ലോക സാമ്പത്തിക ഫോറത്തിന്റെ അടുത്തു കഴിഞ്ഞ സെമിനാറിൽ ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ നടത്തിയ ശ്രദ്ധേയമായ പ്രഭാഷണത്തിൽ അദ്ദേഹത്തിന്റെ ഒരു സങ്കടം രാഷ്ട്രങ്ങൾ എന്തു കൊണ്ട് ഞങ്ങളെ, ഞങ്ങളുടെ സാങ്കേതിക മുന്നേറ്റങ്ങൾ സാങ്കേതിക മികവോടെ തദ്ദേശീയ സർക്കാർ മാർഗങ്ങൾ ഉപയോഗിച്ചു മോണിറ്റർ ചെയ്യുന്നില്ല എന്നതായിരുന്നു.
സമ്മേളനത്തിലെ തലക്കെട്ട് തന്നെ സർവൈവൽ ഓഫ് ദി 21 century എന്നായിരുന്നു. ലോകത്ത് വരാൻ പോകുന്ന മാറ്റങ്ങളെയും പൊതുവായി ആ മാറ്റങ്ങളെ ഉൾക്കൊള്ളാനും മാറ്റങ്ങളോടൊപ്പം ഒരു സമൂഹത്തെ സജ്ജമാക്കാനുമുള്ള പ്രയാണത്തിൽ ഭൂരിഭാഗം രാഷ്ട്രങ്ങളും എവിടെയെത്തി നിൽക്കുന്നു എന്ന് ഇതിലൂടെ മനസ്സിലാക്കാൻ കഴിയും.
ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യകൾ നിലവിലുള്ള എല്ലാ മേഖലകളിലും വിപ്ലവാത്മകമായ രീതിയിൽ വളർന്നുകൊണ്ടിരിക്കുന്നു. അമ്പതു വർഷത്തിലേറെയായി ലോക സമ്പത്തിന്റെ ഭൂരി ഭാഗം കയ്യടക്കിയ എണ്ണ വിപണിയെ (ഏകദേശം 6 trillion), കേവലം അഞ്ച് വർഷം കൊണ്ട് മുട്ടുകുത്തിച്ചു ടെക് കമ്പനികൾ 9 trillion എത്തി നിൽക്കുന്നു. വളരെ ലളിതമായി നോക്കിയാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെക്കാൾ മുകളിലെത്താൻ ഗൂഗിൾ എടുത്ത സമയം കേവലം നാല് വർഷത്തിൽ താഴെയാണ്.
നാലാം വ്യാവസായിക വിപ്ലവം -പ്രതീക്ഷയും അസ്വസ്ഥതകളും:
മറ്റു വ്യാവസായിക വിപ്ലവങ്ങളെ പോലെ കേവലം ഒരു മാറ്റമല്ല നാലാം വ്യാവസായിക വിപ്ലവത്തിലൂടെ ഉണ്ടാവാൻ പോകുന്നത്. സോളാർ സിറ്റിയുടെ തലവനായ അലെൻമസ്കിൻ്റെ അഭിപ്രായത്തിൽ പുതിയ കാലഘട്ടത്തെ രണ്ടു രീതിയിൽ നോക്കി കാണാം എന്നാണ് പറയുന്നത്. ഒന്നുകിൽ പ്രതീക്ഷാ നിർഭരം, അല്ലെങ്കിൽ തകർച്ചയുടെ (Era of Disruption) കാലം.
ഒന്നാം വ്യാവസായിക വിപ്ലവത്തിലെ സ്‌റ്റീo പവറിൽ നിന്ന് ഇലക്ട്രിക്കൽ എനർജി വികാസം പോലെയോ രണ്ടാം വ്യാവസായിക വിപ്ലവത്തിലെ ഇലക്ട്രിക്കൽ എനർജിയിൽ നിന്ന് ഇലക്ട്രോണിക്സ് എനർജിയിലേക്ക് മുന്നേറിയതു പോലെയോ മൂന്നാം വ്യാവസായിക വിപ്ലവത്തിലെ ഇലക്ട്രോണിക് എനർജിയിൽ നിന്ന് വിവരസാങ്കേതികവിദ്യയിലേക്കുള്ള പ്രയാണങ്ങൾ പോലെയോ ഉള്ള ഒരു മുന്നേറ്റത്തിൽ നിന്നു വ്യത്യസ്തമായി ഒരുകൂട്ടം സാങ്കേതികവിദ്യകളുടെ വിസ്ഫോടനമാണ് അടുത്ത കാലഘട്ടം.
നിർമിതബുദ്ധി, റോബോട്ടിക്സ്, ത്രീഡി പ്രിന്റിംഗ്, ബയോ ടെക്നോളജി തുടങ്ങിയ സാങ്കേതിക വിദ്യകൾ ഒരു പക്ഷേ നിലവിലെ നമ്മുടെ ഉത്പാദന വിതരണ ശൃംഖലകളെ എത്രയേറെ താളം തെറ്റിക്കും, അല്ലെങ്കിൽ തകിടം മറിക്കും എന്ന് ഇനിയും നാം വിശദമായി മനസ്സിലാക്കിയിട്ടില്ല.
നമ്മുടെ കലാലയങ്ങൾ അല്ലെങ്കിൽ വിദ്യാഭ്യാസം ഇപ്പോഴും ഊന്നൽ നൽകുന്നത് ഉൽപാദന വിതരണ മേഖലകളിലെ ജോലി സാധ്യതകൾ കേന്ദ്രീകരിച്ചാണ്. ഈയടുത്തു വരെ ഡിസൈൻ, പ്രൊഡക്ഷൻ, ഡിസ്ട്രിബൂഷൻ എന്നീ മൂന്നു മേഖലകളിലും നമുക്ക് സാധ്യമാവുമായിരുന്ന തൊഴിൽ അവസരങ്ങൾ ഇനി ഡിസൈനിലേക്കു മാത്രം ചുരുങ്ങി ഉല്പാദനവും വിതരണവും റോബോർട്ടുകൾ ഏറ്റെടുത്തുകൊണ്ടിരിക്കുകായാണെന്നു ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു.
നിർമിതബുദ്ധി ഓരോ രാഷ്ട്രത്തെയും ഒരു ഡിജിറ്റൽ കോളനി ആക്കുന്ന കാലം അതിവിദൂരമല്ല. മനുഷ്യന്റെ തലച്ചോറിനെക്കാൾ അതിവേഗ സാങ്കേതിക വിദ്യകൾ വരുമ്പോൾ നാം നിലവിലെ വിദ്യാഭ്യാസ രീതി തുടർന്നാൽ എങ്ങുമെത്താതെ പോകും.
നാലാം വ്യവസായിക വിപ്ലവത്തിലേക്കു കടക്കാൻ അഞ്ചാം വിദ്യാഭ്യാസവിപ്ലവമെന്ന ആശയം എവിടെയും ചർച്ചയ്ക്കു പോലും ഉരുത്തിരിഞ്ഞിട്ടില്ല എന്നത് സങ്കടകരമായ വസ്തുതയാണ്.
മനുഷ്യ ചിന്തയേക്കാൾ സാങ്കേതിക ചിന്തകൾ മുന്നേറുകയും മനുഷ്യന്റെ നിയന്ത്രണങ്ങൾ ഒന്നും പ്രസക്തമാവാതിരിക്കുകയും ചെയ്യുന്ന ഒരു ഘട്ടം, ഭീകരമായ അവസ്ഥയാവും അത് സൃഷ്ടിക്കുക. നമ്മുടെ സാമ്പത്തിക സാമൂഹ്യ മേഖലകളെ അത് പ്രതിക്കൂലമാക്കി മാറ്റും. ദേശീയ വിദ്യാഭ്യാസ നയം 2020 പോലും ഇത്തരം സാങ്കേതിക മുന്നേറ്റങ്ങളെ മുന്നിൽ കണ്ടിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.
അതുകൊണ്ടുതന്നെ നമ്മുടെ നൈപുണീ വികസനത്തിൽ ഉടൻ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. തലച്ചോറിന്റെ ചിന്തയുടെ ഫ്രീക്വൻസി ശരാശരി 200 ഹേർട്സ് ആണെങ്കിൽ റോബോട്ടിൻ്റെ 200 ജിഗാ ഹേർട്സ് ആണ്. മനുഷ്യന്റെ പ്രവർത്തന വേഗത തലച്ചോറിന്റേതു 200 മീറ്റർ പെർ സെക്കൻഡ് ആണെങ്കിൽ 3 million per second ആണ് ഒരു റോബോർട്ടിനുള്ളത്. പ്രവർത്തന ഊർജ്ജം 20 വാട്സ് ആണെങ്കിൽ 400 വാട്സ് ആണ് റോബോട്ടിന്. 2000 വർഷത്തെ ഗവേഷണ ബുദ്ധിയാണ് ഒരു നിർമിത ബുദ്ധി അധിഷ്ഠിതമായ റോബോട്ടിന്. എങ്കിൽ നിലവിൽ നമ്മുടെ നൈപുണ്യ വികസന പദ്ധതികൾ, പഠനങ്ങൾ എത്ര മാത്രം മാറ്റേണ്ടതുണ്ടെന്ന് ആലോചിക്കേണ്ടതുണ്ട്.
ജോലി സാധ്യതകൾ ഡിസൈൻ മേഖലകളിലേക്ക് ചുരുങ്ങുന്നു :
അടുത്തുവരെ ഡിസൈൻ പ്രൊഡക്ഷൻ ഡിസ്ട്രിബൂഷൻ എന്നീ മൂന്ന് മേഖലകളിലും മനുഷ്യന്റെ ഉപജീവനമാർഗ്ഗമായി ബന്ധപ്പെട്ടിരുന്നുവെന്ന് നമുക്കറിയാം. എന്നാൽ നിർമിത ബുദ്ധിയുടെ വരവോടെ നമ്മുടെ ആവശ്യം ഡിസൈനിൽ മാത്രം ഒതുങ്ങിക്കഴിഞ്ഞു. അതായത്, വണ്ടി ഓടിക്കാൻ വണ്ടി ഓടിക്കാൻ പഠിച്ചാൽ മതി എഞ്ചിൻ എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് പഠിക്കേണ്ട എന്ന് സാരം.
വിദ്യാഭ്യാസത്തിൽ പ്രത്യേകിച്ച് ഗണിത വിഷയത്തിൽ അധിഷ്ഠിതമായ ഒരു കാലമാണ് വരാൻ പോകുന്നത്. ഗണിതപഠനം 6 മുതൽ 12 വരെ ക്ളാസുകളിൽ ഏകദേശം 212 കോൺസെപ്റ്റുകളാണ് പഠിക്കേണ്ടത്. ഇവ ലളിതമായി ആക്ടിവിറ്റികളിലൂടെ മനസ്സിലാക്കിക്കഴിഞ്ഞാൽ പിന്നീടങ്ങോട്ട് നമുക്ക് പുതിയ തന്ത്രങ്ങളും രീതികളും ആവിഷ്കരിച്ച ഡിസൈൻ തലത്തിൽ നമ്മുടെ നൈപുണികളെ അതിവേഗം പരിപോഷിപ്പിക്കാo.
അല്ലെങ്കിൽ 80% ജോലികളും മനുഷ്യന് അപ്രാപ്യമായി മാറും. വിദ്യാഭ്യാസം എന്നത് ദുരന്തമായി മാറും. അത് നമ്മുടെ സമൂഹത്തിൽ അസ്വസ്ഥതകളും അരാജകത്വവും ഉണ്ടാക്കും.
റിവേഴ്‌സ് പാരന്റിങ് :
റിവേഴ്‌സ് പാരന്റിങ് എന്ന വലിയ തരത്തിലുള്ള മാറ്റങ്ങളും ഇതിന്റെ ഫലമായി ഉണ്ടാകാൻ പോകുന്നു എന്നതാണ് കൗതുകകരമായ മറ്റൊരു വസ്തുത. മുതിർന്നവരിൽ നിന്ന് പഠിക്കുക എന്നതിന് പകരം കുട്ടികളിൽ നിന്ന് പഠിക്കുക എന്നും രക്ഷിതാക്കളെ ആശ്രയിക്കുക എന്നതിന് പകരം കുട്ടികളെ ആശ്രയിക്കുക എന്ന രീതിയിൽ മുന്നിൽ പുതിയ തലമുറ നടക്കുകയും അവരിൽ നിന്ന് സാങ്കേതിക വിദ്യകൾ ആർജിക്കുകയും എല്ലാറ്റിനും അവരുടെ സഹായം തേടുകയും ചെയ്യുന്ന അവസ്ഥയാണ് റിവേഴ്‌സ് പാരന്റിങ്.
ഓൺലൈൻ പ്ലാറ്റുഫോമുകൾ എത്രവേഗമാണ് കൊച്ചുകുട്ടികൾ മനസ്സിലാക്കുന്നത് എന്നും ഇത്തരം സാങ്കേതിക വിദ്യകൾ ദൈനംദിന ജീവിത വ്യവഹാരങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്തതാവുകയും ചെയ്യുമ്പോൾ ആര് ആരെ നിയന്ത്രിക്കണമെന്നും ആര് ആർക്കു സഹായകമാവുന്നു എന്നും ഉള്ള രീതിയിൽ ആണ് ടെക്നോളജി നമ്മെക്കൊണ്ടെത്തിക്കുന്നത്. അധ്യാപകരുടെയും സ്ഥിതി ഇത് തന്നെയാണ്.
നഗരങ്ങൾ എന്തിന്?
ഡാറ്റാ സമ്പാദനവും വിതരണവുമെന്ന ഏകമാനക പ്രക്രിയയിൽ ലോകം മാറുമ്പോൾ, നഗരങ്ങളുടെ ശോഷണവും ഇതിന്റെ അനന്തര ഫലങ്ങളായി സമീപ ഭാവിയിൽ മാറിക്കൂടായ്‌കയില്ല.
വൻ നഗരങ്ങളൊക്കെ പടുത്തുയർത്തുന്ന IT അടിസ്ഥാന സാമ്പത്തിക പ്രവർത്തങ്ങൾ ഗ്രാമങ്ങളിലേക്ക് പറിച്ചു നടുമ്പോൾ, നഗരങ്ങളുടെ അവസ്ഥ എങ്ങിനെയായി മാറും, മാളുകളും കഫേകളും സൈബർ പാർക്കുകളും ആളൊഴിയുമ്പോൾ നമ്മുടെ പട്ടണങ്ങൾ വികാസത്തെക്കാൾ ശോഷണമെന്ന അവസ്ഥ നേരിട്ടേക്കാം.
അത്തരം വികസന മാർഗ്ഗങ്ങളെ ഉൾക്കൊള്ളാനും സ്വീകരിക്കാനും ഗ്രാമീണ മേഖലയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. നഗരവികസന ആസൂതണത്തേക്കാൾ ഗ്രാമവികസന പദ്ധതികൾ പ്രത്യേകിച്ച് സാങ്കേതിക മുന്നേറ്റങ്ങളിലൂടെ എങ്ങിനെ ആവിഷ്കരിക്കാം എന്നും അതോടൊപ്പം പാരിസ്ഥിതിക സംതുലനം എങ്ങിനെ നിലനിർത്താമെന്നും ചിന്തിക്കേണ്ടതുണ്ട്.
ഊർജിതമാക്കേണ്ട സംരംഭകത്വ വികസന പരിപാടികൾ
അതിജീവനത്തിന്റെ മുങ്ങിത്താഴ്ച്ചക്കിടയിലും ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയും നാം നോക്കിയാൽ ഇത്തരം മാറ്റങ്ങൾ ക്കിടയിലും ഒട്ടനവധി അവസരങ്ങൾ നമ്മുടെ മുന്നിലുണ്ടെന്ന് കാണാം.
സംരംഭകത്വത്തിന്റെ വിശാലമായ ഒരു ലോകം തന്നെയാണത്. നാം ഇപ്പോഴും അസ്വസ്ഥരാകുന്നത് സാങ്കേതിക മുന്നേറ്റം മൂലം സംഭവിക്കാവുന്ന തൊഴിലില്ലായ്മയെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചുമാണ്.
എന്നാൽ പരിഹാരം എന്തെന്നത് ഒരിടത്തും ചർച്ചയാവുന്നില്ല. എന്നാൽ ഇത്തരം അവസ്ഥയിലും നമ്മുടെ മുന്നിൽ അനന്തമായ സംരംഭകത്വ സാധ്യതകൾ ഉണ്ടെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
140 കോടി ജനങ്ങളുള്ള ഒരു നാട്ടിൽ ശരാശരി ഒരു വ്യക്തി ഏറ്റവും കുറഞ്ഞത് 30/ 40 സാധനങ്ങൾ എങ്കിലും ദിനേന ഉപയോഗിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അങ്ങനെയെങ്കിൽ 140 കോടി x 30 എത്ര എന്ന ഒരു ചെറിയ ചോദ്യം മതി നമ്മുടെ സംരംഭകത്വത്തിന്റെ അനന്തമായ സാധ്യതകൾ അറിയാൻ.
ഇത്രയും ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന വ്യവസായികൾ ഇന്നും വിരലിലെണ്ണാവുന്നവരാണ്. നാം കുത്തകകൾ അഥവാ ബഹുരാഷ്ട്ര ഭീമൻമാർ എന്നു വിളിക്കുന്നവർ, അവരുടെ വ്യത്യസ്ഥ ബ്രാൻഡുകൾ നഗരങ്ങളിലും ഗ്രാമങ്ങളിലും മാളുകളിലും പെട്ടിക്കടകളിലും നിറയുന്നു. അവർ വീണ്ടും വീണ്ടും കുത്തകകളായി മാറുന്നു.
പകരം നമ്മുടെ യുവത്വം തന്റെ ഗ്രാമത്തിൽ മാത്രം തനതു നൈപുണിയിലൂടെ സാധാരണക്കാരനാവശ്യമായ ഇത്തരം ദൈനം ദിന ഉൽപന്നങ്ങൾ നമ്മുടെ ഗ്രാമീണ വിഭവങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച് വിതരണം ചെയ്താൽ തൊഴിലില്ലായ ദൂരികരിക്കാനും സാമ്പത്തിക സമത്വം സാധ്യമാക്കാനും കഴിയും.
സാങ്കേതിക വിദ്യകൾ സംരംഭകത്വവുമായി കൂട്ടിയോജിപ്പിക്കാൻ കഴിയണം. അത് അനന്തമായ സാധ്യതകളായിരിക്കും നമുക്ക് നൽകുക.
വിദ്യാഭ്യാസത്തിൽ സംരംഭകത്വം സംരംഭകത്വ നൈപുണികൾ, സംരംഭകത്വ സാധ്യതകൾ തുടങ്ങിയവ സ്കൂൾ തലത്തിലേ തുടങ്ങണം. പഠനം കഴിയുമ്പോൾ തന്നെ അവസരങ്ങളുടെ വിശാലമായ ലോകമായിരിക്കണം കുട്ടികളുടെ മുന്നിൽ ഉണ്ടാവേണ്ടത്.
ഉണരേണ്ട നേതൃത്വം
നിർഭാഗ്യവശാൽ ജാതി മത രാഷ്ട്രീയവും വോട്ടു രാഷ്ട്രീയവും ഇത്തരം അപകട സാധ്യതകളേയോ അവ മറികടക്കുവാനുള്ള ക്രിയാത്മക ചിന്തകളെയോ അത്തരം അവസ്ഥകൾ സാങ്കേതികമായുണ്ടാകുമ്പോൾ സാങ്കേതികത കൊണ്ടുതന്നെ അതിനെ നേരിടുന്നതെങ്ങിനെയെന്നു ചിന്തിപ്പിക്കാനോ നമ്മളെ പ്രേരിപ്പിക്കുന്നില്ല അല്ലെങ്കിൽ അനുവദിക്കുന്നില്ല എന്നത് സങ്കടകരമാണെന്ന് പറയാം.
അസംബന്ധങ്ങളുടെ പ്രത്യയശാസ്ത്രം പഠിപ്പിക്കുന്ന കേന്ദ്രങ്ങളായി മാറുന്നു നമ്മുടെ കലാലയങ്ങൾ. പഴയതിൽ നിന്നും കിട്ടുന്ന അറിവാണ് വലുതെന്നും അതാണ് നമ്മുടെ ശ്രേഷ്ഠ പാരമ്പര്യമെന്നുമുള്ള ചിന്തകൾ ഉന്നത വിദ്യാഭ്യാസ മേഖലകളിൽ പോലും അടിച്ചേല്പിക്കുന്ന പരിതാപകരമായ അവസ്ഥാവിശേഷം നമുക്ക് കാണാം.
പകരം ഓരോവിദ്യകളും പരിഷ്കരിച്ചു പുതിയ വിദ്യകളായി ഗതിമാറ്റം മാറ്റം സംഭവിച് പുതിയ തലത്തിൽ അവതരിപ്പിക്കപ്പെട്ടു അവയെ വിമർശനാത്മകമായും സൃഷ്ടിപരമായും സമീപിച് അത്തരം മാറ്റങ്ങളിലൂടെ മുന്നേറാനും കരുത്തോടെ അതിജീവിക്കാനുമുള്ള നൂതന രീതികൾ ആവിഷ്കരിക്കേണ്ടത് ഉണ്ട് എന്ന യാഥാർഥ്യം ഇനിയെങ്കിലും നാം മറന്നുകൂടാ. അല്ലെങ്കിൽ നമ്മുടെ മനുഷ്യ വിഭവം ഉപയോഗശൂന്യമായ ച വറുകൾ ആയി മാറും.
രാഷ്ട്രീയനേതൃത്വവും വിദ്യാഭ്യാസ വിചക്ഷണരും ഊന്നൽ നൽകേണ്ടത് ഇവിടെയാണ്. ഒരു രാഷ്ട്രത്തിന്റെ ജനങ്ങളെ മാറുന്ന കാലത്തിനനുസരിച്ചു ആത്മവിശ്വാസത്തോടെ മുന്നേറാൻ സാങ്കേതികമായും ശാസ്ത്രീയമായും അവരെ ഏതു വെല്ലുവിളികളെയും അതിജീവിക്കാൻ പ്രേരിപ്പിക്കുമ്പോഴേ ക്ഷേമ രാഷ്ട്രമെന്ന സങ്കല്പം പ്രവർത്തികമാവൂ.
(സംരംഭകത്വ വികസന പരിശീലകനും മുൻ സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗവുമാണ് ലേഖകൻ )
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS
Good and notable things for challenging and changing the world🙏🙏🙏
very nice Article…
Highly informative and thought provoking.
Indicator to the future and tells us the changes in almost all major and important sectors of human life.
Expresses the role of the Government and leaders also how to approach the changes
ഭാവിയെക്കുറിച്ച് ഒരേ സമയം ഇരുണ്ടതും പ്രകാശ പൂർണ്ണവുമായ നിഗമനങ്ങൾ പങ്കുവെക്കുന്നു. ഒരു പകുതിയോളം നമ്മുടെ സമീപനത്തിലെ വൈകല്യങ്ങളിൽ നിന്നുണ്ടാവാൻ പോകുന്ന ഇരുണ്ട ഭാവിയിൽ ആശങ്കപ്പെടുന്നെങ്കിലും ഒടുവിൽ അതിനെമ റികടക്കാനുള്ള പ്രതിവധികളും ലേഖകൻ കണ്ടെത്തുന്നു. സാമ്പ്രദായിക രീതിയിൽ കുട്ടികളുടെ വിദ്യാഭ്യാസം ക്രമീകരിക്കുന്നവർ ഭയപ്പെടുക തന്നെ വേണം.
ചിന്തോദീപകമായ ലേഖനം തന്നെ.