അടുക്കള പണി പെണ്ണുങ്ങൾക്ക് മാത്രം പറ്റിയത് ഒന്നുമല്ല, അത് ആണുങ്ങൾ ചെയ്താലും ഒന്നും സംഭവിക്കില്ല
പ്രതികരണം/വിഷ്ണു വിജയൻ
ഞാൻ അടുക്കളയിൽ ഒന്നും കയറില്ല.
അതെന്താ അടുക്കളയിൽ കയറിയാൽ…!
എടാ ആണുങ്ങൾ അതിനു അടക്കളയിൽ കയറി ജോലി ചെയ്യുമോ…!
പ്ലസ്ടു വിൽ പഠിക്കുമ്പോൾ ഒരു സുഹൃത്ത് പറഞ്ഞൊരു അഭിപ്രായമാണ്.
ഇതെന്താടാ ഇവൻ ഇങ്ങനെ പറയുന്നത് അടുക്കള ഇനി ഇവൻ പറയുന്നത് പോലെ അപകടം പിടിച്ച ഇടം വല്ലതുമാണോ എന്നോർത്തു..! ഏതായാലും അടുക്കള സ്ത്രീകൾക്ക് വേണ്ടി മാത്രം റിസർവ് ചെയ്തു വച്ച ഇടമാണെന്ന തെറ്റായ ബോധ്യം ആ പ്രായത്തിൽ അതിനു മുൻപ് തന്നെ നമ്മുടെ ഉള്ളിൽ വേരാഴ്ത്തുന്ന രീതിയിലാണ് ഇവിടുത്തെ പാട്രിയാർക്കി സിസ്റ്റം നിലകൊള്ളുന്നത്.
പെൺകുട്ടികൾക്ക് കിച്ചൻ സെറ്റ് ടോയ്സ് വാങ്ങി നൽകുന്നയിടത്ത് നിന്ന് അത് ആരംഭിക്കുന്നു. അതുകൊണ്ട് തന്നെ ഇന്നും അതിന് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. ഇതൊന്നും പോരാഞ്ഞ് മറ്റൊരു കൂട്ടരുണ്ട്. ഇടയ്ക്കിടെ ട്രോളുകളുടെ രൂപത്തിൽ പോലും അവരിൽ നിന്ന് ഉള്ളിലെ ചിന്താഗതി പൊട്ടി ഒലിക്കാറുണ്ട്.
കൂടത്തായി വിഷയം നടക്കുമ്പോൾ സോഷ്യൽ മീഡിയയിൽ ഒരുപാട് ഓടിയ ട്രോളുകളുടെ ശൈലി ഇങ്ങനെയാണ്, ഭാര്യയെ തയ്യാറാക്കിയ ഭക്ഷണം അവരെ കൊണ്ട് തന്നെ ആദ്യം കഴിപ്പിക്കണമെന്ന്. എന്നാലും നമ്മൾ സ്വന്തമായി ഭക്ഷണം തയ്യാറാക്കാനില്ല കെട്ടോ. ലോക്ക് ഡൗൺ സമയത്ത് ആളുകൾ (ആണുങ്ങൾ) വീട്ടിൽ ഇരിക്കുമ്പോൾ പലരും അടുക്കളയിലേക്ക് ഒന്നും വഴിതെറ്റി പോലും കടക്കാൻ ഇടയില്ലെങ്കിലും വീട്ടിലിരിക്കുന്ന വേളയിൽ ഭാര്യമാരെ സഹിക്കേണ്ടി വരുന്ന സാഹചര്യത്തെ കുറിച്ച് പതിവിലും ആക്ടീവ് ആയി വെറൈറ്റി ട്രോളുകൾ തയ്യാറാക്കുന്ന കാര്യത്തിൽ ഒട്ടും മറന്നില്ല.
നേരത്തിനു നേരം ഭക്ഷണം ഒക്കെ കഴിച്ച് തിന്നത് എല്ലിനിടയിൽ കുത്തുമ്പോൾ നമ്മൾ ആണുങ്ങൾക്ക് മുറതെറ്റാതെ നടത്താൻ കഴിയുന്ന ഉളുപ്പില്ലായ്മയാണ്. അടുക്കള എന്നത് ഒരു വിഭാഗത്തെ മാത്രം ആജീവനാന്തം ലോക്ക് ചെയ്തു വെക്കാൻ ഉള്ള ഇടമൊന്നുമല്ല. മാത്രമല്ല സ്ത്രീകളെ സഹായിക്കുന്നൊക്കെ ഉണ്ട് എന്ന നിലപാട് പോലും അത്ര ശെരിയായ കൺസെപ്റ്റ് അല്ല, ഇക്കാര്യത്തിൽ സഹായം അല്ല മറിച്ച് പങ്കാളിത്തമാണ് വേണ്ടത്.
ഇത്രയും പറഞ്ഞത് കരിക്കിൻ്റെ ലേറ്റസ്റ്റ് എപ്പിസോഡിൽ (Family Pack) വളരെ ചെറിയ എന്നാൽ ഗംഭീരമായൊരു ഡയലോഗുണ്ട്. അടുക്കള പണി എന്ന് പറഞ്ഞാ പെണ്ണുങ്ങൾക്ക് മാത്രം പറ്റിയത് ഒന്നുമല്ല, അത് ആണുങ്ങൾ ചെയ്താലും ഒരു കുഴപ്പവുമില്ല, അത് അത്ര എളുപ്പമുള്ള പണിയുമല്ല, അതിൽ എനിക്ക് ഇന്ന് വരെ ഒരു നാണക്കേടും തോന്നിയിട്ടില്ല എന്ന്. അത്രയും ഉള്ളൂ.
gender roles in a family, men also can cook and feed
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS