പൊളിച്ചത് കണ്ടു ചോയ്ക്കുന്നതാണ് !
ഈ സിനിമയുടെ പ്രൊഡ്യൂസർ ശക്തയായ ഒരു സ്ത്രീയാണ്. അവർ ഈ സിനിമ പൂർത്തിയാക്കും! ഇനി സംവിധായകന്റെ കാര്യം പറയണ്ടല്ലോ.. നല്ല കഴിവുള്ള ഒരു അസ്സൽ ഡയറക്ടർ ആണ് .
അയാളും ഒരടി പുറകിലേക്ക് പോകില്ല പിന്നെ നിങ്ങൾ എന്തിനാണ് കഷ്ട്ടപ്പെട്ടത് ?
എല്ലാവരും നിങ്ങളെ വിഡ്ഢികൾ എന്നും വിളിക്കുന്നു !
വേറെയും വിളിക്കുന്നുണ്ട് അത് ഞാൻ പറയുന്നില്ല ?
നല്ല സങ്കടമുണ്ട് നിങ്ങളുടെ ഈ വേദനയിൽ
ഇനിയുള്ള ദിവസങ്ങൾ നിങ്ങൾക്ക് ശുഭകരമാക്കി തരാമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു
ഇനിയെങ്കിലും തിരിച്ചറിവുണ്ടാകാൻ
ഞാൻ പ്രാർത്ഥിക്കാം
മിന്നൽ മുരളി ടീമിന് ഐക്യദാർഢ്യം